Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴച്ചങ്ങാത്തം
ഓർമ്മകൾ ജീവിതം

മഴച്ചങ്ങാത്തം

By Sujatha SurendranJune 2, 2024Updated:June 12, 20249 Comments7 Mins Read242 Views
Bookmark Now
Please login to bookmark Close

No account yet? Register

ആന കലക്കിയ കുളത്തിലെ കലക്കവെള്ളം കണ്ട് രാമപുരത്തു വാര്യർ “കരി കലക്കിയ കുളം” എന്നു വർണ്ണിച്ചപ്പോൾ “അല്ലല്ല, കളഭം കലക്കിയ കുളം” എന്ന് വിശേഷിപ്പിച്ചു കുഞ്ചൻ നമ്പ്യാർ. പര്യായ പദങ്ങളാൽ ഒരേ കാര്യത്തെ വർണ്ണിച്ചപ്പോൾ അത് ഏവർക്കും ഏറെ ഹൃദ്യമായി. പറയുന്നത് ഒരേ കാര്യത്തെക്കുറിച്ചാണെങ്കിലും അവനവൻ്റെ ഭാവനയ്ക്കനുസരിച്ച് ആ കാര്യത്തെ വർണ്ണിക്കാം.. അതുപോലെ, മഴയെക്കുറിച്ചുള്ള ഭാവനാതലങ്ങളും, അനുഭവങ്ങളും പലരിലും പലതാണ്. മഴ എന്ന പ്രതിഭാസം ഓരോരുത്തരിലും പെയ്തിറങ്ങുന്നത് ഓരോ തരത്തിലാണ്. സന്തോഷത്തേയും സങ്കടത്തേയും വിരഹത്തേയും പ്രണയത്തേയും ഭയത്തേയും ഒക്കെ ഇരട്ടിയാക്കാനുള്ള കഴിവുണ്ട് മഴയ്ക്ക്!

അദ്ധ്യയന വർഷാരംഭ ഓർമ്മകൾക്കെപ്പോഴും മഴയുടെ നനവും, കുളിരുമാണ്. ജൂൺ മഴയുടെ ഒരു നൊസ്റ്റാൾജിയ! ഇന്നും പുതുമണ്ണിൻ്റെ മണമുള്ള ഓർമ്മകൾ. ബാല്യത്തിന് മഴ ഉറ്റസുഹൃത്തായിരുന്നതിനാൽ ആവാം ഇന്നലേകളിലെ മഴകൾക്കേറേ ചാരുത..!

പ്രകൃതിയുടെ കനിവായ മഴ..!! വികൃതിയായ മഴയുടെ തോളുരുമ്മി കുസൃതി കാട്ടി നടന്ന ബാല്യം.

നനയാനായി കുടപിടിക്കുക എന്നതായിരുന്നു നയം. മഴയുടെ ലാവണ്യവും, ശക്തിയും കൂടുംതോറും കുടപിടുത്തത്തിൻ്റെ ചരിവും കൂടും.. വിദ്യാലയം വിട്ട് നനഞ്ഞു കുതിർന്ന് വീട്ടിലെത്തുന്ന എന്നെ, തന്നിലേക്ക് വലിച്ചടുപ്പിച്ച് കാൽക്കൂട്ടിൽ തടവിലാക്കി നിർത്തി, പനി വരുമെന്ന് ചെറുതായൊന്ന് ശാസിച്ച് കണ്ണുരുട്ടി ചേലത്തുമ്പ് കൊണ്ട് വാത്സല്യത്തോടെ തല അമർത്തിത്തുടച്ച് തരുന്ന അമ്മയോട് കാറ്റിനെ പഴി പറയും.
കാറ്റത്ത് കുട പറന്നു പോയി,
ചരിഞ്ഞു പോയി, ചുരുങ്ങിപ്പോയി എന്നെല്ലാം.

“ഇത്രക്ക് കാറ്റുണ്ടായിരുന്നോ നീ മാത്രമിങ്ങനെ നനയാൻ…?”
എന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ലാതാവുമ്പോൾ, അമ്മയുടെ കവിളിൽ എൻ്റെ നനവാർന്ന മുഖം അമർത്തി ഒരുമ്മ കൊടുത്തിട്ട് ഈറൻ ഉടുപ്പോടെ അമ്മയെ ഇറുക്കി കെട്ടിപ്പിടിക്കവേ തെല്ല് അലോസരം കലർത്തിയുള്ള അമ്മയുടെ ആജ്ഞ..

“എന്നെ നനയ്ക്കാതെ പോയി ഉടുപ്പുമാറി കുളിക്ക് പെണ്ണേ…”
അത് അമ്മയുടെ ഒരു അടവാണ്… തക്കം പാർത്ത് ഞാൻ പിന്നേയും മഴയത്തേയ്ക്കിറങ്ങിയോടും എന്ന് അമ്മയ്ക്ക് നന്നായറിയാം.. അത്രക്കിഷ്ടമാണെനിക്ക് മഴ!
അന്നും..
ഇന്നും..
എന്നും..
കുളി കഴിഞ്ഞ് വസ്ത്രം മാറിയ ശേഷം മഴയത്തിറങ്ങിയാൽ അമ്മയുടെ കൈയ്യിൻ്റെ ചൂടറിയും..

