എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല..
മോൻ എഴുനേൽക്കുമ്പോൾ പാല് കൊടുത്തു ഉറക്കി വീണ്ടും അവിടെ തന്നെ കിടന്നു.. ഇടക്ക് ഉമ്മ വന്ന് നോക്കിയതല്ലാതെ എനിക്ക് സുഖമില്ല എന്ന് തോന്നിയതു കൊണ്ടാവണം വിളിക്കാതെ പോയത്.
ഉച്ചക്ക് ഇക്ക വന്നു എന്നെ ചോദിക്കുന്നത് കേട്ടിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത്. ഇന്ന് ഫുള്ള് കിടപ്പായിരുന്നു. സുഖമില്ലെന്നു തോന്നുന്നു. നീ ഒന്ന് ചോദിച്ചേ എന്ന് ഉമ്മ പറയുന്നത് കേട്ടു.
ഇക്ക മുകളിലേക്ക് വരുമ്പോഴേക്കും ഞാൻ ബാത്റൂമിൽ കയറിയിരുന്നു. തിരിച്ചിറങ്ങിയപ്പോ എന്തു പറ്റി എന്ന ഇക്കാടെ ചോദ്യത്തിന് നിങ്ങൾക്ക് പഴയപോലെ എന്നെ ഇഷ്ടമാണോ എന്ന ചോദ്യമായിരുന്നു ഞാൻ തിരിച്ചു ചോദിച്ചത്. നിനക്ക് വട്ടായോ. ഇഷ്ടമില്ലാതെ പിന്നെ എന്നൊരു ഒഴുക്കൻ മറുപടിയോടെ മോനെ എടുത്തു താഴേക്കു പോയി.. ചോര പൊടിയാത്ത മുറിവിൽ നിന്നും അപ്പോഴേ വേദന തുടങ്ങിയിരുന്നു..
അത്താഴം കഴിച്ചു കിടക്കാൻ നേരവും മൊബൈലിൽ തോണ്ടി കിടക്കുന്ന ഇക്കനോട് പഴേ ചോദ്യം ആവർത്തിച്ചു.. ഇതെന്തു പറ്റി പെണ്ണെ, പറയ് എന്ന ചോദ്യത്തിന് എന്നെ ചേർത്തു പിടിച്ചു നെറുകയിൽ ഒരു ഉമ്മ വെച്ചപ്പോൾ പൊള്ളിയടരുന്ന നോവിൽ തണുത്തകുളിരു പെയ്യുന്ന സുഖമായിരുന്നു..
ദിവസങ്ങളും മാസങ്ങളും പിന്നിട്ടു. തിരക്കുകളും പരിഭവങ്ങളും പരാതി പറച്ചിലും ചേർത്തു പിടിക്കലും മുറക്ക് നടന്നു കൊണ്ടേ ഇരിക്കുന്നു. ഇടക്കിടെ പെയ്യുന്ന വേനൽ മഴ പോലെ ഭൂമിയെ നനച്ചു കൊണ്ടങ്ങു പെയ്തു പോവും. എന്റെ തിരക്കുകൾക്കിടയിൽ ഞാൻ എന്നെ തന്നെ മറന്നു പോയിരുന്നു.
ഇക്ക ഒരു പെൺകുട്ടിയെ കുറിച്ചു നല്ലത് പറഞ്ഞൂടാ നോക്കി ചിരിച്ചു കൂടാ അങ്ങനെയൊക്കെ ബാലിശമായ എന്റെ വാശികൾക്ക് മേൽ വീർപ്പു മുട്ടുന്ന പോലെ തോന്നി തുടങ്ങി ഇക്കാക്ക്. ഈ പെണ്ണെന്താ ഇപ്പൊ ഇങ്ങനെ. നീ പണ്ട് ഇങ്ങനെ ആയിരുന്നില്ലല്ലോ ഇക്ക ഇടക്കിടെ എന്നോട് പറയുന്നത് ഞാൻ കേട്ടിട്ടും കേൾക്കാതെ പോലെ നടന്നു.സംശയമായിരുന്നില്ല. തന്നെക്കാൾ കൂടുതൽ മറ്റൊരാളോട്.. ആലോചിക്കാൻ കൂടി വയ്യ..
അങ്ങനെയിരിക്കെ എന്റെ സ്വന്തം അനിയന്റെ കല്യാണം ആയി തുടങ്ങി. ആഘോഷങ്ങളും ഡ്രസ്സ് എടുക്കലും ഹൽദിയും മെഹന്തിയും എല്ലാം അടിച്ചു പൊളിക്കണം.
കസിൻസ് എല്ലാം ആദ്യമേ ഡ്രസ്സ് കോഡും ഡാൻസും പാട്ടും എല്ലാം സെറ്റ് ആക്കി തുടങ്ങി..
ഡ്രസ്സ് എടുക്കാൻ പോയപ്പോ ഒന്നും എനിക്ക് ചേരുന്നില്ല. വയർ കൂടി. ആ ഡ്രസ്സ് ഇട്ട കൈക്ക് വണ്ണം തോന്നും. അഭിപ്രായങ്ങൾ ഏറിയപ്പോ എന്റെ ശരീരത്തെ എനിക്ക് തന്നെ വെറുപ്പ് തോന്നി. ഭക്ഷണം കഴിക്കാതെയും ഓരോ എക്സസൈസ് ചെയ്തും മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ കഥാപാത്രമായത് മാത്രം ബാക്കി.
