ഉറങ്ങിക്കിടന്ന പാളങ്ങളെ ചവിട്ടിമെതച്ചുകൊണ്ട് ട്രെയിൻ ആരെയോ തിരഞ്ഞ് ഓടിക്കൊണ്ടിരുന്നു. കാതിലേക്ക് അലറിക്കരഞ്ഞ് എത്തിയ പാളങ്ങളുടെ ശബ്ദം ഉറക്കത്തെ തട്ടിമാറ്റി. പതിയെ കണ്ണുകൾ തുറന്നു. മങ്ങിയ കാഴ്ചയിൽ നിന്നും മോചനം കിട്ടാൻ കുറച്ചു നേരം എടുത്തു. മുകളിൽ തെളിഞ്ഞു കാണുന്ന പൊട്ടി തുടങ്ങിയ തകരപാളി അവളെ നോക്കി ചിരിച്ചു. അവയിൽ പൊട്ടുകൾ പതിപ്പിച്ചത് പോലെയുള്ള തുളകളിലൂടെ വെളിച്ചം അനുവാദമില്ലാതെ രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്നു. മുകളിൽ ഈ വീടിനെ തങ്ങളാണ് താങ്ങി നിർത്തുന്നത് എന്ന അഹങ്കാരത്തിൽ ഇരിക്കുന്ന പല്ലിക്കുട്ടങ്ങൾ. തന്റെ ഇരയെ വലവിരിച്ച് കാത്തിരിക്കുന്ന ചിലന്തിയുടെ അടുത്തേക്ക് പറന്ന് പോകുന്ന തുമ്പി. അത് ചിലന്തിയെ മോഹിപ്പിച്ചുകൊണ്ട് പതിയെ പറന്നുയര്‍ന്നു. തകരപ്പാളിക്ക് താഴെ ആണിയടിച്ചു നിർത്തിയിരിക്കുന്ന മരപ്പാളിയുടെ മുകളിൽ തട്ടലും മുട്ടലും കേൾക്കാം. പെരുച്ചാഴിയോ എലിയോ ആവാം. ചുമരിൽ നിന്നും തകരപാളിയിലെ ചെറിയ വിടവിൽ തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച് ഉറങ്ങുന്ന പ്രാവിൻ കുടുംബം. പുറത്തെ മുറികളിൽ ഉറങ്ങിക്കിടക്കുന്നവരെ ഉണർത്താതെ തറയിലൂടെ ഉറക്കമില്ലാതെ അലയുന്ന ഉറുമ്പിൻ കൂട്ടങ്ങൾ പാറി നടക്കുന്ന മിന്നാമിനുങ്ങുകൾ. പുറത്തെ ചുമരിനരികിൽ സ്ഥാനം പിടിച്ചിരിക്കുന്ന പാമ്പും എലിയും പിന്നെയും ഏതൊക്കെയോ ജീവികൾ ഉറങ്ങുന്ന ഒരു ആവാസ വ്യവസ്ഥയായ വീട്.
വീട് ആരുടേയാണെന്ന് ചോദിച്ചാൽ അവകാശം പറയാൻ ഇനിയുമെത്ര പേരായിരിക്കും വരുകയെന്നറിയില്ല. ഓരോ വീടിനും മനുഷ്യരല്ലാതെ എത്ര എത്ര അവകാശമില്ലാത്ത അവകാശികൾ.
കണ്ണുകളടച്ചു കൊണ്ട് പൊട്ടിച്ച നൂലുകളെ ചേർത്തു കെട്ടാൻ നോക്കി ഇല്ല കെട്ടി ചേർക്കാൻ കഴിയുന്നില്ല. മുകളിൽ മാറാല ചുറ്റിയ കഴുക്കോലുകൾ വീണ്ടും കളിയാക്കി ചിരിക്കുന്നു. നാളെ നിന്നെയും ഇതുപോലെ ഇറുക്കി പിടിക്കാൻ ആളുണ്ടെന്ന് പറയാതെ പറയുന്നുണ്ടോ. എഴുന്നേറ്റ് ചുറ്റും നോക്കി. മറ്റുള്ളവർ നല്ല ഉറക്കത്തിലാണ് അമ്മ, അച്ഛൻ അനിയത്തി. ഇരുമ്പ് തകരം കൊണ്ട് മറച്ച വീടെന്ന കൊട്ടാരത്തിനുള്ളിൽ കുറെ മുഷിഞ്ഞ തുണികളും കരിപുരണ്ട് നിറം മങ്ങിയ പാത്രങ്ങളും. തകരപാട്ടയുടെ വാതിൽ ശബ്ദമുണ്ടക്കതെ തുറന്നു. എന്നാൽ തീരെ അനുസരണ ഇല്ലാതെ അത് കരഞ്ഞു കൊണ്ടിരുന്നു. കരച്ചിൽ സഹിക്കാതെ അമ്മ ഉറക്കത്തിന്റെ പിടിയിൽ നിന്നും ഇത്തിരി നിവർന്നു കൊണ്ട് പറഞ്ഞു.
