അയാളോട് എനിക്കെന്നും പ്രണയമായിരുന്നു..
പക്ഷെ അയാൾക്ക് എന്നോട് വെറുപ്പും..
അതു കൊണ്ടാണല്ലോ എനിക്ക് ഇഷ്ടമാകുന്നില്ലെന്നറിഞ്ഞിട്ടും അയാൾ എന്നിലേക്ക് ഇഴഞ്ഞു കേറുന്നത്..
എന്റെ വേദനകളെ വകവയ്ക്കാതെ എന്റെ ലോലസ്ഥാനങ്ങളെ ഞെരിച്ചുടയ്ക്കുന്നത്..
പ്രേമമല്ലാത്ത വികാരം കൊണ്ടെന്റെ ചുണ്ടുകളിൽ ചെഞ്ചോര കിനിയിപ്പിക്കുന്നത്..
കിതയ്ക്കുന്ന ഹൃദയത്തോടെയെന്റെ ജീവന്റെ ശേഷനാളത്തിൽ ആരോഹണ അവരോഹണ ക്രമത്തിൽ വേദനയുടെ കൂരമ്പുകൾ പതിപ്പിക്കുന്നത്…
ഒടുവിൽ ഒരു സഹതാപത്തിന്റെ കണിക പോലും കാണിക്കാതെ..
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ ഉമ്മവച്ചു തഴുകിതലോടാതെ നെടുവീർപ്പുമിട്ട് ഉറങ്ങി തീർക്കുമ്പോൾ ബാക്കിയായ സ്വപ്നങ്ങളെ നെഞ്ചിൽ താലോലിച്ചു ഞാനും മയങ്ങുന്നത്….
ഞാനായാളെ സ്നേഹിച്ചുകൊണ്ടേയിരുന്നു..
അയാൾക്ക് വെച്ചുവിളമ്പി, വിഴുപ്പലക്കി,കിടക്കാനും നിൽക്കാനും ഇരിക്കാനുമുള്ള ഇടമെല്ലാം തൂത്തു തുടച്ചു വൃത്തിയാക്കി അയാളെ ഞാൻ പ്രേമിക്കാൻ ശ്രമിച്ചു..
നിനക്ക് ഞാനും എനിക്ക് നീയും നമുക്ക് കൂട്ടായി ഒരു കുഞ്ഞൂട്ടനും എന്നു ഓരോ രാവിലും എന്റെ കാതിൽ അയാൾ മന്ത്രിച്ചുകൊണ്ടേയിരുന്നു..
പക്ഷെ അയാളിൽ പ്രണയമുണ്ടായിരുന്നോ എന്നെനിക്കറിയില്ല…
എങ്കിലും ഞാനായാളെ പ്രേമിച്ചു കൊണ്ടേയിരുന്നു…