ഇന്ദു ജോലിക്ക് പോകാനായി ഇറങ്ങിയിട്ടും ഗോപൻ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. പുറത്ത് നല്ല മഴ പെയ്യുന്നു, തോരാത്ത മഴ.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഗോപൻ ഉണർന്നത്.
“ഇന്ദൂ, നീ ഇത് വരെ പോയില്ലേ. ” കട്ടിലിൽ കിടന്നു, തല പൊക്കി ഗോപൻ ചോദിച്ചു.
“ഇല്ല ഗോപേട്ടാ, ഞാൻ നടന്ന് പകുതി വഴി എത്തിയതാ, എൻ്റെ ചെരുപ്പ് പൊട്ടി പോയി. “
“ഇനിയിപ്പോൾ നീ എന്താ ചെയ്യുക, സമയം ഏറെ വൈകിയല്ലോ, പുതിയതൊരെണ്ണം വാങ്ങാൻ പറഞ്ഞാൽ നീ കേൾക്കുകയുമില്ല. “
“തൽക്കാലം അപ്പുറത്തെ ശരണ്യയുടെ ചെരുപ്പ് ഇടാം. “
കണ്ണാടിയിൽ നോക്കി ചുണ്ടിൽ ലിപ്സ്റ്റിക് ഒരിക്കൽ കൂടി പുരട്ടുന്നതിനിടയിൽ ഇന്ദു പറഞ്ഞു.
“എന്തായാലും നിന്റെ മുതലാളിയുടെ പോളിസി കൊള്ളാം, ചെരുപ്പ് പൊട്ടിയാലും കുഴപ്പമില്ല. ചുണ്ട് എപ്പോഴും ചുവന്നിരിക്കണം. “
“അതൊക്കെ പുതിയ ട്രെൻഡ് അല്ലെ ഗോപേട്ടാ, കസ്റ്റമേഴ്സിനെ ആകർഷിക്കാൻ. “
“ഈ മഴയത്ത് നീ എങ്ങനെ ബസ് സ്റ്റോപ്പിൽ പോകും”
“ശരണ്യ എന്നെ കാറിൽ കൊണ്ടാക്കി തരാമെന്ന് പറഞ്ഞു. “
ഇന്ദു പോയപ്പോൾ ഗോപൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒരു യുവതിയുടെ പെയിൻ്റിംഗ് ഉടൻ വേണമെന്ന് ഏജൻ്റ് വിളിച്ചു പറഞ്ഞിരുന്നു. നല്ല വില തരും, ഒരു സ്റ്റാർ ഹോട്ടലിന് വേണ്ടിയാണ്. കുളിമുറിയിൽ നിന്നും ഇറങ്ങി വരുന്ന അർദ്ധ നഗ്നയായ യുവതി. എങ്ങനെ തുടങ്ങണമെന്ന ആശയം കിട്ടുന്നില്ല, എങ്ങനെയുള്ള യുവതി, ഏത് പ്രായം വേണം. ഒരു ആശയം മനസ്സിൽ കയറിയാൽ വര താനെ വരും. പക്ഷേ മനസ്സിപ്പോൾ ബ്ലാങ്ക് ആണ്.
“ഗോപേട്ടാ… “
ഗോപൻ മുടി ചീകി ഒതുക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കി. ശരണ്യയാണ്, വീട്ടുടമയുടെ മകൾ, സുന്ദരിയായ പത്തൊമ്പത് വയസ്സുകാരി. മഴ നനഞ്ഞ് കയറി വന്നിരിക്കുകയാണ്.
ഇന്ദുവും ശരണ്യയും നല്ല കമ്പനിയാണ്. കോളേജ് വിദ്യാർത്ഥിനിയായ ശരണ്യ ഇടയ്ക്കിടെ വീട്ടിൽ വരുന്നത് ഗോപന് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു.