“നീലുവെ ഇതെങ്ങാട ഇത്ര നേരത്തെ…”
“വിളിയുണ്ടാർന്നു”. മറുപടി ഉറക്കത്തിലേക്ക് ഊളിയിട്ട് പോയി.
പുറത്തേക്കിറങ്ങി വാർദ്ധ്യക്യം ബാധിച്ച് ചുളുങ്ങിയ ബാർ ചെരിപ്പിനുള്ളിലേക്ക് കാലുകളെ തള്ളി കയറ്റി. വീടിനു പിന്നിലെ ഇരുട്ടും മുന്നിലെ പാതി വെളിച്ചത്തിലേക്കും നോക്കി. മുന്നിലേക്ക് നടന്നു. പിന്നിലെ ചെറിയ കുന്നു കയറിയാൽ പെട്ടെന്ന് റെയിൽവേ പാളത്തിൽ എത്തും. വേണ്ട… ഇരുട്ട് നീങ്ങി തുടങ്ങാൻ ഇനിയും സമയമുണ്ട്
ഒരിക്കൽ റെയിൽവേ പാളത്തിനടുത്തുള്ള കാട്ടിൽ നിന്നും അഴുകിയ ശരീരം കണ്ടെത്തുകയും ആരും അടുത്ത് പോകാതെ മടിച്ചു നിന്നപ്പോൾ പുറം നാട്ടിൽ നിന്നും വന്ന തമിഴൻ സെൽവം വിശപ്പടങ്ങാനും ഒരു തൊഴിലിനുമായി അതങ്ങ് ഏറ്റെടുത്തു. പേരും നാളും അറിയാത്ത എത്രയോ ആളുകൾ. അവരെയെല്ലാം ഒരറപ്പും കൂടാതെ അച്ഛൻ ചേർത്തു വെച്ചു.
ഒന്നോ രണ്ടോ ദിവസം കാക്കും പിന്നെ അതങ്ങ് കത്തിക്കും തുച്ഛമായ തുക കിട്ടും. പക്ഷേ അതായിരുന്നു അന്നത്തെ വിശപ്പ് അകറ്റിയിരുന്നത്. കുഞ്ഞു നാളിൽ വീടിന്റെ പിന്നിലായി പല ദിവസങ്ങളിലും അലറി കരയുന്ന ആത്മക്കളെ സ്വപ്നം കണ്ടുണരും പിന്നെ പിന്നെ അതങ്ങ് ശീലമായി. ഓരോ മരണത്തിനും ഓരോ കാരണങ്ങൾ. മുൻപ് ആ കുന്ന് നീണ്ടു കിടന്ന വലിയൊരു പറമ്പായിരുന്നു . നിറയെ ശവംനാറി പൂക്കൾ വിരിഞ്ഞു നിൽക്കുന്നിടം. ഓണത്തിന് മുറ്റത്ത് തേച്ചു മിനുക്കിയ ചാണകത്തിലേക്ക് പ്രതേക ഭംഗിയിൽ പൂക്കൾ കൊണ്ട് അലംങ്കരിക്കും.
