അസമയത്ത് വന്ന മൊബൈൽ റിംഗ്ടോൺ കേട്ടപ്പോൾ തന്നെ മനസ്സും ശരീരവും മരവിച്ച അവസ്ഥയിലേക്ക് മാറിയിരുന്നു. ഉറക്കച്ചടവോടെ ഫോൺ എടുത്തപ്പോൾ തെളിഞ്ഞു വന്നത് ഭാര്യയുടെ ചേട്ടൻ്റെ പേരാണ്. എന്തിനാണാവോ അവൻ ഈ സമയത്ത് വിളിക്കുന്നത്.
അച്ഛൻ രണ്ടു ദിവസമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. കുറച്ചു മാസങ്ങൾ ആയി ചെറിയ തോതിലുള്ള ശാരീരിക പ്രയാസങ്ങൾ അനുഭവിച്ചു വരുന്നുണ്ടായിരുന്നു. ചെക്കപ്പിനായി പോയപ്പോൾ അഡ്മിറ്റ് ആകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. അഡ്മിറ്റ് ആയത് അറിഞ്ഞതിന് ശേഷം ഓഫീസ് തിരക്കിനിടയിലും നാലഞ്ചു തവണ വിളിച്ച് സംസാരിച്ചിരുന്നു. അനുജനും അമ്മയും കൂടെ ഉള്ളത് ആശ്വാസത്തിന് വക നൽകിയിരുന്നു.
ദാസൻ എന്നോട് ചോദിച്ചു, നാട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോയെന്നു. ഞാൻ പറഞ്ഞു, ഇല്ല ആരും വിളിച്ചില്ല, അച്ഛൻ്റെ മരണ വിവരം നാട്ടിൽ നിന്നും അവൻ്റെ ഭാര്യ വിളിച്ചു പറഞ്ഞിരുന്നു. വിവരം അറിഞ്ഞ ഉടൻ എനിക്കു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി. തൊണ്ട വരളുന്നു. കണ്ണിൽ ഇരുട്ടു കയറുന്നു. ദാസൻ്റെ ഹലോ ഹലോ ശബ്ദം എന്നെ വീണ്ടും യാഥാർത്ഥ്യത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. ദാസൻ വീണ്ടും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു ഞാൻ ഒന്നും കേട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. പിന്നെ നാട്ടിൽ നിന്നും ഫോൺ കോളിൻ്റെ പ്രവാഹം ആയിരുന്നു. ദേവി മൂത്തമ്മയുടെ മകൻ മണിയേട്ടൻ വിളിച്ച് നീ വരുന്നുണ്ടോ എന്നും അതിനനുസരിച്ച് കാര്യങ്ങൽ അവിടെ അറേഞ്ച് ചെയ്യണം പറഞ്ഞു. മറുപടിയായി ഞാൻ അഞ്ച് മിനിറ്റ് കഴിഞ്ഞു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ജീവിതം ഒരു മിഥ്യയും മരണം ഒരു സത്യവും ആണല്ലോ.. ആ സത്യം സംഭവിച്ചു കഴിഞ്ഞു. ഇനിയെന്ത്?
എൻ്റെ സഹപ്രവർത്തകനും റൂം മേറ്റുമായ രഞ്ജിത്ത് തൊട്ടടുത്ത ബെഡിൽ കിടപ്പുണ്ടായിരുന്നു. അസമയത്ത് വന്ന ഫോൺ കോളും എൻ്റെ സംസാരവും അവൻ്റെ ഉറക്കത്തിന് വിട നൽകിയിരുന്നു. അവൻ കാര്യം തിരക്കിയപ്പോൾ അച്ഛൻ മരണപ്പെട്ട കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നും പറഞ്ഞു.
വാചാലമാകാതെ വാക്കുകൾ മിതത്വത്തിലേക്ക് പോയി. മനസ്സിൽ ഉരുണ്ടു കൂടിയ സങ്കടം പുറത്തേക്ക് ഒഴുകി കൊണ്ടേയിരുന്നു.
