ഇപ്പോൾ വളർന്നു വലുതായിട്ട് ആരായി തീരണം എന്ന ചോദ്യം എന്നെ തേടി വന്നപ്പോൾ വീണ്ടും ഒന്നൂടെ ജനിച്ചു തിരിച്ചു വളർന്നു വരാൻ നോക്കാം. വർഷങ്ങൾക്ക് മുമ്പ് ജനിച്ചു സ്കൂളിൽ പോവാൻ തുടങ്ങിയ സമയത്ത് ഒന്നും ആരാവണം എന്ന ഒരു ചിന്ത വന്നിരുന്നില്ല എന്ന് തന്നെ പറയാം..
എങ്കിലും വീട്ടിലെ ചുറ്റ്പാടുകൾ നോക്കുമ്പോൾ, അന്ന് ഉമ്മ സ്കൂൾ അദ്ധ്യാപിക, മൂന്ന് ഇക്കാക്കമാരിൽ വല്ലിയാക്ക ഡോക്ടർ ആകാൻ പഠിക്കുന്നു, രണ്ടാമത്തെ ഇക്കാക്ക ജേർണലിസത്തിനു പഠിക്കുന്നു, മൂന്നാമത്തെ ഇക്കാക്ക ഓട്ടോമൊബൈൽ എഞ്ചിനീയർ ആകാൻ പഠിക്കുന്നു. അപ്പോൾ സ്വാഭാവികമായും അവരിൽ ആരെങ്കിലും പോലെ ഒക്കെ തന്നെ ആയി തീരണം എന്നു ചെറുതായി ഒരു ആഗ്രഹം വന്നിരുന്നു എന്ന് തോന്നുന്നു. പക്ഷെ അതൊന്നും അത്ര കാര്യമായിട്ട് എടുത്തിരുന്നില്ല.
കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒരു ടീച്ചർ ആയാൽ നല്ലത് ആയിരിക്കും എന്നൊരു തോന്നൽ ഉണ്ടായി. മനസ്സിൽ അതും കൊണ്ട് നടന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ടി ടി സി ക്കു പോവാൻ ആയിരുന്നു എനിക്ക് താല്പര്യം, പക്ഷെ വീട്ടിൽ ആർക്കും ഞാൻ ടി ടി സിക്കു പോകുന്നതിന് യാതൊരു താല്പര്യവും ഉണ്ടായില്ല. ആ ആഗ്രഹം വെള്ളത്തിൽ വരച്ച വര പോലെ ആയി പോയത് മിച്ചം. അങ്ങന ആണ് ബിരുദത്തിനു ചേർന്നത്.
പിന്നെ അങ്ങോട്ട് ആരാവണം എന്ന് ആഗ്രഹിക്കാൻ പോയിട്ട് സ്വപ്നം കാണാൻ പോലും വീട്ടുകാർ എന്നെ സമ്മതിച്ചില്ല. അവർ എന്റെ ഡിഗ്രി കഴിയാൻ കാത്തിരിക്കുക ആയിരുന്നു എന്നെ കെട്ടിച്ചു വിടാൻ.. അപ്പോൾ പിന്നെ എങ്ങനെ നല്ല ഒരു കുടുംബിനി ആയി തീരണം എന്നതായി മാറി എന്റെ ആഗ്രഹം. കുടുംബ ജീവിതത്തിൽ എത്തിയപ്പോൾ ജീവിതം പിന്നെ ആകെ മാറി മറഞ്ഞു.
