പോക്കറ്റ് മണി ഒന്നും കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലത്തെപ്പറ്റി ആണ് ഞാന്‍ എഴുതുന്നത്. നമ്മുടെ ഇഷ്ടത്തിന് ചിലവാക്കാനായി പൈസ കയ്യില്‍ കിട്ടുന്ന ഏക അവസരം വിഷു ആയിരുന്നു.
തലേ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോഴേ ഉള്ളില്‍ ആഹ്ലാദത്തിന്‍റെ കണിക്കൊന്നകള്‍ പൂത്ത് നില്‍ക്കും. കിട്ടുന്ന പൈസ എല്ലാം എന്താണ് ചെയ്യേണ്ടത് എന്ന ആലോചനയുടെ ഇടയില്‍ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീഴും.
പിന്നീടെപ്പോഴോ രവിക്കുട്ടാ “കണ്ണ് തുറക്കാതെ എണീക്ക് ” എന്ന് പറഞ്ഞു അമ്മ കുലുക്കി ഉണര്‍ത്തുമ്പോള്‍ ആണ് ചാടി എണീക്കുന്നത്. അത്ര ഉത്സാഹത്തില്‍ വേറെ ഒരു ദിവസം രാവിലെയും എണീക്കാറില്ല.
അമ്മ പതുക്കെ രവിക്കുട്ടന്റെ കണ്ണ് പൊത്തി പൂജാ മുറിയിലേക്ക് കൊണ്ട് പോകും. അനിയത്തി മുതിര്‍ന്ന ശേഷം അവളെയാണ് അമ്മ കണ്ണ് പൊത്തി കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. രവിക്കുട്ടൻ അപ്പോളേക്കും തനിയെ കണ്ണടച്ചു നടക്കാന്‍ പാകത്തില്‍ വളര്‍ന്നിരുന്നല്ലോ.
സത്യം പറഞ്ഞാൽ, പൂജാ മുറി എത്തുന്നത് വരെയും രവിക്കുട്ടൻ ഇടയ്ക്കിടെ രഹസ്യമായി കണ്ണ് തുറന്ന് അവിടവിടെയായി ഒളിച്ചു നില്‍ക്കുന്ന അമ്മൂമ്മ, സഹായത്തിനായി വന്നിരുന്ന വസന്തചേച്ചി, അച്ഛൻ എന്നിവരെയെല്ലാം കണ്ടു കൊണ്ടാണ് കണിയുടെ മുന്‍പില്‍ എത്തി ഔദ്യോഗികമായി കണ്ണ് തുറന്നിരുന്നത്.
ചിരിച്ചു കൊണ്ട് നില്‍കുന്ന ഒരു കൃഷ്ണന്‍, ഒരു കണ്ണാടി, കുറെ പച്ചക്കറികള്‍, പഴങ്ങള്‍ പിന്നെ കുറെ നാണയങ്ങള്‍ എന്നീ പതിവ് കാഴ്ചകള്‍ തന്നെയാണെങ്കില്‍ പോലും അത് കാണാന്‍ എന്തൊരു രസമായിരുന്നെന്നോ.
തൊഴുതു കഴിഞ്ഞാല്‍ ഉടനെ അമ്മൂമ്മ തിളങ്ങുന്ന ഒരു രൂപ തുട്ട് കയ്യില്‍ വച്ചു തരും. രവിക്കുട്ടനും അനിയത്തിയും അത് തൊഴുത് വണങ്ങി വാങ്ങി മുകളിലേക്ക് ഓടും. രവിക്കുട്ടനും അനിയത്തിക്കും ഓരോ ബിസ്കറ്റ് ടിന്‍ സ്വന്തമായി ഉണ്ടായിരുന്നു പൈസ ഇട്ടു വെക്കാനായി.
