ആറ്റുകാലിൽ വാടകവീട്ടിൽ ജീവനൊടുക്കിയ ആരതിയുടേത് ആത്മഹത്യയല്ല. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുള്ള കൊലപാതകമാണ്. ആരതിയെ ഭർത്താവ് അതുൽ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നുണ്ട് എന്നറിഞ്ഞിരുന്നിട്ടും മൗനം പാലിച്ച ആരതിയുടെ വീട്ടുകാർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട്.
എന്റെ വാക്കുകൾ ഒരുപക്ഷേ ക്രൂരമായിപ്പോയി എന്ന് തോന്നാം. എന്നാൽ മകൾ, ഭർതൃവീട്ടിൽ താൻ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതെ മകളുടെ വായടപ്പിക്കാൻ മത്സരിച്ച മാതാപിതാക്കളെക്കുറിച്ച് വേറെന്താണ് പറയേണ്ടത്? തങ്ങൾക്ക് മകൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു എന്ന് ആരതിയുടെ മാതാപിതാക്കൾ വ്യക്തമാക്കുന്നുണ്ട്.
ഒന്നര വർഷം മുൻപായിരുന്നു ആരതിയും അതുലും തമ്മിലുള്ള വിവാഹം. വാഹനങ്ങളുടെ സിസി പണം പിരിക്കുന്ന ജോലിയുള്ള അതുൽ, ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആരതിയുമായുള്ള വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ അതുൽ ശാരീരികമായും മാനസികമായും ആരതിയെ പീഡിപ്പിക്കാൻ തുടങ്ങി. മരിക്കുമ്പോൾ പതിമൂന്ന് മുറിവുകൾ ആരതിയുടെ ദേഹത്തുണ്ടായിരുന്നു. കൂടാതെ, മുൻപുണ്ടായ മുറിവുകൾ കരിഞ്ഞുണങ്ങിയ പാടുകളും ആരതിയുടെ ശരീരത്തിലുണ്ടായിരുന്നു. ആരതിയെ അതുൽ ഉപദ്രവിച്ചതിന്റെ ഫോട്ടോകളും മറ്റു തെളിവുകളും ആരതിയുടെ മാതാപിതാക്കളുടെ കൈവശമുണ്ട്. ആരതിക്ക് വിവാഹത്തിന് വീട്ടുകാർ നൽകിയ 50 പവൻ സ്വർണം മാസങ്ങൾക്കുള്ളിൽത്തന്നെ ഇയാൾ വിറ്റുതുലച്ചിരുന്നു. കൂടാതെ, പണവും സ്വർണവും ചോദിച്ച് അതുൽ ആരതിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുൻപ്, അമ്മയ്ക്ക് വാട്സാപ്പിൽ തന്റെ ശരീരത്തിലെ മുറിവുകളുടെയും ചതവുകളുടെയും ഫോട്ടോസ് ആരതി അയച്ചിരുന്നു എന്ന് ആരതിയുടെ അമ്മ പറയുന്നുണ്ട്. കൂടാതെ, അമ്മയടക്കം പലരോടും താൻ അനുഭവിക്കുന്നതൊക്കെ തുറന്നുപറഞ്ഞിട്ടും ആരിൽനിന്നും പിന്തുണ ലഭിച്ചില്ല എന്നും ആരതിയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
മകൾ ഭർത്താവിനാൽ ക്രൂരമായി ദ്രോഹിക്കപ്പെടുന്നുണ്ട് എന്ന് അറിയാമായിരുന്നിട്ടും, ആ മകൾ മരിക്കേണ്ടിവന്നു. “മകളുടെ ഭർത്താവിനെ വെറുതെ വിടരുത്, അവൻ തികഞ്ഞ മദ്യപനും ക്രൂരനുമാണ്, അവന് മറ്റു സ്ത്രീകളുമായും ബന്ധമുണ്ട്” എന്നുമൊക്കെ ആ മാതാപിതാക്കൾക്ക് നിയമത്തോട് വിളിച്ചുപറയാൻ… ഇനിയിപ്പോൾ ഇവർ, ഇതുപോലെ മക്കളെ കൊലയ്ക്ക് കൊടുക്കുന്ന മറ്റ് മാതാപിതാക്കൾ സ്ഥിരമായി പറയാറുള്ളതുപോലെ ഒരു ഡയലോഗുമായി വരും: _”അവനെ വെറുതെ വിടരുത്. ഞങ്ങൾക്ക് മകൾ പോയി. ഇനിയൊരു മാതാപിതാക്കൾക്കും ഈ ഗതി വരാത്ത രീതിയിൽ അവന് ശിക്ഷ കൊടുക്കണം.”
