നല്ല മഴയ്ക്കുള്ള ലക്ഷണമുണ്ട്. റേഡിയോയിൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള കാര്യങ്ങൾ വാർത്ത വായിക്കുന്നയാൾ വിശദീകരിക്കുന്നു. വൈകുന്നേരം ആറ് മണി ആയതേയുള്ളൂ എങ്കിലും തേയിലത്തോട്ടത്തിലൂടെ ഇരുട്ട് അരിച്ചെത്തുന്നുണ്ട്, കൂടെ മഞ്ഞും തണുപ്പും. പടികടന്ന് ഒരു ടോർച്ച് വെളിച്ചം അകത്തേക്ക് വരുന്നുണ്ട്. എന്റെ ബംഗ്ലാവിൽ ജോലി ചെയ്യുന്ന, അയാളുടെ ഭാര്യ ജമുനയെ കൂട്ടിക്കൊണ്ട് പോകാൻ വരുന്ന രാജാമണിയാണ്. എഴുപത് വയസ്സുണ്ടാവും, എങ്കിലും നല്ല ആരോഗ്യമുള്ള, ഐശ്വര്യമുള്ള മനുഷ്യൻ.
രണ്ടെണ്ണമൊക്കെ അടിച്ച് ഭാര്യയോട് സ്നേഹം കൂടുന്ന ചില ദിവസങ്ങളിൽ രാജാമണി ജമുനയെ കൂട്ടിക്കൊണ്ടുപോകാൻ എത്തും.
ശ്രീലങ്കയിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ എത്തിയവരാണ്. ഞാൻ തമിഴ് പറഞ്ഞ് പഠിക്കുന്നത് രാജാമണിയോടാണ്.
“മണിയെ പാത്ത് രണ്ട് നാളാച്ചെ. എങ്കേ ഇരുന്തേ?” ഞാൻ ഒരു കുശലം ചോദിച്ചു.
“വീട്ടുക്കുള്ളേയേ ഇരുന്തേൻ അയ്യാ… പയമാരുക്ക് നാങ്ക എങ്കേ പോവേൻ.. എപ്പടിയിരുന്നാലും നാങ്ക ശ്രീലങ്കാക്കാരങ്ക താനേ… തമിഴ് പുലികൾ ഇരുന്ത നാട്ടിൽ ഇരുന്തു വന്തവങ്ക…”
ശ്രീലങ്കയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്ക്കാരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ കുറെ ആളുകൾ കഴുത്തിൽ സയനൈഡ് ക്യാപ്സൂൾ തൂക്കിയിട്ട് നടക്കുന്നത് കാണാമായിരുന്നു. എസ്റ്റേറ്റിൽ അവർക്ക് വേണ്ടി നിർബന്ധിത പിരിവ് ഉണ്ടായിരുന്നു. അവരുടെ കാര്യത്തിൽ തലയിടാൻ പോകണ്ട എന്ന് ആദ്യം തന്നെ മാനേജ്മെന്റിൽ നിന്നും നിർദ്ദേശമുണ്ട്. നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം. എന്തായാലും രാജീവ് ഗാന്ധി വധത്തോടെ ആരെയും കാണാനില്ല.
“രാജാമണി ഇരിക്കൂ.” എനിക്കെന്തോ അയാളോട് സഹതാപം തോന്നി. അയാൾ ബംഗ്ലാവിന്റെ വരാന്തയിലെ തൂണിൽ ചാരി നിലത്തിരുന്നു.
ജമുനയോട് അയാൾക്കും കൂടി ഒരു ചായ എടുക്കാൻ പറഞ്ഞു.
“നിങ്ങൾ എങ്ങനെയാണ് ഇവിടെ എത്തിയത്” ഞാൻ ചോദിച്ചു.
“അയ്യാ അതൊരു പെരിയ കഥ.”
