വൈകുന്നേരം സ്കൂളിലെ നീണ്ട ബെൽ പ്രതീക്ഷിച്ചിരിയ്ക്കുന്ന സമയത്ത് പുറത്ത് മഴ തകർത്തു പെയ്യാൻ തുടങ്ങി. സമയമായി, ഇറങ്ങാനായില്ലേ എന്ന് ചോദിക്കുന്നതുപോലെ ഓരോ ബെഞ്ചിന്റെയും അറ്റത്തു ഇരിയ്ക്കുന്നവരുടെ കൈയിലേയ്ക്കും യൂണിഫോമിലേയ്ക്കും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വെള്ളം തെറിപ്പിച്ചു. ഇനിയിപ്പോൾ നാളെ ബാക്കി എടുക്കാം എന്നും പറഞ്ഞു ടീച്ചർ ടെക്സ്റ്റ് ബുക്ക് അടച്ചുവെച്ചു. ബാഗിലേയ്ക്ക് ബുക്ക് എടുത്തു വെച്ചു. അപ്പോഴാണ് ടീച്ചർ ആ ചോദ്യം ചോദിച്ചത് “ വലുതാകുമ്പോൾ ആരാകണം “. ഒരു പേപ്പർ എടുത്തു എഴുതിക്കോളൂ, ആലോചിച്ചു എഴുതിയാൽ മതി. അതൊരു വെറും ചോദ്യമായിരുന്നില്ല ഞങ്ങൾക്ക്. ഭാവി ഇപ്പോൾ തീരുമാനിയ്ക്കപ്പെടും എന്ന പേടിയിലായി ആ മൂന്നാം ക്ലാസ്സ് -ബി സെക്ഷൻ.
അറിയാത്ത ചോദ്യത്തിന് സാധാരണ ടീച്ചറിനോട് തന്നെയാണ് ഉത്തരം ചോദിക്കാറുള്ളത്. ഇതിപ്പോൾ അതിനു നിവൃത്തിയില്ല. അപ്പുറത്തുള്ളവരുടെ നോക്കി എഴുതാനും അറിയില്ല, എഴുതാൻ പാടുണ്ടോ എന്ന് അടുത്ത ടെൻഷൻ. പൂജ്യം മാർക്ക് കിട്ടിയാലും ആരുടേയും കോപ്പിയടിക്കരുത് എന്ന് അമ്മയും അച്ഛനും പറഞ്ഞിട്ടുണ്ട്. അവരും ടീച്ചർമാർ ആയതോണ്ട് ആ കാര്യത്തിൽ ഒരു കോംപ്രമൈസുമില്ല. എന്തായാലും ഒരു പേജ് കീറിയെടുത്തു. ആദ്യം പേരെഴുതി, ക്ലാസ്സ്, പിന്നെ ഹെഡിങ്ങ് ഞാൻ വലുതാകുമ്പോൾ എന്നെഴുതി, ഒന്ന് കട്ടി കൂട്ടി. ഇനിയെന്തുചെയ്യും. ഒരു പിടിയുമില്ല, തലയ്ക്കു കൈയും കൊടുത്തു ആലോചിച്ചു ഇരിയ്ക്കുന്നതിനിടയിൽ ബെല്ലടിച്ചു. വീട്ടിൽപ്പോയി ആലോചിച്ചിട്ട് നാളേയ്ക്ക് എഴുതിയാൽ മതിയെന്നു കേട്ടപ്പോൾ സമാധാനമായി. കുട തുറന്നപ്പോൾ തൊട്ട് വീട്ടിലെത്തി കുടയടയ്ക്കുന്നതുവരെ ആലോചിച്ചു, “ടീച്ചർ ആയാലോ!”
