മുറിയിലേക്ക് കടന്നു ചെന്നപ്പോൾ അമ്മ ചോദിച്ചു.
“നീയെത്തിയോ. ദീപ വന്നില്ല, അല്ലേ?”
കട്ടിലിലിരുന്ന് അമ്മയുടെ പ്ലാസ്റ്ററിട്ട കാലിലേക്ക് നോക്കി.
“വേദനയുണ്ടോ, എത്ര നാൾ പ്ലാസ്റ്ററിൽ കിടക്കേണ്ടി വരും.”
“ഒരു മാസം കഴിഞ്ഞ് നോക്കാമെന്നാ ഡോക്ടർ പറഞ്ഞത്. വീഴാതെ സൂക്ഷിച്ചു നടന്നതാണ്. എന്നിട്ടും, ഞാൻ ഈ അവസ്ഥയിലാണെന്നറിഞ്ഞിട്ടും അവൾ വന്നില്ലല്ലോ. ഓ, പണ്ടേ അവൾക്ക് ഈ അമ്മായിയെ ഇഷ്ടമല്ലല്ലോ. നിനക്കും ഒരു ജീവിതം ഇല്ലാതായി.” അമ്മയുടെ സ്വരം ഇടറി.
“മോഹിച്ചത് കിട്ടിയില്ലെങ്കിൽ പിന്നെ ജീവിക്കാനായിട്ട് ജീവിച്ചല്ലേ പറ്റൂ. അനുഭവിക്ക തന്നെ.” നിസ്സംഗതയോടെ പറയുമ്പോൾ അമ്മ എന്നെ ഉറ്റു നോക്കി.
“അറിയാം കുട്ടീ. എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കണം.” അമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എന്തിനാ അമ്മേ വിധിയുടെ മേൽ ചാരുന്നത്. അച്ഛന്റെ പുരുഷാധിപത്യമായിരുന്നല്ലേ പ്രധാന കാരണം? മകന്റെ വിവാഹം പോലും അച്ഛന്റെ ഇഷ്ടമനുസരിച്ച് നടത്തണമെന്ന വാശി. അവന്റെ പ്രണയത്തിനു പുല്ലു വിലയായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പെങ്ങളുടെ മകളെ അച്ഛൻ എന്റെ തലയിൽ കെട്ടി വയ്ക്കുകയായിരുന്നല്ലോ. ഒരു പ്രണയം ഇല്ലാതിരുന്നെങ്കിൽ പോലും ഭാര്യയാക്കാൻ ഞാൻ ഇഷ്ടപ്പെടാത്ത പെണ്ണായിരുന്നല്ലോ ദീപ. അമ്മയ്ക്കും താല്പര്യമില്ലായിരുന്നെന്ന് എനിക്കറിയാം. അച്ഛനെ പേടിച്ചല്ലേ മിണ്ടാതിരുന്നത്.”
അമ്മ ഒന്നും മിണ്ടിയില്ല.
“ഞാനൊന്ന് ഫ്രഷ് ആകട്ടെ.”
അടുക്കളയിലേക്ക് ചെന്ന് അമ്മയുടെ സഹായി ഭവാനി ചേച്ചിയോട് ഒരു ചായക്ക് പറഞ്ഞു.
മുറിയിൽ ചെന്ന് കട്ടിലിലേക്ക് കിടന്നു. ചായ കുടിച്ചിട്ടാകാം കുളി.
മനസ്സ് പഴയ കാലത്തിലേക്കൊന്നു പോയി.
അച്ഛന്റെ ട്രാൻസ്ഫർ സംബന്ധമായാണ് പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ആ ജില്ലയിലെത്തിയത്. അത് കൊണ്ട് പ്രീ ഡിഗ്രി അവിടെയായിരുന്നു. ആദ്യ ദിവസം തന്നെ ക്ലാസ്സിലെ ഒരു പെൺകുട്ടി മനസ്സിലേക്ക് കയറിപ്പറ്റി. അവിടെ കിട്ടിയ ആദ്യത്തെ കൂട്ടുകാരനൊപ്പം അവൾ സ്കൂളിൽ പഠിച്ചിരുന്നത് കൊണ്ട് അടുക്കാൻ ഒരു വഴിയുമായി. പതുക്കെപ്പതുക്കെ ആദ്യ ദർശനത്തിലെ എന്റെ പ്രണയം സഫലമായി. കോഴ്സ് കഴിയുമ്പോൾ ഞാനും അരുണയും അഗാധ പ്രണയത്തിലായി കഴിഞ്ഞിരുന്നു.
