വിഷുവോർമ്മകൾ
💛💛💛💛💛💛💛💛
മേടമാസത്തെ മാടിവിളിച്ചുകൊണ്ട് കടുത്ത വേനലിലും കണിക്കൊന്നകൾ മുടങ്ങാതെ പൂത്തുലഞ്ഞു തുടങ്ങി. മഞ്ഞക്കൊലുസണിഞ്ഞ കണിക്കൊന്ന കാണുമ്പോൾ മനസ് ബാല്യത്തിലേക്ക് ഓടിയെത്തുന്നു.
വിഷുക്കാലം വേനലവധിക്കാലം കൂടെ ആയതിനാൽ കുട്ടികളെല്ലാവരും തറവാട്ടിൽ ഒരുമിച്ചുകൂടും.
വീട്ടിലെ മുതിർന്നവർ വിഷു ഒരുക്കങ്ങൾ നടത്തുമ്പോൾ കുട്ടികൾ കളിയൊരുക്കങ്ങൾ നടത്തും.
സാറ്റ്കളി, അക്ക് കളി, ചില്ലേറ്, വളപ്പൊട്ട് കളി, പാടത്തെ പന്തുകളി, അമ്മാനാട്ടം, ഈർക്കിലി കളി, ഇട്ടൂലികളി അങ്ങനെയങ്ങനെ എന്തെല്ലാം കളികൾ.
അന്നൊക്കെ വിഷുവിന്റെ തലേന്ന് ഉച്ചയൂണ് കഴിഞ്ഞ് അച്ഛനും കൊച്ചച്ഛന്മാരും നീളമുള്ള തോട്ടിയും തോളിൽ വച്ച് കൊന്നപ്പൂ പറിക്കാൻഇറങ്ങും.
ചെറിയ മഴയൊക്കെ ഉണ്ടാവും. മഴനനഞ്ഞ് പുറകെ ഞങ്ങൾ കുട്ടിപ്പട്ടാളങ്ങളും വരിവരിയായി പോകും.
മഴത്തുളളികൾ കിനിഞ്ഞിറങ്ങുന്ന കൊന്നപ്പൂങ്കുലകൾ കാണുമ്പോൾ തന്നെ മനസിൽ ആഹ്ലാദംതോന്നും.
വൈകുന്നേരമായാൽ കണിയൊരുക്കാനുള്ള തിരക്കിലാണ് വീട്ടിലെ മുതിർന്നവർ.
അന്നൊക്കെ പാടത്തു നിന്ന് പറിക്കുന്ന കണിവെള്ളരിയും, കാർഷികവിളകളും, വിഷുവിനായി പഴുപ്പിച്ചുവച്ച വാഴക്കുലയും, ചക്കയും, മാങ്ങയും, നാരങ്ങയും, വീട്ടിൽത്തന്നെ ആട്ടിയെടുക്കുന്ന നല്ല തങ്കം പോലത്തെ ശർക്കരയും കൊണ്ട് കണി സമൃദ്ധമായിരുന്നു.
വിഷുത്തലേന്ന് കിടന്നാൽ ഉറക്കംവരാറില്ല. മനസുനിറയെ വിഷുക്കണിയും വിഷുക്കൈനീട്ടവും ഒപ്പം രാവിലെ കുളിച്ചു വരുമ്പോൾ കിട്ടുന്ന വിഷുക്കോടിയും ആണ്.
അന്നൊക്കെ ആകെ പുത്തൻ തുണി കിട്ടുന്നത് ഓണത്തിനും വിഷുവിനും മാത്രം ആയിരുന്നു. അന്ന് വിഷുപ്പടക്കങ്ങളിൽ പ്രധാനി ഓലപ്പടക്കം ആയിരുന്നു.
എന്റെ മുത്തശ്ശൻ (അമ്മയുടെ അച്ഛൻ )ഒരു തയ്യൽക്കാരൻ ആയതുകൊണ്ട് എല്ലാ വിശേഷ ദിവസങ്ങളിലും വെട്ടുകഷ്ണങ്ങൾ കൊണ്ട് മനോഹരമായ ഉടുപ്പുകൾ തയ്ച്ച് തരുമായിരുന്നു. അതൊക്കെയിട്ട് എല്ലാരുടെയും മുന്നിൽ ഞാൻ ഞെളിഞ്ഞുനടക്കുമായിരുന്നു.
ഇതിനിടയിൽ രസകരമായ ഒരു കഥ ഉണ്ടായി. അച്ഛച്ഛൻ ഉപ്പ് തൊട്ട് കർപ്പൂരം വരെ സൂക്ഷിക്കുന്നത് പടിഞ്ഞാറെ തിണ്ണയിൽ ഇട്ടിരിക്കുന്ന ഭീമാകാരനായ പത്തായത്തിൽ ആണ്.
പത്തായം പൂട്ടി താക്കോൽ വെള്ളിയരഞ്ഞാണത്തിൽ കൊളുത്തിവെക്കും. ഒരു വിഷുത്തലേന്ന് അച്ഛച്ഛൻ ഉച്ചമയക്കത്തിലായപ്പോൾ അരയിലെ താക്കോൽ ശബ്ദമില്ലാതെ ഞാൻ ഊരിയെടുത്തു ചേച്ചിയുടെ കയ്യിൽ കൊടുത്തു. ചേച്ചി പത്തായം തുറന്നതും ഞാൻ ഉള്ളിലിറങ്ങി. പെട്ടെന്ന പത്തായത്തിന്റെ വാതിൽ പെട്ടെന്ന് അടഞ്ഞു പോയി. പത്തായത്തിനുള്ളിൽ ആകെ അന്ധകാരം.
