കുള്ളൻ തൈകൾ വിൽപനയ്ക്ക് !
ഏതോ കൃഷിയിടത്തിലെ
ദത്തു തൈകൾ ..
രാസമണ്ണിന്റെ
ടെസ്റ്റ്യൂബ് പൈതങ്ങൾ ..
മണ്ണിലേക്കോ
മനസിലേക്കോ
വേരിറങ്ങില്ലത്രേ ..
നേരത്തിന്
വളവും വെള്ളവും ..
തണൽ തൈകൾ വിൽക്കാനുണ്ടോ ?
ഫലമൊന്നും നൽകാത്തവ ..
വസന്തത്തിൽ
വർണ്ണം തൂകുന്നവ ..
വേനലിൽ
തണലാകുന്നവ ..
കിളികൾക്ക്
കൂടാകുന്നവ ..
ശിശിരത്തിൽ
കൂട്ടുതേടുന്നവ ..
ചങ്കിലേക്ക്
വേരുകളാഴ്ത്തുന്നവ ..
തണൽ മരങ്ങൾക്ക്
വെള്ളം തേവുന്ന
വിഡ്ഢിയെന്ന പരിഹാസം
എനിക്കൊരു വിഷയമേയല്ല..
വാൽക്കഷ്ണം : നിഷ്കാമകർമ്മം എന്ന് കേൾക്കുമ്പോൾ ചിരിച്ചു തള്ളുന്ന, unconditional love എന്നത് മിത്തായി സങ്കൽപിക്കുന്ന നമ്മൾ ഒന്നു തലയുയർത്തി നോക്കണം .. നാമിരിക്കുന്ന തണൽ ആര് നട്ടതാണെന്ന് .. ഏത് ഫലേച്ഛയിലാണെന്ന് ..