ടീ.. ഹാജറ.. ഈ ഓജോ ബോർഡ് എവിടെ കിട്ടും
ന്തൂട്ട്.. ഓജോ ബോർഡോ? എന്തിനു നിനക്ക്? നിനക്കിത് എന്തിന്റെ കേടാണ്? നീ എന്താ ചെയ്യാൻ പോണത്?
നിർത്തി നിർത്തി ചോദിക്കെന്റെ പെണ്ണെ.. ഇതെന്തോന്നിത് ഞാൻ ഒരു കാര്യം ചോദിച്ചപ്പോ നൂറു ചോദ്യം എന്നോട് ചോദിക്കുന്നോ.. എന്നിട്ട് ഞാൻ ചോദിച്ചതിന് ഉത്തരോം ഇല്ല..പറയടീ എവിടെ കിട്ടും.
അങ്ങനെ ചോയ്ച്ച ഷോപ്പൊന്നും എനിക്കറിഞ്ഞൂടാ.. ചിലപ്പോ ആമസോണിൽ കിട്ടും. നോക്കിയാലോ.
ബാ നമുക്കൊന്ന് നോക്കാം..
ടീ നീ ഇതെന്തെന്തിനുള്ള പുറപ്പാടാണ്. എനിക്ക് പേടിയാവുന്നുണ്ട് ട്ടാ.
ഞാൻ ഇല്ലേ കൂടെ. നീ ഒന്നു കൊണ്ടും പേടിക്കണ്ട.
ഉവ്വ.. എന്തേലും സംഭവിച്ച എൻറെ പൊടി പോലും ആ പരിസരത്തു കാണൂല ട്ടൊ.ആദ്യമേ പറഞ്ഞേക്കാം.
ഇജ്ജോന്ന് പിടക്കാണ്ടിരി. ഞാൻ ഇതൊന്നു ഓർഡർ ആക്കട്ടെ..
“രംഗം ശാന്തം…”
(ദിവസം ഒന്ന് രണ്ട് മൂന്നു നാല്… ദിവസങ്ങൾ കൊഴിഞ്ഞു വീണു )
“പിന്നീടൊരു ദിവസം “
ആമസോണിലെ സുന്ദരൻ സെയിൽസ്മാൻ സാധനം കൊണ്ട് വീട്ടിലെത്തി.ഡെലിവറി ചെയ്യുന്ന നേരത്ത് അങ്ങേരുടെ ഒരു നോട്ടം.. യാ മോനെ ഇവൾക്ക് നല്ല വശപിശക് ഉണ്ടല്ലോ എന്ന് തന്നെയാണ്.. ഹൈ വോൾട്ടേജിൽ ഒരു ചിരീം ചിരിച്ചു സാധനം വാങ്ങി..
ഇതെന്താ മോളെ പഠിക്കാനുള്ള സാധനം ആണോ.. ആ വെല്ലിമ്മ.. ഇത് സാമൂഹ്യ ശാസ്ത്രത്തിലെ പണ്ടത്തെ ആളോളെ കുറിച്ചു പഠിക്കാൻ ഉള്ളതാ..
ആണോ ഇപ്പളത്തെ ഓരോരോ പരിഷ്കാരങ്ങളെ.. നമ്മളൊക്കെ പഠിക്കുമ്പോ ഒരു പുസ്തകോം ഒരു പേനയും ഉണ്ടാവും.
കോണി കയറി പോവുമ്പോ ഉമ്മയും ചോയ്ച്ചു.. എന്താ ആമി അത്..
അത് വേൾഡ് മാപ്പ് ആണുമ്മച്ചി. ആമസോണിൽ നിന്നും വാങ്ങിതാ..
പടച്ചോനെ ഇവളിത് എന്തിന്റെ പുറപ്പാടാ. കൂട്ടു പ്രതി പിന്നിൽ നിന്നും ആത്മഗതം പറഞ്ഞു..