“ഗോപേട്ടാ, പാവം കൊച്ചല്ലേ. അവൾ നല്ല പോലെ വരയ്ക്കും. ഗോപേട്ടൻ്റെ വര കണ്ടു പഠിക്കാനാ അവൾ വരുന്നത്. അതിന് എന്താ ഇത്ര ഇഷ്ടക്കേട്. “
“അതല്ല ഇന്ദൂ, എനിക്ക് നമ്മുടെ പഴയകാലം ഓർമ്മ വരും. മൂപ്പിൽ നായരുടെ ഔട്ട് ഹൗസിലേക്ക് അയാളുടെ മകൾ ഇന്ദു ആർട്ടിസ്റ്റ് ഗോപനെ കാണാൻ കൂടെ കൂടെ ഓടി വന്നിരുന്ന ആ പകലുകൾ. “
“അത് പതിനഞ്ച് വർഷം മുമ്പുള്ള കാര്യമല്ലേ. “
“അതേ, പിന്നെ വിശ്വകർമ്മാവിൻ്റെ പിൻ തലമുറക്കാരൻ മൂപ്പിൽ നായരുടെ മകളെയും അടിച്ച് കൊണ്ട് സ്ഥലം വിട്ടു. അവളെ ഭാര്യയാക്കി, വാടക വീടുകൾ കയറിയിറങ്ങി നടക്കുന്നു. മാത്രമല്ല ഉപജീവനത്തിനായി അവളെ ഒരു തുണിക്കടയിലെ അക്കൗണ്ട് സെക്ഷനിലേക്ക് പറഞ്ഞ് വിടുന്നു. ഇത് വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം പോലും അവൾക്ക് ലഭിച്ചില്ല.
“ഓഹ് തുടങ്ങിയല്ലോ പാരാദൂരം പറച്ചിൽ, എനിക്കതിൽ സങ്കടമില്ല. ഗോപൻ്റെ ഭാര്യയാണ് എന്ന് പറയാൻ അഭിമാനമേയുള്ളൂ. എൻ്റെ ഗോപേട്ടാ, ആ പെൺകൊച്ച് വല്ലപ്പോഴും വന്ന് പടം വരയ്ക്കുന്നത് കണ്ട് പഠിച്ചോട്ടെ. “
ശരണ്യ അടുത്ത് വന്ന് നിന്നത് ഗോപൻ ശ്രദ്ധിച്ചു. അവളുടെ കയ്യിലൊരു ടിഫിൻ ബോക്സ് ഉണ്ട്. പുറത്ത് നല്ല മഴയുണ്ട്. ഇവളെന്തിനാ ഈ മഴയത്ത് ഇങ്ങോട്ട് ഓടി വന്നത്? ഗോപൻ അത്ഭുതപ്പെട്ടു.
“ഈ മഴ നനഞ്ഞ് വന്നതെന്തിനാ. നീ തല തോർത്ത്. “
ഗോപൻ ഒരു ടൗവൽ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.
“ഗോപേട്ടൻ വല്ലതും കഴിച്ചോ. “
“ഇന്ദൂ കഞ്ഞിയെടുത്ത് വച്ചിട്ടുണ്ട്. “
“അത് ഉച്ചയ്ക്ക് കഴിക്കാം. ഞാൻ മസാലദോശ ഉണ്ടാക്കി. കഴിച്ചിട്ട് എങ്ങനെയുണ്ടെന്ന് പറ. ഞാനാണേ ഉണ്ടാക്കിയത്, അമ്മയല്ലേ. “
അവള് നൽകിയ പലഹാരം ഗോപൻ കഴിച്ചു.
“കുഴപ്പമില്ല എന്നേയുള്ളൂ. നീ കൊച്ചല്ലേ. കുറെ നന്നാവാനുണ്ട്. “
“അമ്മ പറഞ്ഞല്ലോ നല്ലതാണെന്ന്. ഗോപേട്ടൻ എന്നോട് കള്ളം പറയുന്നു. “
“ഞാൻ വെറുതെ പറഞ്ഞതല്ലേ. നല്ല മസാലക്കൂട്ട്, നല്ല രുചി. “
പിണങ്ങി മാറിയിരുന്ന ശരണ്യയെ ലാളിക്കാൻ തുടങ്ങിയപ്പോളാണ്, താൻ അവളുമായി എത്ര അടുപ്പത്തിലായെന്ന് ഗോപൻ മനസ്സിലാക്കിയത്.
