വായാകുമാവനാഴി തന്നുള്ളിലെ
നാവാകും വില്ലിൽ കുലയ്ക്കുന്നത്
അത് വാക്കുകളോ അതോ വാളുകളോ.
ചെന്നുപതിക്കുന്നിടത്തു തന്നെയത്
ചിന്നിച്ചിതറിത്തെറിച്ചങ്ങു പോയിടും.
ചിതറിത്തെറിച്ചു കിടക്കുന്നീടത്തൂന്ന്
ഹൃദയത്തിൻ ചില്ലുകൾ കണ്ടങ്ങെടുത്തീടാം.
ഈ ജിഹ്വ തൻ കേളിയപാരമതു തന്നെ.
കൊട്ടിയടച്ചിടാൻ, പൊട്ടിപ്പുറപ്പെടാൻ,
ഞെട്ടിത്തരിച്ചീടാൻ, പൊട്ടിത്തകർന്നീടാൻ,
കെട്ടുകളറ്റങ്ങു പോയൊരു കൂട്ടത്തെ
പെട്ടമേയൊന്നാക്കി പൂത്തുതളിർപ്പിക്കാൻ
നിന്നോളം കഴിവിനിയാർക്കുണ്ടെൻ നാവേ.
കണ്ണേറും നാവേറും തട്ടാതെ
നീ നിന്റെയടച്ചുറപ്പുള്ളൊരാ കോട്ടയിൽ വാണാലും.
