ക്യാബിൻ പൂട്ടിയിറങ്ങുമ്പോൾ റോഷിൻ, ഓഫീസ് മാനേജർ നന്ദനയെ നോക്കി പറഞ്ഞു.
“ഞാൻ ഇന്ന് പത്ത് മിനിറ്റ് നേരത്തെ ഇറങ്ങുന്നു. ഇന്ന് നമ്മുടെ പഴയ ബോസിൻ്റെ മകൻ്റെ ബർത്ത്ഡേ ആണ്. അവന് പതിനൊന്ന് വയസ്സ്, നല്ലൊരു ഗിഫ്റ്റ് സജസ്റ്റ് ചെയ്യാമോ. “
“സർ പോകുവാണോ. റിസപ്ഷനിൽ ഒരു സ്ത്രീ സാറിനെ കാണാൻ വെയിറ്റ് ചെയ്യുന്നു. അഞ്ച് മണിയാകട്ടെ എന്ന് പറഞ്ഞ് ഞാൻ അവരെ അവിടെ ഇരുത്തി. “
റോഷിൻ നന്ദനയുടെ ടേബിളിൽ ഇരുന്ന മോണിറ്റർ പരിശോധിച്ചു. വളരെ വെപ്രാളത്തോടെ കൈവിരലുകൾ ഞൊടിച്ച് ഒരു സ്ത്രീ സോഫയിൽ ഇരിക്കുന്നു.
“ദൈവമേ താര. എന്താണ് അവളെ എൻ്റെ ക്യാബിനിലേക്ക് കടത്തി വിടാഞ്ഞത്. “
“സാർ വിയർത്തു കുളിച്ചു അവർ കയറി വന്നപ്പോൾ ജോലിക്കോ പണത്തിനോ വേണ്ടി വന്നൊരാൾ ആയി എനിക്ക് തോന്നി. സാറിൻ്റെ സഹാനുഭൂതി ഈ നാട്ടിൽ പാട്ടാണ്. എല്ലാവരും അത് ദുരുപയോഗം ചെയ്യും. “
“ഇതെൻ്റെ ക്ലാസ് മേറ്റ് ആയിരുന്ന താരയാണ്. ശരി അവളെ ഞാൻ അങ്ങോട്ട് പോയി കണ്ടോളാം. “
“ക്ഷമിക്കണം സാർ, സാറിന് ശല്യമാകാതിരിക്കാൻ.. “
“ഡോണ്ട് വറി നന്ദന. “
റോഷിൻ അടുത്ത് വന്നിരുന്നത് താര അറിഞ്ഞില്ല. അവൾ ഏതോ ചിന്തയിൽ ആയിരുന്നു. റോഷിൻ അവളുടെ വിരലുകളിൽ തൊട്ടു. താര തലയുയർത്തി. ആ കണ്ണുകളിൽ ദേഷ്യമോ സങ്കടമോ?
“എന്താടി. ഇങ്ങനെ നോക്കുന്നത്. “
“റോഷിൻ നീ ഇപ്പോഴും എന്നെ കാത്തിരിക്കുന്നോ. ഞാൻ വന്നാൽ നീ പഴയ പോലെ എന്നെ സ്വീകരിക്കുമോ. “
“എന്താ നിൻ്റെ പ്രശ്നം. “
താര റോഷിനോടൊപ്പം ഓഫീസിൽ നിന്നും പുറത്തിറങ്ങി.
“വാ നിന്നെ ഞാൻ കാറിൽ കൊണ്ടാക്കാം. “
താര ഭർത്താവിനോടൊപ്പം താമസിക്കുന്ന നരേന്ദ്ര നഗറിലെ തെരുവിൽ, കഷ്ടിച്ച് ഒരു കാർ കടന്ന് പോകുന്ന വഴികളാണ്. പലപ്പോഴും അവിടത്തെ തെരുവിലെ കുട്ടികൾ ഇരുമ്പ് കൊണ്ട് കാറിൽ പടം വരച്ചിരിക്കും. നക്കാപിച്ച കാശിനായി കാറിൻ്റെ ഇടി കൊള്ളാനായി റോഡിൽ നിരന്നിരിക്കുന്ന ചുവന്ന പല്ലുകളുള്ള വൃദ്ധരും ധാരാളം.
