ടീ… മിനീ.. നീയറിഞ്ഞാ?
ന്ത്…?
നമ്മടെ സന്തോഷില്ലേ…
ആ…
സന്തോഷെന്നു കേട്ടതും ഡെസ്കിൽ ചാഞ്ഞു കിടന്നിരുന്ന ദീപ പിടഞ്ഞുണർന്നു.
“അവനേ… X A യിലെ ബിന്ദുവുമായി ലവാണത്രേ.”
നേരാണോടീ?
“ആന്നേ… അമ്മയാണെ സത്യം. ന്നോട് സോഫി പറഞ്ഞതാ.”
കലങ്ങിയ കണ്ണുകളോടെ ഡെസ്കിലേക്ക് വീണ്ടും ചാഞ്ഞു കിടന്ന ദീപയെ മിനി ഇടംകണ്ണാൽ തഴുകി. ചുമ്മാതായിരിക്കുമെന്ന് മിനി പലതവണ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും നാലുമണിക്ക് സ്കൂൾ വിട്ടപ്പോൾ വരാന്തയിലെ തൂണിനപ്പുറം ഒരുമിച്ച് നിൽക്കുന്ന സന്തോഷിനെയും ബിന്ദുവിനെയും ആദ്യം കണ്ടത് ദീപയായിരുന്നു. കേട്ടതെല്ലാം നേരു തന്നെയെന്നുറപ്പിച്ച ദീപയുടെ കാലുകൾക്ക് അന്ന് വീട്ടിൽ എത്തുന്നത് വരെ ഭാരം കൂടുകയും കാഴ്ചയ്ക്ക് മങ്ങലേൽക്കുകയും ചെയ്തു.
വിശന്നില്ല… അമ്മയുടെ വിളികൾക്ക് കാത് കൊടുത്തുമില്ല.
രാവിലെ നേരത്തെ ക്ലാസ്സിൽ എത്തിയ അവൾ സന്തോഷ് വരാൻ കാത്തിരുന്നു. അവനെ കണ്ട ഉടനെ മുന്നിലേക്ക് ചെന്ന് കൈനീട്ടി.🫱
“എന്റെ കണക്ക് ബുക്കിങ്ങു താ…”
സന്തോഷ് തിരിച്ചു കൊടുത്ത കണക്ക് പുസ്തകത്തിൽ നിന്നും നാലാക്കിമടക്കിയ കടലാസിനുള്ളിൽ അവൾ വെച്ചു കൊടുത്ത അവളുടെ ഹൃദയം അവൾ തിരികെ നെഞ്ചിൽ ചേർത്തുവച്ചു. താളം തെറ്റി മിടിച്ചുകൊണ്ടിരുന്ന അവളുടെ ഇടനെഞ്ചിന്റെ പെരുക്കം കുറഞ്ഞ് സ്ഫുടം ചെയ്യപ്പെട്ട നേരം അവനെ നോക്കി ഒന്ന് മന്ദഹസിച്ചു അവൾ, അവളുടെ വലിയ സ്വപ്നങ്ങളിലേക്ക് തിരിഞ്ഞു നടന്നു.