“ഗോപേട്ടന് ഇന്ന് വരയൊന്നുമില്ലേ. ക്യാൻവാസ് മറഞ്ഞ് കിടന്നപ്പോൾ ഞാൻ കരുതി, തുടങ്ങി പാതിയാക്കിയെന്ന്. “
“അതങ്ങനെ തുടങ്ങാൻ പറ്റത്തില്ല. ഒരു മോഡൽ വേണം. ഇന്ദൂനെ അങ്ങനെ വരച്ച് വിൽക്കാൻ എനിക്ക് വയ്യ. “
“എന്നെ വരയ്ക്ക് ഗോപേട്ടാ. “
പറ്റില്ല എന്ന് ഗോപൻ തലയാട്ടി.
ക്യാൻവാസിനെ പൊതിഞ്ഞ വെള്ളത്തുണി ശരണ്യ എടുത്തു മാറ്റി. ഗോപൻ്റെ വിരലുകളിൽ അവൾ ബ്രഷ് പിടിപ്പിച്ചു. എന്നിട്ടും കുറെനേരം കണ്ണടച്ച് ഗോപൻ ആ ഇരുപ്പ് തുടർന്നു.
പത്തിരുപത് മിനിറ്റ് കഴിഞ്ഞ് കാണും, ടോയ്‌ലറ്റിൻ്റെ വാതിൽ തുറന്ന ശബ്ദം കേട്ടു. ഒപ്പം ശരണ്യയുടെ വിളിയും..
“ഗോപേട്ടാ… “
ഗോപൻ ചിന്തയിൽ നിന്നും ഉണർന്നു. തലയുയർത്തി നോക്കി. മുന്നിൽ ശരണ്യ മോഡലിനെ പോലെ. നഗ്നമായ ദേഹത്തിൽ അലസമായി ചുറ്റിയ ഇന്ദുവിൻ്റെ ദുപ്പട്ട.
ഗോപന് ദേഷ്യം വന്നു, അയാൾ തല കുമ്പിട്ടിരുന്നു. പക്ഷേ അയാളുടെ വിരലുകൾ അതി വേഗത്തിൽ ചലിച്ചു തുടങ്ങി. ഗോപൻ ഭൂതാവിഷ്ടനെ പോലെ ക്യാൻവാസിനടുത്തേക്ക് നീങ്ങി. വിരലുകൾ ദ്രുതഗതിയിൽ ചലിച്ചു കൊണ്ടേയിരുന്നു.
മുഖം മാത്രം വരയ്ക്കാൻ ഗോപന് കഴിഞ്ഞില്ല. അയാൾ നിസഹായതയോടെ ക്യാൻവാസിൽ നോക്കി നിന്നു.
അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തൊട്ട് പിന്നിൽ ശരണ്യ വന്ന് നിന്നത് ഗോപൻ അറിഞ്ഞില്ല. അവളവനെ ആശ്വസിപ്പിച്ചു. എത്ര നേരം ഗോപൻ ശരണ്യയുടെ തോളിൽ മുഖം താഴ്ത്തി നിന്നു വെന്ന് ഓർമ്മയില്ല.
“ഗോപേട്ടാ, എഴുന്നേൽക്കൂ. ഇന്ദു ചേച്ചി വരാറായി. “
ശരണ്യ കട്ടിലിൽ നിന്നും എഴുന്നേറ്റു വസ്ത്രം ധരിച്ചു.
“ഇത് ഞാൻ ആഗ്രഹിച്ചതാണ്. ഒരിക്കൽ ഒരിക്കൽ മാത്രം, ഇന്ദു ചേച്ചിയെ ചതിക്കണമെന്ന് ഞാൻ കരുതിയില്ല. “
ശരണ്യ ബ്രഷ് കയ്യിലെടുത്തു. ഗോപൻ വരയ്ക്കാതെ വിട്ട് പോയ മുഖം ശരണ്യ പൂർത്തീകരിച്ചു.
