കൊച്ചുമകളെ കോളേജ് ബസ്സിൽ കയറ്റി വിട്ട് സരോജിനി തിരിച്ച് വീട്ടിലെത്തി. ഇന്നു തന്നെ പട്ടണത്തിൽ പോയാലോ എന്നാലോചിച്ചു. കഴിഞ്ഞാഴ്ച പാലക്കാട് പോയി വന്ന ശേഷം നടു വേദന ഇത്തിരി അധികമാണ്. എന്നാലും പാലക്കാട്ടെ തറവാട് വീടും പുരയിടവും എല്ലാവരും ഒത്തുകൂടി ചർച്ചയിലൂടെ സമവായത്തിലെത്തി വില്ക്കാൻ സാധിച്ചത് വലിയ കാര്യമാണ്.
ഇരുപതിലധികം പേരാണ് അവകാശികളായി ഉള്ളത്. ഏകദേശം ഒരു വർഷമായി സഭകൂടലും സംസാരവുമായി ഒടുവിൽ ഒരു ധാരണയിലെത്തിയത് ഇപ്പോഴാണ്. ഒരാഴ്ച കാരണവന്മാരെല്ലാം കൂടി തറവാട്ടുവീട്ടിൽ താമസിച്ചു. സരോജിനി കൊച്ചുമോളെ അയൽവക്കത്തെ വേണു മാഷിനേയും സുമടീച്ചറിനേയും ഏല്പിച്ച് ഒരു പോക്കങ്ങു പോയി. തന്റെ ആകയുള്ള ഒരു കൊച്ചാണ്. മലമ്പനി വന്ന് ജാനു മരിക്കുമ്പോൾ ഒരു വയസ്സേ ഉള്ളൂ. അധികം താമസിയാതെ മറ്റൊരു പെണ്ണിനെ കെട്ടി വേലായുധൻ ഒരു പോക്കങ്ങു പോയി. പിന്നെ സരോജിനി ” കണ്ണേ പൊന്നേ” എന്നു വളർത്തിയതാണ്. ഇപ്പോൾ കോളേജ് പഠിത്തം കഴിയാറായി. പെണ്ണ് വളർന്നു, ഒരു സുന്ദരിക്കുട്ടിയായി.
മക്കളില്ലാത്ത സുമടീച്ചർക്കും മാഷക്കും അവളെ വലിയ കാര്യമാണ്. കണക്ക് പഠിക്കാനായി അവൾ മുൻപ് അവിടെ പോകാറുണ്ടായിരുന്നു താനും. ജോലിയിൽ നിന്ന് പിരിഞ്ഞശേഷം താല്പര്യമുള്ള കുട്ടികളെ അവർ പഠിപ്പിക്കുന്നുണ്ട്.. കണക്കു മാത്രമല്ല ജീവിതപാഠങ്ങളും. സരോജിനിക്കും എന്തും ഏതും പറയാൻ അവരേ ഉള്ളൂ. മോൾ വളർന്നു വരികയാണ്. തറവാട് വിറ്റ് ഭാഗത്തിൽ കിട്ടിയ സംഖ്യക്ക് കുറച്ച് സ്വർണ്ണം വാങ്ങിവക്കണം. താൻ പോവുന്നതിന്നു മുന്നേ അവളെ സ്നേഹിക്കുന്ന നല്ലൊരാളെ ഏല്പിക്കണം. പട്ടണത്തിൽ പോയി ഇന്നുതന്നെ സ്വർണ്ണം വാങ്ങിയാലോ എന്നാണാലോചന. ദിവസം തോറും പവന് വില കൂടുകയല്ലേ. ബാങ്കിൽ പോയി പണമെടുക്കണം. എന്നിട്ട് സ്വർണ്ണകടയിൽ കയറണം. ആരേയും കൂടെ കൂട്ടാൻ ധൈര്യമില്ല. ഒക്കെ ഒരുവകയാണ്. പറഞ്ഞോണ്ട് നടക്കും. തന്നെ പോകുക തന്നെ. പരിചയമുള്ള ഓട്ടോക്കാരനെ വിളിക്കണോ? വേണ്ട. അവൻ വിവരം അറിഞ്ഞാൽ പാടിക്കൊണ്ട് നടക്കും.