സാധനം എല്ലാം ഒക്കെ ആയി. ഇനി പറ്റിയൊരു സമയം സെറ്റ് ആക്കണം. കശുമാവിന്റെ ചോട്ടിൽ കശുമാങ്ങാ തിന്നുന്ന നേരത്ത് വെറുതെ ചിന്തിച്ചു പോയി..
എന്റെ ചിന്ത മനസിലാക്കിയ ഓള് ആദ്യമേ പറഞ്ഞു. രാത്രി വേണ്ട ട്ടോ. പകല് മതി..
അയ്യേ പകല് വേണ്ട.. ഒരു രസോം ഉണ്ടാവൂല പ്രേതത്തെ കാണാൻ. പിന്നെ വരുന്ന പ്രേതത്തിന് ഉമ്മാനേം വെല്ലിമ്മനേം ഒളിച്ചു നിൽക്കാൻ പിന്നെ ഞാൻ സ്ഥലം ഉണ്ടാക്കി കൊടുക്കേണ്ടി വരും..
പടച്ചോനെ ഇവളിത് കുളമാക്കുമോ. ആരേലും അറിഞ്ഞ ആലോചിക്കാൻ കൂടി വയ്യ. ഹാജറാടെ മനസിലെ ആദി ആരോട് പറയാൻ ആണ്. ഇനി ഓൾടെ ഉമ്മാനോട് പറഞ്ഞാലോ. ആകെ ആപത്തു വരുന്നു എന്നൊരു തോന്നൽ.. ഹാജറ ആലോചനയോട് ആലോചന.
ടീ ഇന്നു വ്യാഴം, നാളെ വെള്ളിയാഴ്ച്ച. പറ്റിയ സമയം ആണ്. നമുക്കത് ഫിക്സ് ആക്കാം. എല്ലാരും ഉറങ്ങിട്ടു ഒരു പതിനൊന്നു മണിക്ക്.എന്താ സമ്മതിച്ചോ.
കശുമാവിൻ ചോട്ടിൽ നിന്നും എഴുനേറ്റു പോകുന്നതിനിടെ ആമി പ്ലാൻ പറഞ്ഞു.. പെട്ടന്ന് തന്നെ ഹാജറ തന്നെ ആരോ വിളിക്കുന്ന പോലെ തിരിഞ്ഞു നോക്കി. അതുവരെ അവരിരുന്ന ആ കശുമാവിൻ പറമ്പ് വല്ലാത്തൊരു നിഗൂഢത പോലെ തോന്നി.. ഒരു കാറ്റ് പോലും ഇല്ലാതിരുന്ന ആ നേരത്തും ഇലകളെല്ലാം ആടി ഉലയുന്നു.. ആരോ പൊട്ടി ചിരിക്കുന്ന പോലെ….
ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്താണ് തനിക്ക് സംഭവിക്കാൻ പോകുന്ന എന്നറിയാതെ ആമീ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സ് വല്ലാതെ കലുഷിതമായിരുന്നു.പുറത്ത് പട്ടിയുടെ ബഹളം.. തൊട്ടടുത്തുള്ള പള്ളിക്കാട്ടിൽ കുറുക്കന്മാർ ഓലിയിട്ടു കൊണ്ടിരിക്കുന്നു. ബെഡിൽ നിന്നും എഴുനേറ്റ് ജനാലക്കരികിൽ ചെന്നു നിന്നു…
കുറച്ച് ദൂരെ പള്ളിക്കാട് കാണാം.. ജീവിച്ചു കൊതി തീർന്നവരും കൊതി തീരാതെ മരിച്ചവരും പ്രണയിച്ചവരും പ്രണയം നഷ്ടപ്പെട്ടവരും അങ്ങനെയങ്ങനെ ഒരുപാട് ആത്മാക്കൾ ശാന്തമായി ഉറങ്ങുന്ന മണ്ണ്.. അങ്ങ് ദൂരെ കശുമാവിൻ ചോട്ടിൽ വല്യ ഉപ്പൂപ്പാന്റെ കബർ കാണാം. മൈലാഞ്ചി ചോപ്പ് പോലെ സുന്ദരമായൊരു കഥയുള്ള വല്യ ഉപ്പൂപ്പന്റെ കബർ.. കുറേ നേരം നോക്കി നിന്നു.. ചന്ദ്രൻ തന്റെ പ്രേയസ്സിക്കായ് കാത്തിരിക്കുന്ന പതിനാലാം രാവിന്റെ മൊഞ്ചിൽ ഭൂമി മുഴുവൻ
പ്രഭ ചൊരിയുന്നുണ്ട്. ഇത് വരേയുള്ള കാത്തിരിപ്പിന്റെ വിരഹം അവർ പറഞ്ഞു തീർക്കുന്നതാവാം..
