പയ്യന് പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്രെ… എന്ത് കണ്ടിട്ടാണോ എന്തോ…🤔
പയ്യനാരാ മോൻ…
പെങ്ങളെയും അളിയനെയും പെൺകുട്ടിയെ കാണിക്കാനെന്നു പറഞ്ഞു ഒരിക്കൽ കൂടി പെണ്ണ് കാണാൻ എത്തി. പെങ്ങളെ പെൺകുട്ടിയുടെ അടുത്തേക്ക് വിട്ടത് മൊത്തത്തിൽ ഒരു അളവെടുപ്പിനായിരുന്നു. തോളളവു നോക്കിയും, സാരി പൊക്കി നോക്കി ഉയരം തോന്നാൻ ചെരുപ്പേൽ ആണോ കയറി നിൽക്കുന്നത് എന്നു കൗശലപൂർവ്വം നിരീക്ഷിച്ചും പാൽചായയും കുടിച്ച് “മറുപടി പറയാം” എന്ന് പറഞ്ഞ് വന്നവർ തിരിച്ചു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടാതിരുന്ന അമ്മയ്ക്ക് പ്രതീക്ഷയറ്റു. വഴിപാടുകളുടെ എണ്ണം കൂടി. സ്വർണ്ണത്തിലാണോ പണത്തിലാണോ അതോ വഴിപാടിലാണോ കുടുങ്ങിപോയതെന്നറിയില്ല, ഒടുവിൽ കല്യാണം ഉറപ്പിക്കപ്പെട്ടു.
വെളുവെളുത്ത വെള്ളപ്പാറ്റ പോലെ ഇരിക്കുന്ന പയ്യനെ വേണ്ടാന്ന് പറഞ്ഞിട്ടും “നിന്റെ കുട്ട്യോളെങ്കിലും ത്തിരി നെറണ്ടാവട്ടെ…” എന്നും പറഞ്ഞ് അമ്മ നടത്തിയ പ്രഹസന പ്രതിഷേധത്തിൽ മനമിടിഞ്ഞ് പെൺകുട്ടി അവസാനം കല്യാണ കച്ചേരിക്ക് തയ്യാറായി. ഒരാങ്ങള, നേരത്തെ തന്നെ പയ്യന്റെ കട്ടൻചായയിൽ ഫ്ലാറ്റായി കിടക്കുകയാണല്ലോ…”ഇത്തിരി നിറം കൂടിയാൽ എന്താ… സാധാരണ പയ്യനാ… നമ്മുടെ കൂട്ടത്തിൽ ചേർന്നു പോകും..” അതായിരുന്നു മൂപ്പരുടെ ലൈൻ.
ഇതിലും ഭേദം ഏതെങ്കിലും ലൈൻ വലിക്കുന്നതായിരുന്നു നല്ലത് എന്ന് പലപ്പോഴും പെൺകുട്ടിക്ക് തോന്നിപ്പോയി. പുല്ല്… ആരെങ്കിലും ലൈൻ വലിക്കാൻ വന്നാലല്ലേ തിരിച്ചു വലിക്കാൻ പറ്റൂ.
പഠിക്കാൻ പോയിക്കൊണ്ടിരുന്ന പെൺകുട്ടിയെ കോളേജ് പരിസരത്ത് വെച്ച് ഒരുവട്ടം കൂടി കാണാൻ പയ്യൻ ആഗ്രഹിച്ചില്ലെങ്കിലും ആ ആഗ്രഹത്തെ പത്തായി മടക്കി പെൺകുട്ടിയുടെ അമ്മ കയ്യിൽ കൊടുത്തു. പകൽ വെളിച്ചത്തിൽ എങ്ങാനും മോളെ കണ്ട് കല്യാണം മുടങ്ങി പോയാലോ എന്നായിരുന്നു അമ്മയുടെ പേടി. പെണ്ണുകാണാൻ വന്നപ്പോൾ രണ്ട് ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ആണല്ലോ മോളെ കാണാൻ നിർത്തി കൊടുത്തത്.
ഇന്നത്തെപ്പോലെ, വൈബും വേവ് ലെങ്ത്തും അളന്നു നോക്കാൻ ആവാതെ… മിണ്ടീം കണ്ടും പ്രണയിച്ചു തുടങ്ങാനാവാതെ… പെൺകുട്ടിയുടെ കഴുത്തിൽ പയ്യൻ കെട്ടു മുറുക്കി.