സരോജിനി സാരി മാറി. പട്ടണത്തിലേക്കല്ലേ, സാരി മതി എന്നു കരുതി. മുടിയും ചീകികെട്ടി വീടു പൂട്ടി ഇടവഴിയിലേക്കിറങ്ങി. വെയിലു കണക്കാതെ വേഗം നടന്ന് റോഡിലെത്തി. ” ഗംഗ” ബസ്സ് കൈകാണിച്ചപ്പോൾ നിർത്തി. തിരക്കിട്ട് കേറി ഒഴിവുള്ള സീറ്റിലിരുന്നു. പരിചയക്കാർ അറിയാതിരിക്കാൻ മുഖം തിരിച്ചിരുന്നു. കവലയിലിറങ്ങാൻ നേരം കിളി ദേവസ്യ യുടെ ” ചേച്ചി ബാങ്കിലേക്കാണോ” എന്ന ചോദ്യം കേട്ടില്ലെന്ന് നടിച്ച് കവലയിലിറങ്ങി തിരക്കിട്ട് നടന്നു. ബാങ്കിൽ നല്ല തിരക്കുണ്ട്. സുരേഷ് സരോജിനിയെ കണ്ടതും ഓടി വന്നു. “ചേച്ചിക്കെന്താ വേണ്ടത്” എന്ന ചോദ്യവും.
” മോൻ ആരോടും പറയല്ലേ ” എന്ന മുഖവുരയോടെ കാര്യങ്ങളെല്ലാം പറഞ്ഞു.
” ചേച്ചി പണമായി ഇത്ര വലിയ സംഖ്യ കയ്യിൽ കൊണ്ടു പോകേണ്ട. അവിടെ ഒപ്പിട്ട് ചെക്ക് കൊടുത്താൽ മതി. പണമായി കയ്യിൽ വക്കുന്നത് ശരിയല്ല. കാലം നല്ലതല്ല, ചേച്ചീ ” എന്നും സുരേഷ് പറഞ്ഞു.
അവൻ പറയുന്നത് ശരിയാണല്ലോ എന്ന് മനസ്സിൽ പറഞ്ഞ് പാസ്സ് ബുക്കും ചെക്ക്ബുക്കും കയ്യിലില്ലേ എന്ന് പരിശോധിച്ച് അവനോട് യാത്ര പറഞ്ഞ് അവിടെനിന്നിറങ്ങി.
” വിശ്വാസം, അതല്ലേ എല്ലാം” എന്ന് ഒരു വാരസ്യാർ കുട്ടി ചിരിച്ചോണ്ട് ടിവി യിൽ പറയുന്നത് കാണാം. എന്നാ പിന്നെ അവിടത്തന്നെ പോകാം എന്ന് സരോജിനി കരുതി. കയറിചെന്നപ്പോൾ ആകെ അന്തം വിട്ടു. പളപള മിന്നുന്ന നിലവും ഇരിപ്പിടങ്ങളും. അലമാറകളിൽ വിവിധതരം ആഭരണങ്ങൾ.
സരോജിനിയെ കണ്ടതും ഒരാൾ ഓടിവന്ന് കൈ പിടിച്ച് കസേരയിലിരുത്തി. വിവരങ്ങൾ അന്വേഷിച്ചു. എല്ലാം വിശദമായി അയാളോട് പറഞ്ഞു.. കോളേജിൽ പഠിക്കുന്ന പ്രായത്തിലുള്ളവർക്ക് ഇഷ്ടമാവുന്ന കുറച്ച് ആഭരണങ്ങൾ. തറവാട് വീട് വിറ്റു കിട്ടിയ കാശാണെന്നും പറഞ്ഞു. അയാൾ ചിരിച്ചോണ്ട് തല കുലുക്കി നടന്നകന്നു. അല്പ സമയത്തിനു ശേഷം മൂന്നു നാലു കഴുത്ത് സ്റ്റാൻഡ്മായി തിരിച്ചെത്തി. ചേച്ചിയെ ഞാൻ സഹായിക്കാം എന്നും പറഞ്ഞു. ഗുരുവായൂരപ്പന്റെ ലോക്കറ്റായി ഒരു നീളൻ മാല, കല്ല് പതിച്ചതും പതിക്കാത്തതുമായി രണ്ട് നെക്ക്ലസ്സ്, ആറു വള, മോതിരം എന്നിവ തിരഞ്ഞെടുത്തു. അയാൾ അത് പൊതിഞ്ഞെടുത്ത് ബില്ലാക്കി കയ്യിൽ കൊടുത്തു.