ചിന്തകൾ കാടു കയറി എത്ര നേരം നിന്നു എന്നറിയില്ല. വീണ്ടും ഉപ്പൂപ്പാന്റർ കബറിനരികിലേക്ക് ഒരു നിമിഷം കണ്ണു പാഞ്ഞു പോയി. ഏതോ ഒരു വെളിച്ചം തന്നെ തന്നെ നോക്കി നിൽക്കുന്നതായി തോന്നി. താൻ എന്നും കഥ പറയുന്ന കുഞ്ഞു നക്ഷത്രം തന്നെ നോക്കി കണ്ണിറുക്കുന്ന പോലെ ആ വെളിച്ചവും തന്നോട് എന്തോ പറയുവാൻ വെമ്പുന്ന പോലെ…
ഒരു നിമിഷം ഭയം വന്നു മൂടി.. വേഗം ജനവാതിൽ അടച്ചു പിന്തിരിയും മുന്പേ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
“കണ്ണോട് കണ്ണോട് നോക്കി നിൽക്കെ..
നിന്നെ അറിയുന്ന മൗനം വാചലമായ്..”
ഫോണിൽ നിന്നും പാട്ട് ഒഴുകി കൊണ്ടേ ഇരുന്നു.
അറിയാത്ത നമ്പർ ആണ്.. എടുക്കണോ വേണ്ടയോ.. ആകെ ഒരു ഭയം. പെട്ടന്ന് ഫോൺ കട്ട് ആയപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി.ഒരു ദീർഘ നിശ്വാസം എടുത്തു തീരും മുന്നേ വീണ്ടും ഫോൺ അടിക്കാൻ തുടങ്ങി.
വിറക്കുന്ന കൈകളോടെ ഫോൺ എടുത്തു.വെറുതെ ചെവിയോടെ ചേർത്തു വെച്ചു. ഹലോ പറയാനോ സംസാരിക്കാനോ പേടി തോന്നി.. അപ്പുറം ചെറിയൊരു നിശ്വാസം കേൾക്കുന്നുണ്ട്. കുറച്ച് നിമിഷത്തെ മൗനത്തിനു ശേഷം ഫോൺ കട്ട് ആയി..
വല്ലാത്തൊരു മൂകത.. അത് വരേ ഉണ്ടായിരുന്ന പ്രകാശ പൊലിമ പെട്ടന്ന് ഇല്ലാതായതു പോലെ. ഫോൺ സ്വിച്ച് ഓഫ് ആക്കി വേഗം ബെഡിൽ വന്നു കിടന്നു.. ഹൃദയമിടിപ്പ് വല്ലാതെ കൂടിയതു പോലെ തോന്നി ആമിക്ക്..നാളത്തെ ഒരു ദിവസത്തെ ഓർത്ത് താൻ ചെയ്യാൻ പോകുന്നത് എന്തെങ്കിലും ആപത്ത് വരുത്തി വെക്കുമോ എന്ന ഭയം. അത് വരേ ഉണ്ടായിരുന്ന എല്ലാ ധൈര്യവും ഒരു നിമിഷം കൊണ്ട് ചോർന്നു പൊയി.
