നല്ല സൂചിമുന പോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ
വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്.
ആരു കേൾക്കാൻ.
“എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടും കൂടി നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നും പറഞ്ഞ് ചുണ്ടും വക്രിച്ച് ഹീലുള്ള ആ ചെരിപ്പും വാങ്ങി വീട്ടിലെത്തി.
ഞായറാഴ്ച അടുത്ത വീട്ടിലെ പെങ്കൊച്ചിൻ്റെ കല്യാണത്തിന് ചെരുപ്പുമിട്ട് ഹാളിലെത്തി.
മുറ്റത്തെ മണ്ണിലൂടെ നടന്നപ്പോൾ നടക്കുന്ന വഴിയിൽ നിരനിരയായി കുഴികൾ.
വീട്ടിലിരുന്ന വെണ്ട വിത്തെടുത്തെങ്കിൽ നടാമായിരുന്നു എന്ന കണവൻ്റെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചു. അസൂയയാന്നേ അസൂയ.
മിനുസമുള്ള ആ ടെലിലൂടെ നടക്കലും സ്റ്റെപ്പ് കയറി സ്റ്റേജിലെത്തി നിൽക്കലും സർക്കസിലെ ഞാണിൻമേൽ കളി പോലെയായിരുന്നു. ഇടയ്ക്കൊന്ന് തെന്നി വീഴാതെ ഭർത്താവിൻ്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നഖം കൊണ്ട് മുറിഞ്ഞ ദേഷ്യത്തിൽ ആള് വയറ്റത്തൊരു നുള്ളും തന്നു.
എല്ലാ നീറ്റലും വേദനയും കഷ്ടപ്പാടും മറച്ചു വച്ച് പെണ്ണിൻ്റേം ചെക്കൻ്റേം കൂടെ നിന്നുള്ള ഫോട്ടോയിൽ ചിരി വരുത്താൻ പെട്ട പാട് .
വീട്ടിലെത്തി ചെരുപ്പൂരി എറിഞ്ഞ് സോഫയിൽ കാലും നീട്ടിയിരുന്ന് നാണോം മാനോമില്ലാതെ ഞാൻ വലിയ വായിൽ കരഞ്ഞു
അയ്യോ…. എൻ്റെ അമ്മേ…. എൻ്റെ കാലേ……
എനിക്കിനി പൊക്കം വേണ്ടേ……
ബിന്ദു രാജേഷ്