രഞ്ജിത്ത് തൻ്റെ ലാപ്ടോപ് തുറന്നു നാട്ടിലേക്ക് പോകുന്ന ആദ്യ ഫ്‌ളൈറ്റിന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു തന്നു. ദുബായിൽ നിന്നും ഉച്ചക്ക് 2. 30 ്ന് പുറപ്പെടുന്ന ഫ്ലൈറ്റ് ആയിരുന്നു. ഞാൻ ജോലി ചെയ്യുന്നത് അബുദാബിയിൽ. ദുബായ് എത്താൻ 2 മണിക്കൂർ യാത്ര ചെയ്യണം. അപ്പോള് സമയം രാത്രി ഒരു മണി കഴിഞ്ഞു കാണും. നേരം വെളുക്കാൻ ഇനിയും സമയം ബാക്കിയുണ്ട്. രഞ്ജിത്തിന് ശല്യം ആകാതിരിക്കാൻ ലൈറ്റ് അണക്കാൻ പറഞ്ഞു. ഞാൻ വെറുതെ കണ്ണ് തുറന്ന് കിടന്നു. അച്ഛനുമൊത്തുള്ള ഓർമകൾ ഒന്നൊന്നായി മനസിൽ ഓടിക്കൊണ്ടിരുന്നു.
ബസ് ഇറങ്ങി ചന്ദ്രേട്ടൻ്റെ പെട്ടി കടയുടെ പിന്നിലൂടെ രണ്ടു പടി താഴോട്ട് ഇറങ്ങിയാൽ നീണ്ടു നിവർന്നു പോകുന്ന ചെമ്മൺ പാതയിൽ എത്തും. പാതയിൽ കൂടെ കുറച്ച് മുന്നോട്ട് ഇടത് വശം ചേർന്നുള്ള വയൽ വരമ്പിലൂടെ പോയി ചരൾ കല്ലുകൾ നിറഞ്ഞ ഇടവഴിയിലേക്ക് കയറാം. ഇടവഴി എത്തുന്നത് വരെ അച്ഛൻ്റെ കൈ പിടിച്ച് സുരക്ഷിതത്വത്തിൻ്റെ സ്വാതന്ത്ര്യം അനുഭവിച്ച ഞാൻ എൻ്റേതായ സ്വാതന്ത്ര്യത്തിലേക്ക് അച്ഛൻ്റെ കൈകളിൽ നിന്നും സ്വതന്ത്രമായി മുന്നോട്ടേക്ക് ഓടി..
അവിടെ എന്നെ കാത്തിരിക്കുന്നത് കൊഴിഞ്ഞു വീണ ചെമ്പക പൂക്കളുടെ മെത്തയാണ്.. ഓടി ചെന്ന് കയ്യിൽ നിറയുന്ന അത്രയും പൂക്കൾ പെറുക്കിയെടുത്ത്. അതിൽ ഒന്നെടുത്ത് മണത്തു നോക്കി. പൂവിൻ്റെ മാസ്മര സുഗന്ധം തലച്ചോറിലേക്ക് പൂർണമായും ആവാഹിച്ച് ഏതോ മായിക ലോകത്തിലേക്ക് പറന്ന് പൊങ്ങി, അപ്പോള് ദൂരെ നിന്നു കടലിൻ്റെ ഇരമ്പൽ കാതിലേക്ക് ഒഴുകി വന്നു കൊണ്ടിരുന്നു..
ഇടവഴി ചെന്ന് അവസാനിക്കുന്നത് ചെങ്കുത്തായി കിടക്കുന്ന കല്പടവിന് അടുത്താണ്. ഏറ്റവും മുകളിലെ പടവിൽ നിന്നും നോക്കിയാൽ താഴത്തെ വിശാലമായ പറമ്പിലെ തെങ്ങോല തുമ്പിലൂടെ ദൂരെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തുകളും വിശാലമായ നീല കടലും കാണാം.