വലിയ ഗമയിൽ, എന്നാൽ ഉള്ളിൽ വെപ്രാളത്തോടെ സരോജിനി ബാഗ് തുറന്ന് ഒപ്പിട്ട ചെക്ക് ലീഫ് എടുത്തു കൊടുത്തു. അയാൾ അതിൽ സംഖ്യ എഴുതി സരോജിനിയെ കാണിച്ചു.
” എന്റെ കൃഷ്ണാ തറവാട് വിറ്റ കാശ് ഇവിടെ കൊടുക്കണമല്ലോ” എന്നോർത്ത് നെടുവീർപ്പിട്ടു.. സാരമില്ല. കൊച്ചുമോൾക്ക് താൻ മാത്രമെ ഉള്ളൂ. പണിയെടുത്ത് അവളെ ഇത്രയൊക്കെയാക്കിയില്ലേ. ഏതായാലും രണ്ടു നാലു കൊല്ലത്തിനുള്ളിൽ അവളെ പറഞ്ഞയക്കണം. സ്വർണ്ണത്തിന് വില കൂടും. കയ്യിലെ കാശ് ചിലവായാൽ എന്തു ചെയ്യും. ഓർക്കുമ്പോൾ പേടിയാവുന്നു.
അയാൾ തിരിച്ചു വന്ന് ബില്ലും ആഭരണങ്ങളും സരോജിനിക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തു. വർണ്ണ കടലാസ്സിൽ തിളങ്ങുന്ന ആഭരണങ്ങൾ ഒരു ചെറിയ ബാഗിലാക്കി.
” ചേച്ചീ, കൊച്ചു മോൾടെ കല്യാണത്തിന് വിളിക്കണേ” എന്ന അയാളുടെ ചിരിച്ചോണ്ടുള്ള വാക്കുകൾക്ക് പുഞ്ചിരിയോടെ തലകുലുക്കി പുറത്തുകടന്നു.
ബാഗ് മാറോടടുക്കി പിടിച്ച് നടക്കുമ്പോൾ ഓട്ടോ അടുത്തു വന്ന് ” ചേച്ചി കേറിക്കേ, ഞാൻ കൊണ്ടാക്കാം ” എന്നൊരു വിളി.
” ഓ നീയാണോ തോമസ്സേ എന്നെ വീട്ടിൽ കൊണ്ടാക്ക്” എന്നു പറഞ്ഞ് ഓട്ടൊവിൽ കയറി.
” അമ്മച്ചി എവട പോയതാ ” എന്ന ചോദ്യത്തിന് ഒന്നും പറയാതെ ചിരിച്ചു കാട്ടി.
വീട്ടിലെത്തിയതും അകത്തു കയറി വാതിൽ ഭദ്രമാക്കി കുറ്റിയിട്ടു. ബാഗ് തുറന്ന് ആഭരണങ്ങൾ ഓരോന്നായി പുറത്തെടുത്ത് ഭംഗി നോക്കി. പൊന്നുമോൾ ഇതണിഞ്ഞാലുള്ള ഭംഗി മനസ്സിൽ കണ്ട് കോരിത്തരിച്ചു. പുറത്ത് മുരടനക്കം കേട്ടു എന്ന് തോന്നിയതോടെ വർണ്ണ കടലാസ്സിൽ പൊതിഞ്ഞ് തലയിണക്കടിയിൽ വച്ചു.
കോളേജ് വിട്ട് മോൾ എത്തിയതോടെ സരോജിനിക്ക് ഇതൊക്കെ അവളോട് പറയണോ എന്നായി. പെണ്ണ് അവിടേയുമിവിടേയും പറയും വേണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞിട്ട് പറയാം എന്ന് തീരുമാനിച്ചു. കുളികഴിഞ്ഞ് അവൾക്ക് ഇലയടയും കായവറുത്തതും കൊടുത്തു. അവളെ കെട്ടിപിടിച്ച് മടിയിലിരുത്തി ഒരുമ്മയും. ഈ അമ്മമ്മക്ക് എന്താ എന്നും പറഞ്ഞ് അവൾ കുതറിയോടി.
