ഒരു പ്രണയ ദിനത്തിന്റെ ഓർമക്ക്.
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ ക്ലാസ്സിൽ കേറിയ ആദ്യ വാലന്റൈൻ ഡേ. അതിനും ഒരു നാല് മാസം മുൻപാണ് സ്കൂളിലെ ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടമാകുന്നത്. കൂടെയുള്ളവർ ധൈര്യം പകർന്നെങ്കിലും, നേരിൽ പോയി പ്രണയം പറയാൻ എന്തോ ഒരു മടി. ഏങ്ങാൻ പൊട്ടിയാൽ അന്നത്തെ പ്രിൻസിയുടെ അടി കിട്ടുമോ എന്ന പേടി ഉണ്ടായിരുന്നു. പ്രിൻസിയുടെ അടുത്ത് എത്തിയാൽ വീട്ടിൽ അറിയും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്. അപ്പോ അവിടുന്നും കിട്ടും മേട്. അതൊക്കെ പേടിച്ച് മിണ്ടാതെ ഇരുന്നു.
എല്ലാ ദിവസവും സ്കൂളിൽ, അവിടെയും ഇവിടെയും വെച്ചുള്ള കാണലുകൾ മാത്രം. ഒരിക്കൽ, സ്കൂൾ വിട്ട് പോയ ആളുടെ പിറകെ പോയി വീടൊക്കെ കണ്ടെത്തി. അന്ന് അതൊരു സ്ഥിരം പരിപാടി ആയിരുന്നു. വീട് എവിടെ, വീട്ടിൽ ആരൊക്കെയുണ്ട്, ആങ്ങളമാർ എത്ര പേര്, അവർ വലുതാണോ, ചെറുതാണോ, അമ്മാവന്മാർ എത്ര പേരുണ്ട്, അച്ഛൻ എന്ത് ചെയ്യുന്നു, നാട്ടിൽ ആണോ അതോ പുറത്താണോ. ഇതൊക്കെ അന്വേഷിക്കുന്നത് അടി ഏതൊക്കെ റൂട്ടിലൂടെ വരുമെന്ന് അറിയാൻ വേണ്ടിയാണ്.
അങ്ങനെ ആ വർഷത്തെ, valantine ദിവസം എത്തി. നേരത്തെ എഴുന്നേറ്റ്, കുളിയും പരിപാടിയും ഒക്കെ നടത്തി. കുളിച്ചത് എടുത്ത് പറയാൻ എന്താ കാരണം എന്നല്ലേ. എല്ലാ ദിവസവും തലയിലും മേലും വെള്ളമൊഴിച്ച് തോർത്തി പോരൽ ആണ് പതിവ്. അന്ന് ശെരിക്കും കുളിച്ചു. എല്ലാ ഞായറാഴ്ചയും കുളിക്കുന്നത് പോലെ.
യൂണിഫോം ഒക്കെ ഇട്ട്, കൊടുങ്ങലൂർ പോയി, ഒരു റോസാപ്പൂവും വാങ്ങി നേരെ സ്കൂളിലേക്ക് വെച്ച് പിടിച്ചു. കയ്യിൽ റോസാപുഷ്പവുമായി, അവളോട് എന്തൊക്കെ പറയണം എന്നൊക്കെ മനസ്സിൽ പറഞ്ഞ്, അവളെയും കാത്ത് സ്കൂൾ വരാന്തയിൽ നിന്നു.
അവൾ വരുന്നു, പൂവ് കൊടുക്കുന്നു. ഇഷ്ടമെന്ന് പറയുന്നു അവൾ തിരിച്ചും ഇഷ്ടമെന്ന് പറയുന്നു. ശുഭം.
അല്പം കഴിഞ്ഞപ്പോൾ അവൾ നടന്നു വരുന്നത് കണ്ടു. ന്റെ സാറെ, ഓളെ വരവ് കണ്ടപ്പോ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല. നാല് മാസം ആയിട്ട് ആ രൂപം മാത്രമുള്ളിൽ ഉള്ളത് കൊണ്ട് അകലെ നിന്നാണെങ്കിലും ആളെ പെട്ടെന്ന് മനസിലായി.
വരുന്ന വഴിയിൽ അവൾ സൈഡിലേക്ക് മാറി. അല്പം കഴിഞ്ഞ് പിന്നെ കാണുമ്പോ, കയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്. കൂടെ ഏതോ ഒരുത്തനും ഉണ്ട്. രണ്ട് പേരും കൂടെ വളരെ സന്തോഷത്തിൽ സംസാരിച്ച് ഒക്കെയാണ് വരുന്നത്.
അടുത്ത് എത്തിയപ്പോ ആണ് മനസിലായത്, അവളുടെ കയ്യിലുള്ളത് റോസാപ്പൂവും കൂടെയുള്ളത് അവളുടെ ലൈനും ആണെന്ന്.
അവിടെ തേഞ്ഞ്, സ്കൂളിലെയും ജീവിതത്തിലെയും, ആദ്യ പ്രണയം. ഇന്നും തുടരുന്ന ജീവിത യാത്ര…
സബറോം കി സിന്ദഗി ജോ ഖബി നഹി ഖദം ഹോ ജാത്തീ ഹേ. അങ്ങനെ അല്ലെ…
1 Comment
യ്യോ കഷ്ട്ടായി…