കുങ്കുമ വർണ്ണം ചാലിച്ച് അസ്തമയ സൂര്യൻ്റെ കടലിറക്കം എന്നും കാഴ്‌കളുടെ വസന്തം തീർത്തിരുന്നു. കാഴ്ചകളുടെ വർണ്ണം തീർക്കുന്നകടൽ എപ്പോഴും എന്നിലെ സങ്കടങ്ങൾ എല്ലാം തിരയുടെ തഴുകൽ പോലെ അലിയിച്ച് ഇല്ലാതാക്കിരുന്നു.
കുത്തനെയുള്ള കൽപ്പടവുകൾ ഇറങ്ങി താഴെ എത്തുന്നത് പള്ളിതാഴ പറമ്പിലേക്കാണ്. വിശാലമായ തെങ്ങിൻ തോപ്പിൻ്റെ ഓരത്തായുള്ള തറവാട്ട് വീട്ടിലാണ് മൂത്തമ്മയെ വിവാഹം കഴിച്ചയച്ചത്. പറമ്പിലൂടെ നടവഴി താണ്ടി മുന്നോട്ട് പോയാൽ അതിരുകൾ തീർക്കുന്ന വേലിക്കരികിൽ എത്തും. വേലി കടക്കുന്ന ഭാഗത്തും നിറയെ പൂത്തു നിൽക്കുന്ന ചെമ്പക മരം ഉണ്ട്. ആദ്യം പെറുക്കിയെടുത്ത് പൂക്കളെല്ലാം അവിടെ ഉപേക്ഷിച്ച് അവിടെ നിന്നും വീണ്ടും പൂക്കൾ പെറുക്കിയെടുത്ത് വേലി കടന്നു കുണ്ടു കണ്ടത്തിൽ പറമ്പിലേക്ക്.. അവിടെയാണ് അമ്മയുടെ വീട്. ഒരാൾക്ക് നടന്നു പോകാൻ പാകത്തിൽ വീതിയുള്ള വഴിയുടെ രണ്ടു ഭാഗങ്ങളിലും നിറയെ കുറ്റിച്ചെടികൾ വളർന്നു നിൽപ്പുണ്ട്. പത്തടി മുന്നോട്ട് പോയാൽ വഴി രണ്ടായി പിരിയും. ഒരു വഴി നേരെ കടപ്പുറത്തേക്കാണ്. മറ്റെ വഴി വീട്ടിലേക്കും. വീട് എത്തുന്നതിനു മുൻപായി ഒരു ചെറിയ കുളമുണ്ട്. കുളത്തിൽ നിന്നും വെള്ളം ഒഴുകുന്ന ഒരു ചെറിയ ആണിച്ചാൽ വീടിൻ്റെ മുറ്റത്തിൻ്റെ അരികിലൂടെ പോകുന്നുണ്ട്. വീടിൻ്റെ വടക്ക് ഭാഗത്തുള്ള ഈ ആണിചാൽ കടന്നു വേണം വീടിൻ്റെ മുറ്റത്തേക്ക് കയറുവാൻ. സന്ധ്യ വിളക്ക് വെച്ചാൽ കുളത്തിൽ കുളിക്കാനും അലക്കാനും അമ്മമ്മയുടെ അനുവാദം ഇല്ലാത്തതിനാൽ കുളത്തിൽ പരിസര വാസികളുടെ തിരക്കൊഴിഞ്ഞ നേരമില്ല.
കറുത്ത ഫ്രെയിം ഉള്ള കണ്ണടയും നെറ്റിയിൽ ഭസ്മ കുറിയുമായി അമ്മമ്മ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. ഞാൻ കുതറി വിശാലമായ മുറ്റവും കടന്നു പറമ്പിലേക്ക് ഓടി. വിശാലമായ മുറ്റത്തിനെ പറമ്പുമായി വേർതിരിക്കാൻ മൂന്ന് ഭാഗത്തായും ഇരുത്തി കെട്ടിയിരുന്നു. മുറ്റത്തിൻ്റെ മുൻപിലും ഇടത് വശത്തും രണ്ടു വലിയ വേപ്പ് മരം ഉണ്ട്. വേപ്പ് മരത്തിലെ അണ്ണാറ കണ്ണന്മാർ വിരുന്നുകാരനായെത്തിയ എന്നെ കണ്ടതും കലപില ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി.