പിന്നീട് എപ്പോഴോ ഞങ്ങൾ വെളുത്ത പൂക്കളെ തലയിൽ ചൂടാനും തുടങ്ങി. കുഞ്ഞായിരുന്നപ്പോൾ അവിടെയായിരുന്നു അച്ഛൻ ശവങ്ങളെ കത്തിക്കാറുള്ളത്. പതിയെ അവിടേക്ക് പലയിടത്തു നിന്നും പലതരം വേസ്റ്റുകൾ വന്നു തുടങ്ങി. അതിനെ എതിർക്കാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. വേസ്റ്റ് കൂടി കൂടി അതൊരു മലയായി മാറുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. തൊഴിൽ ഇല്ലാതായാൽ ചിലപ്പോൾ പട്ടിണി ആവുമെന്ന് ഭയന്ന് എല്ലാം വീടിനടുത്തേക്ക് മാറ്റപ്പെട്ടു. ആദ്യമൊക്കെ അമ്മയോട് എതിർക്കുമായിരുന്നു. അന്നൊക്കെ അമ്മ ഒറ്റ വാക്കിൽ ഉത്തരം തരും വിശക്കുമ്പോൾ ഇതെല്ലാം മാറും. പിന്നെ അതൊരു ശീലമാവുമെന്ന്. അതെ പതിയെ പതിയെ അതൊരു ശീലമായി. എന്നും ആരെങ്കിലും ഉണ്ടാവും. മുകളിലേക്ക് ഉയരുന്ന പുകയും അവയ്‌ക്കൊപ്പമെത്താൻ കഴിയാതെ തളർന്നു പോകുന്ന ഉറ്റവരുടെ ശബ്ദങ്ങളും. അവരുടെ വേദനയുടെ ആഴമറിയാൻ കഴിയാത്ത പ്രായത്തിൽ പലപ്പോഴും മറ്റുള്ളവരുടെ കരച്ചിൽ കണ്ട് കൂടെ കരഞ്ഞിട്ടുണ്ട്.
പക്ഷേ ആ സങ്കടം എല്ലാം ഇല്ലാതെയായത് ശ്രീധരൻ മാഷിന്റെ മുന്നിൽ ആയിരുന്നു
ശ്രീധരൻ മാഷ് വളരെയധികം കർക്കശക്കാരനായിരുന്നു. കുറുകിയ തടിച്ച ശരീരം നടക്കുമ്പോൾ ആദ്യം നടക്കുന്ന വയർ.
കണ്ടാൽ പേടിയോടെ മാത്രം മാറി നിൽക്കുന്ന കുട്ടികൾ. നാലാം ക്ലാസ്സിൽ മാഷിനടുത്തേക്ക് ബുക്ക് കൊടുക്കാൻ ചെന്നതാണ്. അറിയാതെ മാഷെ ഒന്ന് ചേർന്നു നിന്നു
“മാറി നിൽക്ക് നാറീട്ട് വയ്യ. അശ്രീകരം അതെങ്ങനെയാ ശവങ്ങൾക്കൊപ്പമല്ലേ കൂട്ട്.” അതൊരു അലർച്ചയായിരുന്നു. അന്ന് ഭയന്നത് പോലെ പിന്നീടൊരിക്കലും ഭയന്നു വിറച്ചിട്ടില്ല.
ഒരിക്കലും കത്തിയമരുന്ന ശരീരങ്ങളോട് പേടി തോന്നിയിട്ടില്ല. കത്തിയമരുമ്പോൾ അവയിൽ നിന്നും ഉയരുന്ന മാഷ് പറഞ്ഞ മണത്തെ കുറിച്ചും ചിന്തിച്ചിട്ടില്ല.
കാണുമ്പോഴെല്ലാം മാഷ് അകറ്റി നിർത്തിയിരുന്നു.
മാഷിന്റെ കുത്തിനോവിക്കലുകൾ പതിയെ കുട്ടികളിലേക്കും പടർന്നു.
അവഗണനകളിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു പഠനം നിർത്തിയത്. പിന്നീട് തോന്നിയിട്ടുണ്ട് തോറ്റു കൊടുക്കരുതായിരുന്നെന്ന്. ഓരോ തവണയും പൊതിഞ്ഞു കെട്ടി കൊണ്ടു വരുന്ന ശരീരങ്ങളെ നോക്കി കരഞ്ഞിട്ടില്ല. വാനിലേക്കുയരുന്ന തീഗോളങ്ങൾ പറയാൻ ബാക്കി വെച്ചതെല്ലാം പല ദിക്കിലേക്കും പറത്തി വിടുമ്പോൾ പേടി തോന്നിയില്ല അതുകൊണ്ട് തന്നെയാണ് അച്ഛനൊപ്പം കൂടിയത്. പ്രായം തോല്പിയ്ക്കുന്ന ശരീരത്തിന് ഒരു താങ്ങായിരുന്നു. ഇനി സ്കൂളിലേക്ക് ഇല്ലെന്നും മാഷിന്റെയും കുട്ടികളുടെയും കളിയാക്കലുകയും അമ്മയോട് പറഞ്ഞപ്പോഴും അതെ മറുപടിയായിരുന്നു. മക്കള് അതൊന്നും നോക്കണ്ട. ഇപ്പോ ഇത്തിരി സങ്കടം തോന്നും പിന്നെ അതൊന്നും ഒരു പ്രശ്നമേയല്ലാതാവും. അതെ പിന്നീട് ആര് കളിയാക്കിയാലും തന്നെ അത് ബാധിക്കാറില്ല . ഒരു മഴക്കാലത്തായിരുന്നു മാഷിന്റെ മോന്റെ
മരണം. മയക്കുമരുന്ന് കേസിൽ പിടിച്ച മോൻ അപമാനം കഴുകിക്കളഞ്ഞത് പാഞ്ഞു വരുന്ന ട്രൈയിനിനു മുന്നിലേക്ക് നടന്നു കൊണ്ടാണ്. അന്ന് അച്ഛനെ തടഞ്ഞു കൊണ്ട് പാളത്തിൽ ചിതറി തെറിച്ച മാംസങ്ങൾ പെറുക്കി കൂട്ടി ഉണങ്ങാത്ത ചോര പുരണ്ട കൈകളുമായി അയാൾക്ക് മുന്നിൽ ചെന്നു നിൽക്കുമ്പോൾ അയാളുടെ കൈകൾ ഉയർന്നും തല താഴ്ന്നുമായിരുന്നു.
