ഓർമ്മകൾക്ക് ക്ലാവ് പിടിച്ചു..
ചുരണ്ടി എടുത്താൽ പോലും
തെളിയാൻ തയ്യാറാവാത്ത
മങ്ങിയ ചിത്രങ്ങളും കൊത്തുപണികളും
പോലെയുള്ള മങ്ങിയ ഓർമ്മകൾ.
ഒരിക്കൽ
പരസ്പരം നിശ്ശബ്ദത പോലും വായിച്ചിരുന്നവർ,
ഇന്ന്
വാക്കുകൾ അളന്ന് സംസാരിക്കുന്നു.
ഒരേ സ്വപ്നത്തിന്റെ ചുവരുകൾക്കുള്ളിൽ
ജീവിതം പണിതവർ,
ഇന്ന്
പരസ്പരം ജീവിതത്തെക്കുറിച്ച്
അറിയാത്തവരെപ്പോലെ
വിശേഷങ്ങൾ മാത്രം ചോദിച്ചറിയുന്നു.
കണ്ടുമുട്ടുമ്പോൾ
ചിരിക്കാൻ മറക്കുന്നില്ല.
ആ ചിരി മര്യാദയുടേതാണ്.
പക്ഷേ കണ്ണുകൾ
ഇന്നും അഭിനയിക്കാൻ പഠിച്ചിട്ടില്ല.
ഒരു നിമിഷം
നോട്ടങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ,
കാലം കുഴിച്ചുമൂടിയെന്ന് കരുതിയ
പല ജന്മങ്ങളുടെ ശബ്ദങ്ങൾ
അകത്ത് വീണ്ടും ഉയരുന്നുണ്ട്.
ആരും ഒന്നും ചോദിക്കാറില്ല.
ചോദിച്ചാൽ
ഉത്തരം പറയേണ്ടിവരും എന്നതുകൊണ്ടല്ല…
ചില ഉത്തരങ്ങൾ
പലരുടെയും സമാധാനം തകർക്കുമെന്ന്
രണ്ടുപേർക്കും അറിയാവുന്നതുകൊണ്ടാണ്.
അതുകൊണ്ട്,
“സുഖമാണോ?” എന്നൊരു ചോദ്യത്തിൽ
മുഴുവൻ ജീവിതവും ഒതുക്കി,
“അതെ…” എന്നൊരു മറുപടിയിൽ
മുഴുവൻ തകർച്ചയും മറച്ചുവെച്ച്,
അവർ വീണ്ടും
അവരവരുടെ വഴിയിലേക്ക് നടക്കുന്നു.
പറയാൻ പാടില്ലാത്തതിനാൽ
മൗനമായ വാക്കുകൾ.
തൊടാൻ പാടില്ലാത്തതിനാൽ
പാതിവഴിയിൽ മടങ്ങിയ കൈകൾ.
വിളിക്കാൻ പാടില്ലാത്തതിനാൽ
മനസ്സിൽ മാത്രം ജീവിച്ച പേരുകൾ.
സ്നേഹിക്കാൻ പാടില്ലാത്തതിനാൽ
പരസ്പരം മാനിച്ചുകൊണ്ട്
അകലെയിരുന്ന രണ്ട് മനുഷ്യർ.
കാരണം
മറക്കാൻ തുടങ്ങുന്ന ഓരോ ഓർമ്മയും
ഒരിക്കൽ
ജീവനോളം സ്നേഹിച്ച ജീവിതത്തിന്റെ
അവസാന തെളിവുകളാണ്.
Murshida Parveen
#lifelessons #lostlove #malayalam