സ്വന്തം മകൾ ഇത്രയധികം ദ്രോഹിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞിട്ടും ആ കുട്ടിയെ സംരക്ഷിക്കാതെ മരിക്കാൻ വിട്ടുകൊടുത്തവരാണ് മറ്റ് പെൺകുട്ടികൾക്ക് നീതി വാങ്ങിക്കൊടുക്കാൻ പോകുന്നത്. ഇതുപോലെ മനോഭാവമുള്ള മാതാപിതാക്കളുള്ള സമൂഹത്തിൽ ഇത്തരത്തിലുള്ള ദുരന്തങ്ങളൊക്കെ എങ്ങനെ അവസാനിക്കാൻ?. നമുക്ക് ഇനിയും എണ്ണാം… ഉത്ര, അർച്ചന, തുഷാര, കൃതി, വിസ്മയ, വിപഞ്ചിക… ആ കൂട്ടത്തിലേക്ക് ഇപ്പോൾ ഒരു ആരതി കൂടി.
ഓരോ പെൺകുട്ടി മരണപ്പെടുമ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന പ്രതിഷേധ പോസ്റ്റുകൾക്കപ്പുറം വേറൊരു മാറ്റവും സമൂഹത്തിൽ ഉണ്ടാകുന്നില്ല എന്നത് എത്ര സങ്കടകരമാണ്. ഇതുപോലുള്ള കേസുകളിൽ നിയമങ്ങൾ കൂടി ശക്തമാകേണ്ടിയിരിക്കുന്നു എന്നുകൂടി പറയാതെ വയ്യ. മുൻപുണ്ടായ സമാനമായ പല കേസുകളിലെയും പ്രതികൾ ഇപ്പോഴും സമൂഹത്തിനുമുന്നിൽ വിലസുന്നത്, ഒരർത്ഥത്തിൽ അതുലിനെപ്പോലുള്ള ക്രൂരന്മാർക്ക് പ്രോത്സാഹനമാണ്. ഇവർക്കൊക്കെ തക്കതായ ശിക്ഷ കിട്ടിയാൽ, പേടികൊണ്ടെങ്കിലും ഇതുപോലുള്ളവർ ഒന്നൊതുങ്ങിയേനെ.
ഒന്നുകൂടി — കൈയിലുള്ളതൊക്കെ വിറ്റുപെറുക്കിയും, കിട്ടുന്നിടത്തുനിന്നുമൊക്കെ കടം വാങ്ങിയും “വിവാഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം” എന്ന തരത്തിൽ വിവാഹമാമാങ്കം നടത്തി മക്കളെ ഇറക്കിവിട്ട് കടമ തീർക്കാതെ… സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി, ഒത്തുപോകാൻ സാധിക്കാത്ത ബന്ധങ്ങളിൽനിന്ന് ഇറങ്ങിപ്പോരുക എന്നത് വളരെ നോർമലായൊരു കാര്യമാണെന്നും, വിവാഹം ജീവിതത്തിന്റെ ഒരു ചാപ്റ്റർ മാത്രമാണെന്നും പറഞ്ഞുകൊടുത്ത് വളർത്താനായാൽ, വിവാഹത്തിന്റെ പേരിൽ നടക്കുന്ന ഇതുപോലുള്ള മനുഷ്യബലികൾക്ക് ഒരു അവസാനം ഉണ്ടാകും.
ആൺമക്കളുള്ള മാതാപിതാക്കളോടാണ്, “പെണ്ണെന്നാൽ നിങ്ങൾക്ക് ഇഷ്ടത്തിന് തട്ടിക്കളിക്കാനുള്ള കളിപ്പാട്ടമല്ല എന്ന് ആൺമക്കൾക്ക് പറഞ്ഞുകൊടുത്ത് തന്നെ വളർത്തണം. സ്ത്രീകളോട് മാന്യമായി പെരുമാറാനും, അവരെ ബഹുമാനിക്കാനും മക്കളെ പഠിപ്പിക്കണം. അല്ല, തങ്ങളുടെ മക്കൾ അവരുടെ ജീവിതത്തിലേക്ക് വരുന്ന പെൺകുട്ടിയോട് മോശമായി പെരുമാറുമ്പോൾ, മക്കൾക്കൊപ്പം ചേർന്ന് ആ പെൺകുട്ടിയെ കൂടുതൽ ദ്രോഹിക്കുകയും, മാറിനിന്നു ചിരിച്ച് സന്തോഷിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം മനുഷ്യരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്… മകന്റെ ഭാര്യയെ ദ്രോഹിക്കാൻ തങ്ങൾക്ക് ലൈസൻസ് ഉണ്ടെന്നാണ് പലരും ഇപ്പോഴും, ഈ നൂറ്റാണ്ടിലും ചിന്തിക്കുന്നത്…
ആരതിമാർ ഇനി ഉണ്ടാകരുത്. അതിന് മൗനം വെടിയണം. മാതാപിതാക്കളും സമൂഹവും നിയമവും ഒരുപോലെ ഉണരണം…
ചിത്രത്തിന് കടപ്പാട് : lawbeat news
അശ്വതി ജോയ് അറയ്ക്കൽ…
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

