“കുട്ടേട്ടൻ്റെ ചായക്കട”, അതായിരുന്നു വെള്ളിമലയിലെ ഏറ്റവും പ്രശസ്തമായ സൂപ്പർ മാർക്കറ്റ്. ചായക്കട എന്നത് നാടൻ പ്രയോഗമായിരുന്നു, ഒരു കിടുക്കാച്ചി ഗ്രാമീണ ഹോട്ടൽ. പാചകം നാട്ടിൽ കുട്ടേട്ടൻ എന്നറിയപ്പെടുന്ന കുട്ടൻ നായരുടെ ഭാര്യ ശാന്ത ചേച്ചിയാണ്, അവിടുത്തെ ചായയടി സ്പെഷ്യലിസ്റ്റ് കുട്ടൻ നായരുമായിരുന്നു.
തൊട്ടപ്പുറത്തെ സൂപ്പർ മാർക്കറ്റ് ആയ പലചരക്ക് കട നടത്തുന്നത് മൂത്ത മകൻ കണ്ണൻ നായരായിരുന്നു. ആ കടയിൽ കിട്ടാത്ത സാധനങ്ങൾ ഭൂമിയിൽ കുറവായിരുന്നു. അതിനടുത്ത് മകളുടെ ജൗളിക്കട, പ്രഭാത് ടെക്സ്റ്റയിൽസ്. അതിനോട് ചേർന്നുള്ള തുന്നൽക്കട മകളുടെ ഭർത്താവ് പത്മനാഭൻ നടത്തുന്നു. അങ്ങനെ ആ സ്ഥലത്തെ പ്രമുഖ സ്ഥാപനങ്ങളുടെ നടത്തിപ്പ്കാർ മൂക്കോത്ത് തറവാട്ടുകാരാണ്.
മൂക്കോത്തെ മൂത്ത മകനായ കണ്ണൻ നായരുടെ ഏക മകൾ പാർവതി എം ബി എ കഴിഞ്ഞ് പൂനയിൽ ജോലിയുടെ ട്രെയിനിങ് പൂർത്തിയാക്കി വന്നപ്പോഴാണ് അവൾക്ക് കല്യാണ പ്രായമായെന്നും അനുയോജ്യനായ ഒരു വരനെ കണ്ടെത്തേണ്ടതുണ്ടെന്നും വീട്ടുകാർക്ക് ബോധം വന്നത്.
അതിസുന്ദരിയായ പെൺകുട്ടി ആയിരുന്നു പാർവതി, നല്ല നിരീക്ഷണ പാടവം, സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവൾ, ഇഷ്ടമില്ലാത്തത് കണ്ടാൽ സ്വന്തം കുടുംബത്തിലുള്ളവരോടു പോലും അസഹിഷ്ണുത വച്ച് പുലർത്തുന്നവൾ. അങ്ങനെയുള്ള പൗത്രിയുടെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കാൻ അപ്പുപ്പനായ കുട്ടൻ നായരും മടിച്ചു. ഒടുവിൽ കുടുംബക്കാരെല്ലാം ചായക്കടയിൽ ഒരു സഭ കൂടി.
കല്യാണ ചെക്കൻ അതേ നാട്ടുകാരനോ, ജില്ലക്കാരനോ തന്നെയാകണമെന്ന് അപ്പുപ്പൻ കുട്ടൻ നായർക്ക് നിർബന്ധമായിരുന്നു. ചെറുക്കന് നല്ല പഠിപ്പും ജോലിയും നിർബന്ധമാണെന്ന് അച്ഛൻ കണ്ണൻ നായർ. ചെറുക്കന് നല്ല പോസിറ്റീവ് വൈബ് വേണമെന്നും, എല്ലാം കാര്യങ്ങളിലും തനിക്ക് തൻ്റേതായ സ്പേസ് കിട്ടണമെന്നും കല്യാണപെണ്ണായ പാർവ്വതിയുടെ നിർബന്ധം. പാർവ്വതിയുടെ കല്യാണ ചെറുക്കനെ തീരുമാനിക്കുന്ന അവസാന ഘട്ടത്തിൽ പാർവതി ഇടപെടും. അത് വരെയുള്ളത് വീട്ടുകാർക്ക് തീരുമാനിക്കാം.