“എങ്ങനുണ്ട് ഗോപേട്ടാ. “
ഇന്ദു വരുമ്പോഴേക്കും ശരണ്യ മടങ്ങിയിരുന്നു.
“ഗോപേട്ടാ, നന്നായിട്ടുണ്ട്. ഈ ചിത്രം വിറ്റാൽ നമുക്ക് അടുത്താഴ്ച ആശുപത്രിയിൽ പോകാനുള്ള പണം കിട്ടില്ലേ. “
“എന്തിനാ ട്രീറ്റ്മെൻ്റ്, അത് കൊണ്ട് എന്ത് ഗുണമാണ് ഇന്ദൂ. ആ ബൈക്ക് ആക്സിഡൻ്റ് കഴിഞ്ഞ്, എനിക്ക് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞതല്ലേ മോളേ. “
“ഗോപേട്ടന് ഒരു കുഴപ്പവുമില്ല. എൻ്റെ മനസ് പറയുന്നു ഗോപേട്ടനൊരു അച്ഛനാകുമെന്ന്. “
“ശരിക്കും ചികിത്സ നമ്മുടെ മനസ്സിനാ വേണ്ടത്. നടക്കാത്ത കാര്യത്തിനാണ് വെറുതെ അർത്ഥവും സമയവും നമ്മൾ പാഴാക്കുന്നത്. “
“അവസാനത്തെ ശ്രമമാണ്, ഇനി ഞാൻ ഇക്കാര്യം പറഞ്ഞ് ഗോപേട്ടനെ ശല്യപ്പെടുത്തില്ല. നാലാഴ്ചത്തെ പരീക്ഷണം. അതിന് നമ്മൾ ആശുപത്രിയിൽ അഡ്മിറ്റ് ആകണം. “
“അതിന് നിന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നത് എന്തിനാണ്. “
“കുറച്ച് ദിവസത്തേക്ക് യാത്ര പാടില്ല. ശരീരമിളകാതെ അവിടെ കിടക്കണം. “
ഇന്ദുവിൻ്റെ നിർബന്ധം മൂലമാണ് അവളെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കാൻ ഗോപൻ സമ്മതിച്ചത്.
കൃത്രിമമായ ബീജ സങ്കലനത്തിലൂടെ ഒരു കുഞ്ഞിനെ ഇന്ദുവിൻ്റെ ഗർഭപാത്രം സ്വീകരിച്ചു വളർത്തുമോ എന്നൊരു പരീക്ഷണം, മുമ്പ് രണ്ട് പ്രാവശ്യം പരാജയമായതാണ്, ഒരിക്കൽ കൂടി. ആഴ്ചകൾ മാത്രം വളർച്ചയെത്തിയ ഭ്രൂണത്തെ അവളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു കഴിഞ്ഞു. ഇനി അവളുടെ ശരീരം അത് സ്വീകരിച്ചു വളർത്തുമോ തള്ളുമോ എന്നറിയണം. “
പരീക്ഷണം വീണ്ടും പരാജയമായി.
“ഗോപേട്ടൻ എന്നെ പറ്റിക്കുകയായിരുന്നു, എനിക്കാണ് യഥാർത്ഥത്തിൽ പ്രശ്നം, ഗോപേട്ടനല്ല. ഇതൊക്കെ അറിഞ്ഞ് കൊണ്ടല്ലേ എന്നെ.. “
ഇന്ദു വിതുമ്പി കരഞ്ഞു.
“പോട്ടേ ഇന്ദൂ. എനിക്ക് നീ മതി, അമ്മയായും ഭാര്യയായും കുട്ടിയായും. നീ ഇപ്പോൾ വിശ്രമിക്കൂ. “
ഇന്ദു മയങ്ങുന്നത് കണ്ടാണ് ഗോപൻ മുറിയിൽ നിന്നും പുറത്ത് പോയത്. ഇന്ദുവിൻ്റെ സുഹൃത്തായ മായ നഴ്സായിട്ട് അതേ ആശുപത്രിയിൽ ജോലി ചെയ്യുന്നത് കൊണ്ട് പേടിക്കാൻ ഒന്നുമില്ല.