”പറവായില്ല, എനക്ക് ടൈം ജാസ്തി ഇരിക്ക്. നീങ്ക ചൊല്ലുങ്കെ. നിങ്ങൾ ഇവിടെയെത്തീട്ട് എത്ര നാളായി? പുലികളെ പേടിച്ചാണോ പോന്നത്”?
രാജാമണിയുടെ മുഖത്ത് ഭാവങ്ങൾ മാറി വരുന്നത് ഞാൻ കണ്ടു. അയാൾ തമിഴ്ചുവയുള്ള മലയാളത്തിൽ പറഞ്ഞു തുടങ്ങി.
“അയ്യാ, 1976-ലാണ് എൽ.ടി.ടി.ഇ വരുന്നത്. അതിനൊക്കെ മുന്നേ ഞങ്ങൾ അവിടുന്ന് പോന്നു. തലൈമന്നാറിനും ജാഫ്നക്കും ഒക്കെ കുറേ ദൂരെ മുതലിയാർകുളം എന്നൊരു ഇടമിരിക്ക്. അത് താൻ എങ്കളോടെ ഊര് ”
”1948-ൽ ബ്രിട്ടീഷുകാർ പോകുന്നതുവരേക്കും ജാഫ്ന, മന്നാർ എല്ലാം വളരെ നല്ല സ്ഥലങ്ങളായിരുന്നു. സ്കൂളുകളും കോളേജുകളും ഒക്കെ ഇരുന്തത്. ഞങ്ങളുടെ ആളുകൾ സർക്കാർ ഉദ്യോഗസ്ഥർ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ 1956-ൽ ഒരു നിയമം വന്നപ്പോ തമിഴർ രണ്ടാം നിരയായി. സിംഹള അറിഞ്ഞാലേ ജോലി കിട്ടൂ എന്നായി. അന്നുവരെ സ്നേഹത്തോടെ കണ്ടിരുന്ന തമിഴരും സിംഹളരും പരസ്പരം ശത്രുതയോടെ നോക്കാൻ തുടങ്ങി.”
അയാൾ പഴയ കാലമോർത്തു ഒരിറക്ക് ചായ കുടിച്ചു.
“എങ്കളോടെ നാടും, പാഷയും എല്ലാമേ ഇല്ലാമൽ പോയിടുമോന്നേ തോന്നത്തുടങ്കിയാച്ച്. എങ്കളുക്ക് പിറന്ത നാട്ടിലേ തങ്കളുക്കെന്നു സൊല്ല ഒരു ഇടം പോലും ഇല്ലാമൽ പോയിടുച്ചു.” മുന്നാടി 1956 ല് പെരിയ ലഹള നടന്നു. നെറയെ പേർ പിറന്ന മണ്ണ് വിട്ട് ഓടിപ്പോയാച്ച്. അപ്പോഴും ജനിച്ച നാടുവിട്ട് ഓടിപ്പോകാൻ ഞങ്ങൾക്ക് തോന്നിയില്ല. സമാധാനപരമായി സമരം ചെയ്ത് ഞങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാമെന്ന് കരുതി. പക്ഷേ ഒന്നും നടന്നില്ല.”
പിന്നെ രണ്ട് വർഷത്തുക്കപ്പുറം ഒരു വാട്ടി കൂടി ലഹള നടന്നു. അന്ന് ഞങ്ങളുടെ ആ ഗ്രാമത്തിലെ തമിഴരുടെ എല്ലാം കൃഷിയും വീടുകളും എല്ലാം നശിപ്പിക്കപ്പെട്ടു…”
അയാൾ വാക്കുകൾ കിട്ടാതെ വിതുമ്പി. കഠിനമായ വികാരവിക്ഷോഭത്തിൽപ്പെട്ട് അയാളുടെ നെഞ്ച് ഉയർന്നു താഴ്ന്നു.
ജമുന അയാളുടെ അടുത്തിരുന്ന് കയ്യിൽ തടവി ആശ്വസിപ്പിച്ചുകൊണ്ട് എന്നെ നോക്കി.