“അപ്പോൾ എങ്ങനെയാ കാര്യങ്ങളുടെ പ്ലാനിംഗ്?”
കുട്ടേട്ടൻ്റെ മരുമകൻ പത്മനാഭൻ ചോദിച്ചു. മറുപടി പറഞ്ഞത് പത്മനാഭൻ്റെ എഞ്ചിനീയറിംഗ് പഠിക്കുന്ന മകനായ പ്രഭാത് ആണ്.
“ചെറുക്കൻ്റെ ഇഷ്ടങ്ങൾ, ഭാഷ പ്രയോഗം, സർക്കാസം എന്നിവ മനസ്സിലാക്കാൻ ഒരു റീല് സബ്മിറ്റ് ചെയ്യാൻ ഡെഡ് ലൈൻ കൊടുക്കുക. “
“സർക്കാസമോ?”
“അതേ അതേ ആക്ഷേപഹാസ്യം, ജീവിത വിജയത്തിന് ഹ്യൂമർ സെൻസ് ആവശ്യമാണ്. ഞാനും പാർവതിയും ചേർന്ന് ഒരു പ്ലാൻ തയാറാക്കി, പത്രത്തിൻ്റെ മുൻ പേജിൽ പാർവതിയുടെ ഫോട്ടോ വച്ചൊരു പരസ്യം കൊടുക്കണം. “
“മുൻ പേജിലോ, ലക്ഷങ്ങൾ ചെലവാകും. ഞാൻ ചായ അടിച്ചു സ്വരുക്കൂട്ടി വച്ചതല്ലാം ഇത് പോലുള്ള അന്യായത്തിന് കളയണോ. “
കുട്ടൻ നായർ ചൂടായി.
“അപ്പുപ്പാ, ഞാനല്ലേ അപ്പുപ്പൻ്റെ ഏറ്റവും മൂത്ത കൊച്ചുമകൾ, പതിനെട്ടു വർഷത്തിന് ശേഷം തറവാട്ടിൽ നടക്കുന്ന ആദ്യത്തെ കല്യാണമാണേ. അപ്പോൾ പൈസയുടെ കണക്ക് പറഞ്ഞ് എൻ്റെ പ്ലാനിംഗ് തകർക്കണോ. “
പാർവതി കുട്ടൻ നായരുടെ മെലിഞ്ഞ്, ഉണങ്ങിയ കവിളിൽ ഉമ്മ കൊടുത്തു.
“നക്കി നായരാകല്ലേ അപ്പുപ്പാ. “
പ്രഭാത് പാർവതിയെ പിന്താങ്ങി.
“ശരി ശരി നിങ്ങൾ പ്ലാൻ പറ. “
കുട്ടൻ നായർ ചായക്കടയിലെ ബെഞ്ചിൽ ചാരി ഇരുന്നു.
“സുന്ദരിയും വിദ്യാസമ്പന്നയും വിവേകമുള്ളവളുമായ പാർവതീ നായർ എന്ന ഇരുപത്താറുകാരിക്ക് അനുയോജ്യനായ വരനെ തേടുന്നു. അനുയോജ്യനായ വരനെ പാർവതി സ്വയം വരിക്കുന്നതാണ്. പ്രായം ഇരുപത്തിയഞ്ചിനും ഇരുപത്തിയെട്ടിനും മധ്യേയുള്ള, താൽപര്യമുള്ള യുവാക്കൾ അവരുടെ അപേക്ഷകൾ paru_brideschoice@gmail. com എന്ന ഈ മെയിലിൽ അയയ്ക്കേണ്ടതാണ്. അതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ മെയിൽ വഴി ഉടൻ അറിയിക്കുന്നതാണ്. സെലക്ഷൻ ലഭിക്കുന്നവർക്ക് രണ്ടാംഘട്ട പ്രക്രിയയിൽ പ്രവേശിക്കാൻ സാധിക്കും. രണ്ടാം ഘട്ടത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ സ്വയം തയാറാക്കി, സ്വയം അഭിനയിച്ച അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അയയ്ക്കേണ്ടതാണ്. “
“കൂടെ എൻ്റെ ഒരു എത്നിക് കോസ്റ്റ്യൂമിലുള്ള കളർ ചിത്രവും കൊടുക്കണം. “
പാർവ്വതി പ്രഭാതിനെ നോക്കി കൈയടിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് ഇരുപത്താറു വയസ്സായില്ലേ, പിന്നെന്തിനാ 25 മുതൽ 28 വരെയെന്ന് പറയുന്നത്. “
“അച്ഛാ, ഇപ്പോൾ പ്രായത്തിൽ ഇളയ ആൺകുട്ടികളെ കല്യാണം കഴിക്കുന്നതാണ് ഫാഷൻ. “
“ആ ഫാഷൻ ഇവിടെ വേണ്ട. “
കണ്ണൻ നായർ ചൂടായി.
