ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം കുളിച്ച് തൃക്കരപ്പനെ വെച്ച് ആർപ്പോ വിളിച്ച്, കെട്ട്യോൾ സുലോചനേച്ചി കൊണ്ട് തന്ന പൂവടയും തിന്ന് മുറിയിൽ കയറി മൂന്നെണ്ണം മടമടാന്ന് തട്ടിയപ്പോളാണ് ഭാസ്കരേട്ടന് ഓണം വന്നതായി തോന്നിയത്.
ഒരെണ്ണം കൂടി അടിച്ച് ഇന്നത്തേക്ക് നിർത്താം എന്ന് കരുതി നോക്കിപ്പോ എടുത്ത് കൊണ്ടോന്ന വെള്ളം കഴിഞ്ഞു.
വെള്ളം എടുക്കാൻ ചെന്നപ്പോളാണ്, അടുക്കളയിലെ ഹുക്കിൽ ഞാന്ന് കിടക്കണ നേന്ത്രപ്പഴക്കുല മൂപ്പരുടെ കണ്ണിൽ പെട്ടത്.
വീട്ടിൽ ആകെ ഭാസ്കരേട്ടനും സുലോചനേച്ചിയും മാത്രമേ ഓണത്തിന് ഉണ്ടാകു. പിള്ളാരൊക്കെ ജോലിയൊക്കെയായി പുറത്താണ്. ഓണത്തിന് അടുത്തൊന്നും വന്നീട്ടില്ല.
എന്നാലും ഭാസ്കരേട്ടൻ എല്ലാ കൊല്ലവും ഓണത്തിന് ഒരു കുല തികഞ്ഞ പഴക്കുല വാങ്ങും. എന്നിട്ട് അടുക്കളയിലെ ഹുക്കിൽ ഞാത്തി ഇടും.
മക്കൾ പഴയ വീട് പൊളിച്ച് പുതിയ വീട് വെക്കാം എന്ന് പറഞ്ഞപ്പോ ഭാസ്കരേട്ടൻ ഒരു ഡിമാൻഡ് മാത്രമാണ് പറഞ്ഞത്. അടുക്കളയിൽ അടുപ്പ് ഇല്ലെങ്കിലും കുഴപ്പല്യ, ഓണത്തിന് പഴക്കുല തൂക്കാനുള്ള ഹുക്ക് വേണന്ന്.
കുറച്ച് നേരം പഴക്കുലയിൽ നോക്കി നിന്നപ്പോ പഴയ കാലം ഭാസ്കരേട്ടന്റെ മനസ്സിന്റെ ഉള്ളിൽ വലിച്ചു കെട്ടിയ സ്‌ക്രീനിൽ ഓടാൻ തുടങ്ങി.
ഭാസ്കരന്റെ അച്ഛൻ കൃഷ്ണേട്ടന് മക്കൾ ഏഴാണ്. നാലാണും മൂന്ന് പെണ്ണും.
അച്ഛന് ടൗണിൽ കുര്യച്ചന്റെ പലചരക്കു പീടികയിൽ കണക്കെഴുത്താണ് പണി. അവിടന്ന് കിട്ടുന്ന ശമ്പളം കൊണ്ട് വേണം ആ വലിയ കുടുംബം കഴിയാൻ. നാട്ടിലെ അറിയപ്പെടുന്ന പാർട്ടിക്കാരൻ ആയിരുന്നു കൃഷ്ണേട്ടൻ.
എത്ര ബുദ്ധിമുട്ടാണെങ്കിലും കൃഷ്ണേട്ടൻ ഓണത്തിന് ഒരു ചെറിയ കുല പഴം വാങ്ങി അടുക്കളയിൽ കെട്ടിയിടും.
ആകെ എത്ര പഴം ഉണ്ടെന്ന് പിള്ളാര് എണ്ണും. എന്നിട്ട് ഓരോരുത്തർക്കും ഇത്ര പഴം എന്ന് കണക്ക് വെക്കും.
ഒരു കൊല്ലം പൂരാട ദിവസം അച്ഛൻ പഴക്കുല കൊണ്ട് വന്ന് അടുക്കളയിൽ കെട്ടിയിട്ടു. മക്കളിൽ മൂന്നാമനായ തനിക്ക് അന്ന് പതിമൂന്നോ പതിനാലോ വയസ്സ് പ്രായം.
ഓരോരുത്തർക്കും ഇത്ര പഴമെന്ന് എണ്ണി തിട്ടപ്പെടുത്തി വെച്ചു. ഇനി നാലോണ്ണം വരെ പഴം തിന്നാൻ പറ്റുമെന്ന സന്തോഷത്തിൽ അന്ന് ഞങ്ങൾ എല്ലാവരും കിടന്നുറങ്ങി.
തിരുവോണത്തിന്റെ അന്ന് രാവിലെ അന്തോണി മാപ്ല അച്ഛനോട് പാർട്ടിക്കാര്യം സംസാരിക്കാൻ വീട്ടിൽ വന്നു.