”അയ്യാ… അതുക്കപ്പുറം എങ്ക വാഴ്‌ക്കൈയിലേയേ മിഗപെരിയ മോശമാന കാലമാ ഇരുന്തത്.
അന്നേക്ക് എങ്കളെ കട്ടിപ്പോട്ടു എങ്ക കണ്ണു മുന്നാടിയേ പതിനാറു വയസും പതിനാലു വയസും ഇരുന്ത എങ്ക രണ്ടു പുള്ളൈകളൈയും അവങ്ക മാറി മാറി കർപ്പഴിച്ചാങ്ക…
എങ്ക സൊന്ത പുള്ളൈകളോടെ കരച്ചിൽ … ഇന്നേക്കും എങ്ക കാതുകളുക്കുള്ളേ കേട്ടുക്കിട്ടേ ഇരുക്കറുതയ്യാ…”
അവർ ആദ്യമായിട്ടായിരുന്നു എന്നോട് മലയാളം അല്ലാതെ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നത്. ജമുന സംസാരം തുടരാൻ ആവാതെ പാതിവഴിയിൽ നിർത്തി. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവർ ശൂന്യതയിലേക്ക് നോക്കിയിരുന്നു.
ഇതുവരെയും ഇവരോട് ഒന്നും സംസാരിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. എത്ര കഠിനമായ അവസ്ഥകളിൽ കൂടിയാവും ആ മനുഷ്യർ കടന്നു വന്നിട്ടുണ്ടാവുക!
ഞാൻ പതുക്കെ എഴുന്നേറ്റ് അവരുടെ അടുത്ത് പോയിരുന്നു. “ഇല്ല, ഞാൻ ഇതൊന്നും അറിയില്ലായിരുന്നു. വല്ലാതെ വിഷമിപ്പിച്ചല്ലേ, സാരമില്ല. നിങ്ങൾ വീട്ടിൽ പൊക്കോളൂ.”
”ഇല്ലയ്യാ,” ജമുന പറഞ്ഞു.
“അയ്യാ… എങ്കളോഡ വാഴ്‌ക്കൈയൈ ഒരുതടവൈ എങ്കിലും നീങ്ക കേക്കണം.
ഇപ്പൊ രാജീവ് ഗാന്ധിയൈ കൊന്നതുക്കാകെ എങ്കളെയും പുലികൾന്ന് സൊല്ലി പോലീസുകാർ പുടിച്ചുക്കൊണ്ടു പോയിടുവാങ്കളോന്നേ എങ്കളുക്കു പയമാരുക്ക്. .
എപ്പോ എന്തു നടുക്കുമെന്നേ തെരിയാതു അയ്യാ… ഒരുവേള ഇതുക്കപ്പുറം എങ്കളൈ നീങ്ക പാക്കാമലയെ പോയിടലാം…
അതുക്കു മുന്നാടി, എങ്കളോടെ വാഴ്‌ക്കൈ എപ്പടി ഇരുന്തതെന്നെങ്കിലും നീങ്ക തെരിഞ്ജിരിക്കണം അയ്യാ… എങ്കളുക്കു നടന്തതെല്ലാം സൊല്ലി മുടിക്കണം.
നാങ്കൾ നാളൈ ഇരുപ്പോമോ ഇല്ലയോ തെരിയാതു… ആനാ, എങ്കളോടെ കഥയെ ഒരുത്തരുക്കാവതു തെരിഞ്ജിരിക്കണം അയ്യാ…”
അവർ കണ്ണുകൾ തുടച്ച് കഥ വീണ്ടും തുടങ്ങി.
”എന്റെ മക്കളെ മാനഭംഗപ്പെടുത്തിയ നാലുപേരെ കുറച്ച് മാസങ്ങൾക്ക് ശേഷം ഞങ്ങൾ കൊന്നു..