“അമ്മാവാ, പരസ്യം ഇങ്ങനെ തന്നെ ആയിക്കോട്ടെ. അവരെ നമുക്ക് ഫിൽട്ടർ ചെയ്തു ഒഴിവാക്കാം. “
“അച്ഛാ, പ്രഭാത് ബാക്കി കൂടി പറയട്ടെ. “
പാർവ്വതി അച്ഛനെ അനുനയിപ്പിച്ചു.
“റീലുകളിൽ നിന്നും സെലക്ട് ചെയ്യുന്നവരെ മൂന്നാം ഘട്ടത്തിലേക്ക് കടത്തി വിടും. അവിടെയാണ് കാരണവൻമാരുടെ പ്രധാന റോൾ. “
“ഞാനെന്താ ചെയ്യേണ്ടത്. “
കുട്ടൻ നായർ ചോദിച്ചു.
“ഇവിടത്തെ HR മാനേജർ കണ്ണൻ മാമനാണ്, ഇൻ്റർവ്യൂ നടത്തുന്നത് അപ്പൂപ്പനാണ്. മാമൻ തെരഞ്ഞെടുക്കുന്ന പയ്യൻമാരെ ചായക്കടയിലേക്ക് അഭിമുഖത്തിന് ക്ഷണിക്കും. അവരെ നമ്മൾ പ്രത്യേകം ബെഞ്ചിൽ ഇരുത്തും. അവരുടെ ഡെസ്കിൽ നമ്മൾ മൈക്രോ ഫോൺ വയ്ക്കും. അവർക്ക് ചായ കൊടുത്ത് അപ്പുപ്പൻ അവരോട് വിശദവിവരങ്ങൾ അന്വേഷിക്കും. അവർ പറയുന്നതെല്ലാം മൈക്രോ ഫോണിലൂടെ ഞങ്ങൾ അകത്ത് റെക്കോർഡ് ചെയ്യും. അവരുടെ സ്വഭാവം, ആറ്റിറ്റ്യൂഡ് ഇതൊക്കെ നമുക്ക് അതിലൂടെ അറിയാൻ കഴിയും. “
“അതിൽ ജയിക്കുന്നവരെ കുടുംബവുമായി പെണ്ണുകാണാൻ വീട്ടിലേക്ക് ക്ഷണിക്കും. അതിൽ അവസാനത്തെ അഞ്ചു പേരെ നിരത്തി നിർത്തി, അതിൽ നിന്നൊരാളെ ഞാൻ വരണമാല്യം അണിയിക്കും. “
“അതിലൊരാളെ നേരത്തെ തീരുമാനിച്ചു സാധാരണ രീതിയിൽ കല്യാണം പോലെ നടത്തിയാൽ പോരെ. “
“അത് പറ്റില്ല അപ്പുപ്പാ. എനിക്ക് എന്തെങ്കിലും വെറൈറ്റി ആയി ചെയ്യണം. എൻ്റെ ചാനലിലൂടെ എൻ്റെ സ്വയംവരം ലൈവായി ലോകം മുഴുവൻ ടെലികാസ്റ്റ് ചെയ്യണം. നല്ല റീച്ച് കിട്ടണമെനിക്ക്. “
“എന്തൊക്കെ തോന്ന്യാസമാ ഇതൊക്കെ, എടീ നീ കല്യാണം കഴിക്കണമെന്ന് എനിക്കൊരു ആഗ്രഹവുമില്ല. അച്ഛാ ഞാൻ പോകുന്നു, ഇതിന് കൂട്ട് നിൽക്കാൻ എനിക്ക് വയ്യ. “
കണ്ണൻ നായർ പിണങ്ങി പോയി. കുട്ടൻ നായർ പിറകേ പോയി.
