മഠത്തിലെ പണി കഴിഞ്ഞന്ന് രാത്രി മുതൽ ജോണി, ലീന സിസ്റ്ററെ സ്വപ്നം കാണാൻ തുടങ്ങി.
അതും നല്ല സ്വപ്നം ഒന്നുമല്ല, ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ജോണിയെ കുരിശിലേറ്റുന്ന സ്വപ്നം!
കഴുത്തിൽ കയറിന്റെ മുറുക്കം കൂടുമ്പോൾ ജോണി ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. ഏകദേശം ആറു ദിവസം ഇതുണ്ടായപ്പോൾ ജോണി കുമ്പസാരിക്കാൻ തീരുമാനിച്ചു.
മറ്റൊരു വഴിയും ഇതിൽ നിന്ന് രക്ഷപ്പെടാൻ ജോണിയുടെ മുന്നിൽ തെളിഞ്ഞില്ല.
ഞായറാഴ്ച രണ്ടാം കുർബ്ബാന കഴിഞ്ഞപ്പോൾ ജോണി കുമ്പസരിക്കാൻ പോയി.
കഴിഞ്ഞയാഴ്ച, മഠത്തിൽ ഒരു ബൾബ്ബ് കത്തുന്നില്ലെന്നും മാറ്റി ഇട്ടു നോക്കിയിട്ടും ശരിയായില്ലെന്നും, വന്ന് നോക്കാൻ പറഞ്ഞ് വിളിപ്പിച്ചത് അച്ചനായിരുന്നു.
ആ അച്ചനോട് തന്നെ, ബൾബ്ബ് മാറ്റിക്കൊണ്ടിരിക്കുമ്പോൾ ബാത്ത്റൂമിൽ ഷവർ ഓൺ ചെയ്ത ഒച്ച കേട്ടതും, എയർ ഹോളിലൂടെ നോക്കിയപ്പോൾ കുളിക്കുന്ന ലീന സിസ്റ്ററെ കണ്ടതും ആ മൂഡിൽ മൊത്തം കുളി കണ്ടതും പണി കഴിഞ്ഞ് പോയി കുളിക്കുമ്പോൾ ലീന സിസ്റ്ററെ ഓർത്ത് കൈയ്യിൽ പിടിച്ചതും, അതിന് ശേഷം എന്നും ദു:സ്വപ്നം കാണുന്നതും കുമ്പസരിച്ച് കരഞ്ഞു.
അച്ചൻ എല്ലാം കേട്ടു.ജോണിക്ക് വേണ്ടി പ്രാർത്ഥിച്ചു.ജോണി സമാധാനത്തോടെ എഴുന്നേറ്റു പോന്നു.
*_*_*_*_*_*_*_*_*_*
ക്ളബിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് വീട്ടിൽ സാധനമൊന്നും ബാക്കിയില്ലല്ലോ എന്നോർമ്മ വന്നത്.
അപ്പന് എന്തേലും വേണോ ചോദിക്കാൻ ജോണി അച്ചന്റെ റൂമിലേക്ക് പോയി.
ജോണീടെ അപ്പൻ വറീതാണ് അവിടെ കപ്പ്യാര്.
“തന്റെ മോൻ തന്നെപ്പോലെ തന്നെയാണല്ലേ,, കൂട്ടത്തിൽ ചേർക്കാല്ലോ” എന്ന് പറഞ്ഞായിരുന്നു അച്ചന്റേയും അത് കേട്ട് അപ്പന്റേയും ചിരി. പടികയറിക്കൊണ്ട് ഇരിക്കുന്ന ജോണി അത് കേട്ട് ഇറങ്ങിപ്പോന്നു.
നേരേ ബാറിലേക്ക് പോയി. മൂന്നെണ്ണം അടിച്ചപ്പോൾ, മനപ്പൂർവ്വം ചിന്തിക്കാണ്ടിരുന്ന മനസ്സുകൊണ്ട് ഒഴിവാക്കി വിട്ടിരുന്ന പലതും ജോണി ചിന്തിക്കാൻ തുടങ്ങി..
നാലുമാസം മുന്നെയായിരുന്നു സിസ്റ്റർ ജാൻസി മഠത്തിലെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് മരണപ്പെട്ടത്. ജാൻസി ജന്മനാ അന്ധയായിരുന്നു. പോലീസ്അന്വേഷണം നടന്നു. അപകട മരണമെന്ന് സ്ഥിരീകരിക്കേം ചെയ്തു. പക്ഷേ ആൾക്കൂട്ടങ്ങളിൽ പലരും, അപ്പനും അച്ചനും പങ്കുണ്ടെന്ന് പറഞ്ഞു. പക്ഷേ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്നതിന് ആർക്കും ഉത്തരം ഉണ്ടായില്ല!
എസ് ഐ, അച്ചന്റെ കുടുംബക്കാരനാണെന്നും അതുകൊണ്ട് അപകട മരണമായി മാറിയതാണെന്നും വർത്തമാനമുണ്ടായി. ജോണി ഒന്നിന്റേയും പുറകേ പോയില്ല, ഒന്നും അന്വേഷിച്ചില്ല. കാര്യമാക്കിയില്ല. കാരണം ആളുകൾക്കെന്തും പറയാല്ലോ.
പക്ഷേ ഇപ്പോൾ ജോണിക്ക് എന്തൊക്കെയോ മറയ്ക്ക് പിന്നിലുണ്ടെന്ന് തോന്നി. അങ്ങിനെയാണ് ജോണിക്ക് ആ സമയം സിസ്റ്റർ തെരേസ്സയെ ഓർമ്മ വന്നത്.
