കുട്ടി ആയിരിക്കുമ്പോൾ, എന്താകണം വലുതാകുമ്പോൾ എന്നൊരു ചിന്തയൊന്നുമില്ലായിരുന്നു.
പിന്നെ മുൻപത്തെ എൻറെ പല രചനകളിലും ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ ഒരു പ്രത്യേകത സ്വഭാവമുള്ള കുട്ടിയായിരുന്നു. ഒരുപാട് ചിന്തിക്കുന്ന ഒരു കുട്ടി. അതുകാരണം തന്നെ പല ഇരട്ട പേരുകൾ എനിക്കുണ്ടായിരുന്നു. രസകരമായ പേരുകൾ. ധാരാളം വായിക്കുകയായിരുന്നു. ഒരു പത്ത് വയസ്സിന് ഇടയ്ക്ക് തന്നെ എം ടി യുടെ നോവലും ചെറുകഥകളും മുതൽ മുട്ടത്ത് വർക്കിയുടെ എല്ലാ നോവലുകളും ഞാൻ വായിച്ചിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷിലെ പല വലിയ ക്ലാസിക്കുകളും ഞാൻ ഇരുന്നു വായിക്കുമായിരുന്നു.
കുട്ടി ആയിരിക്കുമ്പോൾ വലിയ ചിന്തകൾ ഒന്നുമില്ലല്ലോ ഒരുപാട് കളിക്കണം, പഠിക്കണം പിന്നെ കുറെ കുസൃതികൾ ഒക്കെ കാണിക്കണം ഇത്രയൊക്കെ ഉള്ളൂ. ഒരുപാട് കോമിക്കുകളും വായിക്കുമായിരുന്നു. ആർച്ചി, ഫാന്റം, മാൻഡ്രേക്ക്, ഡെന്നിസ് ദി മെനസ്.. ഇതൊക്കെ ഒരുപാട് വായിച്ച് അതിലെ കഥാപാത്രങ്ങൾ ആയി തീർന്ന രാത്രികൾ. വായിച്ച നോവലുകളിലെ കഥാപാത്രങ്ങളും കണ്ട സിനിമകളിലെ കഥാപാത്രങ്ങളും ഞാനാണ് എന്നൊരു ചിന്ത രസകരമായി മനസ്സിൽ ഉടലെടുത്തിരുന്നു. അച്ഛൻ എല്ലാ സിനിമകളും കാണിക്കുമായിരുന്നു.
ഒരു പത്ത് വയസ്സിനോട് അടുത്തപ്പോഴാണ് എന്തെങ്കിലുമൊക്കെ ആവണ്ടേ വലുതായാൽ എന്നൊരു തോന്നൽ ഉണ്ടായത്. അത് സ്വപ്നം കാണൽ ഒന്നുമല്ല കേട്ടോ. ബാലിശമായ ചിന്തകൾ. ആദ്യം ഉടലെടുത്തത് ഒരു വക്കീൽ ആവണം അതും ഒരു വലിയ വക്കീൽ ആവണം എന്നതായിരുന്നു. കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇത് ഒരിക്കലും അമ്മച്ചനോട് ഞാൻ പറഞ്ഞു.
അമ്മച്ചൻ ചോദിച്ചു “അതെന്താ നിനക്ക് വക്കീൽ ആവാൻ ഇത്ര ഇഷ്ടം”
എനിക്ക് ആ കറുത്ത കോട്ടും പിന്നെ ആ കോടതിയിൽ വക്കീലമാർ നിവർന്ന് നിന്ന് ഘോരഘോരം വാദിക്കുന്നതും കാണാൻ ഇഷ്ടമായിരുന്നു.
“അതിനു നല്ലോണം പഠിക്കണം ” ചാരുകസേരയിൽ ചാരി ഇരുന്ന് അമ്മച്ചൻ പറഞ്ഞു.
സിനിമയിൽ കണ്ടതാണ് കേട്ടോ ഇതൊക്കെ. ആ മോഹം മനസ്സിൽ വച്ചുകൊണ്ട് നടന്നു കുറേക്കാലം.
സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ ആയി പിന്നെ സ്കൂൾ പാർലമെന്റിന്റെ സ്പീക്കറായി. പ്രസംഗമത്സരങ്ങളിൽ പങ്കെടുത്തു. വക്കീൽ ആവണമല്ലോ. പിന്നെ എന്തോ ആ മോഹം പതുക്കെ മനസ്സിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നെ പ്രോഡൻസ് കോളേജിൽ ചേർന്നു. അപ്പോഴാണ് ഒരു ലക്ചറർ ആവണം എന്ന മോഹം ഉണ്ടായത്. അതൊരു തമാശയായിരുന്നില്ല വലിയൊരു മോഹം തന്നെയായിരുന്നു. ചില അധ്യാപികമാർ എനിക്ക് പ്രചോദനവുമായി. അങ്ങനെ ലെക്ചർ ആവണം എന്ന് തന്നെ ഉറച്ചു. ആരോടും പറഞ്ഞില്ലട്ടോ. അത്യാവശ്യം നല്ലോണം തന്നെ പഠിക്കുമായിരുന്നു.