സ്കൂളിലേക്ക് പോകുമ്പോൾ മഴ പെയ്താലും നനയാതെ നല്ല കുട്ടികളായി പോവും.. അവിടെയെത്തി ക്ലാസ്സിൽ മുഴുവൻ ദിവസവും നനഞ്ഞാെട്ടി ചടഞ്ഞിരിയ്ക്കാൻ വലിയ സുഖമൊന്നുമില്ലാത്തത് കൊണ്ട് കഴിയുന്നതും മഴ നനയാതെ ശ്രദ്ധിക്കും..

വൈകീട്ട് സ്കൂൾ വിട്ടാൽ ആണ് രസം. വീട്ടിലെത്തും വരെ ഗംഭീര മഴ പെയ്യണേയെന്നാണ് പ്രാർത്ഥന. ഉച്ചതിരിഞ്ഞ് നാല് മണിയോടടുത്ത് മാനം ഇരുണ്ടാൽ പ്രകാശമാനമാകുന്നത് എൻ്റെ മുഖമാണ്! ആ സമയം ക്ലാസ്സിലിരുന്ന് സ്കൂൾ വിടുന്ന കൂട്ടമണിയ്ക്കായി കാതോർത്ത് അക്ഷമയോടെ ഇരിക്കും. മഴയ്ക്ക് മുന്നോടിയായി മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടവേ, വയറിനുള്ളിലും ഒരു ഉരുണ്ടു കയറ്റമുണ്ടെപ്പോഴും..
സന്തോഷം ഉരുണ്ടു കയറി വന്ന് നെഞ്ചകത്ത് പെയ്ത് നിറയുകയായി…

വിശാലമായ വിദ്യാലയ മുറ്റത്ത് വിരിച്ചിട്ട ചരലിലൂടെ, മിന്നിയാടുന്ന വെള്ളി ചരടുകൾ ചരിഞ്ഞു നീങ്ങിപ്പോകും പോലെ ആർത്തു പെയ്യുന്ന മഴ…

മഴ ആർത്തിരമ്പിക്കൊണ്ട് കുറുമ്പുക്കാട്ടുന്നൊരു കുട്ടിയെ പോലെ വിദ്യാലയ മുറ്റത്തേക്കു ഓടി കയറി വരുമ്പോൾ, സ്ക്കൂൾ വിട്ട് അവനവൻ്റെ ക്ലാസ്സ് മുറികളിൽ നിന്നും, ഇരമ്പലോടെ വരുന്ന മഴയുടെ അതേ കുറുമ്പോടെ വിദ്യാലയ മുറ്റത്തേക്ക് ചാടിയിറങ്ങി നനഞ്ഞും, ചിലർ നനയാതെയും വീട്ടിലേക്കുള്ള ഓട്ടം… ഒരേ സ്വഭാവ വിശേഷമുള്ള രണ്ടു കൂട്ടുകാരേപ്പോലെ സ്കൂൾ മുറ്റത്ത് അവർ ഒന്നാവുന്ന കാഴ്ച!

ഇന്നാലോചിക്കുമ്പോൾ ആ സ്ക്കൂൾ കുട്ടിയിൽ നിന്നു വളർന്ന് വലുതായതെന്തിനു നീ എന്ന് മനസ്സെന്നോട് ചോദിക്കുന്നു. നഷ്ടബോധം മനസ്സിൽ തളം കെട്ടി നിൽക്കുന്നു,

വലുതാകേണ്ടായിരുന്നു…..

നിറയെ പാലൊഴിച്ചുണ്ടാക്കിയ ചായപോലെ, റോഡിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം. സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ അമ്മ നാലു മണി പലഹാരത്തോടൊപ്പം ഉണ്ടാക്കി തരാറുള്ള പാൽച്ചായയെ അനുസ്മരിപ്പിക്കും ഇന്നും. കെട്ടിക്കിടക്കുന്ന ആ മഴവെള്ളത്തിൽ, സ്കൂൾ വിട്ട് മുന്നിൽ നടന്നു പോകുന്ന ആൺപിള്ളേരുടെ വികൃതി.. ദൂരേ നിന്ന് ഓടിയെത്തി ആ വെള്ളത്തിലേക്ക് എടുത്തു ചാടി തെറിപ്പിക്കുന്ന ആ വെള്ളത്തിൽ മറുകാലുകൊണ്ട് അടിച്ചു ശബ്ദമുണ്ടാക്കും. നാടൻ ഭാഷയിൽ അതിനെ വെള്ളത്തിൽ വെട്ടടിക്കുക എന്നു പറയും. അത് അനുകരിക്കാൻ ഉള്ള എൻ്റെ ശ്രമത്തിൻ്റെ ദയനീയ പരാജയം വിദഗ്ദമായി മറയ്ക്കുവാനായി അതിലേക്ക് എടുത്ത് ചാടി അരിശം തീർക്കും.. കൂട്ടുകാരിൽ ആരെയെങ്കിലും ആ പ്രവൃത്തി കൊണ്ട് ഒന്നു നനയ്ക്കാനായാൽ ചാരിതാർത്ഥ്യം…

