ഉറക്കമുണർന്ന ദാമോദരൻ മുതലാളി പരിഭ്രമിച്ച് ചുറ്റും നോക്കി. സുന്ദരമായൊരു പൂന്തോട്ടത്തിലെ മാർബിൾ ബെഞ്ചിലാണല്ലോ കിടക്കുന്നത്. ഇതെവിടെയാണ്. എഴുനേറ്റ് ഹൃദ്യമായ സുഗന്ധം പൊഴിക്കുന്ന പൂച്ചെടികൾക്ക് നടുവിലുള്ള പാതയിൽ കൂടി പതുക്കെ നടന്നു. അതാ അവിടെയൊരു കെട്ടിടം കാണുന്നു. അതിനു മുന്നിൽ ഒരു കാവൽക്കാരനുണ്ടല്ലോ. ചെന്ന് ചോദിച്ചു നോക്കാം.
“സാറെ, ഇതെവിടമാണ്. ഞാനിന്നലെ വീട്ടിൽ ഉറങ്ങാൻ കിടന്നതാണ്. ഉണർന്നപ്പോൾ ഇവിടെ. ഒന്നും മനസ്സിലാകുന്നില്ല,”
“ഞാൻ യമഭടനാണ്, താങ്കൾ ഇപ്പോൾ യമപുരിയിലാണ്. ഇന്നലെ ഉറക്കത്തിൽ മരിച്ചു പോയിരുന്നു..” അയാൾ പറഞ്ഞു.
“അയ്യോ, എന്തായീ പറയുന്നത്. എനിക്കിപ്പം മരിക്കാൻ പറ്റില്ല. ഭൂമിയിൽ കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ” മുതലാളി വെപ്രാളപ്പെട്ട് പറഞ്ഞു.
“താങ്കളുടെ ഭൂമിയിലെ ജീവിതം അവസാനിച്ചു. ഇനി തിരിച്ചു പോകാൻ പറ്റില്ല. കുറച്ചു സമയം കഴിയുമ്പോൾ യമരാജാവ് ഇന്നലെ വന്നവരെയെല്ലാം ഹാളിലേക്ക് വിളിപ്പിക്കും. അപ്പോൾ തമ്പുരാന്റെ മന്ത്രി ചിത്രഗുപ്തൻ ഓരോരുത്തരുടെയും നാൾവഴി പുസ്തകം വായിക്കും. നന്മ ചെയ്തവരെ സ്വർഗ്ഗത്തിലേക്കും തിന്മകൾ ചെയ്തവരെ നരകത്തിലേക്കും അയക്കും. “ഭടൻ അറിയിച്ചു.
കുഴഞ്ഞല്ലോ. ഭൂമിയിൽ ജീവിച്ചു മതിയായില്ലായിരുന്നു. അത് മാത്രമല്ല, ഇയാൾ പറഞ്ഞതിന് പ്രകാരം നരകം കിട്ടാനാണ് സാധ്യത. അങ്ങിനെയുള്ള ജീവിതമായിരുന്നല്ലോ. മറ്റുള്ളവരെ ചതിച്ചും നശിപ്പിച്ചുമൊക്കെയാണല്ലോഞാനും മക്കളും ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ഇനി ഭൂമിയിൽ ചെയ്യുന്നത് പോലെ ആ മന്ത്രിക്ക് നല്ലൊരു ഓഫർ കൊടുത്തു വശത്താക്കാൻ നോക്കാം.
” ചിത്രഗുപ്തൻ മന്ത്രിയുടെ ഓഫീസ് എവിടെയാണ്. ” അയാൾ ഒരു കെട്ടിടം കാണിച്ചു തന്നു .
അവിടെ കാവൽ നിൽക്കുന്ന ഭടനോട് മന്ത്രിയെ കാണണമെന്ന് പറഞ്ഞപ്പോൾ ഒരു മുറി ചൂണ്ടിക്കാട്ടി. അവിടെയതാ രാജാവിനെപ്പോലെ വേഷമിട്ട ഒരാൾ ഒരു വലിയ ബുക്കും നോക്കിയിരിക്കുന്നു.കയറിചെന്നപ്പോൾ മുൻപിലത്തെ കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു.
” എന്താണ് താങ്കളുടെ ആവശ്യം.” അദ്ദേഹം സൗമ്യതയോടെ ചോദിച്ചു.
ഉം, ശാന്തനാണെന്നു തോന്നുന്നു.
