എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച പുസ്തകമാണ് ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ” വിചാരവിപ്ളവം”. എൻ്റെ പ്രിയ പുസ്തകവും.
വർഷങ്ങൾക്കു മുൻപുള്ള കാലം. ശരിക്കും പറഞ്ഞാൽ അമ്പത് വർഷങ്ങൾക്ക് മുൻപാണ് ആ പുസ്തകം ആദ്യമായി വായിക്കുന്നത്.
കുട്ടിക്കാലം മുതൽ വായന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. അന്നൊക്കെ ഒരു പുസ്തകം കിട്ടുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നോ അല്ലെങ്കിൽ നാട്ടിൻപുറത്തെ വായനശാലയിൽ നിന്നും ആയിരിക്കും. സ്കൂളിൽ ഏതെങ്കിലും ഒരു ബാലസാഹിത്യപുസ്തകം കിട്ടിയാൽ പിന്നെ ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞേ വേറെ ഒരെണ്ണം മാറ്റിത്തരുകയുള്ളൂ. കാരണം കുട്ടികൾ അധികം വായിക്കുകയില്ല. ടീച്ചർമാർക്ക് അവയെടുത്തു തരാൻ നേരവുമില്ല.
എനിക്ക് കൂടുതൽ ഇഷ്ടമുണ്ടായിരുന്ന പുസ്തകങ്ങൾ എന്നിട്ടും വായിച്ചിരുന്നു. പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ, മനസ്സറിയും യന്ത്രം തുടങ്ങിയവ, കെ. വി. രാമനാഥന്റെ വികൃതിഗോപിയുടെ അത്ഭുത യാത്ര, അത്ഭുതവാനരൻമാർ, അപ്പുകുട്ടനും ഗോപിയും, കണ്ണുനീർ മുത്തുകൾ നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം തുടങ്ങിയവ സ്കൂളിൽ നിന്നും വായിക്കാൻ കഴിഞ്ഞു.
എൻ്റെ അമ്മയാണെങ്കിൽ ധാരാളം വായിക്കുകയും കഥ പറഞ്ഞു തരുകയും ചെയ്തിരുന്നു. അമ്മ വീടിനടുത്തുള്ള ഗ്രാമീണ വായനശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ ഞാനും വായിക്കാറുണ്ട്. അമ്മയാണെങ്കിൽ എല്ലാ ദിവസവും വായനശാലയിൽ പോയി പുസ്തകങ്ങൾ എടുത്തു വരും. രാത്രിയിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ആണ് വായന. അഞ്ഞുറും അറുന്നൂറും പേജുള്ള പുസ്തകങ്ങളൊക്കെ ഒറ്റ രാത്രി കൊണ്ട് അമ്മ വായിച്ചു തീരും. അതോടൊപ്പം ഞാനും വായിക്കുമായിരുന്നു.
മുട്ടത്തുവർക്കി, കാനം ഈ. ജെ, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരുടെ നോവലുകളിൽ നിന്നും തുടങ്ങിയ വായന എംടി വാസുദേവൻ നായർ, തകഴി ശിവശങ്കരപ്പിള്ള, എസ്കെ പൊറ്റേക്കാട്ട്, എം. മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സേതു, ഉറൂബ്, കാരൂർ നീലകണ്ഠപ്പിള്ള, മലയാറ്റൂർ രാമകൃഷ്ണൻ, പി. വത്സല, മാധവിക്കുട്ടി, സക്കറിയ തുടങ്ങിയ എഴുത്തുകാരുടെ കൃതികളിൽ എത്തി. ശരിക്കും ആ വായനശാലയിലെ ആയിരക്കണക്കിന് പുസ്തകങ്ങൾ മുഴുവൻ വായിച്ചു തീർത്തു.
പത്താം ക്ലാസ് കഴിഞ്ഞസമയത്താണ് വായനയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പ്രിയപ്പെട്ട സുഹൃത്തായ രഘുത്തമൻ ഒരുമിച്ച് പത്താം ക്ലാസ് വരെ ഒരേ ക്ലാസിൽ പഠിച്ചതാണ്. അവനാണെങ്കിൽ പുസ്തകങ്ങൾ വായിക്കുന്നത് എന്നെപ്പോലെ എല്ലാം ഒന്നുമല്ല. അത് കൊണ്ട് തന്നെ നോൺ ഫിക്ഷൻ കൃതികൾ വായിക്കാൻ മറ്റൊരു ലൈബ്രറി അന്വേഷിച്ചു കണ്ട് പിടിച്ചു. നാട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള എസ്. എൻ. ലൈബ്രറി. പ്രശസ്തനായ സി. ആർ. കേശവൻവൈദ്യരുടെ എസ് എൻ ട്രസ്റ്റ് നടത്തുന്ന വലിയ ഒരു പബ്ളിക് ലൈബ്രറി ആണ് അത്. വിവേകോദയം പബ്ളിക്കേഷൻ എന്ന ഒരു പ്രസിദ്ധീകരണശാലയുമുണ്ട്. ശ്രീ. എസ്. കെ. പൊറ്റേക്കാട്ടിന്റെ സഞ്ചാരസാഹിത്യം വിവേകോദയമാണ് പുറത്തിറക്കിയത്. അതിന്റെ പ്രകാശനകർമം നിർവ്വഹിച്ചത് അന്നത്തെ രാഷ്ട്രപതി ശ്രീ. വി. വി. ഗിരിയായിരുന്നു. എസ്കെ. പൊറ്റേക്കാട്ടിനേയും മറ്റ് പല സാഹിത്യകാരന്മാരേയും അന്ന് കാണാനും കഴിഞ്ഞു.