വീട്ടിലെത്തിയപ്പോൾ നേരെ അടുക്കളയിലേയ്ക്കു ഓടി. അമ്മയോട് ചോദിച്ചു ഞാൻ വലുതാകുമ്പോൾ, അതു മുഴുവനാക്കാൻ സമ്മതിക്കാതെ അമ്മ പറഞ്ഞു “ആ ചോറ്റുപാത്രം കഴുകാനിട്, ഇല്ലെങ്കിൽ മറക്കും “ അതോടെ എന്റെ ചോദ്യം ഞാൻ മറന്നു. വെള്ളിമൂങ്ങയിൽ ബിജു മേനോൻ പറഞ്ഞ പോലെ ആ ഫ്ലോയങ്ങു പോയി( അന്നാ ഡയലോഗ് അറിയില്ല ). അച്ഛന്റെ അടുത്ത് ചെന്നു ചോദിച്ചു ഞാൻ ആരാകണം അച്ഛാ? വലുതാകുമ്പോൾ, “നന്നായി പഠിച്ചു നല്ലൊരു ഡോക്ടർ ആകണം “. പക്ഷേ അതൊക്കെ എന്നെക്കൊണ്ട് പറ്റുമോ. ഏട്ടനാണെങ്കിൽ അതൊക്കെ പറ്റും. ഞാൻ പൊതുവെ വായിയ്ക്കാൻ മടിയുള്ള, വെറും വെറുതെയിരിയ്ക്കാൻ ഒരുപാടിഷ്ടമുള്ള ആളാണ്. എന്തായാലും അന്നത്തോടെ ഒരു വെളുത്ത കോട്ട് എന്റെ മനസ്സിൽ ഉജാല മുക്കി ഉണങ്ങാനിട്ടു. ക്ലാസ്സിൽ നിന്ന് മടക്കിവെച്ച ഒഴിഞ്ഞ പേപ്പറിൽ എഴുതി “ഡോക്ടറാകണം”. പിന്നെ വേഗം കിടന്നുറങ്ങി, രാവിലെ നേരത്തെ ടീച്ചർക്ക് കൊടുക്കേണ്ടതാണ്.
നാലാം ക്ലാസ്സ് തൊട്ട് ഏഴാം ക്ലാസ്സ് വരെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ലാതെ കടന്നുപോയി. സ്കൂൾ മാറേണ്ട സമയമായപ്പോൾ ഞങ്ങൾ പലരും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു. ആരാകണം, എനിയ്ക്ക് വേറെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല, ഉജാല മുക്കിയിട്ട ആ വെളുത്ത കോട്ട് മഴകൊള്ളാതെ അവിടെത്തന്നെ നിന്നു. ഞങ്ങളിൽ പലരും വേറെ സ്കൂളുകളിലേയ്ക്ക് മാറി. എട്ടാം ക്ലാസ്സിൽ നിന്നും പത്താം ക്ലാസ്സിലേക്കെത്താൻ അധികസമയമൊന്നും വേണ്ടിവന്നില്ല. പത്താം ക്ലാസ്സിൽ കണക്കുപഠിപ്പിച്ചിരുന്ന രാധമ്മ ടീച്ചറെ എല്ലാവർക്കും നല്ല ഇഷ്ടമായിരുന്നു. ഏതു വല്ല്യ കുഴപ്പമുള്ള ചോദ്യമാണെങ്കിലും ഉത്തരം കണ്ടുപിടിയ്ക്കാനുള്ള ടിപ്പ്സ് ഞങ്ങൾക്ക് പറഞ്ഞു തന്നിരുന്നു. അന്ന് ഇടയ്ക്കൊക്കെ വെളുത്ത കോട്ട് മടക്കിവെച്ചു, ബ്ലാക്ക് ബോർഡിൽ ചോക്ക് കൊണ്ട് ഞാൻ എഴുതി ‘വിസ്തീർണ്ണം’. സാരിയുടുത്തു ബാഗും തൂക്കി സ്കൂളിൽ പോകുന്നത് ഇടയ്ക്കൊക്കെ സ്വപ്നം കണ്ടിരുന്നു. എത്രയൊക്കെ ഫ്രണ്ട്‌ലി ആണെങ്കിലും അളന്നുമുറിച്ചേ മാർക്കിടൂ എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഒരു മാത്‍സ് ടീച്ചർ എന്ന നിലയ്ക്ക് അതെന്റെ സ്വന്തം നിലപാടാണ്.
പതിനൊന്നും പന്ത്രണ്ടും ആർക്കും വേണ്ടാത്ത മട്ടിലാണ് ഞാൻ പഠിച്ചത്. ഒട്ടും വിചാരിക്കാതെ ഒരു ദിവസം അച്ഛനെ വേറെ ലോകത്തേയ്ക്ക് ദൈവം കൊണ്ടുപോയപ്പോൾ ഞാൻ ശരിയ്ക്കും ഡിപ്രെഷനിലായി. പഠിയ്ക്കണോ അതോ നിർത്തണോ എന്നുവരെ ചിന്തിച്ച ദിവസങ്ങൾ. ട്യൂഷനും എൻട്രൻസ് കോച്ചിങ്ങിനും ചേർത്തിട്ടും ഒന്നും മനസ്സിലാകാതെ ബ്ലിങ്കസ്യ ആയി ക്ലാസ്സിൽ ഇരുന്ന ദിവസങ്ങൾ. എന്നും മുൻപിൽ ഇരുന്നു പഠിയ്ക്കാൻ താല്പര്യമുണ്ടായിരുന്ന ഞാൻ പിറകിലെ ബെഞ്ച് തിരഞ്ഞുപോയി. പരീക്ഷ സമയമാകുമ്പോൾ മിനക്കിട്ടിരുന്നു പഠിച്ചു. ക്ലാസ്സിൽ ശ്രദ്ധിക്കാത്തതെല്ലാം തലേന്ന് ഉറക്കമിളച്ചു പഠിച്ചു ആവറേജ് മാർക്കും വാങ്ങി പാസ്സായി.