അപ്രതീക്ഷിതമായിരുന്നു നാട്ടിലേക്കുള്ള അച്ഛന്റെ ട്രാൻസ്ഫർ. അതുകൊണ്ട് ഞാൻ അവിടെ എഞ്ചിനീറിങ്ങിന് ചേർന്നു. അരുണ അവളുടെ നാട്ടിൽ ഡിഗ്രിക്കും. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലമായിരുന്നല്ലോ. വീടുകളിലേക്ക് കത്തയക്കാനും പറ്റില്ലായിരുന്നു. അച്ഛന്റെ കർശന നിയന്ത്രണത്തിലായിരുന്നു ജീവിതമെന്നത് കൊണ്ട് അരുണയെ കാണാൻ പോകാനും നിർവ്വാഹമില്ലായിരുന്നു. എന്തെങ്കിലുമൊക്കെ കള്ളങ്ങൾ പറഞ്ഞ് വളരെ അപൂർവമായി മാത്രമാണ് തമ്മിൽ കണ്ടിരുന്നത്. എന്നിട്ടും ഞങ്ങളുടെ പ്രണയം തീവ്രമായി തുടർന്നു.
അരുണയുടെ വീട് സാമ്പത്തികമായി ഞങ്ങളെക്കാൾ വളരെ ഉയർന്ന നിലയിലായതു കൊണ്ട് ഒരിക്കലും ഒരു വിവാഹത്തിന് സമ്മതിക്കില്ല. എന്റെ വീട്ടിൽ അതിലും വലിയൊരു പ്രശ്നമുണ്ടായിരുന്നു. അച്ഛന് രണ്ടു സഹോദരിമാരാണ് ഉണ്ടായിരുന്നത്. അതിൽ ഇളയ അമ്മായിയോട് അദ്ദേഹത്തിന് പ്രത്യേക ഒരു ഇഷ്ടമുണ്ടായിരുന്നു. അച്ഛമ്മയുടെ സ്വരൂപമായതു കൊണ്ടും അച്ഛനെപ്പോലെ ആധിപത്യ സ്വഭാവമുള്ളതു കൊണ്ടുമാണെന്നാണ് അമ്മ രഹസ്യമായി പറയാറുള്ളത്. അതൊരു ശരിയുമായിരുന്നു. അമ്മായിയുടെ മകൾ ദീപയെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവർ രണ്ടു പേരും കൂടിയങ്ങ് നിശ്ചയിച്ചു. അച്ഛൻ എന്നും അങ്ങനെയായിരുന്നല്ലോ. വീട്ടിലെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അച്ഛൻ മാത്രം. അമ്മയും ചേട്ടനും ഞാനും ആ ആധിപത്യത്തിന് കീഴിലെ അടിമകൾ മാത്രം.
കാര്യങ്ങൾ ഇങ്ങനെയായതു കൊണ്ട്, എനിക്കൊരു ജോലിയും കിട്ടി അരുണയുടെ പിജി കോഴ്സ് തീരുകയും ചെയ്യുമ്പോൾ രണ്ടു വീട്ടുകാരും അറിയാതെ ഒരു രജിസ്റ്റർ മാര്യേജ് ആയിരുന്നു ഞങ്ങളുടെ തീരുമാനം.
ക്യാമ്പസ് സെക്ഷനിൽ എനിക്ക് നല്ലൊരു കമ്പനിയിൽ ജോലി ലഭിച്ചു. ചെന്നൈയിൽ ആയിരുന്നു പോസ്റ്റിങ്ങ്. ഇനി മൂന്നു മാസം കൂടി കഴിഞ്ഞാൽ അരുണയുടെ പരീക്ഷയും കഴിയും. പിന്നെ വിചാരിച്ചതു പോലെ ഒന്നിക്കാമെന്ന സന്തോഷത്തിലായിരുന്നു ഞങ്ങൾ. പക്ഷെ….
ജോലിക്ക് ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഒരത്യാവശ്യ കാര്യമുണ്ട്, നീ രണ്ടു ദിവസത്തെ ലീവ് എടുത്ത് വീട്ടിലേക്ക് വരണമെന്ന് അച്ഛൻ വിളിച്ചു പറഞ്ഞത്. എന്താണെന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ഇല്ലല്ലോ.
വീട്ടിലെത്തിയപ്പോൾ അവിടെ ചെറിയമ്മായിയും അമ്മാവനുമുണ്ട്. വല്യമ്മായിയും വന്നിട്ടുണ്ട്. അമ്മയുടെ മുഖം വാടിയിരിക്കുന്നു. ചേട്ടന്റെ മുഖത്തു ഗൗരവമാണ്.