“ഇവിടെ നിർത്തിയാൽ മതി. “
മറ്റൊരു തെരുവിൽ കാർ നിർത്താനായി താര ബഹളം വച്ചു.
താര വാശി പിടിച്ചപ്പോൾ റോഷിൻ വണ്ടി ഒതുക്കി നിർത്തി. അവൻ താരയുടെ ഒപ്പം ഇറങ്ങി. ഗലിയിലെ തിരക്കിനിടയിലൂടെ താര റോഷിൻ്റെ കൈ പിടിച്ച് വേഗത്തിൽ നടന്നു. അവൻ വാച്ചിൽ നോക്കി. സമയം അഞ്ചേകാൽ, ആറ് മണിക്കാണ് ബർത്ത്ഡേ പാർട്ടി. താൻ കൃത്യസമയത്ത് അവിടെ ചെന്നില്ലെങ്കിൽ അനുരാഗ് മോന് സങ്കടമാകും. ഇവളോട് എന്ത് പറയും. താര ഇപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണെന്ന് തോന്നുന്നു.
താര റോഡ് ക്രോസ് ചെയ്തു ഒരു ഫ്ലാറ്റിൻ്റെ മൂന്നാം നിലയിലേക്കുള്ള പടികൾ ഓടി കയറി. പിറകേ വിയർത്ത് കുളിച്ച് റോഷിനും ഓടി കയറി. അവൾ ഒരു വാതിലിൽ ശക്തമായി മുട്ടി. താരയുടെ സമപ്രായക്കാരിയായ ഒരു യുവതി വാതിൽ തുറന്നു. അവൾ താരയെ കണ്ട് ഞെട്ടിയെങ്കിലും, ചിരിച്ചു കൊണ്ട് താരയെ ആലിംഗനം ചെയ്ത് അകത്തേക്ക് കൂട്ടി. താരയുടെ വലത്തേ കൈ റോഷിൻ്റെ ഇടത് കൈയിൽ പിടിത്തമിട്ടു. അവനും കൂടെ മുറിയിൽ കയറി, അവൾക്കൊപ്പം സെറ്റിയിൽ ഇരുന്നു.
“ഇതാരാണ് താര. “
“എൻ്റെ വക്കീലാണ്, റോഷിൻ കുര്യാക്കോസ്. ഞാൻ പറഞ്ഞിരുന്നില്ലേ നസീമാ, വിവാഹമോചനത്തിനെക്കുറിച്ച്. ഇനി എനിക്ക് സഹിക്കാൻ വയ്യ. “
“അതിനിപ്പോൾ എന്തുണ്ടായി താര. ജോസ് നിന്നെ പൊന്ന് പോലെ നോക്കുന്നില്ലേ. എൻ്റെ കാര്യം അങ്ങനെയാണോ. സലീമിക്ക പോയതിന് ശേഷം ഞാനെന്ത് കഷ്ടപ്പെട്ടാണ് ഇവിടെ കഴിയുന്നത് എന്ന് നിനക്കറിയാമോ. “
നസീമ പറഞ്ഞത് ശ്രദ്ധിക്കാതെ ആ മുറിയിലെ പുതിയ സെറ്റിയിൽ താര തടവി നോക്കി.