എവിടെന്നോ കുടിയേറി പാർത്താവരായിരുന്നു ഇവിടെ ജീവിക്കുന്ന എല്ലാവരും.
കൊല്ലി മരത്തിന് അടുത്തെത്തിയപ്പോൾ കാലൻ മൂങ്ങ നീട്ടി കരഞ്ഞു അവളൊന്ന് തിരിഞ്ഞു നോക്കി. ചോകന്ന നിറമുള്ള പട്ടി വാലാട്ടി തലയുയർത്തി അവളെ നോക്കുന്നു. കൂടെയുണ്ടായിരുന്നവൾക്ക് ഇന്നുവരെ ഒരു പേരും വിളിച്ചിരുന്നില്ല പേരിനേക്കാൾ അവളിൽ സ്നേഹത്തിന്റെ ഒരു ഉരുള ചോറിന്റെ കടപ്പാടുണ്ട്. നായ ഉറക്കെ കുരച്ചപ്പോൾ മൂങ്ങ ചിറകടിച്ച് പറന്നുയർന്നു. അന്നുവരെ സാധാരണ മരമായിരുന്നു എന്നാൽ നേരം പുലർന്നപ്പോൾ ആളുകൾ വല്ലി തൂങ്ങിയ ഈ നെല്ലി മരത്തെ കൊല്ലിമരം എന്ന് വിളിച്ചു തുടങ്ങി. ആ പേര് മരത്തിന് ഇഷ്ടമായോ എന്ന് ആരും ചോദിച്ചില്ല. അല്ലെങ്കിലും പലതും മാറിമറിയുന്നത് ആരുടെയും ഇഷ്ട്ടത്തിന് അല്ലല്ലോ.
വല്ലി അവൾ ശരിക്കും തനിക്ക് ആരായിരുന്നു കൂടപ്പിറപ്പുകളെ പോലെ വളർന്നവരായിരുന്നു
കുഞ്ഞനിയത്തിയെ നോക്കാനാളായി എന്നത് കൊണ്ടാവും അച്ഛനും അമ്മയും സ്കൂളിൽ പോവാത്തതിനെ എതിർത്തില്ല. എന്നാൽ വാശി പിടിച്ചൊരാൾ ഉണ്ടായിരുന്നു. താൻ പോയില്ലെങ്കിൽ അവളും പോവില്ല എന്ന വാശി അവസാനിച്ചത് അവൾ സ്കൂളിൽ പോയില്ലെങ്കിൽ പച്ചവെള്ളം കുടിക്കില്ലെന്ന തന്റെ വാശിയിലായിരുന്നു. 10 വയസ്സായ രണ്ടു പെൺകുട്ടികളുടെ സ്നേഹത്തിനു മുന്നിൽ അഭിമാനത്തോടെ തല ഉയർത്തിയ അച്ഛനും അമ്മയും. ഓരോ ദിവസവും വിശേഷങ്ങളും പുതുമണവും മാറാത്ത പുസ്തകങ്ങളുമായി അവൾ വരും ഡിഗ്രിക്ക് ടൗണിലെ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൾ ഏറെ സന്തോഷിച്ചിരുന്നു.
