കറികൾ പലതരമുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരിത്തിരി അച്ചാറുണ്ടങ്കിലേ അങ്ങു തൃപ്തിയാവൂ. അച്ചാറുകൾ പലവിധമുണ്ടെങ്കിലും എനിക്കെന്നും ഉമ്മയുണ്ടാക്കുന്ന നാരങ്ങ അച്ചാറിനോട് ഏറെ പ്രിയം.
ചെറുനാരങ്ങ കഴുകി വെള്ളം വാർക്കാൻ വെക്കുക വെള്ളം വാർന്നാൽ ചുവടികട്ടിയുള്ള ചീനച്ചട്ടി വിറകടുപ്പിൽ വെച്ച് നല്ലെണ്ണയൊഴിച്ച് നാരങ്ങയെ വാട്ടിയെടുക്കുക. വാട്ടിയെടുത്ത നാരങ്ങ ചൂട് പോയാൽ നാലായി മുറിച്ചു ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ചതുരക്കഷ്ണങ്ങളായി മുറിച്ചു വെക്കുക. നേരത്തെ നാരങ്ങ വാട്ടിയ അതേ ചട്ടിയിൽ നല്ലെണ്ണ തന്നെ ഒഴിക്കണം വെളിച്ചെണ്ണ അച്ചാറിന് നന്നല്ല എന്ന് ഉമ്മുമ്മ പറയാറ്. ചൂടായ എണ്ണയിലേക്ക് കടുക് ഇട്ടു പൊട്ടിക്കഴിഞ്ഞാൽ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്തു നല്ലോണം വഴറ്റിയെടുക്കണം. ശേഷം വാട്ടി മുറിച്ചു വെച്ച നാരങ്ങയും കൂടെ എരുവിനും രുചിക്കും ആവിശ്യാനുസരണം മുളക്പൊടി, മഞ്ഞൾപൊടി, ഉലുവാപ്പൊടി, കായപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കി ഉപ്പും ഒരു ചെറിയ കഷ്ണം ശർക്കരയോ ഒരു നുള്ള് പഞ്ചസാരയോ ചേർക്കാം. ചേരുവകൾ എല്ലാം യോജിപ്പിച്ചാൽ അടുപ്പിൽ നിന്ന് ഇറക്കിവെച്ച് ചൂട് മാറിയാൽ അച്ചാറിന്റെ ഭരണിയിൽ ഇട്ടു മുകളിൽ സ്വർക്കയും ഒഴിക്കണം അച്ചാർ കേടുവരാതിരിക്കാൻ ആണത്രേ. ശേഷം ഭരണി മൂടിക്കെട്ടി അച്ചാർ പാകമാവാൻ വെക്കുക.
പനിക്കാലത്തെ ഒന്നാം സ്ഥാനക്കാരൻ നാവിന്റെ രുചിമുകുളങ്ങളെ ഉണർത്താൻ ഈ അച്ചാറ് തന്നെ കേമൻ. ചൂട് കഞ്ഞിക്കൊപ്പം പാകമായ അച്ചാറും തൊട്ടുനക്കി, കുടിച്ചു വിയർത്താൽ പനി പമ്പ കടക്കും എന്ന് ഉമ്മുമ്മ പറയാറ്.
റംസീന നാസർ