അന്വേഷണം നിർത്തിയതിന്റെ രണ്ടാം ദിവസം സിസ്റ്റർ തെരേസ്സയെ മഠത്തിൽ നിന്നും പുറത്താക്കി. നേർച്ചപ്പെട്ടിയിൽ നിന്നും കാശ് കട്ടെടുത്തു എന്ന് പറഞ്ഞായിരുന്നു അത്.
അച്ചന്റേം അപ്പന്റേം എന്തൊക്കെയോ രഹസ്യങ്ങൾ സിസ്റ്റർക്കറിയാം, അതുകൊണ്ട് പുറത്താക്കിയതെന്ന് നാട്ടിൽ പലരും പറഞ്ഞു. ജോണി അന്നും കാര്യമാക്കിയില്ല. പക്ഷേ ഇപ്പോൾ എല്ലാം കാര്യമാക്കി.
അതിനു പിറ്റേന്ന് തന്നെ ജോണി സിസ്റ്റർ തെരേസ്സയെ തേടിയിറങ്ങി.
സിസ്റ്റർ കന്യാസ്ത്രീ പട്ടമൊക്കെ ഉപേക്ഷിച്ചിരുന്നു. അടുത്ത മാസം വിവാഹത്തിന് തയ്യാറെടുക്കുകയാണ്.
മഠത്തിൽ പണിക്ക് പോയത് മുതൽ, അപ്പന്റേയും അച്ചന്റേയും ചിരിവരെയുള്ള കാര്യങ്ങൾ ജോണി വിശദമായി പറഞ്ഞു. അതിനു ശേഷം മാത്രമാണ് ചോദ്യം ചോദിച്ചത്. കാര്യങ്ങൾ കേട്ടപ്പോൾ സിസ്റ്ററിന് വിശ്വാസം തോന്നി. അതുകൊണ്ട് മാത്രം സിസ്റ്റർ ധൈര്യമായി സംസാരിക്കാൻ തയ്യാറായി.
അച്ചനും കപ്യാരും കാലം കുറെയായി മാറി മാറി ജാൻസി സിസ്റ്ററെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. ഒരു ദിവസം രണ്ടുപേരും ഒരുമിച്ച് മുറിയിലേക്ക് കടന്നു പോയി. അന്നാണ് സിസ്റ്റർ മുറിയിൽ നിന്നും ഇറങ്ങി ഓടിയതും അവരുടെ മൽപ്പിടുത്തത്തിൽ താഴേക്ക് വീഴുന്നതും. മൊബൈലിന് മുറിയിൽ റേഞ്ച് കിട്ടാതെ, റേഞ്ച് പിടിക്കാൻ പുറത്തിറങ്ങിയ തെരേസ്സ സിസ്റ്റർ അത് കണ്ടു. തെരേസ്സയെ അവരും.
അപ്പോത്തന്നെ മുറിയിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി. നിന്നേം വീട്ടുകാരേം കൊന്നുകളയുമെന്ന്. പറഞ്ഞാൽ ചെയ്യും. അതുകൊണ്ട്, താൻ ആരോടും പറഞ്ഞില്ലെന്ന്, മാത്രമല്ല കേസന്വേഷണ സമയത്ത് ഒരു കോൺസ്റ്റബിളിനോട് പേഴ്സണൽ സംസാരിച്ചതിന്റെ പേരിൽ, കപ്യാർ അന്നേക്ക് അന്ന് തന്റെ വീട്ടിലേക്ക് പോയതും കൂടി ആയപ്പോൾ, താൻ നടന്നതൊന്നും കണ്ടിട്ടില്ലെന്ന് മനസ്സിൽ കുറിച്ചു. പക്ഷേ എന്തിനാണ് തന്നെ പുറത്താക്കിയതെന്നറിയില്ല. കൂട്ടത്തിലെ മറ്റു സിസ്റ്റർമാരോട് പറയുമെന്ന് പേടിച്ചിട്ടാവും. പക്ഷേ താൻ ആരോടും പറയില്ലായിരുന്നുവെന്നും സിസ്റ്റർ ജോണിയോട് പറഞ്ഞു
ജോണി അവിടെനിന്നും ഇറങ്ങി. ഏതേലും രീതിയിൽ പ്രതികരിക്കണം എന്ന വിചാരം ജോണിക്കില്ല.അവരുടെ ശക്തി ജോണിക്ക് മനസ്സിലായതുകൊണ്ട്.
രാത്രി ജോണി വീട്ടിലെത്തിയതും വറീത്, അച്ചന് മിസ്ക്കോളടിച്ചു. ജോണി പതിവുപോലെതന്നെ വറീതിനോട് സംസാരിച്ചു തുടങ്ങി. വറീതും.
പത്ത് മിനിറ്റിനുള്ളിൽ അച്ചനെത്തി, ജോണിക്ക് അപ്പോൾ മനസ്സിലായി, താൻ പോയത് അവരറിഞ്ഞിരിക്കുന്നു!
“നിനക്ക് ലീനയെ വേണോ? അതോ ചാവണോ ജോണ്യേ?”
അച്ചൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു.
” എന്ത് ചോദ്യാ അച്ചാ? അവന് ജീവിച്ചിരിക്കണമെന്ന് ഉണ്ടാകൂലോ?”
ചിരിച്ചോണ്ട് വറീത് അച്ചനോട് കൂടി.
“അതിപ്പോ ഞാൻ തന്നെ ചാവണം എന്നില്ലല്ലോ! നിങ്ങൾക്കും ആവാലോ!!”
ജോണി വാതിലിന്റെ കുറ്റിയിട്ടു.
Vineeth Valsala Vijayan