മരണം തന്ന തിരിച്ചറിവ്: 3
ഒരു തണുത്ത രാത്രി, ഞാനും ശാനുക്കയും കൂടി ഇക്കാൻറെ ബുള്ളറ്റിൽ എങ്ങോട്ടോ6 പോകുകയാണ്. രാത്രി ഒരുപാട് വൈകിയിരുക്കുന്നു. റോഡ് വിജനമാണ്. കണ്ണെത്താ ദുരത്തെങ്ങും ഒരു മനുഷ്യ ജീവിയെ പോലും കാണാനില്ല. എവിടെ നിന്നൊക്കെയോ നായകളുടെ ശബ്ദം കേൾക്കുന്നുണ്ട്. തണുത്ത കാറ്റിൽ എന്റെ ശരീരം വിറക്കുന്നത് അറിഞ്ഞിട്ട് ശാനുക്ക എന്നോട് കുറച്ച് കൂടി ചേർന്നിരുന്നു. ഞാനും ഇക്കാൻറെ വയറിലൂടെ കയ്യിട്ട് മുഖം പുറത്ത് വെച്ച് ഇക്കാനോട് കുറച്ച് കൂടി ചേർന്നിരുന്നു. ഇപ്പോൾ തണുപ്പിന് അല്പം കുറവുണ്ട്. ഇക്ക എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്. ഒരുപാട് വൈകിയത് കൊണ്ട് ഉറക്കം എന്റെ കൺപോളകളെ തഴുകി തുടങ്ങി. ഇക്ക പറയുന്നത് അവ്യക്തമായി മാത്രമേ എനിക്ക് കേൾക്കാൻ കഴിയുന്നുള്ളൂ. ഇക്കാനെ കെട്ടിപിടിച്ചിരുന്ന് ഞാൻ എപ്പോഴോ ഉറങ്ങി. ഉറക്കത്തിൽ ഞാൻ വീഴുന്നത് പോലെ തോന്നിയാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ വണ്ടി ഏതോ ഒരു മരത്തിൽ ഇടിച്ചിരിക്കുന്നു. ഞാൻ റോഡിൽ കിടക്കുകയാണ്. ഇക്കാനെ നോക്കിയപ്പോൾ വണ്ടി ഇടിച്ച് ഇക്കാന്റെ മേലേക്ക് കിടക്കുന്നു. റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച എനിക്ക് കഴിയുന്നില്ല. കാലുകൾ എവിടെയൊക്കെയോ മുറിഞ്ഞിട്ടുണ്ട്. നന്നായി വേദനിക്കുന്നു. കൈ കുത്തി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്താതെ. കൈ നിലത്ത് കുത്താൻ കഴിയുന്നില്ല. ശരീരം ആകെ വേദനിക്കുന്നു. ഇക്കാനെ ഞാൻ വിളിക്കുന്നത് ഇക്ക കേൾക്കുന്നില്ലേ. ഇക്ക നോക്കുന്നില്ല. ഈ രാത്രി ഞങ്ങളെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടാകുമോ. അതോ ഇവിടെ കിടന്ന് മരിക്കാൻ ആണോ ഞങ്ങളുടെ വിധി.
അങ്ങ് ദൂരെ നിന്ന് ഒരു വെട്ടം കാണുന്നുണ്ട്. അത് അടുത്തടുത്ത് വരുന്നു. ഏതോ ഒരു വാഹനം ആണെന്ന് തോന്നുന്നു. അവർ ഞങ്ങളെ രക്ഷിച്ചാൽ മതിയായിരുന്നു. അവർ ഞങ്ങളെ കണ്ടു. ഞങ്ങളുടെ അടുത്തേക്ക് വന്ന അവർ എന്നെ എടുത്ത് അവരുടെ വണ്ടിയിൽ കിടത്തി. കുറച്ച് കഴിഞ്ഞ് ഇക്കാനെയും എന്റെ അടുത്ത് സീറ്റിൽ കിടത്തി.