ദിവസങ്ങളായി തുടർന്ന പനിയുടെ അവസാനം ചെയ്ത ടെസ്റ്റുകൾ ജീവിതത്തെ ഇരുട്ട് മുറിയിലേക്കാണ് അവളെ തള്ളിയിട്ടത്. പിഴച്ചവൾ എന്ന കിരീടം ചാർത്തി കൊടുത്തു. പക്ഷേ എത്രയൊക്കെ ചോദിച്ചിട്ടും ആളാരാണ് എന്നവൾ പറഞ്ഞില്ല . മരിക്കുന്നതിന്റെ തലേന്ന് വൈകുന്നേരം അവൾ വന്നിരുന്നു. മുറ്റത്തെ അവൾക്കേറെ ഇഷ്ടമുള്ള ശവംനാറി പൂക്കൾ പറിച്ചു കൊണ്ട് പോകുമ്പോൾ പറഞ്ഞു. ആ സത്യം..
‘മുരുകൻ അവനാണ് എന്നെ ചതിച്ചത് നാളെ അവന്റെ പേര് ഞാൻ വിളിച്ചു പറയും.
ചതിച്ചവന്റെ കൂടെയൊരു ജീവിതം വേണ്ട പക്ഷേ എന്നെ ചതിച്ചവനുള്ള ശിക്ഷ അത് ഞാൻ തന്നെ നൽകും.’
അന്ന് രാത്രി ഉറക്കം വന്നതേയില്ല. എങ്ങനെ വരാനാണ്. വല്ലിയോട് പറയാതെ പോയൊരു കാര്യം അത് മുരുകനെ കുറിച്ച് മാത്രമാണ്.
അവനെ പോലെ ഒരാണും തന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല ചേർത്ത് നിർത്തിയിട്ടുമില്ല . എല്ലാ കണ്ണിലും കാമം മാത്രം നിറഞ്ഞു നിന്നു. അത് തന്നെയാണ് അവനെ ജീവന് തുല്യം പ്രണയിച്ചതിനുള്ള കാരണവും. ഒറ്റ വാക്കിൽ കോളനിയിലെ ഗുണ്ടയാണെന്ന് പറയാം. പക്ഷേ കാണാൻ സുന്ദരനായിരുന്നു. തിളങ്ങുന്ന പൂച്ചക്കണ്ണുകൾ ആരെയും ആകർഷിക്കും. അന്ന് ശ്രീധരൻ മാഷിന്റെ വാക്കുകൾക്ക് മറുപടി നൽകിയത് അവനായിരുന്നു. ഒപ്പം കയ്യിൽ കിട്ടിയ കല്ലിന്റെ ദൂരം കൃത്യമായി അളന്നപ്പോൾ താൻ മാത്രമല്ല അന്ന് സ്കൂളിന്റെ പടിയിറങ്ങിയത് അവനുമുണ്ടായിരുന്നു. അന്ന് തുടങ്ങിയ പ്രണയത്തിന്റെ ചാലുകൾ വരണ്ടുണങ്ങിയത് വല്ലിയ്ക്ക് വേണ്ടിയായിരുന്നു.
വല്ലിയോടുള്ള തന്റെ സ്നേഹത്തെ അവനെന്നും എതിർത്തിരുന്നു. അവൾ ഒപ്പമുള്ളത് കൊണ്ടാണ് അവന് തന്നോടുള്ള പ്രണയം പ്രകടിപ്പിക്കാൻ കഴിയാത്തതെന്നായിരുന്നു പരാതി. എന്നാൽ നമ്മളുടെ ഇഷ്ടം അവളോട് പറയാമെന്നു പറഞ്ഞാൽ ഒരിക്കലും പറയരുതെന്ന് സത്യം ചെയ്യിപ്പിച്ചു. സമയമാവുമ്പോൾ എല്ലാവരും അറിഞ്ഞാൽ മതിയെന്നായിരുന്നു. അവൾക്കും അവനെ ഇഷ്ട്ടമായിരുന്നില്ല. രണ്ടു പേർക്കിടയിൽ വീർപ്പു മുട്ടിയപ്പോഴാണ് ഈ ബന്ധം തന്നെ വേണ്ടെന്ന് വെച്ചത്. അത് മറ്റുള്ളവരെ ബോധിപ്പിക്കാൻ എടുത്തൊരു