മനുഷ്യരേ,
നിങ്ങൾ കൂട്ടം ചേർന്നും അല്ലാതെയും ആക്രമിച്ച മനുഷ്യരെ ഓർമ്മയുണ്ടോ?
നിങ്ങൾ കൊടുത്ത മുറിവുകളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ചോരയും അസഹനീയമായ വേദനയും ജീവിതകാലം മുഴുവൻ പേറുന്ന മനുഷ്യരെ ഓർക്കാറുണ്ടോ?
അവർക്ക് ഒരു ഹൃദയമുണ്ടെന്നും അതിന് വേദനിക്കുമെന്നും നിങ്ങൾ മറന്നുപോയതാണോ?
ഊതിയുണക്കി, ഒന്നെഴുന്നേറ്റു വരുമ്പോഴേക്കും അടുത്തൊരു വല വിരിച്ച് കാത്തിരിക്കുന്ന നിങ്ങളോട്, തരണം ചെയ്യലുകൾ അത്രയേറെ എളുപ്പമാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.
പൊട്ടിപ്പോകുന്ന ഹൃദയത്തെയും വാരിപ്പിടിച്ച് മുന്നോട്ട് നടക്കേണ്ടി വരുന്നവരെ കാണുമ്പോൾ, നിങ്ങളിൽ പുച്ഛമാണോ ഉണരുന്നത്?
“ഇനിയൊരു ഉയിർപ്പ് ഉണ്ടാവില്ല” എന്ന് ആണിയടിച്ച് ഉറപ്പിച്ച് ചിരിക്കുമ്പോൾ, ജീവിച്ചേ പറ്റൂ എന്ന ഒറ്റക്കാരണത്താൽ മാത്രം ജീവൻ തിരികെ പിടിച്ച് എഴുന്നേൽക്കുന്നവരെ ഏത് അളവുകോൽ കൊണ്ടാണ് നിങ്ങൾ അളക്കുന്നത്?
മുറിവേറ്റ മനുഷ്യരെ വീണ്ടും വീണ്ടും മുറിപ്പെടുത്താതെ ഇരിക്കുന്നതും വെറുതെ വിടുന്നതും ഒരു പുണ്യമാണ്.
കാലവും ദൈവവും നിങ്ങളോട് ക്ഷമിക്കട്ടെ..!
_ട്വിങ്കിൾ സുഗതൻ_