“മായേ ഞാനൊന്ന് ചായ കുടിച്ചു വരാം. ഇന്ദു മയങ്ങുന്നു. “
“ഗോപേട്ടൻ പോയി വരൂ. “
മടങ്ങി വന്നപ്പോൾ എതിർ വശത്തെ മുറിയിൽ ശരണ്യയുടെ അമ്മ കയറി പോകുന്നു. ശരണ്യയുടെ വാടക വീട്ടിൽ നിന്നും മാറിയിട്ട് രണ്ടാഴ്ച മാത്രമേ ആയുള്ളൂ. അതും ഗോപൻ്റെ നിർബന്ധം മൂലം, പുതിയ വീട് ഇന്ദൂന് ഒട്ടും ഇഷ്ടമായില്ല. ഒരു കോഴിക്കൂട് പോലെയൊരെണ്ണം.
എന്നാലും എന്തായിരിക്കും ശരണ്യയുടെ അമ്മയ്ക്ക് പറ്റിയത്. മായയോട് ചോദിക്കാം.
“അത് ഞങ്ങളുടെ പഴയ ഹൗസ് ഓണർ ആണ്. അവർക്ക് എന്താ പറ്റിയത്. “
മായ നാലുപാടും നോക്കിയിട്ട് പതുക്കെ പറഞ്ഞു.
“അമ്മയ്ക്കല്ല കുഴപ്പം, മകൾക്കാണ്. അവർക്കൊരു കൗമാരക്കാരിയായ മകളുണ്ട്. “
“അവൾക്ക് എന്ത് പറ്റി. “
“ഇപ്പോഴത്തെ പിള്ളേരുടെ പ്രശ്നം തന്നെ, അവിഹിത ഗർഭം. ഇന്നലെ ആ കുട്ടി ഇവിടെ ഒറ്റയ്ക്കാണ് എത്തിയത്, ആറാഴ്ചത്തെ ഗർഭം കലക്കാൻ. എന്തൊരു ധൈര്യമാണ് പെണ്ണിന്. ഡോക്ടർ പറഞ്ഞ് വിട്ടതാണ്. സ്ത്രീകളെ ആരെയെങ്കിലും കൂട്ടി കൊണ്ട് വരാൻ. ഇന്ന് അമ്മയെ കൂട്ടി വന്നു. പാവം അമ്മ, അവരെന്ത് ചെയ്യാനാണ്. പിള്ളേരിങ്ങനെ ഓരോന്ന് ഒപ്പിച്ചു വച്ചാൽ. “
ആ തണുത്ത കാലാവസ്ഥയിലും ഗോപൻ വിയർക്കാൻ തുടങ്ങി.