സന്ധ്യയോടെ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചശേഷം മോൾ പഠിക്കാനായി അവളുടെ മുറിയിൽ കയറി. സരോജിനിയും അവരുടെ മുറിയിലേക്കെത്തി. തലയിണ പൊക്കി ആഭരണപ്പൊതി അവിടെയുണ്ടെന്ന് ഉറപ്പു വരുത്തി. ഇനി ഇത് എവിടെ സൂക്ഷിക്കും എന്നായി? സുരക്ഷിതമല്ലാത്ത ഇവിടെ വക്കുന്നത് ശരിയല്ല. കുറെ ആലോചിച്ച് നോക്കി. ആലോചനക്കവസാനം സുമടീച്ചറുടെ മുഖമാണ് ഓർമ്മ വരുന്നത്.. മാഷോട് പോലും പറയരുതെന്നും ടീച്ചർ ആർക്കും ഉടനെ കണ്ടു പിടിക്കാൻ പറ്റാത്തതുമായ സ്ഥലത്ത് വക്കാൻ പറയണം. പിന്നീട് ബാങ്ക് ലോക്കറിലേക്ക് മാറ്റാം. കുറെ ആലോചിച്ചപ്പോൾ സുമടീച്ചറുടെ കയ്യിൽ സൂക്ഷിക്കാൻ കൊടുക്കാം എന്ന് തീർച്ചയാക്കി.
തീരുമാനമായപ്പോൾ മോളെ വിളിച്ച് അത്താഴം കഴിച്ച് ഉറങ്ങാനുള്ള ശ്രമമായി.
രാവിലെ അടുക്കളയിൽ കയറി പണിതീർത്ത് കുഞ്ഞിന് ഭക്ഷണം പാത്രത്തിലാക്കി കൊടുത്തു. ഇടക്കിടെ അകത്തു പോയി തലയിണ പൊക്കി എല്ലാം അവിടെയില്ലേ എന്നുറപ്പുവരുത്തി. അവൾ വേഷം മാറി കോളേജിൽ പോകാൻ തയ്യാറായി.
ഇന്നേതായാലും പണിക്ക് പോകാതെ സ്വർണ്ണം സുമടീച്ചറെ ഏല്പിക്കണം എന്നു കരുതി മോളെ കോളേജ് ബസ്സിൽ യാത്രയാക്കി. അതൊരു പതിവാണ്. അകത്തേക്കു പോയി തലയിണയുടെ അടിയിൽനിന്ന് കടലാസ്സു പൊതിയെടുത്തു. ഒന്നുകൂടി തുറന്ന് ഭംഗി നോക്കി. പളപള മിന്നുന്നു. ഭഗവാനേ, ഇതെല്ലാം ധരിച്ച് അവളെ കാണാൻ ഇടതരണേ എന്ന് പ്രാർത്ഥിച്ച് എന്തോ ഓർമ്മയിൽ ഒന്ന് തൊട്ടു തൊഴുതു. ഒരു പ്ലാസ്റ്റിക്ക് പെട്ടിയിലാക്കി പൊതി ഭദ്രമാക്കി പൊതിഞ്ഞെടുത്തു.
വീട് പൂട്ടി അയൽവക്കത്തേക്ക് നടന്നു.
മാഷ് കസേരയിലിരുന്ന് പത്രം വായിക്കുന്നു.
” ടീച്ചറില്ലേ” എന്ന ചോദ്യത്തിന് ” ഉവ്വ് അടുക്കളയിൽ. എന്താ ചേച്ചീ വിശേഷം” എന്നായി മാഷ്.
” ഒന്നൂല്ല്യ, ഒന്നു കാണാനാ ” എന്ന് മറുപടി കൊടുത്തു.
പൊതി രണ്ടാംമുണ്ടിൽ ഒളിപ്പിച്ച് പിടിച്ചു. മാഷ് കാണണ്ട എന്നു കരുതി.
” ടീച്ചറേ” എന്ന വിളിയോടെ അകത്തു കടന്നു. ” ഒരു കാര്യം പറയാനുണ്ട്. മാഷുപോലും അറിയണ്ട” എന്നു പറഞ്ഞ് ടീച്ചറേയും കൂട്ടി അകത്ത് മുറിയിലെത്തി.