പിന്നീട് അവിടെ നിന്നാൽ ആപത്താണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതിനു ചുറ്റുപാടുമുണ്ടായിരുന്ന ഞങ്ങളുടെ ബന്ധുക്കളും എല്ലാവരും ചേർന്ന് എങ്ങനെയും അവിടെ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടണമെന്ന് തീരുമാനിച്ചു.
സീലാവുത്തുറ എന്ന സ്ഥലത്ത് ബോട്ടുകൾ ഉണ്ടെന്നും അവർ നമ്മളെ ഇന്ത്യയിൽ എത്തിക്കുമെന്നും ഒരു ബന്ധു വഴി നേരത്തേ ഞങ്ങൾ മനസ്സിലാക്കിയിരുന്നു.
പക്ഷേ മുതലിയാർകുളത്തു നിന്നും സീലാവത്തുറ വരെയും ഒരുപാട് ദൂരമുണ്ട്. വാഹനങ്ങളോ കാളവണ്ടികളോ ഒന്നുമുണ്ടായിരുന്നില്ല. അതുമാത്രമല്ല, ഞങ്ങളെ തപ്പി സിംഹളർ പലവഴിക്കും നടക്കുന്നുണ്ടാവും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. ആരുടെയും കണ്ണിൽപ്പെടാതെ കാടിനുള്ളിലൂടെ വേണം സീലാവുത്തുറ വരെയും എത്താൻ.
എടുക്കാവുന്ന സാധനങ്ങളെല്ലാം കെട്ടിയെടുത്ത് മക്കളെയും കൂട്ടി ഞങ്ങൾ നാൽപ്പത് പേരോളമുള്ള ഒരു സംഘം യാത്ര തുടങ്ങി. വളരെ ചെറിയ അളവിലുള്ള ഭക്ഷണം മാത്രമേ കയ്യിലുള്ളൂ…
കൂടെയുള്ള രണ്ടുപേർക്ക് കാട്ടിൽ കൂടെ സീലാവുതുറയ്ക്കുള്ള വഴിയറിയാമായിരുന്നു. അന്ന് എന്റെ ഇളയ കുഞ്ഞിന്റെ പ്രായം എട്ടു വയസ്സാണ്. കുറെ ദൂരം നടന്നു കഴിഞ്ഞാൽ അവൻ ക്ഷീണിക്കും. മാറി മാറി അവനെ ഓരോരുത്തരായി എടുക്കും. ആ കൂടെ ഗർഭിണികളുണ്ടായിരുന്നു.
കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. അവരെങ്ങാനും കരഞ്ഞാൽ, കരയുന്ന ഒച്ച കേട്ട് സിംഹളർ ഞങ്ങളെ കണ്ടുപിടിക്കുമോ എന്ന് പേടിച്ച്, കരയുന്ന കുട്ടികളുടെ വായ പൊത്തിപ്പിടിച്ചിട്ടാണ് നടക്കുക. കൂടുതൽ സ്ഥലങ്ങളിലും കാടുകളാണ്. കാടില്ലാത്ത സ്ഥലങ്ങളിലൂടെ രാത്രിയിലായിരുന്നു യാത്ര.
പെട്ടെന്ന് ആരുടെയും ശ്രദ്ധയെത്താത്ത സ്ഥലങ്ങളിൽ വിശ്രമിക്കും. പാചകം ചെയ്തു കഴിച്ചാൽ പുക കണ്ട് ആരെങ്കിലും കണ്ടുപിടിച്ചാലോ എന്ന് ഭയന്ന് പാചകം ചെയ്യാതെ കാട്ടിൽ നിന്നും കിട്ടിയ കിഴങ്ങുകളും പഴങ്ങളും കഴിച്ചു. അരുവിയിലെ വെള്ളം കുടിച്ചു. മാവില്ലു കാടുകളായിരുന്നു ആദ്യതടസ്സം. പിന്നെ കല്ലാരു വനമേഖല. ഇവിടെയൊക്കെ ആനയും പുലിയും കരടിയും ധാരാളമായുണ്ട്.