“ആരാണ് ഉത്തരവാദി എന്ന് ആ കുട്ടി പറഞ്ഞില്ലേ. “
“കുട്ടിയോ? പഠിച്ച കള്ളിയാണ്. ഡോക്ടറും അമ്മയും തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യാൻ വേണ്ടി അടുത്ത വീട്ടിൽ താമസിച്ചിരുന്ന ഒരു ആസാംകാരൻ പയ്യനാണെന്ന്. അവൻ ഒരാഴ്ച മുമ്പ് മടങ്ങി പോയി. അവനെ കോൺടാക്ട് ചെയ്യാൻ ഒരു മാർഗവുമില്ല. അവൻ പഠനം കഴിഞ്ഞ് അവൻ്റെ നാട്ടിലേക്ക് മടങ്ങി. ഈ കൊച്ചിന് ഇനി അവനെ വേണ്ടെന്ന്, കാണണ്ടെന്ന്. എന്തോ അബദ്ധം പറ്റിയതാണെന്ന്. “
“ശരണ്യ അങ്ങനൊരു കുട്ടിയല്ല. എനിക്ക് അവളെ നന്നായി അറിയാം. “
“ആയിരിക്കാം ഗോപേട്ടാ, ഒന്നുമില്ലേലും അവൾ പ്രസവിച്ച് ക്ലോസറ്റിലിടുകയോ, ജനലിലൂടെ പുറത്തേക്ക് എറിയുകയോ ചെയ്ത് കൊന്നില്ലല്ലോ. അബോർഷൻ ചെയ്തു ഒഴിവാക്കാനുള്ള മര്യാദ കാട്ടിയല്ലോ. അത് ന്നന്നായി. ഒന്നോർത്താൽ സങ്കടമാണ്, നമ്മുടെ ഇന്ദൂനെ പോലെ വർഷങ്ങളോളം ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരുടെ മുന്നിലൂടെയാണ് ഇവരൊക്കെ ഗർഭസ്ഥ ശിശുവിനെ നിഷ്പ്രയാസം കൊന്ന് കളഞ്ഞ് പോകുന്നത്. “
“ഓരോരോ വിധി. “
“എന്ത് വിധി. നാളെ ആ പെൺകുട്ടി ഒരമ്മയായില്ലെങ്കിൽ, അവൾ ചെയ്തു പോയ തെറ്റോർത്ത് ആ സമയത്ത് വിഷമിക്കില്ലേ. കർമ്മഫലം എന്നൊന്ന് ഉണ്ട് ഗോപേട്ടാ. “
“എന്തായാലും ഇന്ദു ഇതൊന്നും അറിയണ്ട. ഞാൻ അവരെയൊന്ന് കാണട്ടേ. “
മുറിയിൽ ഗോപൻ ചെന്നപ്പോൾ ശരണ്യ മയങ്ങുകയായിരുന്നു.
“എന്താ ചേച്ചി പറ്റിയത്. “
“ഇവൾക്ക് ഒരു ചെറിയ പനി. ഞാൻ പോയി ബിൽ അടച്ചിട്ട് വരാം. ഇന്ന് ഡിസ്ചാർജ് ചെയ്യും. “
ശരണ്യയുടെ അമ്മ പോയപ്പോൾ ഗോപൻ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.
“ഗോപേട്ടാ. “
ഗോപൻ തിരിഞ്ഞ് വന്ന് ശരണ്യയുടെ അടുത്ത് ഇരുന്നു.
“ആരാണ് എന്ന് ഞാൻ ചോദിക്കുന്നില്ല. “
“ചോദിക്കേണ്ട. എന്തായാലും അത് മറ്റാരുമല്ല. ആ മഴ നനഞ്ഞ ദിവസം, ഞാൻ അറിഞ്ഞ് കൊണ്ട് ചെയ്തൊരു തെറ്റ്. എനിക്ക് അതിൻ്റെ ഗൗരവം അറിയില്ലായിരുന്നു. ഞാനത് നിങ്ങൾക്കുള്ള ഗുരു ദക്ഷിണ ആയി കരുതി. ഗോപേട്ടൻ്റെ കുഞ്ഞിനെ വളർത്താൻ തന്നെയാണ് തീരുമാനമെടുത്തത്. പിന്നെയാണ് അതിൻ്റെ അനന്തര ഫലങ്ങളെക്കുറിച്ച് ഓർത്തത്. പിന്നെ നേരെ ഇവിടെ വന്നു. ഇവിടുത്തെ ഫോർമാലിറ്റീസ് എന്നെ വിഷമിപ്പിച്ചു, കരഞ്ഞ് കൊണ്ട് കൂടെ വന്ന അമ്മ. ഒടുവിൽ എനിക്കറിയാത്ത ഒരാളെ പിതാവായി കണ്ടെത്തി ഞാൻ അവരുടെ മുന്നിൽ അവതരിപ്പിച്ചു. ഞാനായി തുടങ്ങിയത് ഞാനായി അവസാനിപ്പിച്ചു. “
“അടുത്ത മുറിയിൽ ഇന്ദു ഉണ്ട്. ഇനി ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞ് തളർന്ന് കിടക്കുകയാണ്. “
“എന്തൊരു അവസ്ഥയാണ്. ഈ കുഞ്ഞിനെ ഇന്ദു ചേച്ചി സ്വീകരിക്കുമായിരുന്നോ. “
ശരണ്യ അവളുടെ അടിവയറ്റിൽ തടവി.