അവിടെ നിന്നും ഏറ്റവും ആദ്യം എടുത്ത പുസ്തകം ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ “വിചാര വിപ്ലവം”, ശ്രീ പവനന്റെ “യുക്തിവിചാരം ” എന്നിവയാണ്. രഘു തന്നെയാണ് അവ എടുത്തു കൊണ്ട് വന്നത്.
ആദ്യമായാണ് ഒരു ലേഖനസമാഹാരം വായിക്കുന്നത്. കുറ്റിപ്പുഴ കൃഷ്ണപിള്ള എന്ന പേര് തന്നെ കേൾക്കുന്നത് ആദ്യമായാണ്.
എന്നാൽ വെറുമൊരു വായനയായിരുന്നില്ല അത്. നോവലോ കഥയോ അല്ലല്ലോ, വേഗത്തിൽ ഓടിച്ചു വായിക്കാൻ. അത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയാണ് വായിച്ചത്.
ഒരു പുസ്തകം ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നും. പക്ഷെ സത്യമാണ്. അതിലെ ഓരോ വാക്കുകളും എൻ്റെ വിചാരത്തിന്റെ വിപ്ളവം തന്നെയായിരുന്നു.
അതിന് മുമ്പ് യുക്തിചിന്ത യെക്കുറിച്ച് കേട്ടിട്ടുണ്ട് എങ്കിലും അതിനെക്കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ അടുത്ത് ഇരിങ്ങാലക്കുടയിൽ യുക്തിവാദി ആചാര്യനായ ശ്രീ. എംസി. ജോസഫ് താമസിച്ചിരുന്ന വീട് കണ്ടിട്ടുണ്ട്, അദ്ദേഹത്തെ കണ്ടിട്ടുണ്ട് അതാണ് ആ തത്വചിന്തയുമായി ആകെ പരിചയം.
പക്ഷേ ഈ പുസ്തകം വായിച്ചപ്പോൾ ആണ് ജനിച്ചത് മുതൽ ഇത്രയും കാലം അറിഞ്ഞതും കേട്ടതും, മനസ്സിലാക്കിയതും ഒന്നും സത്യമല്ല, വെറും മിഥ്യയാണ് എന്ന്.
വർഷങ്ങൾക്കു മുൻപ് വായിച്ചതാണ്, അതിലെ വിശദമായ കാര്യങ്ങൾ വഴിയ്ക്ക് വഴി പറയാൻ കഴിയില്ല എങ്കിലും അതിലെ ചിന്താഗതി സാധാരണ നിലയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ എങ്ങനെയാണ് അവരുടെ ചിന്തകളും, പ്രവർത്തികളും മുന്നോട്ട് കൊണ്ട് പോകുന്നത്! അവരൊക്കെ അന്ധവിശ്വാസങ്ങൾ ആണ് വിശ്വസിക്കുന്നത്. അനാചാരങ്ങൾ ആണ് പ്രവർത്തിക്കുന്നത്. അതെന്ത് കൊണ്ട് അങ്ങനെ പാടില്ല, മറിച്ച് എങ്ങനെ ആയിരിക്കണം എന്നാണ് വിശദമായി പറയുന്നത്.
ചെറുപ്പം മുതൽ നാം നമ്മുടെ അച്ഛനമ്മമാർ, ബന്ധുക്കൾ, സമൂഹം, പറയുന്നത് കേട്ട് ചോദ്യം ചെയ്യാതെ അനുസരിക്കുകയാണല്ലോ പതിവ്. അതിൽ സത്യം ഏത് മിഥ്യ ഏത് എന്നൊന്നും ആരും ചിന്തിക്കാറില്ല.
മതവും ജാതിയും ദൈവവും എല്ലാം നമ്മുടെ ജീവിതത്തിൽ എത്രയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നമുക്കറിയാം. സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളും ആചാരങ്ങളും അത്ര പെട്ടെന്ന് മാറ്റാൻ എളുപ്പമല്ല. ആരും അതിന് സമ്മതിക്കുകയുമില്ല.
ദൈവഭക്തനും അതിരറ്റ വിശ്വാസിയുമായ ഒരാൾ ഒരു സുപ്രഭാതത്തിൽ യുക്തിവാദിയും നിരീശ്വരവാദിയും ശാസ്ത്രം പറയുന്നത് മാത്രം കേട്ടു നടക്കുന്നവനുമായി മാറുക എന്നത്, പരിണാമത്തേക്കാൾ അവിശ്വസനീയമാണ്.
യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചോദ്യം ചെയ്യുക. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയ്ക്ക് എതിരെ സംഘടിക്കുക, ശാസ്ത്രപ്രചാരകരാവുക എന്നിവയൊക്കെ തുടങ്ങാൻ ഈ പുസ്തകം കാരണമായി.
പുസ്തകങ്ങൾ വായിച്ചതോടെ പലരും അതിൽ ആകൃഷ്ടരായി ഞങ്ങളുടെ കൂടെ കുറച്ച് കൂട്ടൂകാർ ഒരേ ചിന്താഗതി അനുസരിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു. അക്കാലത്ത് ഗ്രഹണം വരുമ്പോൾ ആരും പുറത്തിറങ്ങില്ലസ്കൂളും സ്ഥാപനങ്ങളുംകടകളും അമ്പലങ്ങളും മറ്റ് ആരാധനാലയങ്ങൾ വരെ അടച്ചു. ഭക്ഷണം കഴിക്കാൻ പാടില്ല, എല്ലാം കഴിഞ്ഞ് കുളിച്ച് എല്ലാം വെള്ളത്തിൽ മുക്കി കൊണ്ട് വരണം. ഇവയെല്ലാം എതിർത്തു കൊണ്ട് ഞങ്ങൾ കുറച്ചു പേർ ആ ഗ്രഹണ സമയത്ത് പുറത്തിറങ്ങി എല്ലാവരേയും വെല്ലുവിളിച്ചു. ഗ്രഹണം എന്താണെന്ന് സ്റ്റഡി ക്ലാസ് എടുത്തു.
അമ്പലത്തിൽ അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. അവിടുത്തെ അമ്പലക്കമ്മറ്റിയിൽ എന്നെ അംഗമാക്കിയിരുന്നത് പരസ്യമായി വെല്ലുവിളി ഉയർത്തി രാജിവച്ചു.
നാട്ടിൽ പല പ്രശ്നങ്ങളും ഉണ്ടായെങ്കിലും അവയൊക്കെ തരണം ചെയ്തു. പലർക്കും ശാസ്ത്രക്ളാസുകൾ എടുത്ത് വിശദീകരിച്ചു. പല സമ്മേളനങ്ങളിലും പങ്കെടുത്തു. പല നേതാക്കളേയും ശാസ്ത്രപ്രചാരകരേയും കണ്ടു. ശരിക്കും ജീവിതം ആകെ മാറിയിരിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയാണ് അന്നും ഇന്നും. അതിനൊക്കെ വഴിമരുന്നിട്ടത് തീർച്ചയായും ശ്രീ. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ വിചാരവിപ്ളവം എന്ന ഈ പുസ്തകം തന്നെ. അത് കൊണ്ട് തന്നെ ഏറ്റവും പ്രിയപ്പെട്ടതുമാണ്.
ഈ ചിന്താഗതി വിശദമായി പറയുന്ന അദ്ധ്യായങ്ങൾക്ക് പുറമെ ലോകത്തിലെ പലയിടത്തും നടക്കുന്ന പല കാര്യങ്ങളും ഇതിൽ വിവരിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നടന്ന മനുഷ്യന്റെ ചിന്താ വിപ്ളവം. ലോകത്തിന്റെ മാറ്റം, എന്നിങ്ങനെ മനുഷ്യനാണ് പ്രധാനം എന്ന് തെളിയിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.
ആലുവ യു. സി. കോളേജ് പ്രൊഫസർ, കേരള സർവകലാശാല സെനറ്റ് അംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ്, യുക്തി വാദി സംഘം ഭാരവാഹി എന്നീ നിലകളിൽ ശ്രീ കുറ്റിപ്പുഴ കൃഷ്ണപിള്ള പ്രവർത്തിച്ചു. കാൾ മാർക്സിന്റെ ബൃഹത് ഗ്രന്ഥം “ദാസ് ക്യാപിറ്റൽ” ലെനിൻ്റെ കൃതികൾ എന്നിവ വിവർത്തനം ചെയ്തു. ( ജീവിതകാലഘട്ടം_1900 ആഗസ്റ്റ് 1_1971ഫെബ്രുവരി 11).
ഈ പുസ്തകം വായിച്ചതിനു ശേഷം അനേകം പുസ്തകങ്ങൾ, കൂടുതലും ശാസ്ത്രസംബന്ധിയായവയും സാഹിത്യഗ്രന്ഥങ്ങളും, ലോകക്ളാസിക്കുകളും വിജ്ഞാനപ്രദങ്ങളുമായവ ആയിരുന്നു. അത് പോലെ അവിടെ ഇരുന്നു മാത്രം വായിക്കാവുന്ന റെഫറൻസ് ഗ്രന്ഥങ്ങൾ, എൻസൈക്ലോപീഡിയകൾ, ദാസ് ക്യാപിറ്റൽ തുടങ്ങിയവ അടക്കം വായിക്കാൻ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണ്.
#കൂട്ടക്ഷരങ്ങൾ
#എൻ്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_പ്രിയപുസ്തകം
#രചന_രാമചന്ദ്രൻടിവി