“ഇത് പുതിയതാണോ നസീമ. “
“അത്.. “
“നസീമ എൻ്റെ ഭർത്താവിന് ഇപ്പോൾ വല്ലാത്ത കടമാണ്. കാരണമെന്താണ് എന്നറിയുമോ, മറ്റൊരു സ്ത്രീക്കും അവളുടെ മക്കൾക്കും കൂടി ജോസ് ചെലവിന് കൊടുക്കുന്നുണ്ട്. രണ്ട് ദിവസമായി ഞാനും അമ്മയും ചോറും ചെറുപയറുമാണ് കഴിക്കുന്നത്. അയാളുടെ സ്വന്തം അമ്മയല്ലേ നസീമ, ഈ പ്രായത്തിൽ അവരെ കഷ്ടപ്പെടുത്താൻ പാടുണ്ടോ. അമ്മയ്ക്ക് മീനില്ലാതെ ഒരുരുള ചോറ് ഇറങ്ങില്ല. “
“അത് കഷ്ടമാണ് താര. എന്താണ് ജോസിന് ഇത്ര കടം. “
“അത് നിനക്കറിയില്ലേ നസീമ. “
താര സെറ്റിയിൽ നിന്നും ചാടി എഴുന്നേറ്റു.
“എന്നെ ചതിച്ചത് പോട്ടെ നസീമ. നീ പറ, അമ്മ, ആ അമ്മയോട് ഞാനെന്ത് പറയും, ഞാൻ നിന്നെ സ്വന്തം അനിയത്തിയെ പോലെയല്ലേ കണ്ടിരുന്നത്. “
“ഞാനെന്ത് പറയാനാണ്. “
നസീമ താരയെ തള്ളി മാറ്റി.
“അകത്ത് ഒളിച്ചിരിക്കുന്ന ആ മനുഷ്യനോട് പറഞ്ഞേക്ക്, ഞാൻ പോവുകയാണെന്ന്, ഇനി മടങ്ങി വരില്ലെന്ന്. “
സെറ്റിയുടെ അടിയിൽ ഒളിച്ചിട്ടിരുന്ന കറുത്ത പാരഗൺ ചെരുപ്പ് താര കാല് കൊണ്ട് തട്ടി തെറിപ്പിച്ചു. ഇതെല്ലാം കണ്ട് വിറച്ച് ഇരുന്ന് റോഷിനെ അവൾ പിടിച്ചു എഴുന്നേൽപ്പിച്ചു.
“നമുക്ക് പോകാം. ഇനി ഇവിടെ നിന്നാൽ നമ്മളും വഴി തെറ്റി പോകും. “
ഒന്നും മിണ്ടാതെ പടികളിറങ്ങുന്ന താരയെ റോഷിൻ തടഞ്ഞ് നിർത്തി.
“എന്തൊക്കെയാ അവിടെ നടന്നത്. എന്താണ് അതിൽ എൻ്റെ റോൾ. “
അവളുടെ നനഞ്ഞ കണ്ണുകൾ അവനെ നോക്കി, പിന്നെ മെല്ലെ അവൾ തല കുനിച്ചു.
“നീ വാ നമുക്ക് അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം. എനിക്ക് അത്യാവശ്യമായി ഒരിടത്ത് പോകണം. ഒരു ബർത്ത്ഡേ പാർട്ടി. “
“ഞാനില്ല റോഷിൻ. ഞാൻ പോകുന്നു. “
“എവിടേക്ക്, ആ ചതിയൻ്റെ വീട്ടിലേക്കോ. നീ എവിടെയും പോകുന്നില്ല. എൻ്റെ ഒപ്പം വരുന്നു. “
റോഷിൻ വാച്ചിൽ നോക്കി. അഞ്ചമ്പത്, ഇനി പത്ത് മിനിറ്റ് മാത്രം. അനുരാഗിന് പറ്റിയ സമ്മാനമൊന്നും വാങ്ങിയില്ല. രാവിലെ ഓഫീസിൽ അണിഞ്ഞ വേഷം മാറാനും പറ്റിയില്ല.