“മോനേ, ഇപ്പോഴത്തെ പിള്ളേരല്ലേ, എടുത്ത് ചാട്ടമാണ്. എല്ലാം ഒത്ത് വരട്ടെ അവസാനം നമ്മൾ തീരുമാനിക്കും എന്ത് വേണമെന്ന്. നീ ഒന്ന് സമാധാനിക്കൂ. “
“ഒരാളെ മാത്രമല്ലേ അവൾക്ക് കെട്ടാൻ പറ്റൂ. വിളിച്ച് വരുത്തി നിരാശരായി മടങ്ങുന്ന ബാക്കി ചെറുപ്പക്കാരുടെ മാനസികാവസ്ഥ അച്ഛനൊന്ന് ഓർത്ത് നോക്കിയേ. “
“അച്ഛന് മനസ്സിലാകും. പണ്ട് നിന്നെ നിൻ്റെ കാമുകി മഞ്ജു തഴഞ്ഞത് പോലെ. അന്ന് നീ ആത്മഹത്യ ചെയ്തെങ്കിലോ. മഞ്ജുവിനേക്കാൾ എത്ര മിടുക്കിയാണ് നിൻ്റെ ഭാര്യ പ്രീതി. പിന്നെ ഈ ലൈവ് ടെലികാസ്റ്റ് വഴി ചാനലിന് ഒത്തിരി പൈസ കിട്ടുമെന്നാ പ്രഭാത് പറഞ്ഞത്. “
“അച്ഛനൊന്ന് പോയേ, പൈസ കിട്ടാനായി വേറെ ചില പരിപാടികൾ ലൈവിൽ ചെയ്യുന്ന ആൾക്കാരുണ്ട്. “
“അത് പോലാണോടാ ഇത്. കൊച്ചിൻ്റെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ…. “
പത്രപരസ്യത്തിന് ഒരാഴ്ച പിന്നിട്ടപ്പോൾ ചായക്കടയിൽ അടുത്ത് സഭ കൂടി. പ്രഭാത് കണക്കവതരിപ്പിച്ചു.
“ഇത് വരെ 43 അപേക്ഷകൾ കിട്ടി. അതിൽ നിന്നും നിലവാരമില്ലാത്ത ഏഴെണ്ണം ഞങ്ങൾ ഒഴിവാക്കി. അതിൽ നാനാജാതി മതസ്ഥർ ഉണ്ട്. “
“അതെന്തിനാ അന്യ മതസ്ഥർ, അവരെ ഇപ്പോഴേ ഒഴിവാക്കി കൂടെ. “
“രണ്ട് ക്രിസ്ത്യാനികളും ഒരു മുസ്ലിമും. പിന്നെ ഹിന്ദുവിലെ നാനാജാതികൾ. അവസാന ഘട്ടം വരെ പോകട്ടെ. ഇനി റീൽ നിർമ്മിച്ച് അയയ്ക്കുന്ന 36 പേര്, അതിനെ വിലയിരുത്താൻ യൂട്യൂബ് വ്ലോഗർമാരായ മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റിയുണ്ട്. “
പാർവ്വതി ഇടയിൽ കയറി പറഞ്ഞു.
“ഒരാഴ്ച ഡെഡ് ലൈൻ കൊടുത്ത് കൊണ്ട് മെയിൽ അയച്ചിട്ടുണ്ട്. “
“അപ്പോൾ ഒരാഴ്ച കഴിഞ്ഞ് നമ്മൾ ഇവിടെ വീണ്ടും ഒത്ത് കൂടും. രണ്ടാഘട്ട റിസൾട്ട് അന്ന് അനൗൺസ് ചെയ്യും. “
എട്ടാമത്തെ ദിവസം അടുത്ത മീറ്റിംഗ് നടത്തി.