അമ്മൂമ്മ കഴിഞ്ഞാൽ, അമ്മ, അച്ഛന്‍ എന്നിവരുടെ വക ഓരോ രൂപ. അതിനു ശേഷം അടുത്ത് തന്നെയുള്ള, അച്ഛന്‍റെ കുടുംബ വീട്ടിലേക്ക് പോയി അവിടെ നിന്നും മുതിർന്നവരുടെ കൈ നീട്ടം വാങ്ങിക്കും. ഇളയവർക്കൊക്കെ കൈനീട്ടം കൊടുക്കാനാണ് അച്ഛൻ അങ്ങോട്ട് പോകുന്നത്
കിട്ടുന്ന പൈസ എല്ലാം ശേഖരിച്ചു വെച്ച ശേഷം രവിക്കുട്ടൻ അടുത്ത ദിവസം മുതല്‍ അടുത്തുള്ള നാരായണ പിള്ള അമ്മാവൻറെ കടയില്‍ പോയി കപ്പലണ്ടി മുട്ടായി, ഗ്യാസ് മുട്ടായി, നാരങ്ങാ മുട്ടായി എന്നീ വിശിഷ്ട വിഭവങ്ങള്‍ വാങ്ങാന്‍ തുടങ്ങും. അനിയത്തി ആണെങ്കിൽ അവളുടെ പെട്ടി പിന്നീട് തുറക്കാം എന്ന വാഗ്ദാനം തന്ന് എല്ലാത്തിലും പങ്കു പറ്റിയ ശേഷം സ്ഥിരമായി രവിക്കുട്ടനെ പറ്റിക്കുമായിരുന്നു.
കിട്ടുന്ന തുക എല്ലാം കൂടെ ചേര്‍ത്തു വെച്ച് അനിയത്തി എന്തെങ്കിലും കളിപ്പാട്ടം വാങ്ങിക്കാറായിരുന്നു പതിവ്.
വിഷു ദിവസം മുഴുവന്‍ വീട്ടിലെ ഗേറ്റിനു മുകളിൽ അടുത്തുള്ള കോളനിയിലെ പാവപ്പെട്ട വീടുകളിലെ കുട്ടികളുടെ തലകള്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും.
വരുന്ന സകലർക്കും അമ്മൂമ്മ പത്തു പൈസ വച്ചു കൊടുക്കുമായിരുന്നു. രവിക്കുട്ടന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ചില കുട്ടികള്‍ വരുമ്പോള്‍ രവിക്കുട്ടൻ തന്നെ അമ്മൂമ്മയോട് പറഞ്ഞു പത്തിന് പകരം ഇരുപത് പൈസ വാങ്ങിച്ചു കൊടുക്കും. ആയിടക്കു രവിക്കുട്ടൻ എസ് എം വീ സ്കൂളില്‍ അഞ്ചാം ക്ലാസ്സിലേക്കു മാറിയിരുന്നു. അനിയത്തി ചെട്ടികുളങ്ങര സ്കൂളില്‍ ഒന്നാം ക്ലാസ്സിലും.
വീടിനു മുന്നിലൂടെ നടന്നു പോകുന്ന കുട്ടികളില്‍ കുമാരി എന്ന് പേരുള്ള ഒരു സുന്ദരിക്കുട്ടി ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ അമ്മയോടൊപ്പം കടയില്‍ പോയി, തലയില്‍ ഒരു ചെറിയ വട്ടിയുമായി മടങ്ങുന്ന കുമാരിയെ നോക്കി രവിക്കുട്ടൻ മതിലിനു മുകളില്‍ ഇരുന്നു പുഞ്ചിരിക്കുകയും, കുമാരി മനോഹരമായ ഒരു ചിരി തിരികെ തരുകയും ചെയ്യുമായിരുന്നു. ഒരു നിഷ്കളങ്ക സ്നേഹം എന്നതില്‍ കവിഞ്ഞു മറ്റൊന്നുമില്ല.
അമ്മയും അമ്മൂമ്മയും പറയുന്നത് കേള്‍ക്കാം സരസ്വതിയുടെ മോള്‍ കുമാരിയെ കാണാന്‍ നല്ല ഐശ്വര്യമാണെന്ന്. അങ്ങിനെ ഇരിക്കെ വൈകുന്നേരങ്ങളില്‍ കുമാരിയെ കാണാതെ ആയി. അവളുടെ അമ്മ മാത്രം കടയില്‍ പോയിട്ട് വരുന്നത് കാണാം. കുറച്ചു കാലം അങ്ങനെ തുടർന്നപ്പോൾ സ്വാഭാവികമായും കുമാരിയും അവളുടെ ചിരിയും രവിക്കുട്ടന്റെ മനസില്‍ നിന്നു മാഞ്ഞു പോയി.