താനും സഹോദരങ്ങളും അമ്പലത്തിൽ പോയി വരുമ്പോൾ കാണുന്ന കാഴ്ച, അച്ഛനോട് സംസാരിച്ചോണ്ടിരുന്ന അന്തോണി മാപ്ല എണീറ്റ് ആ പഴക്കുലയിൽ നിന്ന് രണ്ടു കൈകൊണ്ടും പഴം ഉരിഞ്ഞ് മേശപ്പുറത്ത് വെച്ച് ഓരോന്നായി തിന്നുന്നു.
നിറഞ്ഞ കണ്ണുകളോടെ ഞങ്ങൾ മേശപ്പുറത്തുള്ള പഴം എണ്ണി.
തന്റെയും ചേട്ടന്റെയും ചേച്ചിയുടെയും പങ്ക് അയാൾ ഇരുന്ന് തിന്നുന്നു.
പോകുമ്പോൾ അയാൾ പിന്നെയും പഴം ഉരിഞ്ഞു.
“ഞങ്ങള് ക്രിസ്ത്യാന്യോൾക്ക് എന്തുട്ട് ഓണം? എന്തുട്ട് പഴം? ഇത് വീട്ടിൽ പിള്ളേർക്ക് കൊടുക്കാം, ഓണത്തിന് കൃഷ്ണേട്ടന്റോടന്ന് തന്നതാന്ന് പറയാം.”
എല്ലാ കൊല്ലവും നാലോണത്തിന്റെ അന്ന് തീരുന്ന പഴക്കുല ആ കൊല്ലം രണ്ടോണത്തിന്റെ അന്ന് തീർന്നു.
ഊണ് കഴിക്കാൻ നേരത്ത് ഭാസ്കരേട്ടൻ എന്തുട്ടാ ചെയ്യാണെന്ന് നോക്കാൻ സീരിയൽ കാണൽ നിർത്തി സുലോചന ഉമ്മറത്തേക്ക് വന്നപ്പോ രണ്ട് വീട് അപ്പുറത്തെ അന്തോണിമാപ്ലയുടെ വീട്ടീന്ന് ഭയങ്കര ബഹളം.
മൂപ്പര് കുറേ നാളായി ശരീരം തളർന്നു കിടക്കാൻ തുടങ്ങിയിട്ട്. ഇനിപ്പോ ഇക്കൊല്ലം ഓണം ഉണ്ണാൻ നിക്കാണ്ട് മൂപ്പരെങ്ങാനും പോയോ എന്ന് വിചാരിച്ച് ശ്രദ്ധിച്ചപ്പോ ഭാസ്കരേട്ടന്റെ ശബ്ദമാണ്.
വേഗം അങ്ങോട്ട് ഓടി ചെന്നപ്പോ കാണണ കാഴ്ച.
അടുക്കളയിൽ ഞാത്തി ഇട്ടിരുന്ന പഴക്കുലയും തലയിൽ വെച്ചോണ്ട് ഭാസ്കരേട്ടൻ അവിടെ നിന്ന് ബഹളം വെക്കുന്നു.
“ടാ, അന്തോണി, അന്ന് താൻ ഓണത്തിന് എന്റോടെ വന്ന് പഴം ഉരിഞ്ഞു തിന്നില്ലെടോ നാറി? ആക്കൊല്ലം ഓണത്തിന് എനിക്ക് പഴം തിന്ന് കൊതി മാറിയില്ലേടാ നാണമില്ലാത്തോനെ. ഇപ്പൊ നിനക്ക് ധൈര്യമുണ്ടെങ്കിൽ നീ വന്ന് എന്റെ ഈ കുലയിൽ നിന്ന് പഴം ഉരിഞ്ഞു തിന്നടാ. അപ്പൊ അറിയാം നിനക്ക് ഈ ഭാസ്കരൻ ആരാണെന്ന്. ഇതിമ്മെ നീ തൊട്ടാൽ ആ കൈയ്യ് ഞാൻ വെട്ടുറാ മാപ്ലെ.”
സുലോചന ഓടിപ്പോയി ഭാസ്കരനെ കൈപിടിച്ചു വലിച്ച് വീട്ടിലേക്ക് കൊണ്ടുപോകുമ്പോളും ഭാസ്കരന്റെ കലി അടങ്ങിയിരുന്നില്ല.
“ഈ പഴക്കുല നാലോണം കഴിഞ്ഞാലും ഭാസ്കരന്റെ അടുക്കളയിൽ ഉണ്ടാകും, ടാ മാപ്ലെ, ധൈര്യംണ്ടങ്ങെ വന്ന് ഉരിഞ്ഞു തിന്നടാ @@&.രേ ”
ഇതെല്ലാം കേട്ട് അകത്ത് കട്ടിലിൽ മലർന്ന് കിടക്ക്ണ്ടാർന്ന അന്തോണിമാപ്ലയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു.
ഇറങ്ങി ചെന്ന് ഭാസ്കരന്റെ കുലയിൽ നിന്ന് പഴം ഉരിഞ്ഞ് ധൈര്യം കാണിക്കാൻ പറ്റാഞ്ഞിട്ടല്ല. മൂപ്പരുടെ മൂക്കിൻ തുമ്പത്തിരിക്കുന്ന ഈച്ചയെ ആട്ടി കളയാൻ പറ്റാഞ്ഞീട്ടായിരുന്നു.