“എന്തായി. “
“36 പേരിൽ മൂന്ന് പേർ റീലുകൾ ഡെഡ്ലൈൻ കഴിഞ്ഞാണ് അയച്ചത്. 33 റീലുകൾ വിലയിരുത്തിയതിൽ നിന്നും നിലവാരമുള്ള റീലുകൾ 19 എണ്ണം മാത്രം. അവരെ ഓരോരുത്തരെയായി ചായക്കടയിൽ വരുത്തണം. അവരുടെ മുന്നിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ നിരത്തിയിടണം. അതിൽ നിന്നും അവർ എടുത്തു വായിക്കുന്നതിൽ നിന്നും അവരുടെ വായനാരുചി മനസ്സിലാക്കാം. കൂടാതെ അപ്പുപ്പൻ്റെ ചോദ്യോത്തര പരിപാടി. അങ്ങനെ മൂന്നാം ഘട്ട ഫിൽട്ടറിംഗ് നടത്താം. രണ്ട് ദിവസം കഴിഞ്ഞ് നമ്മുക്ക് ചായകുടി പരിപാടി തുടങ്ങാം. 19 പേർക്ക് മൂന്ന് നാല് ദിവസങ്ങൾ വേണ്ടി വരും, പാർവതിയുടെ ലീവ് കൂടി പരിഗണിക്കണം. “
മൂന്നാംഘട്ടത്തിലെ അപ്പുപ്പൻ്റെ ഇൻ്റർവ്യൂ കഴിഞ്ഞ് 11 പേർ മാത്രം അവശേഷിച്ചു. അവരിൽ നല്ല സൗന്ദര്യം, ആരോഗ്യം എന്നിവ ഉള്ള ഒൻപത് പേരെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. അതിലൊരാൾ മലങ്കര ഓർത്തഡോക്സ് സഭയിൽ പെട്ടയാളാണ്. “
“ആ പയ്യനെ ഒഴിവാക്കി ബാക്കി 8 പേരെ പെണ്ണുകാണലിന് ക്ഷണിച്ചാൽ പോരേ. “
“അപ്പുപ്പാ. അത് നല്ലൊരു പയ്യനാണ്. അയാളെ അവസാനഘട്ടത്തിൽ നമുക്കയാളെ ഒഴിവാക്കാം. “
ഒൻപത് പേർക്കും കുടുംബസമേതം പെണ്ണ് കാണലിന് സമയം അനുവദിച്ചു കൊടുത്തു. ആറ് ദിവസങ്ങൾ, ഒൻപത് പെണ്ണ് കാണലുകൾ, അച്ഛനും അപ്പുപ്പനും പാർവതിക്കും ഇഷ്ടപ്പെട്ട അഞ്ച് പേരെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
“പെണ്ണ് കാണൽ ഒഴിവാക്കി നമുക്ക് ആണുകാണൽ എന്ന വെറൈറ്റി ചടങ്ങ് നടത്താവുന്നതാണ്. “
ആ നിർദ്ദേശം വച്ച പ്രഭാതിൻ്റെ ചെവി കണ്ണൻ നായർ പിച്ചിയെടുത്തു.
“ആ ക്രിസ്ത്യാനി കൊച്ചിനെ ഒഴിവാക്കാൻ ഞാൻ അച്ഛനോടും മോളോടും പറഞ്ഞതാണ്. ആ നാല് പേരിൽ നിന്നൊരാളെ നമുക്ക് തെരഞ്ഞെടുക്കാമായിരുന്നു. “
“അച്ഛാ ഇതിന് ഒറ്റ സംഖ്യയാണ് നല്ലത്. മാത്രമല്ല 5 എൻ്റെ ലക്കി നമ്പർ ആണ്. “
“മാമാ, ആ പയ്യന് പൂനയിൽ തന്നെയാണ് ജോലി. “
“അച്ഛാ, നാല് പേരിൽ നിന്നാണ് ഫൈനൽ സെലക്ഷൻ. അഞ്ച് എന്ന് പറഞ്ഞത് കൊണ്ട് എണ്ണം തികയ്ക്കാനാണ് അവനെ കൂടി ലിസ്റ്റിൻ ഇട്ടത്. ആ നാല് പേരും നമ്മുടെ സ്വജാതിക്കാരാണ്. ഞാൻ ജാതി വിട്ടൊരു കളിയില്ല. “
അവസാനം ജ്യോൽസനെ കണ്ട് മുഹൂർത്തം കുറിച്ചു. പത്രത്തിൽ പുതു പരസ്യം കൊടുത്തു.