” മന്ത്രി തമ്പുരാനെ, ഞാൻ ദാമോദരൻ മുതലാളി. ഭൂമിയിൽ ജീവിച്ചു കൊതി തീരുന്നതിനു മുന്പേയല്ലെ നിങ്ങൾ എന്നെ ഇങ്ങു കൊണ്ടു പോരുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. നാൾവഴി പുസ്തകത്തിലെ പേജ് അങ്ങ് പരിശോധിച്ചു കാണുമല്ലോ. സ്വർഗം കിട്ടാൻ വഴിയില്ലെന്ന് എനിക്ക് തന്നെ അറിയാം. പക്ഷെ നരകത്തിൽ പോകാൻ എനിക്ക് പറ്റില്ല. സ്വർഗത്തിലേക്ക് കടത്തിവിടാൻ ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം. മന്ത്രി പറഞ്ഞാൽ മതി.”
ചിത്രഗുപ്തൻ ഒന്ന് ചിരിച്ചു. രക്ഷപ്പെട്ടു. അദ്ദേഹം തന്റെ ഓഫറിൽ വീണിട്ടുണ്ട്. ഭൂമിയിൽ എത്ര വമ്പന്മാരെ താൻ കൈക്കൂലി കൊടുത്തു വീഴ്ത്തിയിട്ടുണ്ട്. പിന്നെയല്ലേ ഇയാൾ.
” എനിക്ക് കൈക്കൂലി തരാമെന്നല്ലേ അങ്ങ് പറഞ്ഞത്. ആലോചിക്കാം. ഇപ്പോൾ താങ്കൾ വിചാരണ ഹാളിലേക്ക് വരൂ. ”
അദ്ദേഹത്തിന്റെ പിറകെ നടക്കുമ്പോൾ യമരാജാവിന്റെ മന്ത്രിയെ വരെ തനിക്ക് സ്വാധീനിക്കാൻ കഴിഞ്ഞതോർത്തു മുതലാളി ഉള്ളിൽ ചിരിച്ചു.
ആ വലിയ മുറിയിലെ സ്റ്റേജിൽ യമരാജാവും മന്ത്രിയും ഇരുന്നു. താഴത്തെ കസേരകളിൽ അന്ന് വിചാരണ നേരിടുന്ന അഞ്ചു പേർ ഇരിപ്പുണ്ടായിരുന്നു. ആറാമത്തെ കസേരയിൽ മുതലാളിയും ഇരുന്നു. ആദ്യത്തെ ആളിന്റെ ഊഴം എത്തി . ചിത്രഗുപ്തൻ അയാൾ ചെയ്ത നന്മകളും തിന്മകളും വായിച്ചു. കൂടുതലും നല്ല കാര്യങ്ങൾ മാത്രമായതിനാൽ അദ്ദേഹത്തിന് സ്വർഗജീവിതം വിധിക്കപ്പെട്ടു. പെട്ടെന്ന് അവിടമാകെ സുഗന്ധം പരന്നു. നാലു മാലാഖമാർ വന്ന് വാദ്യ ഘോഷത്തോടെ ആ മനുഷ്യനെ സ്വർഗ്ഗ വാതിൽ തുറന്ന് അകത്തേക്ക് കൊണ്ട് പോയി. ആ വാതിൽ ഇത്തിരി നേരം തുറന്നിരുന്നപ്പോൾ തന്നെ എന്തൊരു അനുഭൂതിയായിരുന്നു .
അടുത്തയാൾക്ക് നരകമായിരുന്നു വിധിക്കപ്പെട്ടത്. ഭീകരന്മാരായ നാലു ഭടന്മാർ വന്ന് അയാളെ നരകവാതിലേക്ക് വലിച്ചു കൊണ്ടു പോയി. ആ വാതിൽ തുറന്നപ്പോൾ അകത്തു നിന്ന് അലർച്ചകളും ദീനരോദനങ്ങളും പുറത്തേക്ക് വന്നു. വല്ലാത്തൊരു ദുർഗന്ധവും.
അടുത്തയാളായി മുതലാളി വിളിക്കപ്പെട്ടു. അയാൾ ചിത്രഗുപ്തനെ ഏറുകണ്ണിട്ടു നോക്കി. അപ്പോഴും അദ്ദേഹം ചിരിച്ചു. സംഗതി സാധിച്ചു. സ്വർഗം കിട്ടിക്കഴിയുമ്പോൾ മന്ത്രി എന്ത് പറഞ്ഞാലും സാധിച്ചു കൊടുക്കണം. മുതലാളി മനസ്സിൽ ഉറപ്പിച്ചു.