വേപ്പ് മരം അമ്മമ്മയുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാണ്. എന്നും വേപ്പിൻ തണ്ട് കൊണ്ടാണ് പല്ല് തേപ്പ്. പോരാത്തതിന് വേപ്പില ചവച്ചരച്ച് തിന്നുന്ന ശീലവും ് ഉണ്ട്. കുട്ടികളായ ഞങ്ങളിൽ പരീക്ഷിക്കുന്നത് വേപ്പില അരചുരുട്ടി വെയിലത്ത് വെച്ച് ഉണക്കി ചോരുളയിൽ പൂഴ്ത്തി വെച്ച് വിഴുങ്ങാൻ തരുന്നതാണ്. അമ്മമ്മയിൽ നിന്നും കുതറി മാറി പറമ്പിലേക്ക് ഓടാനുള്ള കാരണം കഴിഞ്ഞ വരവിൽ മാവിൽ കെട്ടി തന്ന ഊഞ്ഞാൽ അവിടെ തന്നെ ഉണ്ടോ എന്നറിയാൻ വേണ്ടിയാണ്. അച്ഛനും അമ്മയും പെങ്ങളും ഇപ്പോഴും കുളത്തിനരികിൽ പരിചയക്കാരോട് കുശലം പറയുകയാണ്.
അമ്മമ്മയുടെ പേരുവിളിച്ചുള്ള നീട്ടി വിളികേട്ട് തിരിഞ്ഞു നോക്കുമ്പോൾ അതാ മുന്നിലൂടെ പോകുന്നു ഒരു കീരിയും രണ്ടു മക്കളും. എന്നെ കണ്ടിട്ടും അവരുടെ കൂസലില്ലായ്മ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും അമ്മമ്മയുടെ അന്തേവാസികൾ ആണല്ലോ. എന്നും പതിവ് തെറ്റിക്കാതെ ഉച്ചക്ക് പന്ത്രണ്ട് മണി ആകുമ്പേഴേക്കും വേപ്പ് മരത്തിൽ വന്നിരിക്കുന്ന ബലി കാക്കയാണ് അമ്മമ്മയുടെ മറ്റൊരു അന്തേവാസി. ചോറ് വെച്ചു വാർത്തത്തിന് ശേഷം അതിൽ നിന്നും വലിയൊരു ഉരുള ആക്കി എടുത്തു മുറ്റത്തെ ഇരുത്തിയില് കൊണ്ട് വെച്ച് കാ കാ. എന്ന് വിളിക്കുമ്പോൾ വേപ്പ് മരത്തിൽ നിന്നും പതിയെ പറന്നു വന്ന് ചോറുരുളയും കൊക്കിലാക്കി ദൂരേക്ക് പറന്നു പോകും. മരണപ്പെട്ടവരുടെ ആത്മാക്കൾ ബലി കാക്കകളായി പുനർജനിച്ചു ഇഷ്ട്ടപെട്ട ആളുകളുടെ അടുത്തേക്ക് വരുമെന്ന കഥയാണ് അമ്മ അമ്മമ്മ ബലിക്കാക്കക്ക് ചോരുള കൊടുക്കുന്നതിനുള്ള എൻ്റെ ചോദ്യത്തിന് ഉത്തരമായി നല്കിയത്.
അച്ഛനും അമ്മയും കോലായിൽ കയറിയ ഉടൻ തന്നെ അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന അനിയത്തിയെ അമ്മമ്മ പിടിച്ച് വാങ്ങി ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എനിക്കാണെങ്കിൽ ഊഞ്ഞാൽ കാണാത്ത വിഷമവും.