“മൂക്കോത്തെ പാർവതിയുടെ സ്വയംവര കല്ല്യാണം, നാടിൻ്റെ മാമാങ്കം. “
അലങ്കരിച്ച വലിയൊരു സ്റ്റേജ്, അതിൽ അഞ്ച് സിംഹാസനത്തിൽ ഉപവിഷ്ടരായ അഞ്ച് ചെറുപ്പക്കാർ. സർവ്വാഭരണ വിഭൂഷിതയായി, കയ്യിലൊരു വരണമാല്യവുമായി, പാർവതി നടന്നു വന്നു.
ബന്ധുക്കൾ പിറുപിറുത്തു തുടങ്ങി.
“സ്വജാതിയിൽ പയ്യൻമാർ ഇല്ലാത്തത് കൊണ്ടാണോ? അന്യജാതിയിൽ പെട്ട ഒരുത്തനെ വേദിയിൽ ഇരുത്തിയിരിക്കുന്നത്. “
കുട്ടൻ നായരുടെ അനന്തരവൻ അടുത്തിരുന്ന ആളോട് ചോദിച്ചു.
“അതും പാർവതിയെക്കാൾ ഒരു വയസ്സ് കുറവാണ് ആ പയ്യന്. “
“അവൻ്റെ പേരെന്താണ്?”
“റോബിൻ പീറ്റർ. “
“എൻ്റെ ചേച്ചീ ഇത് വേറെ കേസ് കെട്ടാണ്, ഇവരൊന്നിച്ച് നിൽക്കുന്ന ഫോട്ടോ ഞാൻ ഇൻസ്റ്റാഗ്രാമിൽ കണ്ടതാണ്. “
“അപ്പോൾ?. “
പാർവ്വതി സ്റ്റേജിലൂടെ ഓരോ വരൻമാരുടേയും മുന്നിലൂടെ നടന്ന് നീങ്ങി. അഞ്ചാമനെയും മറി കടന്ന് പാർവതി മടങ്ങി വന്ന് രണ്ടാമനായി ഇരുന്ന റോബിൻ്റെ കഴുത്തിൽ വരണമാല്യം ചാർത്തി.
“അവര് പണ്ടേ ഇഷ്ടത്തിലായിരുന്നു. ഇതവളുടെ നാടകമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം നടത്താനായിട്ട് ഓരോരോ ഡ്രാമകൾ. “
“അയ്യോ കുട്ടൻ മാമൻ അറിഞ്ഞാൽ…. “
“ഒന്നും സംഭവിക്കില്ല, കുട്ടൻ നായർ അറിഞ്ഞ് കൊണ്ടാണ് ഇതൊക്കെ നടന്നത്. പാവം കണ്ണൻ നായരെ എല്ലാവരും കൂടി പറ്റിച്ചതാണ്. ആ പാവം ഇതെങ്ങനെ സഹിക്കും. “
“കുട്ടൻ മാമൻ അറിഞ്ഞിരുന്നോ?”
