മടുത്തു.
ഈ സ്കൂളിൽ പോക്കും ഹോംവർക്കും കണക്കു മാഷിൻ്റെ ചീത്തയും അടിയും….
ഒരു സ്വൈര്യോമില്ല.
വീട്ടിലാണെങ്കിൽ എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങുന്ന അനിയൻ.
അവനെ കണ്ടു പഠിയ്ക്കെടാ എന്ന ഉപദേശം കേട്ട് കേട്ട് മടുത്തു.
എങ്ങോട്ടെങ്കിലും പോകാം. സ്കൂളിൽ പോകണ്ടാത്ത ഒരിടത്തേയ്ക്ക്.
കുടുക്ക പൊട്ടിച്ചു നോക്കി അമ്പത്തിമൂന്ന് രൂപയുണ്ട്. വിഷുക്കൈനീട്ടം കിട്ടിയ കുറച്ച് പൈസ വേറെയുമുണ്ട്. തൽക്കാലം ഇതുമതി.
സ്കൂൾ ബാഗിൽ രണ്ട് ഷർട്ടും നിക്കറുമെടുത്തു വച്ചു. രാത്രിയാകട്ടെ പോകാം.
രാത്രി കിടക്കുമ്പോഴാണോർത്തത് അമ്മ നാളെ ഉണ്ണിയപ്പം ഉണ്ടാക്കാന്ന് പറഞ്ഞതാണല്ലോ.
ഞാൻ പോയി കഴിഞ്ഞാൽ അനിയൻ അതും കൂടി കഴിയ്ക്കും. തൽക്കാലം അതു വേണ്ട. ഉണ്ണിയപ്പം കഴിച്ചിട്ട് മറ്റന്നാൾ പോകാം.
ബിന്ദു രാജേഷ്