ആരാവും തന്നെ വിളിച്ചത്. അതും ഈ അസമയത്ത്.. ആലോചനകൾക്കിടയിൽ എപ്പോഴോ ഉറങ്ങി പോയി…
നേരം വെളുത്തിട്ടും ഉറക്കം മതിയാവാതെ വീണ്ടും ബെഡിൽ തന്നെ കിടന്നു.. ഓൺലൈൻ ക്ലാസ്സ് അല്ലെ. കുറച്ച് നേരം കൂടെ കിടക്കാം എന്നോർത്തു ഫോൺ എടുത്തപ്പോഴാണ് ഇന്നലെ വിളിച്ച ഫോൺ കാൾ ഓർമ വന്നത്… വെറുതെ വിളിച്ചു നോക്കി. ഫോൺ സ്വിച്ച് ഓഫ് ആണ്. വീണ്ടും വിളിക്കാൻ തോന്നിയില്ല.. നമ്പർ വേഗം ബ്ലോക്ക് ഓപ്ഷനിലേക്ക് ഇട്ടു. അസമയത്ത് വിളിക്കുന്ന ആളുകൾ അത്ര നല്ല ലക്ഷ്യത്തോടെ ആയിരിക്കില്ല..
വീണ്ടും ഫോണിൽ എന്തൊക്കെയോ സ്ക്രോൾ ചെയ്തു. ഒന്നിനും ഒരു മൂടില്ല. ഫോൺ ബെഡിൽ ഇട്ടു തിരിഞ്ഞു കിടക്കുമ്പോഴേക്കും താഴെ ഉമ്മിയുടെ വിളി കേട്ടു..
ആമി എണീക്ക്.. മതി ഉറങ്ങീത്. ക്ലാസ്സുണ്ട്. ഉമ്മി വിളിച്ചു പറയുന്നുണ്ട്.. നേരെ ബാത്റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് പോയി. ഭക്ഷണം കഴിക്കുമ്പോഴും ക്ലാസ്സിൽ ഇരിക്കുമ്പോഴും ഒന്നിനും ഒരു ശ്രദ്ധ കിട്ടുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ ഉത്തരം കിട്ടാത്ത ചോദ്യം പോലെ മനസ്..
ഒരു തീരുമാനത്തിൽ എത്താൻ കഴിയുന്നില്ല.. എങ്കിലും താൻ ആഗ്രഹിച്ച ആ ഒരു കാര്യം നടന്നിരുന്നെങ്കിൽ തന്റെ മനസിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടുമായിരുന്നു. പക്ഷെ അത് നടക്കും എന്ന് എന്തുറപ്പാണ്. നടന്നില്ലെങ്കിൽ വിപരീത ഫലം ആണെങ്കിലോ…
ഹാജറ ഇത് വരേ വന്നില്ല. അവളോടെങ്കിലും ഒന്നു തന്റെ മനസിലെ ആശങ്ക പറയാമായിരുന്നു. മനസ്സിൽ വിചാരിച്ചു തീരും മുന്നേ ആൾ മുന്നിലെത്തി. പക്ഷെ അവളുടെ മുഖത്തു ഒരു തെളിച്ചമില്ല…
എന്തു പറ്റി..
ടീ.. ഇന്ന് രാത്രി ഞാൻ ഉണ്ടാവില്ല ട്ടോ..
അതെന്താ..
എന്നോടും ഉമ്മനോടും വേഗം ഉമ്മിടെ വീട്ടില് എത്താൻ പറഞ്ഞേക്കുവാ ഇന്ന്.. ഞങ്ങള് നാളയെ തിരിച്ചു വരു..
മ്മ്..
ആമി ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ
പറയ്..
ടീ.. നമുക്ക് ഓജോബോർഡും കളിയും ഒന്നും വേണ്ടടാ.. പേടിയാവുന്നു..
മ്മ്.. ഒരു മൂളൽ മാത്രം മറുപടി കൊടുത്തു
പേടിയായിട്ട.. നീ ചെയ്യുവോ..