നീളത്തിലുള്ള കോലായിൽ ചുമരിൻ്റെ അരികിലായി വിരുന്നുകാർക്കായി ഒതുക്കിയിട്ട മേശയിൽ ചായയും പലഹാരവും കൊണ്ടുവെച്ചപ്പോൾ ആകാംക്ഷയോടെ നോക്കിയ എനിക്കു നിരാശ ആയിരുന്നു ഫലം. പതിവു തെറ്റിക്കാതെ ഇന്നും ഒരു പ്ലേറ്റിൽ നേന്ത്രപ്പഴം തൊലികളഞ്ഞ് വട്ടത്തിൽ മുറിച്ച് മുകളിൽ കുറച്ച് പഞ്ചസാര വിതറിയതും, അടുത്തപ്ലേറ്റിൽ അവലും, അവലിനെ പൂർണമായും മൂടിക്കൊണ്ട് ചിരകിയ തേങ്ങയും അതിനു മുകളിൽ പഞ്ചസാര വിതറിയതും ആയിരുന്നു.
കൈ കഴുകാനായി വീടിൻ്റെ പിന്നിലെ കിണറ്റിൻ കരയിലേക്ക് ഓടിയ ആദ്യം തന്നെ എൻ്റെ കണ്ണിൽ പതിഞ്ഞത് കിണറിനോട് ചേർന്ന കുളിമുറിയുടെ ചുമരിൽ കഴിഞ്ഞ വരവിൽ കരിക്കട്ട കൊണ്ട് ഞാൻ വരച്ച ഒരു കുഞ്ഞു വീടിൻ്റ്ചിത്രം ആയിരുന്നു. കുളിമുറിയിൽ ഉണങ്ങിയ തെങ്ങോല കത്തിച്ചുള്ള പുക മണം വ്യാപിച്ചിരുന്നു. അകത്തെ മൂലയിൽ ഉയർത്തി കെട്ടിയ തിണ്ണയിൽ ഒരു അടുപ്പും ഉണ്ട്. വെള്ളം ചൂടാക്കി കുളിക്കുന്നതാണ് അമ്മമ്മയുടെ രീതി.
രണ്ട് പടവ് മാത്രം ആഴമുള്ള ഒരു ചെറിയ കിണറാണ്. കിണറിലെ വെള്ളം എത്തി നോക്കാനുള്ള എൻ്റെ ആഗ്രഹം അമ്മ മുളയിലേ നുള്ളി കളഞ്ഞിരുന്നു. അത് കൊണ്ട് ആ ആഗ്രഹം മാറ്റിവെച്ച് കൈ കഴുകി ഞാൻ കോലായി യിലേക്ക് തിരിഞ്ഞു നടന്നു.
അച്ഛൻ ആപ്പോഴേക്കും അകത്തെ ചുമരിലെ കൊക്കയിൽ ഷർട്ട് ഊരിവെച്ച് ചായ കുടിക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. ഡ്രസ്സ് മാറി അമ്മയും വന്നിരുന്നു. അനിയത്തി കോലായിൽ ഓടിക്കളിക്കാൻ തുടങ്ങി. അച്ഛനെ ചുറ്റി പറ്റി പമ്മി നിന്ന എനിക്കായി രണ്ട് കഷണം നേന്ത്ര പഴം നീട്ടി. ഞാൻ അതു സ്നേഹത്തോടെ വാങ്ങി കഴിച്ചു.
അമ്മയുടെ കണ്ണ് വെട്ടിച്ച് ശബ്ദം ഉണ്ടാക്കാതെ കോണി പടി കയറി ഞാൻ മുകൾ നിലയിലേക്ക് കയറി. ആൾപെരുമാറ്റം ഇല്ലാത്തതിനാൽ രണ്ടു കിടപ്പ് മുറികളും ആകെ അലങ്കോലമായി കിടക്കുന്നുണ്ട്. തട്ടിൻ പുറത്തെ അന്തേവാസികൾ എൻ്റെ വരവിൽ പ്രകോപിതരായി നാലുപാടും ഓടിക്കളിച്ചുകൊണ്ടിരുന്നു. കോണിപ്പടി കയറി എത്തുന്ന ഹാളിൽ നിന്നും പുറത്തേക്കുള്ള ജാലകം തുറന്നപ്പോൾ നല്ല പടിഞ്ഞാറൻ കാറ്റ് എന്നെ തഴുകി തലോടി കടന്നു വന്നു. ജാലകത്തിനരികിൽ നിന്നും പുറത്തേക്കുള്ള കാഴ്ച എന്നിൽ എപ്പോഴും വിസ്മയം തീർത്തിരുന്നു. അങ്ങ് ദൂരെ നീല കടൽ എൻ്റെ കാഴ്ചകളുടെ സമാന്തരമായി നിലകൊണ്ടു. തീരത്തെ പുൽകാനായി കൊതിക്കുന്ന തിരയുടെ താരാട്ട് കാതിന് ഇമ്പമുള്ള സംഗീതമായി പൊഴിഞ്ഞു വന്നു.