കാരണം. എന്നാൽ ആകാശത്തിനും ഭൂമിയ്ക്കും മാത്രം അറിയുന്ന ഒരു കാര്യം. അന്ന് പതിവിലും ഇരുട്ടിയ നേരത്ത് അവൻ ആരും കാണാതെ തന്നെ കാണാൻ വരുകയും ലഹരിയുടെ വലയത്തിൽ അവനു മുന്നിൽ എല്ലാം നൽകേണ്ടി വരുമെന്നായപ്പോൾ വീണുടഞ്ഞത് അത്രയും നാൾ കൊണ്ട് നടന്ന വിശ്വാസമായിരുന്നു. അവന്റെ പിടിവാശിയ്ക്ക് മുന്നിൽ തളരാതെ നിന്നപ്പോൾ ഒരു ബ്രേക്കപ്പ് പറഞ്ഞു പിരിയാൻ തയ്യാറായവനെ ഓർത്ത് ഒരിക്കലും കരഞ്ഞില്ല. കാരണം കുറച്ചു ദിവസങ്ങൾ മാത്രമേ ഈ സങ്കടം നിലനിൽക്കു. പിന്നെ പതിയെ ഇതുമൊരു ശീലമാവും. അന്ന് അവനിൽ നിന്നും അകന്നപ്പോൾ വല്ലിയുടെ പിണക്കങ്ങളും ഇല്ലാതായി പക്ഷേ അതിൽ ഒളിഞ്ഞിരുന്ന ചതിയുടെ കുരുക്കൾ നെല്ലി മരത്തെയും വരിഞ്ഞു മുറുക്കി.
പിറ്റേന്ന് രാവിലെ ചായവണ്ടിയുമായി വന്ന കാളിയമ്മയാണ് തൂങ്ങിയാടുന്ന അവളെ കണ്ടത്. പതിവില്ലാതെ കായ്ച്ചു നിൽക്കുന്ന നെല്ലി മരത്തിലേക്ക് നോക്കി കുരയ്ക്കുന്ന നായകളെ കണ്ടപ്പോഴാണ് അവർ വണ്ടി നിർത്തി നോക്കിയത്. അവരുടെ നിലവിളിയിൽ എല്ലാവരുടെയും കണ്ണുകൾ മുകളിലേക്കായി. അവൾ മുടി മെടഞ്ഞു കെട്ടി തലേന്ന് പറിച്ച പൂക്കൾ ചൂടിയിരുന്നു. ഇതാണോ അവനുള്ള ശിക്ഷ അല്ല അവന്റെ പേര് വെളുപ്പെടുത്തുമെന്ന് പറഞ്ഞവൾ എങ്ങനെ മരിക്കും എത്രയൊക്കെ ചിന്തിച്ചിട്ടും കിട്ടാത്ത ഉത്തരമായിരുന്നു. എന്നാൽ അന്ന് മുരുകന്റെ ഭീഷണിയിൽ എല്ലാമുണ്ടായിരുന്നു. തെളിവുകൾ ഒന്നുമില്ലാതെ ഞാനും…
അടുത്ത ആഴ്ച അവന്റെ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. ടാറിട്ട റോഡിൽ പതിയെ ഞെരിഞ്ഞമരുന്ന ചക്രങ്ങളുടെ ശബ്ദമാണ് ഓർമകളെ തടഞ്ഞു നിർത്തിയത്
കാളിയമ്മ…
“എന്താ കുട്ടിയെ ദിവസോം ഇങ്ങനെ ചങ്ങായിയെ നോക്കി നിൽക്കണോ?”
അവൾ അവരെ നോക്കിയൊന്ന് ചിരിച്ചു
“ഇന്നെന്താ നേരത്തെ ഇങ്ങ് പോന്നത്.”
“ആരോ ചാടിയെന്ന് പറയണ് കേട്ടു എക്ക് വയ്യ ഇനി അതും കാണാൻ..
വിളി വന്നില്ലേ ”
“ഉം… വന്നു രണ്ടാള് ഉണ്ടെന്നാ പറഞ്ഞെ ”
“എന്റെ കാളിയെ നീ തന്നെ കാത്തോണം.”
അതും പറഞ്ഞവർ വണ്ടി ഉരുട്ടി തുടങ്ങി
ഭദ്രയിൽ നിന്നും കാളിയമ്മയായത് എത്ര വേഗത്തിലായിരുന്നു.