“നേരെ ഹോസ്പിറ്റലിലേക്ക് വിട്ടോ,”
കൂട്ടത്തിൽ മുതിർന്ന ആൾ പറയുന്നത് കേട്ടു. ഇക്കാനെ നോക്കുമ്പോൾ ഇക്ക ബോധം ഒന്നും ഇല്ലാതെ കിടക്കുകയാണ്. അവർ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എനിക്ക് ഒന്നും മറുപടി പറയാൻ കഴിയുന്നില്ല. സംസാരിക്കണം എന്നുണ്ട്. പക്ഷെ പറ്റുന്നില്ല. എന്റെയും ഓർമ എങ്ങോട്ടോ പോകുകയാണ്.
ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളെ അവർ നേരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ട് പോയി. ഡോക്ടർമാർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഞാൻ എന്തൊക്കെയോ മറുപടിയും കൊടുത്തു. അവർ എനിക്ക് ഒരു ഇൻജക്ഷൻ തന്നു, അതോടെ ഞാൻ പൂർണമായ ഉറക്കത്തിലേക്ക് പോയി. എനിക്ക് ഓർമ വരുമ്പോൾ, ഞാൻ അവിടെ കിടക്കുകയാണ്. അടുത്ത് രണ്ട് നഴ്സുമാർ നിന്ന് പരസ്പരം സംസാരിക്കുന്നുണ്ട്. എന്റെ കൂടെ ഉണ്ടായിരുന്ന ആൾ മരിച്ചു പോയി എന്ന്. ഇത് കേട്ട ഞാൻ കരഞ്ഞ് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല. ഉറക്കെ കരയാൻ ശ്രമിക്കുന്നുണ്ട്. അതിനും കഴിയുന്നില്ല. എന്റെ മുന്നിലൂടെ ഒരു സ്ട്രെച്ചറിൽ വെള്ള തുണി ഇട്ട് മൂടിയ ഒരു ശരീരം കൊണ്ട് പോകുന്നു. അതാണ് ഈ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആൾ എന്ന് സിസ്റ്റർമാർ പരസ്പരം പറഞ്ഞു.
അപ്പോഴേക്കും ഞാൻ ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു.
സ്വപ്നം കണ്ട് ഉണർന്ന ഞാൻ അല്പസമയം കട്ടിലിൽ തന്നെ ഇരുന്നു. സ്വപ്നം കണ്ട് വല്ലാതെ പേടിച്ചു. അടുത്തിരുന്ന പത്രത്തിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് കുടിച്ചു. അപ്പോഴേക്കും സുബ്ഹി ബാങ്ക് കൊടുത്തു. വേഗം എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്ത് സുബ്ഹി നമസ്കരിച്ചു. പ്രാർത്ഥന ഒക്കെ കഴിഞ്ഞ് അവിടെ തന്നെ ഇരുന്ന് ആലോചിച്ചു,
അല്ലാഹുവെ, എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു സ്വപ്നം. ഈ ആലോചന എനിക്ക് നല്ലതല്ലേ. പടച്ചോനെ നല്ലത് മാത്രം വരുത്തണമെന്നും പ്രാർത്ഥിച്ച് കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് അനിയത്തി കുട്ടികളെ വിളിച്ച് എഴുന്നേല്പിച്ച് ഞാൻ അടുക്കളയിലേക്ക് പോയി.
അവിടെ ജോലികൾ തീർത്ത് കൊണ്ടിരിക്കെ ഉമ്മയും വന്നു. ഇന്നാണ് ശാനുക്ക എന്നെ കാണാൻ വരും എന്ന് പറഞ്ഞത്. പക്ഷെ എന്റെ മനസ്സിൽ നിറയെ ഇന്നലെ കണ്ട സ്വപ്നം മാത്രമേ ഉള്ളു. അത് കൊണ്ട് എന്റെ മുഖത്ത് സന്തോഷം ഒന്നും കാണാത്തത് കൊണ്ട്, “ഉമ്മ ചോദിച്ചു,
ഉമ്മാന്റെ മോൾക്ക് എന്ത് പറ്റി, മോൾക്ക് ഈ മംഗലം ഇഷ്ടല്ലേ. ഇല്ലെങ്കിൽ പറയ്, നമുക്ക് വേണ്ട എന്ന് വെക്കാം. അതോ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ.”