ഊണ് കഴിഞ്ഞ് അച്ഛൻ എല്ലാവരെയും സ്വീകരണ മുറിയിലേക്ക് വിളിച്ചു.
“ചില കാര്യങ്ങൾക്ക് ഇന്ന് തീരുമാനമെടുക്കണം. രോഹിത്തിന് ജോലിയായി. ദീപയുടെ ഡിഗ്രി കോഴ്സും കഴിഞ്ഞു. ഇനി അവരുടെ വിവാഹം നീട്ടി വയ്ക്കണോ. “
“തീരുമാനിക്കുന്നതിന് മുൻപ് ചെറുക്കനോടും പെണ്ണിനോടും ചോദിക്കേണ്ടേ.” വല്യമ്മായി ചോദിച്ചു.
“ദീപക്ക് സമ്മതം തന്നെ. പിന്നെ രോഹിത്തിനോട് പ്രത്യേകം ചോദിക്കേണ്ട കാര്യമുണ്ടോ. ഏട്ടൻ പറയുന്നതിനപ്പുറം ഈ വീട്ടിൽ ഒന്നും നടക്കുകയില്ലല്ലോ. അപ്പോൾ നമുക്കിത് ഉറപ്പിക്കാം.” ചെറിയമ്മായി ചാടിക്കേറി പറഞ്ഞു.
“അതൊക്കെ ശരിയാണ് ശാരദേ, പക്ഷെ ഇതവന്റെ ജീവിതമാണ്. രോഹിത്തിനോടും സമ്മതം ചോദിക്കണം.”
“ഇനി അതിലൊരു തർക്കം വേണ്ട. എന്താ രോഹിത് , നിനക്ക് ദീപയെ വിവാഹം കഴിക്കാൻ സമ്മതം തന്നെയാണല്ലോ.” അച്ഛൻ എന്നോട് ഒരു ചടങ്ങിനെന്ന പോലെ ചോദിച്ചു.
ഇനി തുറന്നു പറഞ്ഞില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും.
” ഇന്നുവരെ അച്ഛന്റെ തീരുമാനങ്ങൾക്കനുസരിച്ചാണ് ഞാൻ ജീവിച്ചിട്ടുള്ളത്. പക്ഷെ ഇത് എനിക്ക് അനുസരിക്കാൻ വയ്യ. ഞാനൊരു പെൺകുട്ടിയെ വർഷങ്ങളായി പ്രണയിക്കുന്നു. ഞങ്ങൾക്ക് പിരിയുവാൻ വയ്യ. എല്ലാവരും എന്നോട് ക്ഷമിച്ച് ഞങ്ങളുടെ വിവാഹം നടത്തിത്തരണം. ”
മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു. അമ്മയുടെ മുഖത്തേക്കാണ് ഞാൻ ആദ്യം നോക്കിയത്. അവിടെ ആശ്വാസവും എന്നാൽ ഭീതിയും കലർന്ന ഒരു ഭാവമാണ് കണ്ടത്.
ആദ്യം ചെറിയമ്മായിയാണ് പൊട്ടിത്തെറിച്ചത്.
“ഏട്ടാ, ഇവൻ എന്തായീ പറഞ്ഞത്. പണ്ടേ എല്ലാം തീരുമാനിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ ശരിയാകില്ല. ദീപയുടെ മനസ്സിലും ഇവനാണ്. ഈ വിവാഹം നടന്നേ പറ്റൂ.”
“ശാരദേ, ഒരു പെൺകുട്ടിയുമായി പ്രണയത്തിലായ ഇവനെ നിർബന്ധിച്ച് നിന്റെ മോളെ കല്യാണം കഴിപ്പിക്കാനോ. നിനക്കൊരു ബോധമില്ലേ?” വല്യമ്മായി ദേഷ്യപ്പെട്ടു.
ചെറിയമ്മായി വീണ്ടും എന്തോ പറയാൻ ശ്രമിച്ചപ്പോൾ അച്ഛൻ കയ്യുയർത്തി തടഞ്ഞു.
“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ. ആദ്യമായി ഈ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് വിലയില്ലാതെയായിരിക്കുന്നു. എന്റെ പെങ്ങളുടെ മുൻപിൽ ഞാൻ നാണംകെട്ട് പോകുകയാണ്. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു. ഞാൻ കൊടുത്ത വാക്കിന് വിലയില്ലാതെയാക്കി , എന്നെ ധിക്കരിച്ച് നീ ആ പെണ്ണിനെ വിവാഹം കഴിക്കുന്ന ദിവസം ഞാനെന്റെ ജീവനൊടുക്കും. ഇതെന്റെ തീരുമാനം.”