അച്ഛനാവട്ടെ വലിയൊരു ഉദ്യോഗസ്ഥൻ ആയിരുന്നല്ലോ. പെട്ടെന്നാണ് അച്ഛന് വലിയൊരു മോഹം. എന്ന ഡോക്ടർ ആക്കണമെന്ന്. ഞാൻ ആകെ അങ്കലാപ്പിലായി. ഞാൻ ചിന്തിക്ക പോലും ചെയ്യാത്ത ഒരു കാര്യം. ചേച്ചിമാർ രണ്ടുപേരും നന്നായി പഠിക്കുമായിരുന്നെങ്കിലും ഉപരിപഠനം കഴിഞ്ഞതിനുശേഷം രണ്ടാളും കല്യാണം കഴിച്ചു പോയി. അച്ഛൻ എന്താണാവോ അങ്ങനെ ഒരു ആഗ്രഹം തോന്നാൻ. കഷ്ടകാലത്തിന് നല്ല മാർക്കു കിട്ടി. പിന്നെ മനസ്സില്ല മനസ്സോടുകൂടി അച്ഛൻറെ ആഗ്രഹത്തിന് വഴങ്ങി. ഇപ്പോഴിതാ ഒരു ഡോക്ടറായി. എന്തൊരു സന്തോഷമായിരുന്നു അച്ഛന് മെഡിക്കൽ കോളേജിൽ അഡ്മിഷൻ വേണ്ടി എൻറെ കൂടെ വരാൻ ഒക്കെ. പിന്നെ റിട്ടയർ ചെയ്യുന്നവരെ അച്ഛൻറെ സഹപ്രവർത്തകരോട് പറയാനും, ‘മോള് മെഡിസിനാ പഠിക്കുന്നതേന്ന്”. അച്ഛൻറെ മോഹം സാധിച്ചു കൊടുത്തതിന്റെ ചാരിതാർത്ഥത്തിൽ ഞാനീപ്പോഴും ഒരു ഡോക്ടറായി തന്നെ ഇരിക്കുന്നു.
അന്നൊക്കെ വായിച്ചിരുന്ന നോവലുകളിൽ കൊച്ചുകുട്ടികൾ പറയുന്നതൊക്കെ വായിക്കുമായിരുന്നു. എനിക്ക് തീവണ്ടി ഡ്രൈവർ ആവണം, പോലീസ് ആവണം, പട്ടാളക്കാരൻ ആവണം എന്നൊക്കെ. അങ്ങനെയുള്ള ബാലിശമായ ആഗ്രഹങ്ങൾ എനിക്ക് എന്തോ ഉണ്ടായിരുന്നില്ല. കാരണം ഞാൻ കുട്ടിക്കാലത്ത് കളിയുടെ തിരക്കിലായിരുന്നു. ചിത്രം വരയ്ക്കലിന്റെയും വായിക്കലിന്റെയും തിരക്കിലായിരുന്നു. അച്ഛൻറെ ആഗ്രഹത്തിലാണ് ഡോക്ടറായിട്ടെങ്കിലും എനിക്ക് സങ്കടം ഒന്നുമില്ല. “രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല്” എന്ന് പറഞ്ഞ മാതിരി. എന്തോ എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലും ഉണ്ടായിരിക്കാം ആ മോഹം.
അച്ഛനമ്മമാരെ സന്തോഷിപ്പിക്കുക അവര് പറഞ്ഞ മാതിരി ജീവിക്കുക എന്ന ഒരു കാലഘട്ടത്തിൽ ആയിരുന്നല്ലോ ഞാനൊക്കെ. എത്ര മാറിപ്പോയിരിക്കുന്നു ഇന്നത്തെ കുട്ടികൾ. ഇനിയങ്ങോട്ട് ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യണം ഒരു ഡോക്ടറായി തന്നെ. പിന്നെ മക്കളൊക്കെ നന്നായി ആരോഗ്യത്തോടെ ഇരിക്കണം. വലിയ മോഹങ്ങൾ ഒന്നുമില്ല ഇനി. ആരെയും ഉപദ്രവിക്കാതെ ഈ ലോകം വിടണം അത്രതന്നെ.
സുധി


7 Comments
നന്നായി എഴുതി ഡോക്ടറെ
നല്ല രചന
Love reading your Koottaksharangal!
Looking forward to your writing on another topic soon.
നന്ദി മിനി,മാലിനി…..my husbanf
നന്നായെഴുതി👍❤️
വളരെ നന്നായി എഴുതിയിരിക്കുന്നു 👍👍🥰
നല്ല എഴുത്ത് 👌🥰