ഞാൻ ഉമ്മാന്റെ വായ് പൊത്തി കൊണ്ട് പറഞ്ഞു. “എനിക്ക് അങ്ങിനെ ഒന്നും ഇല്ലുമ്മ. ഫോട്ടോ കണ്ടിട്ട് ശാനുക്കാനെ ഇഷ്ടാകേം ചെയ്തിരിക്കണ്, പക്ഷെ എന്താന്ന് അറിയില്ല ഉമ്മ മനസ്സിൽ എന്തോ ഒരു വിഷമം.” സ്വപ്നം കണ്ട കാര്യം ഒന്നും പറയാൻ നിന്നില്ല. എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നത്.
ഇത് കേട്ട ഉമ്മ പറഞ്ഞു. “മോള് ഒന്നും ആലോചിക്കേണ്ട. വേഗം ജോലി ഒക്കെ തീർത്ത് കുളിച്ച് സുന്ദരിയായി നിലക്ക്. അവർ പത്ത് മണി ആകുമ്പോഴേക്കും വരും എന്നാണ് സുലൈമാനിക്ക പറഞ്ഞത്. ഇത് നടന്ന് കിട്ടിയാൽ ഉമ്മാന്റെ മോള് രക്ഷപെടും. ഓര് നല്ല കൂട്ടരാണെന്നാണ് സുലൈമാനിക്ക പറഞ്ഞത്. ഓര് മോളെ പൊന്ന് പോലെ നോക്കിക്കോളും. ഇത് നടക്കാൻ ഉമ്മ നന്നായി പ്രാര്ഥിക്കുന്നുണ്ട്.” എന്നൊക്കെ പറഞ്ഞ് ഉമ്മ എന്നെ സമാധാനിപ്പിച്ചു. ഉമ്മ പുറത്തേക്ക് പോയി. വീടും മുറ്റവും എല്ലാം വൃത്തിയാക്കാൻ ആയി പോയതാണ്. അപ്പോഴേക്കും എനിക്ക് താഴെയുള്ളവർ എഴുന്നേറ്റ് സ്കൂളിൽ പോകാൻ റെഡി ആയി വന്നു. അവർക്ക് ചായയും ഭക്ഷണവും എടുത്ത് കൊടുത്ത് സ്കൂളിൽ പറഞ്ഞ് വിട്ടു. അപ്പോഴേക്കും ശാനുക്കാകും വീട്ടുകാർക്കും കൊടുക്കാനുള്ള പലഹാരങ്ങളുമായി വാപ്പയും അങ്ങാടീന്ന് എത്തി. വാപ്പക്കും ഉമ്മാക്കും ചായ എടുത്ത് കൊടുത്ത് ഞാൻ കുളിക്കാൻ പോയി.
കുളിച്ച് വന്നപ്പോഴേക്കും അടുത്ത വീട്ടിലെ സുബൈദിത്ത വന്നിരിക്കണ്. ഉമ്മ വിളിച്ച് കൊണ്ട് വന്നതാകും. ഒരു കൂട്ടിന്. എന്നെ കണ്ടപ്പോൾ സുബൈദിത്തയും ചോദിച്ചു, എനിക്ക് എന്താ പറ്റീതെന്ന്. എനിക്ക് കൂട്ടുകാരി എന്നു പറയാൻ ആകെ ഉള്ളത് സുബൈദിത്ത ആണ്. ഞാൻ ഇത്താനേം കൂട്ടി മുറിയിലേക്ക് പോയി.
ഇത്താനോട് സ്വപ്നം കണ്ട കാര്യം പറഞ്ഞു. ഇത്ത കുറെ സമാധാനിപ്പിച്ചു. ഒരു വിധം സമാധാനം ആയപ്പോൾ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അങ്ങിനെ എല്ലാരും കൂടി വർത്തമാനം പറഞ്ഞിരിക്കുമ്പോൾ സുലൈമാനിക്ക കയറി വന്നു.
“എന്താ സുലൈമാനെ, ഇയ്യ് ഒറ്റക്ക് വന്നേക്കണേ, ഓല് വന്നില്ലേന്ന് ചോദിച്ച് കൊണ്ട് വാപ്പ പുറത്തേക്ക് പോയി.”
ബാക്കി ഉടനെ…
മുറു….
1 Comment
Pingback: മരണം തന്ന തിരിച്ചറിവ് - ഭാഗം 2 - By മുറുകൊടുങ്ങല്ലൂർ - കൂട്ടക്ഷരങ്ങൾ