അമ്മമ്മയുടെ നീട്ടി വിളി വീണ്ടും കാതിൽ മുഴങ്ങി. ഞാൻ പതുക്കെ മര കോണിയുടെ കൈവരി പിടിച്ചു താഴോട്ട് ഇറങ്ങി. അച്ഛനപ്പോൾ മീൻ വാങ്ങിക്കാൻ കടപ്പുറത്തേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. കൂടെ പോകാനായി ഞാനും മുന്നിട്ടിറങ്ങി.
വന്ന വഴി തിരിച്ചു നടന്നു കടപ്പുറത്തേക്ക് പോകുന്ന വഴിയിലൂടെ മുന്നോട്ട്. കടലോരം എത്തുമ്പോഴേക്കും വഴി പലരുടെയും വീട്ട് മുറ്റമായി മാറി. പരിചയമുള്ള പലരും അച്ഛനോട് കുശലം പറയുന്നുമുണ്ട്. വീട്ട് മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന മീനിൻ്റെ ചീഞ്ഞ മണം എന്നെ ചെറുതായി അലോസരപെടുത്തികൊണ്ടിരുന്നു.
വള്ളം അടുപ്പിക്കുന്ന കടൽ ഭിത്തി കെട്ടാത്ത തുറസ്സായ സ്ഥലത്തേക്ക് ഞങ്ങൾ മണൽ പരപ്പിലൂടെ നടന്നു നീങ്ങി. മണലിൽ കാലുകൾ ആഴ്ന്നിറങ്ങുന്നത് കാരണം നടത്തം കുറച്ച് ദുഷ്കരമായിരുന്നു. മീൻ പിടുത്തം കഴിഞ്ഞു തിരിച്ചെത്തിയ രണ്ടു മൂന്ന് വള്ളങ്ങൾ മണൽ പരപ്പിൽ ചാഞ്ഞും ചരിഞ്ഞും കിടപ്പുണ്ട്. കുറച്ച് പേർ തണലത്ത് മാറിയിരുന്നു ശീട്ട് കളിക്കുന്നു. പതിനൊന്നു മണി സമയം ആയത് കാരണം കടപ്പുറത്ത് വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചെറിയ കുടിലിരുന്നു പ്രായമേറിയ രണ്ടുപേർ മീൻപിടയ്ക്കാനുള്ള വല തുന്നികൊണ്ടിരിക്കുന്നു.