സാധാരണയായി വിഷുവിന് ഉച്ചക്കു ശേഷം കൈനീട്ടം കൊടുക്കാറില്ല. വരുന്ന പിള്ളേരെയൊക്കെ അമ്മൂമ്മ വസന്ത ചേച്ചി വഴി വിരട്ടി വിടാറായിരുന്നു പതിവ്. ഒരു തവണ വിഷുനാളില്‍ ഉച്ച തിരിഞ്ഞ് മൂന്നു മണി ആയപ്പോള്‍ കതകില്‍ ആരോ മുട്ടുന്നു. മുകളില്‍ ആരുടേയും തല കാണാനില്ല. ഗേറ്റിനു താഴെ 4 കാലുകള്‍ കാണാം. രവിക്കുട്ടൻ ഗേറ്റ് തുറന്നപ്പോള്‍ അതാ രണ്ടു കൊച്ചു കുട്ടികള്‍. ഇരട്ടകള്‍ ആണ്. കാണാന്‍ നല്ല ഭംഗി. ഒരു നാല് വയസ് കാണും. എന്താണെന്നു ചോദിച്ചപ്പോള്‍. “ബിസ് കൈ നീട്ടം ” വേണമത്രേ. വിഷു എന്ന് പറയാനുള്ള പ്രായം പോലും ആയിട്ടില്ല എന്നര്‍ഥം.
ഉച്ച കഴിഞ്ഞു വിഷുകൈ നീട്ടം ചോദിച്ചു എന്ന മഹാ അപരാധത്തിന് വസന്ത ചേച്ചി അവരെ രണ്ടു പെരേയും അമ്മൂമ്മയുടെ മുന്നില്‍ ഹാജരാക്കി. അമ്മൂമ്മയുടെ ദേഷ്യം നിറഞ്ഞ മുഖവും, വീട്ടിലെ പട്ടിയുടെ കുരയും എല്ലാം കേട്ട് കരച്ചിലിന്‍റെ വക്കില്‍ എത്തി നിന്ന അവരെ രണ്ടുപേരേയും. വസന്ത ചേച്ചി തിരിച്ചറിഞ്ഞു. നെല്ല് കുത്തുകാരി സരസ്വതിയുടെ മക്കള്‍ ആണത്രേ രണ്ടും. അതായത് നമ്മുടെ കുമാരിയുടെ അനിയന്മാര്‍.
അത് കേട്ട പാടെ രവിക്കുട്ടന്‍റെ മട്ടു മാറി. അമ്മൂമ്മയോട് വഴക്ക് കൂടി രവിക്കുട്ടൻ അമ്പതു പൈസ വീതം രണ്ടു കുട്ടികളുടെയും കൈകളില്‍ വച്ചു കൊടുത്തു. ഗേറ്റ് അടക്കാന്‍ നേരം രവിക്കുട്ടൻ ചോദിച്ചു
നിങ്ങൾ ഈ പൈസ കൊണ്ട് മുട്ടായി വാങ്ങിക്കാന്‍ പോകുവാണോ ?
അപ്പൊ അവർ തിരിഞ്ഞു നിന്നു പറഞ്ഞു “അല്ല ചേട്ടാ കുമാരി ചേച്ചിക്കു മരുന്ന് വാങ്ങാനാണ് പൈസ”
രവിക്കുട്ടൻ അത്ഭുതപ്പെട്ടു പോയി. അപ്പോഴാണ് അറിഞ്ഞത് 6 മാസമായി കുമാരി സുഖമില്ലാതെ കിടപ്പിലാണെന്ന വസ്തുത. പെട്ടെന്ന് തോന്നിയ ഒരു വികാരത്തിന്‍റെ പുറത്താവണം, എല്ലാവരുടെയും സമ്മതത്തോടെ രവിക്കുട്ടനും അനിയത്തിയും അത്തവണ കിട്ടിയ വിഷുക്കൈ നീട്ടവും എടുത്തു കൊണ്ട് അവരുടെ കൂടെ പോയി.