എല്ലാവരും സ്തംഭിച്ചു നിന്നു പോയി. ചെറിയമ്മായി ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു..
” ചെന്ന് ഏതവളെയെങ്കിലും കെട്ട്. അച്ഛന്റെ ജീവന് വിലയൊന്നും കൊടുക്കേണ്ട.”
എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിൽക്കുമ്പോൾ അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മുന്നിൽ വന്ന് തൊഴുതു നിന്നു.
“കുഞ്ഞേ, നിന്റെ മനസ്സ് മനസ്സിലാകുന്നുണ്ട്. പക്ഷെ അച്ഛനെ അറിയാമല്ലോ. പറഞ്ഞാൽ അതുപോലെ ചെയ്യും. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിനക്കൊരു ജീവിതമുണ്ടോ. ഈ വീട്ടിലെ പുരുഷാധിപത്യത്തിനു മുന്നിൽ നിന്നിലെ പുരുഷൻ കീഴടങ്ങിയെ പറ്റൂ. ആ കുട്ടിയെ മറക്കണം.” അമ്മ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
മൂകമായ ആ വീട്ടിലേക്ക് രാത്രി കടന്നു വന്നു.
ഏറെ ആലോചനക്ക് ശേഷം ഞാൻ അരുണക്കൊരു കത്തെഴുതി.
“അരുണാ, എന്നോട് പൊറുക്കണം. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങൾ കൊണ്ട് ഞാൻ നമ്മുടെ പ്രണയത്തിൽ നിന്ന് പിൻവാങ്ങുന്നു. നമ്മൾ ഒരുമിച്ചാൽ അത് ഒരിക്കലും തിരുത്താനാവാത്ത പ്രശ്നങ്ങൾക്ക് കാരണമാകും. ശപിക്കരുതേ എന്ന് ഞാൻ പറയുന്നില്ല.”
പിന്നീട് എല്ലാം യാന്ത്രികമായി നടന്നു. ദീപയെ വിവാഹം കഴിച്ചു, ഞങ്ങൾ എന്റെ ജോലി സ്ഥലത്ത് താമസമായി. നാളുകൾ കഴിയവേ ഈ ജീവിതവുമായി ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി. പുരുഷന്റേതായ ഒരവകാശങ്ങളും അനുവദിക്കാതെ എന്നെ ഭരിച്ചു കൊണ്ട് ജീവിതം ദുസ്സഹമാക്കുന്ന സംശയരോഗിയായ ദീപ. അരുണ മനസ്സിൽ നിന്ന് ഇറങ്ങിപ്പോകാത്തതു കൊണ്ട് എല്ലാം ഞാൻ അവഗണിച്ചു.
“മോനെ ചായ.” ഭവാനിച്ചേച്ചിയുടെ ശബ്ദം കേട്ടു.
ചായയുമായി വീണ്ടും അമ്മയുടെ മുറിയിലേക്കെത്തി.
“കുട്ടീ, അവസാന കാലത്ത് താൻ കാരണം നിന്റെ ജീവിതം നശിച്ചു എന്നൊരു തോന്നൽ അച്ഛനുണ്ടായിരുന്നു. മനസ്സിലെ ഈഗോ കൊണ്ട് പറഞ്ഞില്ലെന്നു മാത്രം. ഇനി അതൊന്നും പറഞ്ഞിട്ട് പ്രയോജനമില്ലല്ലോ.” അമ്മ സങ്കടത്തോടെ പറഞ്ഞു.
“അതേയമ്മേ, ഒരു പ്രയോജനവുമില്ല. വിവാഹം വരെ അച്ഛന്റെ അടിമ, വിവാഹം കഴിഞ്ഞ് ഭാര്യയുടെ അടിമ. എന്റെ പുരുഷ ജീവിതം അങ്ങിനെ കഴിയും. വിധിയായിരിക്കും. അതൊക്കെ പോട്ടെ. അമ്മക്ക് കാൽ വേദനിക്കുന്നുണ്ടോ. ഞാൻ തടവി തരാം.”
എന്റെ കൈകൾ അമ്മയുടെ കാലുകൾ പതിയെ തടവുമ്പോൾ ആ നെഞ്ചിൽ നിന്നുയർന്ന നെടുവീർപ്പിന് കനൽ ചൂടുണ്ടായിരുന്നു.
#എന്റെരചന ബ്ലോഗ് മത്സരം
#പുരുഷജീവിതം