കടലിനെ തൊട്ട് നിൽക്കുന്ന നീലാകാശ തതിൽ കാക്കകളും പരുന്തുകളും വട്ടമിട്ട് പറക്കുന്നു. തിരയുടെ തലോടലിനായി അച്ചൻ്റെ കൈ പിടിച്ച് കടലിലേക്ക് ഇറങ്ങി. കാലിനടിയിലെ മണൽ പിഴുതെടുത്ത് കൊണ്ട് തിര അതിൻ്റെ കുസൃതികൾ തുടർന്ന് കൊണ്ടിരുന്നു. ദൂരെ ഒരു കറുത്ത പൊട്ടുപോലെ കണ്ടിരുന്ന വള്ളം അതിൻ്റെ സ്വാഭാവിക രൂപം പൂണ്ട് തിരമാലകളെ കീറിമുറിച്ച് കൊണ്ട് വേഗത്തിൽ കരയോടെ അടുത്തുകൊണ്ടിരുന്നു. വലിയൊരു തിരയോടൊപ്പം വള്ളം തീരത്തഞ്ഞു. പങ്കായം കൊണ്ട് ആഞ്ഞു തുഴഞ്ഞിരുന്ന രണ്ടുപേർ കരയിലേക്ക് ചാടി ഇറങ്ങി വള്ളത്തെ പിടിച്ചുനിർത്താൻ ശ്രമിച്ച് കൊണ്ടിരുന്നു. അപ്പോള് കരയിലുള്ള രണ്ടുമൂന്നു പേര് നീളത്തിലുള്ള ഒരു മരത്തിൻ്റെ തണ്ടും കയറുമായി വള്ളത്തിനരികിലേക്ക് നീങ്ങി. വള്ളത്തിൻ്റെ മുൻഭാഗത്തായി തണ്ട് കെട്ടിവച്ച് കുറച്ചുപേർ തങ്ങളുടെ ചുമിലിൽ തണ്ട് താങ്ങായി നിർത്തി ഏലെസ്സ പാടി വള്ളത്തെ മണൽ പരപ്പിലൂടെ മുന്നോട്ട് വലിച്ചു കൊണ്ടുപോയി. കരയിൽ ഉണ്ടായിരുന്ന എല്ലാവരും വള്ളത്തെ പൊതിഞ്ഞു. ചില വിരുതന്മാർ വള്ളത്തിൽ കയ്യിട്ട് മീൻ വാരി ഓടുന്നു. അവരെ ഓടിക്കാൻ പിന്നാലെ വള്ളത്തിൽ വന്നവരും. മീൻ കൊത്തി പറക്കാൻ തക്കം പാർത്ത് കൊണ്ട് കാക്കകളും വട്ടമിട്ട് പറക്കുന്നുണ്ട്. എന്നെ ഒരുഭാഗത്തായി നിർത്തി വള്ളത്തിന് ചുറ്റും കൂട്ടംകൂടി നിൽക്കുന്നവരുടെ ഇടയിൽ കൂടെ പോയി ഒരു സഞ്ചി നിറയെ മീനുമായി അച്ഛൻ തിരിച്ച് വന്നു. ഉച്ചവെയിലിൻ്റെ ചൂടു കൂടുന്നതിന് മുൻപായി ഞങ്ങള് തിരിച്ച് വീട്ടിലേക്ക് നടന്നു.
മീൻ കറിയിൽ ഇലുവ താളിച്ചതിൻ്റെ മണം വീട് മുഴുവൻ പരന്നപ്പോൾ തന്നെ അമ്മമ്മയുടെ കൈപുണ്ണ്യത്തിൻ്റെ രുചിയോർമ്മ വായിൽ വെള്ളം നിറച്ചു. നല്ല എരിവുള്ള മീൻ കറി കൂട്ടി ചോറ് കഴിച്ച് അച്ഛൻ ഉച്ചയുറക്കത്തിൻ്റെ ആലസ്യത്തിലേക്ക്. അമ്മയും അമ്മമ്മയും നാട്ടു കാര്യങ്ങളുടെ ചർച്ചയിലേക്കും. ഞാൻ ആണെങ്കിൽ അമ്മമ്മയുടെ കണ്ണ് വെട്ടിച്ച് മുറ്റത്തിറങ്ങി ചുറ്റുപാടുമുള്ള നിരീക്ഷണം തുടങ്ങി.