അതാ…അങ്ങോട്ട് നോക്കൂ…👉 🧖♂️👰♀️
പള്ളിയിൽ കെട്ടും കഴിഞ്ഞു പെൺകുട്ടി നേരെ ഫോട്ടോഷൂട്ടിലേക്കു പയ്യന്റെ പിന്നാലെ ആ കാലടികളെ പിന്തുടർന്ന് മന്ദം മന്ദം നടക്കുകയാണ്.
വില്ലൻ വീണ്ടും രംഗത്ത്…
ഫോട്ടോയെടുക്കാൻ വന്ന പെൺകുട്ടിയുടെ കൂടെ പഠിച്ച സുന്ദരനായ ഫോട്ടോഗ്രാഫർ ദാ വരുന്നു… രണ്ട് ഇഷ്ടികയുമായി.. കെട്ടിയവന്റെ ഒപ്പം പെൺകുട്ടിയുടെ ഉയരം ബാലൻസ് ആക്കാനാണ് വരവ്. മൂന്നിഞ്ചിന്റെ പൊക്കമുള്ള ചെരുപ്പിട്ട പെൺകുട്ടി ഇഷ്ടികപ്പുറത്തു കഷ്ടപ്പെട്ട് കേറി നിന്നു. ഫോട്ടോയെടുപ്പിനിടയിൽ വീഴാൻ പോയ പെൺകുട്ടിയെ താങ്ങിനിർത്തി കെട്ടിയോൻ നായകനായി. താങ്ങുന്നതിനിടയിൽ ആരും കേൾക്കാതെ “ഇനി ഞാനില്ലേ വീഴാതെ നോക്കാൻ ” എന്ന പഞ്ച് ഡയലോഗും കാച്ചാൻ മൂപ്പര് മറന്നില്ല. കേൾക്കേണ്ട താമസം പെൺകുട്ടി ധൃതംഗപുളംഗിതയായി. ഇനി ഇഷ്ടികപ്പുറത്തെ അഭ്യാസം വേണ്ടെന്നുപറഞ്ഞു അടുത്ത ഫോട്ടോക്ക് പോസ് ചെയ്ത പാവം പെൺകുട്ടി പിന്നിൽ നിന്ന് കേട്ട അശരീരിയിൽ ഞെട്ടിയതും വിറങ്ങലിച്ചതും ആരുമറിഞ്ഞില്യ….
ആ അശരീരി ഇതായിരുന്നു സൂർത്തുക്കളെ… അപ്പറത്തെ വീട്ടിലെ ചേച്ചി അതിന്റപ്പറത്തെ വീട്ടിലെ ചേച്ചിയോട് :- “നോക്കെന്റെ ചേച്ചി… ചെക്കനേം പെണ്ണിനേം കണ്ടാൽ ചമ്പതെങ്ങിന്റെ അടീൽ കൊന്നതെങ്ങു വച്ച പോലെ ണ്ട് ലേ….”
തൊട്ടടുത്തു ചില്ലുകൂട്ടിൽ നിന്ന് സകലരേം അനുഗ്രഹിച്ചോണ്ടിരിക്കുന്ന കർത്താവു തമ്പുരാനെ ദയനീയമായി നോക്കി പെൺകുട്ടി ഉള്ളിൽ പറഞ്ഞു….
“എന്നോടീ ചതി വേണ്ടായിരുന്നു…”🙏
5 Comments
മനോഹരം. രസകരം..
എനിക്ക് നർമ്മനസ്രാണീ എന്ന് വിളിക്കാൻ തോന്നുന്നു. കുഴപ്പൊണ്ടോ??? 🤣🤣🤣. അതിഗംഭീരമായി നർമ്മമെഴുതി ഷൈനീ.. സൂപ്പർ. 😘😘😘
തൊട്ടമ്മേ 🙏🙏🙏
എനിക്ക് എന്തോ… ങ്ങളെ അങ്ങനെ വിളിക്കാൻ ആണ്ഇ ഷ്ടം 🫂
Pingback: ഒരു പെണ്ണുകാണൽ - By SHYNI CELIN THOMAS - കൂട്ടക്ഷരങ്ങൾ
ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോ അല്ലെ… നല്ല രസായിട്ട് എഴുതി.
അടുത്ത ഭാഗം പോന്നോട്ടെ