ചിത്രഗുപ്തൻ അദ്ദേഹത്തിന്റെ പേജ് തുറന്നു വായിക്കാൻ തുടങ്ങി. തിന്മകൾ മാത്രമാണ് വായിക്കപ്പെട്ടത്. അയ്യോ, ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത്. ഇതു കേട്ടാൽ യമരാജാവ് സ്വർഗം തരുമോ. മുതലാളിക്ക് പരിഭ്രമമായി.
താളിലെ വായന കഴിഞ്ഞ് ചിത്രഗുപ്തൻ രാജനെ നോക്കി പറഞ്ഞു.
“തമ്പുരാനെ, ഇയാൾ മറ്റുള്ളവരെ ദ്രോഹിച്ചും ഇല്ലാതാക്കിയുമൊക്കെയാണ് സമ്പത്തൊക്കെ വെട്ടിപ്പിടിച്ചിരുന്നത്. ആരെയും സ്വാധീനിക്കാനായി എത്ര പണം വേണമെങ്കിലും ചെലവാക്കുമായിരുന്നു. മക്കളും അങ്ങിനെ തന്നെയാണ്. ഇവിടെ സ്വർഗം നല്കാൻ വേണ്ടി എനിക്കും കൈക്കൂലി വാഗ്ദാനം ചെയ്തിട്ടുണ്ട്.” ചിത്രഗുപ്തന്റെ വാക്കുകൾ കേട്ട് യമരാജന്റ് മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു.
“ഈ യമപുരിയിൽ വന്ന് കൈക്കൂലി തരാമെന്നു പറഞ്ഞോ. ഇയാൾക്ക് ഏറ്റവും മോശമായ നരകം വിധിച്ചിരിക്കുന്നു.”
എന്നാലും ചിത്രഗുപ്താ, ഈ ചതി വേണ്ടായിരുന്നുവെന്ന് പറഞ്ഞ് ഉറക്കെ കരയുന്ന മുതലാളിയെ നരക ഭടന്മാർ നരകത്തീയിലേക്ക് തള്ളിയിട്ടു. അവിടുത്തെ കാഴ്ചകൾ കണ്ട് അയാൾ ഉറക്കെ നിലവിളിച്ചു.
ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് മുതലാളി ഞെട്ടി ഉണർന്നത്. നിങ്ങളെന്തിനാ നിലവിളിക്കുന്നത്, ദുസ്വപ്നം വല്ലതും കണ്ടോ. ഭാര്യയല്ലേ ചോദിക്കുന്നത്. അപ്പോൾ അതൊരു സ്വപ്നമായിരുന്നു.
“ഭവാനീ, മക്കളെ ഇങ്ങോട്ടു വിളിക്ക്.” മൂന്ന് ആണ്മക്കളും മുന്നിലെത്തി.
“കുട്ടികളെ, ഇന്നുമുതൽ നമ്മൾ ഒരു അന്യായവും കാണിക്കില്ല. വരവിന്റെ നല്ലൊരു ഭാഗം കാരുണ്യപ്രവർത്തനങ്ങൾക്കും നൽകണം.”
“പെട്ടെന്നിങ്ങനെ തോന്നാൻ അച്ഛനിതെന്തു പറ്റി” മൂത്തവൻ ചോദിച്ചു.
“അച്ഛൻ ഒരു ദിവസത്തക്ക് യമപുരിയിൽ പോയി വന്നു മോനെ. ജീവിത കാലത്തു ചെയ്ത തിന്മകൾ മരണാന്തരം മനുഷ്യനെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഞാൻ നേരിട്ട് കണ്ടു. ഇനി നമുക്ക് കരുണയുള്ള മനുഷ്യരാകാം.”
ഒന്നും മനസ്സിലാകാതെ മക്കൾ നിന്നു. അപ്പോൾ എല്ലാ അനീതികളും കണ്ടിട്ടും പ്രതികരിക്കാൻ ശക്തിയില്ലാതിരുന്ന ആ പാവം ഭാര്യയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി വിടർന്നു.
#എന്റെരചന ബ്ലോഗ് മത്സരം#മരണാനന്തരം

