എന്താണു മനുഷ്യത്വം?
ചിന്തിച്ചു ചിന്തിച്ച്
ഒരുത്തരത്തിലെത്താൻ
എനിക്കാവുന്നില്ല.
പാഠഭാഗങ്ങളിൽ
ഞാൻ പഠിച്ച മനുഷ്യത്വം
സഹജരോടു കരുണ
കാണിക്കലാണ്.
അനീതിക്കിരയായവരെ
ചേർത്തുപിടിക്കലാണ്.
പഷ്ണിക്കാരന്റെ പഷ്ണി
മാറ്റലാണ്.
ജാതിമതഭേദമന്യേ
തോളോടുതോൾ ചേർന്നുനിൽക്കലാണ്.
നെഞ്ചകങ്ങളിൽ വിഷം
കലക്കി ഞങ്ങളെന്നും
നിങ്ങളെന്നും വേർതിരിച്ചു
കൈയിൽ വടിവാൾ കൊണ്ടുനടക്കുന്നവന് സ്തുതിഗീതം
പാടുന്നവനെ തിരുത്തുന്നതും
മനുഷ്യത്വമല്ലേ..?
മനുഷ്യത്വത്തിന്റെ മറവിൽ നാം അനീതികൾ സഹിക്കണം.
പ്രശ്നങ്ങളൊന്നുമില്ലാ-
തിരിക്കാൻ അഭിമാനം
പണയം വെക്കണം.
വെറുപ്പിൻ്റെ ഗണഗീതങ്ങൾ രണച്ചാലുകൾ സൃഷ്ടിക്കുംമുമ്പ് മാ –
നിഷാദ പാടാൻ
ആരൊക്കെ ബാക്കിയാവും?
©സാബിറ ലത്തീഫി