അവിടെ അടുത്തുള്ള, ഒരു മുപ്പതോളം വീടുകൾ നിരന്നിരിക്കുന്ന ഒരു ചേരി പോലുള്ള സ്ഥലത്തായിരുന്നു കുമാരിയുടെ വീട്. ചെന്ന് കയറിയ മുറിയില്‍, അവിടെ ആകെ രണ്ടു മുറിയെ ഉണ്ടായിരുന്നുള്ളു, കിടക്കുന്നു എല്ലും തോലുമായ, പഴയ ചിരി മാത്രം മുഖത്തവശേഷിച്ചിട്ടുള്ള കുമാരി. ഉടുപ്പൊന്നും ഇട്ടിട്ടില്ല, അരക്ക് താഴോട്ട് ഒരു കീറിയ പുതപ്പിട്ടു മൂടിയിരിക്കുന്നു. അവള്‍ക്കു ക്ഷയം ആണത്രേ,
രവിക്കുട്ടനും അനിയത്തിയും കൈ നിറയെ ഒരു രൂപ തുട്ടുകളും പത്തു രൂപയുടെ ഒരു നോട്ടും അവളുടെ അമ്മയുടെ കയ്യില്‍ വച്ചു കൊടുത്തു. അവരുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. നാലു മക്കളെയും കൊണ്ട് ആഹാരത്തിന് തന്നെ കഷ്ടപ്പെടുന്ന അവര്‍ക്കു കുമാരിക്കുള്ള മരുന്ന് വാങ്ങിക്കാന്‍ എവിടെ നിന്നു പൈസ ?
അധിക സമയം അവിടെ നില്‍ക്കാതെ രവിക്കുട്ടനും അനിയത്തിയും വീട്ടിലേക്കു തിരിച്ചു പോയി. ഇറങ്ങാൻ നേരം വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ കുമാരി തല തിരിച്ച് രവിക്കുട്ടനെയും അനിയത്തിയേയും നോക്കി ചിരിക്കുന്നു. വിടർന്ന കണ്ണുകളിൽ വിഷാദം കെട്ടി നിൽക്കുന്ന ഒരു ചിരി
അടുത്ത വിഷുവിന്, ഇതിനെക്കാളും കൂടുതല്‍ പൈസ പിരിച്ച് കുമാരിക്ക് കൊടുക്കണം എന്ന് രവിക്കുട്ടനും അനിയത്തിയും തീരുമാനിച്ചു. ഉറപ്പായും കൊടുക്കുകയും ചെയ്തേനെ. പക്ഷെ കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ പാകം കുമാരി ആരുടേയും ഔദാര്യത്തിന് കാത്തു നില്‍ക്കാതെ അസുഖങ്ങളും ദാരിദ്ര്യവും ഒന്നും ഇല്ലാത്ത ഏതോ ലോകത്തേക്ക് യാത്രയായി.
പിന്നീടുള്ള ഓരോ വിഷുവിനും കൈ നീട്ടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴുമെല്ലാം മനസ്സില്‍ ആ രണ്ടു കൊച്ചു കുട്ടികളെ ഓർമ്മ വരും. “ബിസ് കൈ നീട്ടം” എന്ന് പറഞ്ഞു കൈ നീട്ടിയുള്ള ആ നില്പ് ഓര്‍മ വരും. ഓരോ കൈ നീട്ടവും നമ്മള്‍ കൊടുക്കുന്നത് ഓരോരോ കുമാരിമാരെ സഹായിക്കാനായിരുന്നെങ്കില്‍ എന്ന് വെറുതെ രവിക്കുട്ടൻ അപ്പോഴൊക്കെ ഓര്‍ത്തു പോകാറുണ്ട്, ഒരിക്കലും സാധിക്കില്ല എന്നറിഞ്ഞ് കൊണ്ട് തന്നെ, വെറുതെ ഒരാഗ്രഹം…


3 Comments
അജയ് ചേട്ടന്റെ എന്തൊക്കെയോ കുസൃതി കഥകൾ ആയിരിക്കും എന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത്. പക്ഷേ കുമാരി കണ്ണ് നനയിച്ചു കളഞ്ഞു 😞
ഒരു വിഷു കൈനീട്ടം ഓർമ്മകൾ എന്ന രീതിയിൽ വായിച്ചു തുടങ്ങിയ എഴുത്ത്, രോഗവും ദാരിദ്രവും ഇല്ലാതാക്കിയ കുമാരിയിൽ എത്തിയപ്പോൾ മനസ്സ് തേങ്ങി. ചെറിയ കുട്ടികൾ ആണെങ്കിലും രവിക്കുട്ടനും അനിയത്തിയും വലിയ മനസ്സിന്റെ ഉടമകളായിരുന്നു. നോവിലും നന്മയുള്ള എഴുത്ത് ഹൃദയസ്പർശിയായി.
👏❤️
നല്ല ഓർമ്മ 🙏🏽