നാഗരികതയുടെ ആഡംബരമില്ല
മതിൽകെട്ടിനാൽ വേർതിരിച്ചില്ല
മലകളും പുഴകളും കുഞ്ഞരുവികളും
നെൽപ്പാടങ്ങളും കൈത്തോടുകളും
അവയിൽ മേയുന്ന പൈക്കിടാങ്ങളും
അമ്പലവും അരയാല്ത്തറയും
ചുറ്റുമിരിക്കും കാരണവന്മാരും.
പാടവരമ്പത്തു വരിവരിയായ്
കൊയ്ത്തിനു പോവുന്ന പെണ്ണുങ്ങളും.
പൂക്കളും കായ്കളും വേലിപ്പടർപ്പും
തേൻ കുടിക്കുന്ന ശലഭങ്ങളും.
പുലര്ക്കാലനേരം വീട്ടുകാരെ
കൂവിയുണർത്തും കോഴികളും.
കലപില ചിലച്ചിടും കിളിനാദവും
കൂവി തോൽപ്പിക്കും കുയിൽനാദവും.
കാവും കുളവും കൽപ്പടവും
നീന്തിത്തുടിക്കുന്ന ചെക്കന്മാരും
സ്നേഹവും ഐക്യവും ആത്മാർത്ഥയും
ആവോളമുള്ള മനുജന്മാരും.
പച്ചപ്പും ഹരിതവർണ്ണങ്ങളും
കണ്ണിൻ കുളിർമ്മയാം കാഴ്ചകളും
മണ്ണിൽ പൊന്നു വിളയിച്ചിടും
കർഷകരും കൊണ്ട് സമ്പന്നമാണ് എന്റെ ഗ്രാമം
റംസീന നാസർ