കിടക്കയിലിരുന്ന് ഒറ്റശ്വാസത്തിൽ എല്ലാ വിവരവും പറഞ്ഞു. പൊതിയഴിച്ച് കാണിക്കാൻ തുനിഞ്ഞപ്പോൾ ” വേണ്ട, ചേച്ചി പൊതിയഴിക്കണ്ട, ഞാൻ ആരും കാണാത്തൊരിടത്ത് ഒളിപ്പിച്ച് വക്കാം, അധികം താമസിയാതെ നമുക്ക് ബാങ്ക് ലോക്കറിൽ മോളുടെ പേരിൽ സൂക്ഷിക്കാം. ചേച്ചി പേടിക്കണ്ട. അടുത്താഴ്ച്ചയാവട്ടെ, ബില്ലും ഇതിൽ വച്ചോളൂ, നമുക്ക് ശരിയാക്കാം. ട്ടോ” എന്നു പറഞ്ഞ് അലമാരയിൽ വച്ചു.
ഞാൻ വേറൊരിടത്ത് ആരും കണ്ടുപിടിക്കാത്ത മട്ടിൽ വക്കാം”. എന്നും പറഞ്ഞപ്പോൾ സരോജിനിക്ക് ആശ്വാസമായി. ഇനി ടീച്ചർ നോക്കിക്കോളും. അടുത്താഴ്ച ബ്ങ്കിൽ ടീച്ചറുടെ കൂടെ പോകാം എന്നും തീരുമാനിച്ച് വീട്ടിലേക്കു മടങ്ങി. ടീച്ചർ എവിടെയാണാവോ സൂക്ഷിക്കുക, എവിടെയായാലും അടുത്താഴ്ച എടുക്കാമല്ലോ എന്നും ചിന്തിച്ചു.
രാത്രി മോളോടോപ്പം അവളുടെ കോളേജ് വിശേഷങ്ങളും കേട്ട് അത്താഴം കഴിച്ച് സമാധാനത്തോടെ ഉറക്കത്തിനായി കണ്ണടച്ചു കിടന്നു.
രാവിലെ പുറത്തെ ബഹളം കേട്ടാണുണർന്നത്. മാഷുടെ വീട്ടീന്നാണോ എന്ന് സംശയം തോന്നി. വേഗം പുറത്തിറങ്ങി നോക്കി.
” എന്താ അമ്മമ്മേ, ഒരു ബഹളം” എന്ന് ചോദിച്ച് മോളും പുറത്തു വന്നു.
ടീച്ചറുടെ വീട്ടിലേക്ക് ആൾക്കാർ ഓടി പ്പോകുന്നുണ്ട്. മാഷക്ക് വല്ലോം പറ്റിയോ ആവോ. ഏതായാലും പോയിനോക്കട്ടെ എന്നു കരുതി അങ്ങോട്ടു കയറി.
തന്നെ കണ്ടതും അപ്പുറത്തെ മാളൂ” ചേച്ചീ നമ്മുടെ ടീച്ചർ പോയി” എന്ന് ഏങ്ങലോടെ പറഞ്ഞു.
ഈ ഭൂലോകം മുഴുവൻ വട്ടത്തിൽ തിരിയുകയാണോ അതോ തന്നെ ആരോ തലക്കടിച്ചതാണോ അറിയില്ല സരോജിനി അന്തം വിട്ട് ഒന്നും മിണ്ടാതെ നിന്നു. ചേച്ചീ ചേച്ചീ എന്ന മാളുവിന്റെ വിളി കേട്ട് എല്ലാവരും ഓടിയടുത്തെത്തി.
“ചേച്ചിക്ക് അവരായിരുന്നൂ ആശ്രയം. ഈ വിയോഗം സഹിക്കാൻ പറ്റുന്നുണ്ടാവില്ല ” എന്നായി മാളു.
എല്ലാവരും കൂടി സരോജിനിയെ കസേരയിലിരുത്തി.