“പിന്നേ, മാമൻഎന്ത് ചെയ്യും. ചായക്കടയിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് പാർവതി ഭീഷണിപ്പെടുത്തിയപ്പോൾ പാവം കുട്ടൻ നായർ കല്യാണം നടത്തി കൊടുക്കാമെന്ന് കയ്യിൽ അടിച്ചു ആണയിട്ടു. ഇതിൻ്റെയൊക്കെ സൂത്രധാരൻ ആ പ്രഭാത് ആണ്. “
പക്കമേളവും വാദ്യസ്വരങ്ങളും തുടങ്ങി. ചെക്കൻ പോക്കറ്റിൽ നിന്നും താലിയെടുത്ത് പെണ്ണിൻ്റെ കഴുത്തിൽ മൂന്ന് തവണ കെട്ടി. കണ്ണൻ നായർ കണ്ണ് തുടച്ച് കൊണ്ട് മണ്ഡപത്തിൽ നിന്നുമിറങ്ങി, ഹാളിന് പുറത്തേക്ക് നടന്നു. പാർവതിയും റോബിനും സ്തബ്ധരായി നിന്നു. കുടുംബക്കാരെല്ലാം പെണ്ണിനേയും ചെറുക്കനേയും ഉപേക്ഷിച്ചു കണ്ണൻ നായരുടെ പിറകേ ഓടി.
മൂക്കോത്തെ ശത്രുക്കളെല്ലാം കണ്ണ് വിടർത്തി, ചെവി കൂർപ്പിച്ചു അതീവ ജാഗരൂകരായി. പെട്ടെന്ന് ഒരു ജീപ്പ് കണ്ണൻ നായരുടെ മുന്നിൽ നിന്നു. അതിൽ നിന്നും പോലീസ് വേഷമണിഞ്ഞ പ്രൗഡ ഗംഭീരനായ ഒരാൾ പുറത്തിറങ്ങി. അയാളുടെ ചുറ്റും തോക്ക് പിടിച്ചു നാല് കമാൻഡോകൾ.
“ഹലോ കണ്ണൻ നായർ, ഞാൻ പീറ്റർ ജോൺ, ജാർഖണ്ഡ് എസ് പി ആണ്. ഇന്നലെയാണ് റോബിൻ അവൻ്റെ കല്യാണക്കാര്യം പറയുന്നത്. അതാ ഞാൻ വൈകിയത്. പാറു നല്ല കുട്ടിയാണ്, എനിക്കിഷ്ടമാണവളെ. അവർ ചേരേണ്ടവർ തന്നെയാണ്. “
പീറ്റർ കണ്ണൻ നായരെ ആലിംഗനം ചെയ്തു. ആജാനബാഹുവായ ആ മനുഷ്യൻ്റെ കൈകളിൽ കിടന്ന് കണ്ണൻ നായർക്ക് ശ്വാസം മുട്ടി.
“എൻ്റെ റോബിനെ കണ്ണൻ നായർക്ക് ഇഷ്ടമായില്ലേ. “
കമാൻഡോകളുടെ കണ്ണുരുട്ട് കണ്ട് കണ്ണൻ നായർ പേടിച്ചു പോയിരുന്നു.
“ഇഷ്ടമാണ്. “
“എന്നാൽ വാ, നമുക്ക് ചടങ്ങ് പൂർത്തിയാക്കാം. എന്താ കണ്ണൻ നായരുടെ മുഖത്ത് ഒരു വിഷമം പോലെ. “
“ഞാൻ ആ മറ്റ് നാല് കുട്ടികളുടെ കാര്യമോർത്താണ്. എന്ത് മനോവിഷമം അവർക്ക് ഉണ്ടായി കാണും. “
“എൻ്റെ കണ്ണൻ നായരെ നമ്മുടെ കുട്ടികൾ അത്ര ക്രൂരരല്ല. ചാനലിൽ നിന്നും കിട്ടുന്ന ഈ മാസത്തെ വരുമാനം നാലായി വീതിച്ചു കൊടുക്കാമെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്. അവര് ചെയ്തത് കൈവിട്ട കളിയാണ്. നമ്മുടെ സമൂഹം സ്നേഹത്തേക്കാൾ മതത്തിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ….. കുട്ടികളെ കുറ്റം പറയാൻ പറ്റുമോ. “
കണ്ണൻ നായരുടെ കൈ പിടിച്ചു പീറ്റർ സ്റ്റേജിൽ കയറി കൂടെ കമാൻഡോകളും.