കുടിയനായ അച്ഛന്റെ കൈകളിൽ അമ്മ പിടഞ്ഞു തീരുമെന്നായപ്പോഴാണ് അടുത്ത് കണ്ട വടിയെടുത്ത് തലയിൽ അടിച്ചത്. താഴെ വീണ അയാളിൽ നിന്നും ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടിൽ അഭയം തേടി. നേരം പുലർന്നപ്പോഴാണ് അയാളുടെ മരണം അറിയുന്നത്. പിന്നെ കാര്യമായ തെളിവ് ഇല്ലാത്തതിനാൽ കേസായില്ല. പക്ഷേ അച്ഛനെ കൊന്നതിന്റെ നീറ്റൽ ഭദ്രയെ ഒരു കർക്കശ്ശക്കാരിയാക്കി. മറ്റുള്ളവരോടുള്ള അവളുടെ പെരുമാറ്റം ഭദ്ര കാളിയെന്ന പേര് നൽകി പതിയെ ആരോ കാളിയമ്മയുമാക്കി. ചിലപ്പോൾ അന്നവർ അങ്ങനെ മാറിയില്ലായിരുന്നുവെങ്കിൽ മറ്റൊരു പിഴച്ചവൾ കൂടി….
റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നേരം നന്നേ വെളുത്തിരുന്നു അനുനിമിഷം മാറി കൊണ്ടിരിക്കുന്ന പ്രകൃതിയെ തടുക്കാൻ നമുക്കാവില്ലല്ലോ
“നീലു…. ” പിന്നിൽ നിന്നുള്ള വിളി കേട്ടവൾ തിരിഞ്ഞു നോക്കി. താമരയും വേലുവും
“നിങ്ങള് ഇതെങ്ങടാ.. ”
“നാട്ടിലൊന്ന് പോണം അക്കാ പൊണ്ണുക്ക് നിശ്ചയമാ ” വേലുവാണ് പറഞ്ഞത്
“നീയെന്ന ഇന്ത നേരത്തിലെ?”
“ഇന്നും പണിയുണ്ട് അണ്ണാ. ആരോ ഉണ്ടന്ന് പറഞ്ഞു”
“കടവുളേ നീ താൻ കാപ്പാത്തുങ്ക”
“ശരിച്ചേച്ചി വന്നിട്ട് കാണാം”
താമര അവളെ നോക്കി തലയാട്ടി.
താമര വേലുവിലേക്ക് എത്തിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. അവർക്കൊരു കുഞ്ഞുണ്ട് . ഹൃഷികേശും താമരയും കളിക്കൂട്ടുകാരായിരുന്നു. ഹൃഷികേശ് തന്റെ ഇഷ്ടം പലതവണ താമരയോട് പറയുന്നു. അവളത് കളിയാക്കലുകളിലൂടെ തള്ളിക്കളയുന്നു. കോളേജ് പഠനകാലത്ത് താമര തന്റെ സഹപാഠിയുമായി പ്രണയത്തിലാവുന്നു. അതറിഞ്ഞ ഹൃഷി സൂത്രത്തിലത് വീട്ടിലറിയിക്കുന്നു. സാധാരണ ബ്രമണ കുടുംബമായിരുന്നു അവർ അവളെ വീട്ടുതടങ്കലിൽ വയ്ക്കുന്നു. ഹൃഷി തന്റെ വീട്ടുകാരെ തന്ത്രത്തിൽ അവളുടെ വീട്ടിലേക്ക് അയച്ച് വീട്ടുകാരുമായി സംസാരിച്ച് കല്യാണം നടത്താൻ തീരുമാനിച്ചു പക്ഷെ താമരയും കാമുകനും ഒളിച്ചോടുന്നു.. ഹൃഷികേശ് വീണ്ടും നാണം കെടുന്നു. പകയിൽ തീചൂളയായ മനസുമായി അയാൾ അലയുന്നു. ഒരിക്കൽ അവസരം കാത്ത് കിടന്ന അയാൾ താമരയുടെ ഭർത്താവിനെ ഒരു ആക്സിഡന്റിൽ കൊലപ്പെടുത്തുന്നു. ബോഡി കാണാൻ വന്ന അയാൾ അവൾക്കരിൽ ആശ്വസിപ്പിക്കും പോലെ
“ഇനി നിനക്ക് ഞാനുണ്ട് ” പറയുന്നു.