നല്ല സ്വപ്പ്നങ്ങൾ കാണാൻ എന്നെ റമീക്ക പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഇങ്ങനെ വെറുതെ ഇരുന്നാൽ ശരിയാവില്ല, ഇനിയും പഠിക്കണം സ്വന്തമായിട്ട് എന്തെങ്കിലും ഒക്കെ ചെയ്യാൻ ശ്രമിക്കണം എന്നൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതിനാൽ ഉടനെ തന്നെ പിജിക്കു ചേർന്നു. എന്തു ചെയ്യാൻ, ആ കൊല്ലം പിജി എനിക്ക് മുഴുവൻ ആക്കാൻ പറ്റിയില്ല മൂത്ത മോനെ പ്രെഗ്നന്റ് ആയി അടങ്ങി ഇരിക്കേണ്ടി വന്നു. പിജി വിദൂരവിദ്യാഭ്യാസം ആയതു കൊണ്ട് വീട്ടിൽ ഇരുന്നു പഠിച്ചു പരീക്ഷ എഴുതണം എന്ന് വിചാരിച്ചിരുന്നു. പക്ഷെ വെള്ളത്തിൽ വരച്ച വര പോലെ അതും സ്വാഹാ. ഗർഭിണി ആയ നീ ഇപ്പോൾ എടങ്ങേറ് ആയി പരീക്ഷ എഴുതണ്ട എന്ന് വടകരയിൽ നിന്നും ഉമ്മയും ഉമ്മാമയും. തൽക്കാലം ഞാനും അവരെ പിണക്കണ്ട എന്ന് കരുതി ആ ആഗ്രഹം മാറ്റിവച്ചു.
പിന്നെ വീണ്ടും ട്രാക്കിൽ കേറാൻ ഒരു ഒമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. അപ്പോയെക്കും രണ്ടു മക്കളും കുറച്ചു വലുതായി സ്കൂളിൽ പോകാൻ തുടങ്ങി. പിജി എങ്ങനെയെങ്കിലും എഴുതി എടുക്കണം എന്ന് ആത്മാർത്ഥമായി ഞാൻ വിചാരിച്ചു. ഒരിക്കൽ കൂടി, പൊടിപിടിച്ചു അലമാരയിൽ ഇരിക്കുന്ന പിജി യുടെ പുസ്തകം എടുത്തു വായന തുടങ്ങി. ആപ്ലിക്കേഷൻ ഒക്കെ സമർപ്പിച്ചു കഴിഞ്ഞപ്പോൾ ആണ്, മൂന്നാമത്തെ മോനെ ഗർഭിണി ആവുന്നത്, അല്ലാഹ്. ഞാൻ ഇപ്പോൾ എന്ത് ചെയ്യും എന്ന തോന്നൽ സ്വാഭാവികമായും കടന്നു വന്നു. എന്തായാലും നനഞ്ഞു, ഇറങ്ങി ഇനി കുളിച്ചു കേറുക തന്നെ. സാരമില്ല. ഇത്തവണ എങ്ങനെ എങ്കിലും പരീക്ഷ എഴുതും എന്ന ഉറച്ച തീരുമാനം എടുത്തു മുന്നോട്ട് പോയി. അൽഹംദുലില്ലാഹ് സർവ്വ ശക്തൻ ആയ അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് പിജി മുഴുവൻ ആക്കി.
പണ്ട് കഴിച്ചു മൂടിയ ടീച്ചർ ആകണം എന്ന ചെറിയ ആഗ്രഹം മനസ്സിൽ വീണ്ടും പൊട്ടി മുളച്ചു. അതു പെട്ടെന്ന് നടക്കാൻ ഉള്ള സാധ്യത ഒന്നും ഇല്ലായിരുന്നു. ഇനിയും ഒരുപാട് വഴി ദൂരം അതിന് വേണ്ടി നടക്കേണ്ടി ഇരിക്കുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ ഒരു ഇസ്ലാമിക സ്കൂളിൽ ഇടവേളകളിൽ പോകാനും അവിടെ ഉള്ള കുട്ടികളെ കുറച്ചു പഠിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. അങ്ങനെ കുറച്ചു ഒക്കെ സമാധാനമായി.
പിന്നെ വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയപ്പോൾ ഓൺലൈൻ ആയിട്ട് കുട്ടികളെ ഖുർആൻ പഠിപ്പിക്കാൻ ഉള്ള ചെറിയ ഒരു അവസരം എന്നെ തേടിവന്നു. കൂടെ വീണ്ടും പഠിക്കാൻ ഉള്ള ആഗ്രഹം കാരണം ഒരു കോഴ്സ് നും ചേർന്നു. നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ്..
ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബിനോട് ദുആ ചെയ്തു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.
#എന്റെരചന
സയറ ഫാത്തിമ