ഇടയ്ക്ക് വിശ്രമിക്കുന്നതിനിടയിൽ കൂടെയുള്ള ഒരു അഞ്ചു വയസ്സുകാരനെ പുലി കടിച്ചെടുക്കുന്നത് കണ്ടുനിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. അത്രയും ദിവസം ഞങ്ങളുടെ കൂടെ ചുറ്റിനുമുള്ള ആപത്തൊന്നും എന്താണെന്നറിയാതെ ചിരിച്ചും കളിച്ചും സന്തോഷത്തോടെ നടന്ന കുഞ്ഞിനെ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കാണാണ്ടായി.
യാത്രയുടെ അവസാന ഭാഗം വിലാത്തിക്കുളം കാടുകളിലൂടെയാണ്. കാടിനുള്ളിൽ പല സ്ഥലത്തും ചതുപ്പുകൾ ഉണ്ടാവും. നമ്മളറിയാതെ ചതുപ്പിലിറങ്ങിപ്പോയാൽ തിരിച്ചൊരു വരവുണ്ടാവില്ല. ഒരു ദിവസം ഓടിക്കളിക്കരുത്, ഞങ്ങളെ വിട്ടു പോകരുത് എന്ന വാക്ക് കേൾക്കാതെ ഏതുവഴിയോ ഓടിപ്പോയ രണ്ടു കുട്ടികളെ പിന്നെ കണ്ടിട്ടില്ല. ചതുപ്പിനുള്ളിൽ താഴ്ന്നു പോയിരിക്കാനാണ് സാധ്യത. പേരറിയാത്ത കായ്കളും കിഴങ്ങുകളും കഴിച്ച് വിഷബാധയേറ്റ് ഒന്ന് രണ്ടുപേർ കൺമുന്നിൽ പിടഞ്ഞുവീണ് മരിക്കുന്നത് കാണേണ്ടിവന്നു. കാട്ടിൽ ഉഗ്രവിഷമുള്ള പാമ്പുകൾ ഉണ്ടായിരുന്നു.
അങ്ങനെ മനുഷ്യരുടെ ഏറ്റവും നിസ്സഹായമായ അവസ്ഥകളെല്ലാം താണ്ടി, കൂടെയുള്ള പത്തോളം ആളുകൾ മരണത്തിന് കീഴടങ്ങുന്നത് കണ്ടുകൊണ്ട്, മനസ്സ് കല്ലാക്കി ഞങ്ങൾ സീലാവുതുറയിൽ എത്തി. പത്തു ദിവസമെടുത്തു യാത്ര തീരാൻ.
അവിടെനിന്നും ബോട്ടിൽ ഇന്ത്യയിലേക്ക്…
കയറിയ ബോട്ട് കേടായി വഴി തെറ്റി കടലിൽ അലഞ്ഞു നടന്നു. രാമേശ്വരത്ത് എത്തുമെന്നാണ് കരുതിയതെങ്കിലും ബോട്ടടുത്തത് വേറെ ഏതോ സ്ഥലത്തായിരുന്നു. ഒടുവിൽ ലങ്കയിൽ നിന്നും പുറപ്പെട്ട് നാലാം ദിവസം ഞങ്ങൾ തമിഴ്‌നാട്ടിലെ ഏതോ ഒരു കടൽത്തീരത്ത് അടിഞ്ഞു. പിന്നീട് മനസ്സിലായി അത് ഏർവാടി എന്ന സ്ഥലത്തായിരുന്നു എന്ന്.
അവിടെനിന്നും എങ്ങനെയൊക്കെയോ ഇവിടെ എത്തിച്ചേർന്നു. വരുന്ന വഴിയിൽത്തന്നെ മനസ്സും ശരീരവും മരവിച്ച രണ്ടു പെൺമക്കളും ഞങ്ങളെ വിട്ടു മരണത്തിന്റെ വഴിയിൽ പോയിരുന്നു.