ഉള്ളിൽ കിടന്ന് പേടിച്ചു കരയുന്നഞാൻ. പുറത്ത് കാവൽ നിന്ന ചേച്ചി അച്ഛച്ഛനെ കണ്ട് പേടിച്ച് ഓടിപ്പോയി.
പത്തായത്തിന്റെ താക്കോൽ കാണാതെ പരിഭ്രാന്തനായ അച്ഛച്ഛൻ പത്തായത്തിനരികിൽ വന്നപ്പോൾ ഉള്ളിൽ നിന്ന് തട്ടും മുട്ടുo കേൾക്കുന്നു. വേഗം അച്ഛച്ഛൻ പത്തായം തുറന്നു ഞാൻ തല പുറത്തേക്കിട്ടു. വലിഞ്ഞുകയറി പുറത്തെത്തി.
പിന്നെ അമ്മയുടെ വക പുളിവാറു കൊണ്ട്അടിയുടെ പൊടിപൂരം. ആ വിഷു ജീവിതത്തിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല.
ഇന്നിപ്പോൾ എല്ലാം മാറി. കണി വെക്കാൻ തമിഴ് നാടിന്റെ സാധനങ്ങൾ. വിഷുക്കഞ്ഞിയും വിഷു അടയുമൊക്കെ നാടുവിട്ടു.
കൊന്നപ്പൂക്കൾ അടുത്ത് ഉണ്ടെങ്കിലും പറിക്കാൻ മടിച്ച് മാർക്കറ്റിൽ നിന്ന് കൊന്നപ്പൂക്കൾ വാങ്ങും.
ജോലിത്തിരക്കിനിടയിൽ ആഘോഷങ്ങൾക്ക് സ്ഥാനമില്ലാതായി. വിഷുക്കണി മുതൽ സദ്യ വരെ ഓൺലൈനിൽ. നാടൻകളികൾ എല്ലാം നിലച്ചു. മൊബൈലിൽ കളികൾ ആയി. വിഷുക്കൈനീട്ടവും വിഷുക്കണിയും മാത്രം ഇന്നും ഒരു ആചാരമായി നടക്കുന്നു. ആഘോഷങ്ങളുടെ പട്ടിക നീണ്ടപ്പോൾ കോടിവസ്ത്രത്തിന്റെ പ്രാധാന്യവും കുറഞ്ഞു.
ഇപ്പോൾ വിഷുവെത്തുമ്പോൾ എനിക്ക് മനസിന് വിഷമമാണ്. അച്ഛൻ ഇല്ലാത്തവിഷുദിനങ്ങൾ. എല്ലാ വർഷവും കണി കണ്ടുണർന്നാൽ ആദ്യo അച്ഛന്റെ വക വിഷുക്കൈനീട്ടം കിട്ടും. 2023ഇൽ വിഷുവിന് ഏഴ് നാൾ മുൻപ് അച്ഛൻ പോയി. ഇനിയൊരിക്കലും കിട്ടാത്ത അച്ഛന്റെ വിഷുക്കൈനീട്ടത്തിന്റെ ഓർമ്മകളിൽ മനസ് പിടയുന്നു.
വിഷു എത്തിക്കഴിഞ്ഞു. ഈ വിഷു ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയ ഏപ്രിൽ ഏഴാം തീയതി തന്നെ ഞങ്ങടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തി. എന്റെ മോന് ഒരു മകൻ പിറന്നു. അതുകൊണ്ടുതന്നെ ഈ വിഷു അത്യധികം സന്തോഷം തരുന്നു.
വിഷുക്കൈനീട്ടവും, സദ്യയും എല്ലാം ഇന്ന് ഓൺലൈനിൽ എത്തുന്നു, ഒർജിനൽ കൊന്നപ്പൂവിനെ വെല്ലുന്ന പ്ലാസ്റ്റിക് പൂക്കൾ വിപണിയിൽ ധാരാളം. വിദേശത്തുള്ളവർ വീഡിയോകോളിലൂടെ കണികാണുന്നവർ, കൊയ്തു മെതിച്ചു പുഴുങ്ങി കുത്തിയ പുന്നെല്ലരിക്ക് പകരം അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന സൗന്ദര്യം കൂടിയ അരികൾ അടുക്കളയിലേക്ക് വിരുന്നു വന്നു.
വിഷുക്കൈനീട്ടം ആയി ലഭിച്ചിരുന്ന നാണയത്തുട്ടുകൾ കറൻസി നോട്ടുകളിലേക്ക് വഴിമാറി.
അങ്ങനെ അങ്ങനെ എല്ലാം ഓൺലൈനിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ വിഷുവിന്റെ ഭംഗിയും മാറിക്കൊണ്ടിരിക്കുന്നു.
പഴയ തലമുറയിലെ വിഷു അനുഭവങ്ങൾ ഒന്നും ഇന്നത്തെ മക്കൾക്ക് പറഞ്ഞാൽ മനസ്സിലാകാത്തത്രയും മാറിയിരിക്കുന്നു.
“കാലമിനിയുമുരുളും വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരുംകായ് വരും അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം”
പ്രൊഫസർ എൻ എൻ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയിലെ ഈ വരികൾ ഓർമ്മിച്ചു കൊണ്ട് ഒരിക്കൽ കൂടി കൂട്ടുകാർക്കെല്ലാം ആയുരാരോഗ്യസമ്പൽ സമൃദ്ധി നീറഞ്ഞ വിഷു ആശംസകൾ നേരുന്നു.
സ്നേഹത്തോടെ..
ബിന്ദു എസ് നായർ


2 Comments
പഴയ കാലത്തെ വിഷുവോർമ്മകൾക്ക് മധുരം. നന്നായി എഴുതി.👍👌
Thanks 💛