ഇല്ലടീ.. ഞാൻ അത് വെറുതെ വാങ്ങിയത.. അതൊക്കെ വെറുതെ ഓരോ പറ്റിപ്പല്ലേ…
ഞാൻ അത് അപ്പളേ വിട്ടു.. നീ പോയി വാ..
പടച്ചോനെ ഇപ്പളാ ഒരു ആശ്വാസം ആയെ.. എന്ന ഞാൻ പോയി വരാം..അതും പറഞ്ഞു അവളിറങ്ങി.
അവളെ യാത്ര അയച്ചു.. ഫോൺ വന്ന കാര്യം പറയണം എന്നുണ്ടായിരുന്നു.. പിന്നെ അവളുടെ ചോദ്യത്തിന് മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് അത് വേണ്ടാന്ന് വെച്ചു. ഫോൺ എടുത്തു നമ്പർ എടുത്തു ബ്ലോക്ക് മാറ്റി.. നമ്പർ സേവ് ചെയ്തു.. “ജിന്ന് “…
മനസിലെ എല്ലാ പ്രതീക്ഷകളും എല്ലാം തകിടം മറിഞ്ഞു.. വേണ്ട ഒന്നും വേണ്ട… മനസിനെ പറഞ്ഞു പഠിപ്പിച്ചു..
പിന്നീട് ഉച്ചക്ക് ശേഷമുള്ള ക്ലാസും തിരക്കുമായി മനസ്സിൽ നിന്നും ആ കാര്യമേ മറന്നു പോയി. വെല്ലുമ്മ പറഞ്ഞു തരുന്ന കഥകളും കെട്ട് മഗ്രിബിനു ശേഷം ഉമ്മറത്തിരിക്കുമ്പോ അങ്ങ് ദൂരെ തന്നെ നോക്കി കണ്ണിറുക്കുന്ന ആ വെളിച്ചത്തേ വീണ്ടും കണ്ടു. വെല്ലിമ്മടെ അടുത്തേക്ക് നീങ്ങി ഇരുന്നു..
മുഖത്തെ ഭയം കണ്ടു കൊണ്ടാവണം എന്തൊക്കെയോ ചോല്ലി എന്റെ നെറുകയിൽ ഓതി ഊതി തന്നു വെല്ലിമ്മ.. അത്താഴം കഴിഞ്ഞു കോളേജിലേക്കുള്ള വെക്കാനുള്ള പ്രൊജക്റ്റ് എഴുതി കഴിഞ്ഞു കിടക്കാൻ നേരം വെറുതെ ജനലിനരിലിൽ പോയി നിന്നു.
വിട പറയാൻ തയ്യാറെടുക്കുന്ന തന്റെ പ്രിയതമനെ മോഹിപ്പിക്കാൻ നിലാവ് ഒന്നു കൂടെ ചന്തം നിറഞ്ഞതായി തോന്നി.. ഭൂമി മുഴുവൻ ഒരു പാൽ കടൽ പോലെ വെളുത്ത പ്രഭയാൽ മുങ്ങി നിൽക്കുന്നു. എങ്ങു നിന്നോ നല്ല മുല്ല വിരിഞ്ഞ മണത്തെ പേറി കാറ്റ് കടന്നു പോയി കൊണ്ടിരിക്കുന്നു..
ആ നിമിഷം ഓജോ ബോര്ഡിന്റെ കാര്യം ഒരു കൊള്ളിയാൻ പോലെ മനസിലൂടെ കടന്ന് പോയി. ഒരു സ്വപ്നത്തിലെന്ന പോലെ അലമാരയിൽ വെച്ചിരുന്ന ഓജോ ബോർഡ് കയ്യിലെടുത്തു….
(തുടരും )
അനു ✍️
2 Comments
Pingback: മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (3) - By Anu Nazeer - കൂട്ടക്ഷരങ്ങൾ
Pingback: മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (2) - By Anu Nazeer - കൂട്ടക്ഷരങ്ങൾ