അല്പനേരം കഴിഞ്ഞ് സ്ഥലകാലബോധം വന്ന സരോജിനി പതുക്കെ എണീറ്റ് വെള്ള പുതപ്പിച്ച് വിളക്കിനു മുന്നിൽ ഉറക്കത്തിലെന്നപോലെ കിടന്നിരുന്ന ടീച്ചറുടെ അടുത്തെത്തി അരികെയിരുന്നു. പാതിയടഞ്ഞ കണ്ണുകൾ തന്നെയാണോ നോക്കുന്നത് എന്ന് തോന്നി, സരോജിനിക്ക്. എന്തോ തന്നോട് പറയാൻ വെമ്പുന്ന ചുണ്ടുകൾ. നാട്ടുകാരും വിദ്യാർത്ഥികളും ബന്ധുക്കളും വന്നു തുടങ്ങി.
” എവിടേയാ എന്റെ സമ്പാദ്യം ഒളിപ്പിച്ച് വച്ചിരിക്കുന്നത്” എന്ന് പതുക്കെ ചോദിച്ചു.
ഒന്നും മിണ്ടുന്നില്ല. സരോജിനി പതുക്കെ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടന്നു. അലമാര പൂട്ടിയിട്ടുണ്ട്. മുറിയുടെ വാതിൽ ചാരി മേശമേലെ താക്കോൽ എടുത്ത് അലമാര തുറന്ന് ഇന്നലെ വച്ച പോലെ അതവിടെ ഉണ്ടോ എന്ന് നോക്കാം എന്ന് കരുതി തുറന്നു. വച്ച സ്ഥലത്ത് ഇല്ല. ഉടൻ തന്നെ മാറ്റി വക്കാം ആരുമറിയാത്തൊരിടത്ത് എന്ന് പറഞ്ഞതാണല്ലോ.
എന്തു വേണമെന്നറിയില്ല. ഇതൊന്നും പറയാനുള്ള അവസരമല്ല. ആർക്കും ഒന്നുമറിയില്ല. പതുക്കെ വീണ്ടും അവിടെ ചെന്നിരുന്നു.
” ടീച്ചറേ ഒന്നു പറയൂ അതെവിടെയാണെന്ന്” എന്ന് ആയിരം വട്ടം ചോദിച്ചു.
ടീച്ചർ ഒന്നും കേൾക്കാതെ കാണാതെ അറിയാതെ പരലോകത്തേക്ക് പോയി. ഇനി എന്തു ചെയ്യും. ഒരു പിടിയും ഇല്ല. ടീച്ചറുടെ ബന്ധുക്കൾ വന്നിട്ടുണ്ട്. ചാരുകസേരയിൽ കണ്ണടച്ചു കിടക്കുന്ന മാഷെ ഒന്ന് നോക്കി സരോജിനി തിണ്ണയിലിരുന്നു. ടീച്ചറെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചതെന്നാണ് അറിഞ്ഞത്. മാഷും വീട് ഒഴിഞ്ഞുകൊടുത്ത് പോവുന്നു എന്നും പറഞ്ഞു കേട്ടു. മനസ്സിലാകെ ഭയം വന്ന് നിറഞ്ഞു.
ആരോടു പറയും? ആരാണ് വിശ്വസിക്കുക. ഒന്നുമറിയില്ല. ഈശ്വരാ എന്റെ കുട്ടിയുടെ ഭാവി എന്താവും ? തലയിണയുടെ ചുവട്ടിൽ തന്നെ മതിയായിരുന്നു. കൂടുതൽ സുരക്ഷിതമാവട്ടെ എന്ന് വിചാരിച്ചു. അതാണ് വിനയായത്.
മാഷോട് പറഞ്ഞാലോ? നോക്കിയപ്പോൾ എല്ലാം നഷ്ടപ്പെട്ട ഈ അവസ്ഥയിൽ അദ്ദേഹത്തിനോടെന്തു പറയാൻ ?
എന്താണ് വേണ്ടതെന്നറിയാതെ, ആരോടു പറയും എന്നറിയാതെ ശൂന്യതയിലേക്ക് കണ്ണും നട്ട് ആ പാവം സ്ത്രീ തന്റെ ഗതികേടിനെയോർത്ത് ശൂന്യമായ മനസ്സോടെ വിങ്ങിപൊട്ടി.
രചന:- രമ ഉണ്ണികൃഷ്ണൻ