പിന്നെയും ഒരുപാട് നാളത്തെ പട്ടിണിയും പരിവട്ടവും അലച്ചിലിനും ശേഷം എങ്ങനെയോ ഇവിടെ എത്തിച്ചേർന്നു. പിന്നെ മക്കളെ ഒരു സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു.. മക്കൾ കല്യാണം കഴിച്ചതും മറ്റൊരു ശ്രീലങ്കൻ തമിഴ് കുടുംബത്തിൽ നിന്നാണ്.
എങ്കളുക്കു വേറെ ആരുമില്ല അയ്യാ…
ഇപ്പടി രണ്ട് മനുഷങ്കൾ ഇന്നും ഉസിരോടെ ഇരുക്കാങ്കൾന്നതുക്കു പോലും എങ്കളുക്കിട്ടെ ഒരു അടയാളവും ഇല്ല അയ്യാ.
എങ്കളൈപ്പോലെ എത്രയോ പേരു ഇന്ത്യയിലും, ഓസ്‌ട്രേലിയാവിലും… എങ്കേ എങ്കേന്നോ തെരിയാമൽ, എപ്പടിയാവതും വാഴ്‌ക്കൈയൈ തള്ളിക്കൊണ്ടിരുക്കാങ്ക.
ഉറവുകളും നൻപർകളും (ബന്ധങ്ങളും സൗഹൃദങ്ങളും)എല്ലാത്തെയും പിന്നാടിയേ വിട്ട് ഉസിരൈ മാത്രം പുടിച്ചുക്കൊണ്ട് ഓടിയ ഓട്ടം താനേ അത് അയ്യാ…
ഇപ്പൊ എങ്ക പുള്ളൈപ്പുള്ളൈകളൈ മടിയില വച്ചുക്കൊണ്ട്, നാങ്കൾ വാഴ്‌ന്തിരുന്ന നാട്ടൈപ്പറ്റിയ കഥകളെല്ലാം അവങ്കളുക്കു സൊല്ലിക്കൊണ്ടിരുക്കോം.
പുലികളും സർക്കാരും തമ്മിലുള്ള യുദ്ധം മുടിഞ്ജാൽ… ഒരുവേള എങ്ക പുള്ളൈകളോ, പേരകളോ ഒരുനാൾ അങ്കേ പോയി, എങ്കളോഡ നാട് എപ്പടി ഇരുന്തതെന്നു പാത്തിട്ട് വരലാം…
നാങ്കൾ തിരുമ്പിപ്പോക മുടിയാമൽ പോയാലും, എങ്കളോഡ നാടൈ അവങ്കൾ എങ്കിലും ഒരുതടവൈ പോയി കാണണം അയ്യാ”.
ഏതാവത് ഒരു നാൾ നീങ്ക ഇന്ത കഥയെ എല്ലാമേ എങ്ക കൊളന്തകൾക്ക് ചൊല്ലിക്കൊടുങ്കെ അയ്യാ. നാങ്ക പോയിട്ട് വാരേൻ.
ഞാനൊന്നും മിണ്ടിയില്ല. വെറുതെ തലയാട്ടുക മാത്രം ചെയ്തു. അൽപനേരം ഇരുന്നിട്ട് അവർ പോകാൻ എഴുനേറ്റു. കൈ കോർത്തു പിടിച്ച് പതിയെ അവർ നടന്നു. ഒരു പോലീസ് ജീപ്പ് അവരുടെ ലൈൻ യൂണിറ്റ് ഇരിക്കുന്ന സ്ഥലത്തേക്ക് പോകുന്ന വെളിച്ചം കണ്ടു. അവരെ തിരിച്ചു വിളിക്കാൻ ഞാൻ പുറത്തേക്ക് ഓടി.
#വേരറുക്കപ്പെട്ടവർ
#എന്റെരചന
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
ഒരു കൊച്ചു തമിഴ് മകനായല്ലോ😀
നല്ല കഥ👌🌹