“അനിഷ്ടം ഒന്നും തോന്നരുത്, നക്സലുകളുടെ നാട്ടിലാണ് എനിക്ക് ജോലി. 24 മണിക്കൂറും ഞാൻ ഇവരുടെ സംരക്ഷണത്തിലാണ്. കണ്ണൻ നായർ പാറുവിന് പുഷ്പഹാരം എടുത്ത് കൊടുക്കൂ. “
പീറ്റർ റോബിന് ഹാരമെടുത്ത് കൊടുത്തു. വധൂ വരൻമാർ പരസ്പരം ഹാരങ്ങൾ അണിയിച്ചൂ.
“ഇനി അപ്പുപ്പൻ്റെ അനുഗ്രഹം വാങ്ങൂ. കേട്ടോ കണ്ണൻ നായരെ എനിക്ക് ഈ വിവാഹത്തിന് ആദ്യം ഇഷ്ടമില്ലായിരുന്നു. ഇവിടെ തറവാട്ടിൽ എല്ലാവരും കച്ചവടക്കാരാണല്ലോ. പത്രാസുള്ള ഉദ്യോഗം ആർക്കുമില്ല. പക്ഷേ ഈ കുട്ടേട്ടൻ ഉണ്ടല്ലോ. അദ്ദേഹമാണ് എൻ്റെ കണ്ണ് തുറപ്പിച്ചത്. “
“അച്ഛനോ?”
“അപ്പോൾ കണ്ണൻ നായർ ഒന്നുമറിഞ്ഞില്ലേ. റോബിൻ ഞരമ്പ് മുറിക്കാൻ പോകുന്നു. പാർവ്വതി കിണറ്റിൻ ചാടാൻ പോകുന്നു. പിന്നെ കുട്ടേട്ടൻ എന്ത് ചെയ്യാനാ. ഇവൻ എൻ്റെ അനിയനേയും ഭാര്യയേയുമാണ് പപ്പയും മമ്മിയുമാക്കി പെണ്ണ് കാണാൻ കൊണ്ട് വന്നത്. അവർ ഈ നാട്ടിൽ ആണ് താമസം. “
“അവസാനത്തെ അഞ്ച് പേരിൽ ഒരാളായി വന്നവനാണല്ലോ റോബിൻ. എല്ലാം ദൈവം നിശ്ചയമാണ്. “
ആളുകൾ ഭക്ഷണം കഴിക്കാനായി ഊട്ടുപുരയിലേക്ക് നടന്നു.
“എന്താ അവിടെ ഒരു ആൾക്കൂട്ടം. “
“കുട്ടേട്ടൻ ബോധം കെട്ട് വീണു. “
വെള്ളം തളിച്ച് തോടെ കുട്ടേട്ടൻ എഴുന്നേറ്റു.
“എനിക്കൊന്നുമില്ല. കുറച്ച് കിടക്കണം. “
“എന്താ അപ്പുപ്പാ പറ്റിയത്. “
“നിങ്ങള് പൊയ്ക്കോ. സ്റ്റേജിൽ വച്ച് നിൻ്റെ അച്ഛൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി. ഒരു നെഞ്ച് വേദന അഭിനയിച്ചതാ. എനിക്ക് ഇന്ന് ആ വീട്ടിൽ ചെന്ന് കയറേണ്ടതാ. “
“എന്തായാലും അപ്പുപ്പൻ നല്ല ആക്ടറാ. പാർവ്വതീ പരിണയം പ്രശ്നരഹിതമായി അവസാനിച്ചു. “
“എടാ പ്രഭാതേ, അപ്പുപ്പൻ്റെ ബോധക്കേട് നാളെ തന്നെ ചാനലിൽ ടെലികാസ്റ്റ് ചെയ്യണം. അപ്പുപ്പനാണ് സൂപ്പർ സ്റ്റാർ. “
എല്ലാവരും പൊട്ടിച്ചിരിച്ചു. കുടുംബ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പാർവ്വതി അച്ഛനോട് ചേർന്ന് നിന്നു. കണ്ണൻ നായർ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ മകളെ ചേർത്ത് പിടിച്ചു.
✍️നിഷ പിള്ള
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
അപാര പ്ലാനിംഗ് …… എന്തായാലും അപ്പൂപ്പൻ പിള്ളേരുടെ കൂടെ കൂടിയല്ലോ ……രസകരമായ അവതരണം👍❤️