വീട്ടുകാരും തള്ളി പറഞ്ഞ അവൾ അവനിൽ നിന്നും രക്ഷപ്പെടാനായിരുന്നു വേലുവിനോപ്പം ആ നാടു വിട്ടത്. ഹൃഷി അവർക്കായുള്ള തിരച്ചൽ തുടർന്നു. അതിനിടയിൽ അവന്റെ ചതിയിൽ വീണ മുറപ്പെണ്ണും കൂട്ടുകാരിയുമായ നന്ദുവിനെ കെട്ടേണ്ടി വരുന്നു. താമരയെ സ്വന്തമക്കാനായ് ഹൃഷി തന്റെ ഭാര്യയെ കൊന്നു എന്നാണ് അറിവ്. വീണ്ടും താമരയെ കാണാൻ വന്നിരുന്നു എന്നും പറയുന്നു.
ഇതെല്ലാം നാണിയമ്മയിൽ നിന്നാണ് കോളനിക്കരിലേക്ക് ഒഴുകിയെത്തിയത് നാണിയമ്മ ഈ കോളനിയുടെ മുതുമുത്തശ്ശി എവിടെന്ന് വന്നെന്നോ വയസ്സേത്ര ആയെന്നോ അറിയില്ല. ഓർമ വെച്ച നാളുമുതൽ ഇവിടെ ഉണ്ട് .
പാളത്തിലൂടെ നടക്കുമ്പോൾ ദൂരെ കൂടിയ ആൾക്കൂട്ടത്തെ കാണാമായിരുന്നു.
അവളുടെ വരവ് കാത്തുനിൽക്കുന്നവർ ചിതറി തെറിച്ചു പോയ ശരീരങ്ങളെ തേടി പിടിച്ച് അവയ്ക്ക് കാവൽ നിൽക്കുന്ന പോലീസുകാർ.
അവൾ വിനയത്തോടെ തലയാട്ടി. കയ്യിൽ ഗ്ലൗസ് ഇട്ട് മുതിർന്ന പോലീസുകാരന്റെ പിന്നിൽ നടന്നു അയാളുടെ മുഖത്ത് വല്ലാത്തൊരു വെപ്രാളം
“എന്താ രവി സാറെ ഒരു വെപ്രാളം”
“മോളെ രണ്ടാള് ഉണ്ടെന്നാണ് നമ്മടെ വാച്ച്മാൻ പറഞ്ഞത് പക്ഷേ ഒരാളുടെ ബോഡിയെ കിട്ടിയുള്ളൂ”
“ആത്മഹത്യ ആണോ?”
“അറിയില്ല തല പുറത്തേക്ക് വെച്ചാണ് കിടന്നത്. ഒരു പെൺകുട്ടി ഉണ്ടായിരുന്നത്രെ. അവൾ നിൽക്കുകയായിരുന്നു എന്നാ അയാൾ പറഞ്ഞത്. തിരയുന്നുണ്ട് കിട്ടുമായിരിക്കും” ആത്മഗതം പോലെ അയാൾ കൂട്ടിച്ചേർത്തു
അയാൾ കാണിച്ചു കൊടുത്ത ഭാഗങ്ങൾ വളരെ സൂക്ഷിച്ച് എടുത്ത് സ്‌ട്രെച്ചറിൽ കൊണ്ട് വെച്ചു. മുഖം മുഴുവൻ രക്തത്തിൽ മുക്കിയെടുത്തത് പോലെയായിരുന്നു. പക്ഷേ ആ മുഖത്തേയ്ക്ക് ഒരിക്കലേ നോക്കിയുള്ളു അവൾ ഞെട്ടി ചുണ്ടുകൾ വിറച്ചു
മുരുകൻ…
“എല്ലാവിടെയും അരിച്ചു പെറുക്കി. സർ ഒന്നും കാണാൻ കഴിഞ്ഞില്ല”
ആരോ വന്ന് പറയുന്നത് അവൾ കേട്ടു
“എങ്കിൽ പിന്നെ ബോഡി വണ്ടിയിൽ കയറ്റിക്കോ”
വിവരമറിഞ്ഞ് ആളുകൾ വന്നുതുടങ്ങിയിരുന്നു. മുരുകന്റെ അമ്മ അലറി കരയുന്നുണ്ട്. പക്ഷേ അതൊന്നും അവളപ്പോൾ കണ്ടില്ല
പാളങ്ങൾക്ക് അപ്പുറത്ത് അവളെ നോക്കി നിൽക്കുന്ന പെൺകുട്ടിയെ മാത്രമാണ് അവൾ കണ്ടത്. മെടഞ്ഞ മുടിയിൽ നിറയെ ശവംനാറി പൂക്കൾ ചൂടിയ അവൾ അവളെ നോക്കി ചിരിച്ചു.
# ഇതും കടന്നു പോകും
✍️സവിത സുനിൽകുമാർ