റീസെപ്ഷന് ഡാൻസ് കളിക്കണം.. ഡാൻസിന്റെ സ്റ്റെപ് ഇട്ടു പഠിക്കാൻ തുടങ്ങിയപ്പോഴേ വെല്ലിമ്മ വന്നു മുടക്കി. ഓളെ കെട്ട് കഴിഞ്ഞതാ. അവർക്ക് ഇഷ്ടയില്ലെങ്കിലോ. വീണ്ടും ഉള്ളിലെ നേരിപോട് പുകഞ്ഞു തുടങ്ങി. ആദ്യമായി വെല്ലിമ്മടെ തർക്കുത്തരം പറഞ്ഞു. ഞാൻ ഡാൻസ് കളിച്ച അവർക്കെന്താ.
പിന്നാലെ വന്നത് ഉമ്മയുടെ ചീത്തയായിരുന്നു. മൂത്തവർ പറഞ്ഞത് കേട്ട മതി നീ. വീണ്ടും ഒരു മാറ്റി നിർത്തൽ. ഇക്കനോട് പോയി പരാതി പറഞ്ഞു. അവിടേം അതെ മറുപടി. സങ്കടവും ദേഷ്യവും എല്ലാം ഉള്ളിൽ ഒരു ഭാഗത്ത് അടിഞ്ഞു കൂടാൻ തുടങ്ങി.
കല്യാണ ദിവസം മോന് ചെറിയ ജലദോഷം. കരച്ചിലും രാത്രി ഉറങ്ങാതെയും രാവിലെ ആകെ സുഖമില്ലാത്ത ഒരു പ്രഭാതം. എല്ലാവരും അവരുടേതായ തിരക്കുകൾ. സന്തോഷങ്ങൾ. ആരും എന്നെ ശ്രദ്ധിക്കുന്നു പോലും ഇല്ല. ചെക്കന്റെ കൂടെ ഇറങ്ങാൻ നിന്ന മോന്റെ സുഖമില്ലായ്മ പറഞ്ഞു വീട്ടിലിരുത്തിയപ്പോൾ സങ്കടം ഒന്നും തോന്നിയില്ലായിരുന്നു. കാരണം അവനു വേദനിച്ചാൽ എന്റെ നെഞ്ച് പിടയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നിരുന്നാലും എല്ലാരിലും നിന്നും അകന്നു പോകുന്ന പോലെ. ചെറിയ സന്തോഷങ്ങൾ പോലും ഇല്ലാതാവുന്നു. എല്ലാത്തിനും കാരണം എന്റെ കല്യാണവും കുഞ്ഞുമാണ്.
മധുരിച്ചിട്ട് തുപ്പാനും കൈച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ.. എന്തു ചെയ്യും. എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്ന ഒന്നു തന്നെ. എത്ര സന്തോഷം തരുന്നതാണെങ്കിലും ഒരു കൂട്ടിൽ കിടക്കുന്ന അവസ്ഥ.. കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം സങ്കടം തന്നെയാണ്..
പിന്നീട് അങ്ങോട്ട് ജീവിതത്തിൽ കുറേയേറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബലി കഴിക്കേണ്ടി വന്നു.സൗഭാഗ്യങ്ങൾ ഏറെ ഉണ്ടെങ്കിലും നഷ്ടങ്ങളുടെ പട്ടികക്ക് മുൻതൂക്കം കൊടുത്തു തുടങ്ങിയിരുന്നു അപ്പോഴേക്കും ഞാൻ. ജോലി, തുടർന്നുള്ള പഠനം അങ്ങനെ അങ്ങനെ എല്ലാം മനസിന്റെ അടിത്തട്ടിൽ ചിതയൊരുക്കി. ആ ചിതയുടെ ചൂടിൽ ഇക്കയുടെ സ്നേഹത്തിന്റെ പ്രകാശം കാണുവാൻ കഴിയാതെ കണ്ണിൽ വെളിച്ചം കെട്ടു പോയി..
പിന്നെ പ്രതികരിച്ചത് മുഴുവൻ ദേഷ്യവും വഴക്കിടൽ കൊണ്ടും മാത്രമായിരുന്നു. എവിടെയോ നഷ്ടപ്പെട്ട സമാദാനം തേടി ഓരോ യാമത്തിലും കണ്ണിൽ മഴ പെയ്തു കൊണ്ടേയിരുന്നു.
അങ്ങനെയൊരിക്കൽ നിരാശയുടെ പെരുമഴ പെയ്യുന്നൊരു രാത്രി വിഷാദത്തിന്റെ നിലയില്ലാ കയങ്ങളിൽ ശ്വാസം കിട്ടാതെ പിടയുന്ന ഏതോ നേരത്ത് സ്വന്തം കുഞ്ഞിന്റെ ജീവൻ എടുക്കാൻ ഞാൻ നോക്കിയത്. നേരിയ ജീവൻ അവശേഷിക്കുന്നതറിഞ്ഞു അവനെ വാരിയെടുത്ത് ഇക്ക ആശുപത്രിയിലേക്ക് പായുന്ന നേരത്തും ഉന്മാദവസ്ഥയിൽ സ്വയം ജീവനെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ.
(തുടരും )
അനു ✍️
3 Comments
Nmoonnu ഭാഗങ്ങളും ഒന്നിച്ചാണ് വായിച്ചത്. എനിക്ക് തോന്നുന്നു മിക്ക സ്ത്രീകളും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവരാണെന്ന്. അതിമഹോരമായി എഴുതി. സൂപ്പർ 👌
❤️❤️
Pingback: പെണ്മനസ് - By Anu Nazeer - കൂട്ടക്ഷരങ്ങൾ