ഡ്രൈവ് ചെയ്യുമ്പോൾ അവർ പരസ്പരം സംസാരിച്ചില്ല. പാർട്ടി നടക്കുന്ന അപ്പാർട്ട്മെൻ്റിൻ്റെ മുന്നിൽ റോഷിൻ കാർ നിർത്തി. മുന്നിലെ യൂണിസെക്സ് സലൂണിലേക്ക് അവർ നടന്നു.
“ബർത്ത്ഡേ പാർട്ടിക്ക് വന്നതാണല്ലേ. പാർട്ടി വൈകും. കേക്ക് ഓർഡർ ചെയ്ത തീം മാറിയെന്ന് പറഞ്ഞ് ആ പയ്യൻ ഒരേ വാശി. ഇപ്പോഴത്തെ കുട്ടികൾ, നിസ്സഹായരായ മാതാപിതാക്കൾ, വേറെ കേക്ക് ഓർഡർ ചെയ്തു. “
“അത് നന്നായി. ഞങ്ങൾ രണ്ട് പേർക്കും ഒരു പാർട്ടി ഔട്ട് ഫിറ്റ് വേണം. ഇനി വീട്ടിൽ പോയി മടങ്ങാൻ വയ്യ. അനുരാഗിൻ്റെ പപ്പ എൻ്റെ ബോസാണ്. ഒട്ടും മോശമാകാൻ പാടില്ല. “
“മാക്സിമം ഇരുപത് മിനിറ്റ്. ഞങ്ങളുടെ സ്ഥാപനത്തിൻ്റെ ഗുഡ്‌വിൽ അറിയാമല്ലോ. “
താരയെ ചൂണ്ടിക്കാട്ടി മാനേജർ ചോദിച്ചു.
“ഇതാരാണ്. ഇവർക്ക് ലെഹങ്ക മതിയാകുമല്ലോ. “
“ഇത് എൻ്റെ… “
“റോഷിൻ സാർ ആദ്യമായിട്ട് ഒരു പെണ്ണിന് ഒപ്പം ഇവിടെ വരുന്നത്. ഇത് താര മാത്യൂസ് ആണോ, അമ്മാമ്മയുടെ നേർച്ച കാരണം വീട്ടുകാർ നിർബന്ധിച്ച് കന്യാസ്ത്രീ ആക്കാൻ തീരുമാനിച്ച… ഒരുമിച്ചേ ജീവിക്കൂ എന്ന് വാശിയിൽ, പതിനെട്ടാം വയസ്സിൽ രണ്ട് പേരും ഒന്നിച്ച് ഒളിച്ചോടാൻ തീരുമാനിച്ച്, അവസാനം വീട്ടുകാർ വീട്ട് തടങ്കലിൽ പാർപ്പിച്ചു, പിന്നീട് തെമ്മാടിയായ ജോസ് എന്നൊരാളെ കൊണ്ട് കെട്ടിച്ച് വിട്ട ആ താര മാത്യൂസാണോ?”
മലയാളിയായ ഹെയർ സ്റ്റൈലിസ്റ്റ് പറയുന്നത് കേട്ട് അടുത്ത് മുറിയിൽ മേക്കപ്പ് ചെയ്യുകയായിരുന്ന താരയ്ക്ക് ദേഷ്യം വന്നു.
“ഒടുവിൽ ദൈവകൃപ കൊണ്ട് നിങ്ങൾ വീണ്ടും ഒന്നായല്ലോ. “
“ഇന്ന് പാർട്ടിയിൽ വച്ച് ഓഫീസിൽ എല്ലാവരോടും ഈ സന്തോഷ വാർത്ത അനൗൺസ് ചെയ്യണം. “
താര റെഡിയായി വരുന്നത് വരെ റോഷിൻ ലോബിയിൽ കാത്തിരുന്നു. താരയെ തൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ അവൾ വരുമോ. പതിനെട്ടാമത്തെ വയസ്സിൽ കാണിച്ച് മടയത്തരം കാരണം അവൾക്ക് നല്ലൊരു ജീവിതം നഷ്ടമായി. ആ സങ്കടത്തിൽ റോഷിനും ഈ ജീവിതത്തിൽ ഇനിയൊരു വിവാഹം വേണ്ടെന്ന് തീരുമാനത്തിലെത്തിയിരുന്നു.