അപ്പോഴാണ് ഇനിയെന്ത് എന്ന ചോദ്യം ശരിയ്ക്കും മനസ്സിലേക്ക് കയറിത്തുടങ്ങിയത്.
ടി. ടി. സി -ആദ്യത്തെ ഓപ്ഷൻ, പക്ഷേ ലക്ഷങ്ങൾ കൊടുത്തു ജോലി വാങ്ങാനുള്ള കയ്യിലിരിപ്പൊന്നുമില്ല വീട്ടിൽ. വീണ്ടും എൻട്രൻസ് കോച്ചിങ്ങിനു ചേർത്തു. ഇത്തവണ എങ്ങനെയെങ്കിലും പഠിച്ചെടുത്തു ഡോക്ടർ ആകണം എന്നു മനസ്സിലുറപ്പിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം സാധിയ്ക്കണം. കാണുന്നതും കേൾക്കുന്നതുമായ മെഡിക്കൽ എൻട്രൻസ് ബുക്ക്സ് എല്ലാം എന്റെ മേശപ്പുറത്തു തിക്കിത്തിരക്കിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഓ. എം ആർ ഷീറ്റ് കോച്ചിംഗ് സെന്ററിൽ കറുത്ത മഷിപെൻ കൊണ്ട് ഫിൽ ചെയ്യുമ്പോൾ ഇടയ്ക്കൊക്കെ ആരോ മനസ്സിൽ വന്നു പറയുന്നതുപോലെ തോന്നി, ഇതല്ല എന്റെ വഴി. വീട്ടിൽ നിന്നും ഏട്ടൻ നിർബന്ധിച്ചു എഞ്ചിനീയറിംഗിന്റെ കോച്ചിംഗ് ക്ലാസ്സിലും ഇടയ്ക്കൊന്നു കയറിത്തുടങ്ങി.
ബയോളജി (സുവോളജി, ബോട്ടണി )എക്സാം ഹാളിൽ ഇരിക്കുമ്പോൾ എല്ലാ ചോദ്യങ്ങളും കണ്ടിട്ടുണ്ട്, എന്നാൽ ഓർമ്മയില്ല എന്നൊരു അവസ്ഥയായിരുന്നു. അതോടെ ഒരു കാര്യം ഉറപ്പായി, ഡോക്ടർ ആകാനുള്ള കപ്പാസിറ്റി എനിയ്ക്കില്ല. നല്ല ഓർമ്മക്കുറവുണ്ട്. ഈ പ്രായത്തിൽ അതൊന്നും പതിവുള്ളതല്ല. അങ്ങനെ അതൊരു തീരുമാനമായി. എഞ്ചിനീയറിംഗിന് കിട്ടിയില്ലെങ്കിൽ പിന്നെ വേറെ നിവൃത്തിയില്ല. അങ്ങനെ ഭൂലോകത്തിന്റെ സ്പന്ദനം കഷ്ടപ്പെട്ടിരുന്നു പഠിച്ചു. പരീക്ഷയ്ക്ക് മുൻപിലുള്ള രണ്ടു ദിവസം എന്റെ വിധിയെഴുതി, എഞ്ചിനീയറിംഗ് എക്സാമിൽ തരക്കേടില്ലാത്ത ഒരു റാങ്ക് കിട്ടി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു. പക്ഷേ എഞ്ചിനീയറിംഗ് കഴിയുന്നതുവരെ ഇടയ്ക്കൊക്കെ ഞാൻ വിചാരിച്ചിരുന്നു, “ഒന്നുകൂടി പോയി നന്നായി പഠിച്ചു എഴുതി നോക്കണോ, ഡോക്ടർ ആകുമോന്ന് “. ഊളൻ പാറയിലെ ഹോസ്പിറ്റലിലേയ്ക്ക് വീട്ടിൽ നിന്നും ദൂരമുള്ളതുകൊണ്ട് ഞാൻ ആരോടും ഈ ഒരു ചോദ്യം പിന്നീട് ചോദിച്ചിട്ടില്ല.