അസ്തമയ സൂര്യൻ്റെ കിരണങ്ങൾ വേപ്പ് മരത്തിൻ്റെ ഇലകൾക്ക് ഇടയിലൂടെ വീടിൻ്റെ ചുമരിൽ പതിച്ചപ്പോൾ വിവിധ തരത്തിലുള്ള നിഴൽ രൂപങ്ങൾ വെള്ള തേച്ച ചുമരിൽ പ്രത്യക്ഷമായി. മിനിറ്റുകൾ മാറുംതോറും രൂപങ്ങളിൽ വരുന്ന മാറ്റം എന്നിൽ കൗതുകം ഉണർത്തി. അടുത്തുള്ള പള്ളിയിൽ നിന്നുമുള്ള ബാങ്ക് വിളി അച്ഛനെ ഉച്ചമയക്കത്തിൽ നിന്നും ഉണർത്തി. ഉമ്മറത്തേക്ക് അച്ഛൻ വന്നതിനു പിന്നാലെ അടുക്കളയിൽ നിന്നും കട്ടൻ ചായയും നല്ല ചൂട് നെയ്യപ്പവും മേശമേൽ നിരന്നു. അടുക്കളയിൽ അമ്മമ്മ ചുട്ടെടുക്കുമ്പോൾ തന്നെ ചൂടോടെ ഞാൻ ഒരു നെയ്യപ്പം അകത്താക്കി കഴിഞ്ഞിരുന്നു
അച്ഛൻ ഷർട്ട് ധരിച്ച് ബട്ടൻസ് ഇട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. ഞങ്ങളെ ഇവിടെ നിർത്തി അച്ഛൻ തിരിച്ച് പോവുകയാണെന്നുള്ള കാര്യം. ഞാൻ ഒന്നും ആലോചിക്കാതെ അകത്തേക്ക് ഓടി അമ്മയോട് എൻ്റെ ഷർട്ടും ട്രൗസറും എടുത്തു തരാൻ വേണ്ടി പറഞ്ഞെങ്കിലും അമ്മ ആ കാര്യം നിരസിച്ച് കൊണ്ട് അച്ഛൻ ടൗണിൽ പോകുകയാണെന്നും ഉടനെ തിരിച്ച് വരുമെന്നും പറഞ്ഞു.
അച്ഛൻ എപ്പോഴും എന്നോട് കളവ് പറയാൻ ശ്രമിക്കാറില്ല. അതുകൊണ്ട് തന്നെ എൻ്റെ ശ്രദ്ധ മാറുന്ന സമയം നോക്കി യാത്ര പറയാതെ തന്നെ പോവുകയാണ് പതിവ്. അച്ഛൻ പോയി കഴിഞ്ഞാൽ കുറെ സമയം സങ്കടത്താൽ മൂകമായിരിക്കുന്നതാണ് എൻ്റെ ശീലം. ഞാൻ അകത്തേക്ക് മാറിയ നേരം നോക്കി പോകാനായ് മുറ്റത്തിറങ്ങി നടന്നു നീങ്ങി. പുറത്തിറങ്ങിയ ഞാൻ കണ്ടത് എൻ്റെ കണ്ണിൽ നിന്നും മാഞ്ഞ് പോകുന്ന അച്ഛനെയാണ്.
അലറി വിളിച്ചു കൊണ്ട് ഞാൻ പിന്നാലെ ഓടി..
എൻ്റെ അലർച്ച കേട്ട് ഉറക്കത്തിലേക്ക് വീണ്ടും വഴുതിയ രഞ്ജിത് എന്ത് പറ്റിയെന്ന് ചോദിച്ച് ചാടി എഴുന്നേറ്റ് എൻ്റെ കട്ടിലിനരികിലേക്ക് വന്നു. ഞാൻ ആണെങ്കിൽ സ്ഥലകാല ബോധം ഇല്ലാതെ നിശ്ചലമായ അവസ്ഥയിലും. ഞാൻ അച്ഛൻ്റെ ഓർമകളുടെ കൂടെ നടക്കുകയാണെന്ന കാര്യം രഞ്ജിത്തിന് മനസിലായി. ഫ്രിഡ്ജിൽ നിന്ന് ഒരു ബോട്ടിൽ വെള്ളമെടുത്ത് കുടിക്കാനായി എൻ്റെ നേരെ നീട്ടി. ഞാൻ അതു വാങ്ങി ദാഹം തീരുന്നത് വരെ കുടിച്ചു…
രാജേഷ് സി സി.