“ഇനിയെങ്കിലും താര തന്നോട് ചേർന്നെങ്കിൽ. “
ഒരു കല്യാണ പെണ്ണിനെക്കാൾ മനോഹരിയായി താര ഇറങ്ങി വന്നു. അവളോടൊപ്പം അലങ്കരിച്ച വേദിയിലേക്ക് നടക്കുമ്പോൾ താര റോഷിൻ്റെ കാതിൽ മെല്ലെ ചോദിച്ചു.
“നിന്നോട് അവർ ചോദിക്കില്ലേ ഞാനാരാണെന്ന്. “
“ചോദിക്കട്ടെ, ഞാൻ എൻ്റെ സുഹൃത്താണെന്ന് പറയും. നീയോ? നീയെന്ത് പറയും. “
“പന്ത്രണ്ട് വർഷം മുമ്പ് എൻ്റെ പക്കൽ നിന്നും കളഞ്ഞ് പോയ ഒരു മാണിക്യം തിരികെ കിട്ടി. എന്നെ എൻ്റെ അപ്പൻ തല്ലി ചതയ്ക്കുന്നത് കണ്ട് പൊട്ടി കരഞ്ഞ കാര്യസ്ഥൻ കുര്യാക്കോസിൻ്റെ മകൻ റോഷിൻ, എനിക്ക് വേണ്ടി കരഞ്ഞ ഒരേയൊരാൾ നീ മാത്രമാണ്. “
റോഷിൻ താരയുടെ വിരലുകൾ കോർത്ത് പിടിച്ചു.
“അമേരിക്കയിലെ ജോലി കളഞ്ഞ് ഞാൻ ഈ നഗരത്തിൽ വന്നത് വെറുതെയാണെന്ന് നീ കരുതുന്നോ?”
“നിന്നെ ജനലിലൂടെ ആദ്യം കണ്ടപ്പോൾ തന്നെ ഓടി വരാൻ തോന്നിയതാണ്. പക്ഷെ കുറ്റബോധം, ജോസിൻ്റെ മണവാട്ടിയായ എനിക്ക് അയാളെ ചതിക്കാൻ തോന്നിയില്ല. നസീമയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ ഞാൻ ജോസിൻ്റെ പിറകെ കൂടി. തെളിവുകൾ ശേഖരിച്ചു. ഇനി എനിക്ക് കുറ്റബോധം ആവശ്യമില്ല. “
“നീ എൻ്റേതാണ് താര. “
റോബിൻ താരയുടെ ചെവിയിൽ മന്ത്രിച്ചു.
“റോബിൻ അങ്കിൾ…. “
അനുരാഗ് ഓടി വന്നു.
“ഇതാണല്ലേ താര ആൻ്റി, അങ്കിളിൻ്റെ പേഴ്സിൽ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്. “
താര റോഷിനെ നോക്കി ചിരിച്ചു.
“അങ്കിളിന് ഇഷ്ടപ്പെട്ട നക്ഷത്രങ്ങളുടെ തീം പറഞ്ഞിട്ട് അവർ കേക്ക് തെറ്റി കൊണ്ട് വന്നു. ഞാൻ സമ്മതിച്ചില്ല. ഇത് വേറെ കേക്കാണ്. “
അനുരാഗ് കേക്ക് കട്ടിംഗ് നടത്തി. സമ്മാനങ്ങൾ സ്വീകരിക്കാൻ തുടങ്ങി.