“ഇല്ല ഒരു ഭാര്യയും സഹിക്കില്ല എന്നറിയാം. ആ അദ്ധ്യായം ഇവിടെ കഴിഞ്ഞു. ചേച്ചിയെ അഭിമുഖീകരിക്കാൻ എനിക്ക് കഴിയില്ല. ‘”
“നീ നല്ലത് പോലെ പഠിക്കണം. നീ ആഗ്രഹിച്ചത് പോലെ വിദേശത്ത് പോയി ആർട്ട് പഠിക്കണം. “
“ഗോപേട്ടാ, എനിക്ക് ഇതൊന്നും പറയാൻ അവകാശമില്ല എന്നാലും ഇന്ദു ചേച്ചിയുടെ അച്ഛനേയും അമ്മയേയും കൂട്ടി കൊണ്ട് വരണം. ചേച്ചിക്ക് അവരെ കാണാൻ അത്രയ്ക്ക് ആഗ്രഹമുണ്ട്. “
ശരണ്യയുടെ കൈകളിൽ തലോടി ഗോപൻ മുറി വിട്ട് പുറത്തിറങ്ങി.
പോക്കറ്റിൽ നിന്നും ഫോണെടുത്ത് മൂപ്പിൽ നായരെ വിളിച്ചു.
“അച്ഛാ ഗോപനാണ്. ഇന്ദു ആശുപത്രിയിൽ അഡ്മിറ്റ് ആണ്. അവൾക്ക് അച്ഛനേയും അമ്മയേയും കാണാൻ ആഗ്രഹമുണ്ട്. ഈ അവസ്ഥയിൽ അവൾക്ക് അതൊരു ആശ്വാസമാകും. “
മൂപ്പിൽ നായർ ഒന്നും മിണ്ടിയില്ല. അയാൾ നിശബ്ദമായി കരയുന്നത് ഗോപന് മനസ്സിലായി.
“അച്ഛാ…. “
“ഗോപാ…, നിങ്ങൾ ഏത് ആശുപത്രിയിലാണ്. ഞങ്ങളിതാ എത്തി. “
വർഷങ്ങളായി കാണാതിരുന്ന അച്ഛനേയും അമ്മയേയും കണ്ട് ഇന്ദു അത്ഭുതപ്പെട്ടു, സന്തോഷിച്ചു.
“നിങ്ങളിനി ഞങ്ങളുടെ കൂടെ താമസിച്ചാൽ മതി. വാടക വീട്ടിലൊന്നും പോകണ്ട. “
ഗോപൻ തലയാട്ടി സമ്മതിച്ചു.
“ഗോപേട്ടാ ഇതെങ്ങനെ സംഭവിച്ചു. “
“ഞാനാ അച്ഛനെ വിളിച്ചു വിവരങ്ങൾ പറഞ്ഞത്. നീ വളരെ ആഗ്രഹിച്ചതല്ലേ. “
അമ്മ വാരി കൊടുത്ത ചോറുരുളകൾ കഴിക്കുമ്പോൾ ഇന്ദുവിൻ്റെ കണ്ണ് നിറയുന്നത് ഗോപൻ കണ്ടു.
#ഒരു മഴ ദിവസം
✍️നിഷ പിള്ള


10 Comments
നല്ല കഥ👍❤️
Thank you ❤️
വളരെ നന്നായിട്ടുണ്ട്.❤️🩹
Thank you ❤️
👍🏻❤️
Thank you ❤️
ഗംഭീരം
Thank you ❤️
എത്ര വലിയ സങ്കടം മനസ്സിൽ ഉണ്ടെങ്കിലും
അച്ഛൻ, അമ്മമാരുടെ സാന്ത്വനം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത് 🙂..
നല്ല എഴുത്ത് ചേച്ചി 👌👌
Thank you ❤️