“അങ്കിൾ എനിക്ക് സമ്മാനം ഒന്നും കൊണ്ട് വന്നില്ലേ. “
റോഷിൻ വിഷമിക്കുന്നത് കണ്ട് താര അവളുടെ പേഴ്സിൽ നിന്നും വളരെ മനോഹരമായ ഒരു പേന പുറത്തെടുത്തു. റോഷിൻ്റെ ഓർമ്മയ്ക്കായി അവൾ വർഷങ്ങളായി സൂക്ഷിച്ചു വച്ചിരുന്നതാണ്.
“അത് വേണ്ട. “
റോഷിൻ തൻ്റെ പേഴ്സിൽ സൂക്ഷിച്ചിരുന്ന ഒരു സ്വർണ്ണ ലോക്കറ്റ് പുറത്തെടുത്തു. അത് കണ്ടപ്പോൾ താരയുടെ കണ്ണ് നിറഞ്ഞു. അന്ന് രാത്രിയിൽ അപ്പൻ്റെ അനിയൻ്റെ മർദ്ദനത്തിൽ നിന്നും താരയെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ പൊട്ടി പോയ മാലയിൽ ഉണ്ടായിരുന്നത്.
“എനിക്ക് ഈ രണ്ടു സമ്മാനവും വേണ്ട. ഇത് നിങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എനിക്ക് വേണ്ടത് നിങ്ങളോടൊപ്പം നിങ്ങളുടെ വീട്ടിൽ ചെലവഴിക്കുന്ന ഒരു ദിവസമാണ്. അത് മാത്രം മതിയെനിക്ക്. “
“മോൻ പറഞ്ഞതാണ് ശരി. ഈ കല്യാണം ഞാൻ സ്പോൺസർ ചെയ്യും. ” അനുരാഗിൻ്റെ അച്ഛൻ പറഞ്ഞു.
“ഇത്തരം പ്രണയങ്ങൾ വിരളമാണ്. കല്യാണം കഴിഞ്ഞുള്ള ഹണിമൂൺ ചെലവ് എൻ്റെ വക. “
എം ഡി പറഞ്ഞു.
പാർട്ടി കഴിഞ്ഞു വീട്ടിൽ വന്നപ്പോഴാണ് അവർ മനസ്സ് തുറന്നത്.
“നിന്നെ കെട്ടിയാൽ ആ ജോസെന്ന ഗുണ്ടയുടെ തല്ല് ഞാൻ കുറെ മേടിക്കണമല്ലോ. “
“എന്നാൽ നീയെന്നെ കെട്ടണ്ട. “
താര പിണങ്ങി.
“നീ കാരണം അപ്പൻ്റെ തല്ല്, പണ്ട് ഞാൻ കുറെ മേടിച്ചതാണ്. “
“പതിനെട്ടാം വയസ്സിൽ എന്നെ എൻ്റെയപ്പൻ മരത്തിൽ കെട്ടിയിട്ട് പട്ടിയെ പോലെ തല്ലി ചതച്ചു. “
“നീയല്ലേ പറഞ്ഞത് കന്യാസ്ത്രീ ആകണ്ട. എൻ്റെ പിള്ളേരുടെ അമ്മയായാൽ മതിയെന്ന്. “
“അതിന് സമയം കഴിഞ്ഞിട്ടില്ലല്ലോ. ആദ്യം ഞാൻ നിന്നെ നല്ല പോലെ ഒന്ന് കണ്ടോട്ടെ. “
താര ഒരു കൊച്ചു കുട്ടിയെ പോലെ അവൻ്റെ മാറിലേക്ക് ചാഞ്ഞു.
#നിന്നിലേക്കുള്ള ദൂരം
✍️നിഷ പിള്ള


3 Comments
നന്നായെഴുതി👍❤️
നല്ല കഥ. ദാമ്പത്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തു കൂടാത്ത കാര്യം വിശ്വാസവഞ്ചന തന്നെയാണ്👌👌👏👏❤️❤️
നല്ല രചന👍