സ്കൂളിൽ പലപ്പോഴും കാൽക്കൊല്ല പരീക്ഷയ്ക്ക് വിഘ്നം സൃഷ്ടിക്കാൻ എത്താറുള്ള മഴയും വെള്ളക്കെട്ടും നൽകാറുള്ള സന്തോഷം തെല്ലൊന്നുമല്ല. രാത്രി പഠിക്കാനിരിക്കുമ്പോൾ വരുന്ന മഴയും കാറ്റും കറൻറിനേയും കൊണ്ട് കറങ്ങാൻ പോകുമ്പോൾ ഇരുട്ടിൽ ഇരുന്ന് മഴയോട് മനസ്സിൽ നന്ദി പറഞ്ഞ് ഊറിച്ചിരിക്കും. മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ പഠിക്കാനാവില്ല എന്ന മുടന്തൻന്യായവും പറഞ്ഞ് മഴക്കുളിരിൽ തല വഴി മൂടിപ്പുതച്ച് നേരത്തേ കയറിക്കിടന്ന് ഉറങ്ങാമല്ലോ? പുറത്തു മഴ തകർത്തു പെയ്യുമ്പോൾ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കിടന്നുറങ്ങാൻ എന്താ രസം!

ബാല്യം കൗമാരത്തിന് വഴിമാറിയപ്പോൾ മഴയോടുള്ള പ്രണയത്തിനും കൗമാര പ്രായം.. കോളേജിലേയ്ക്ക് പോവുകയും, വരികയും ചെയ്യുന്ന ഇടവഴികൾ.. വീതി കുറഞ്ഞ ആ മൺപാതയ്ക്കിരുവശവും നിൽക്കുന്ന മരങ്ങളിലെ, കൈകോർത്ത് നിൽക്കുന്ന കൈയ്യെത്തും ദൂരത്തെ മരച്ചില്ലകൾ നമുക്കായി സൂക്ഷിച്ച സ്ഫടികം തോൽക്കും മഴത്തുള്ളികൾ…
മഴക്കാലം തഴച്ചുവളർത്തിയ മരചില്ലകളെ, കൗമാരത്തിൻ്റെ കുസൃതി കൈകൾ ചാടിയെത്തിപ്പിടിച്ച് വലിച്ച് വിടുമ്പോൾ ഉതിരുന്ന കുളിരാർന്ന ആ വെള്ളത്തുള്ളികൾ കൂട്ടുകാരെ അടിമുടി നനയ്ക്കും. മരച്ചില്ലകളിൽ പലതിലും കൂട്ടത്തിലെ മറ്റുള്ളവരേക്കാൾ ഉയരക്കൂടുതലുള്ള എനിക്കും, എൻ്റെ പ്രിയ കൂട്ടുകാരിയ്ക്കും ആണ് ആധിപത്യം. ചില്ലകളിലെ തണുത്ത മഴമുത്തുകൾ ഉതിർത്ത് മറ്റുള്ളവരെക്കൂടി നനയ്ക്കവേ, തണുക്കുന്നതിനു പകരം അവർ ചൂടാകുന്ന അത്ഭുത പ്രതിഭാസം! ചൂടായ ദോശത്തട്ടിലേക്ക് ജലകണങ്ങൾ വീണതു പോലെയുള്ള ശബ്ദവും, ആവിയും. ആ നാലുമണി നേരത്ത്, ചൂടുള്ള നാലുമണി പലഹാരം പോലെ അവരിൽ നിന്നും ഉച്ചത്തിൽ ഉയരുന്ന വഴക്കുപറച്ചിൽ മുഴുവനാകും മുന്നേ, ഞങ്ങൾ രണ്ടു പേരും ഓടിയകലും. അല്ലെങ്കിൽ അവർ പകരം വീട്ടാനായി,തൊട്ടടുത്ത താഴ്ന്ന ചില്ലകളിലെ മഴത്തുള്ളികളാൽ ഞങ്ങളെ അഭിഷേകം ചെയ്യും..

അങ്ങിനെ ഒരു നാൾ ചില്ലകൾ കുലുക്കി ഞങ്ങൾ നനച്ച ഞങ്ങളുടെ കൂട്ടത്തിലെ മറ്റൊരു കൂട്ടുകാരിയുടെ വസ്ത്രത്തിൽ എവിടേയോ കട്ടപിടിച്ച് കിടന്നിരുന്ന സോപ്പുപൊടിയുടെ പത ഇളകാൻ തുടങ്ങി. പത ചെരുപ്പിലേക്ക് ഊർന്നിറങ്ങി നടക്കാനാവാതെ അവൾ ചെരുപ്പ് ഊരിപ്പിടിച്ചു.. ചെരുപ്പാണല്ലോ ഊരിപ്പിടിച്ചിരിക്കുന്നത്? അതൊരു പ്രശ്നമാണ്. പന്തികേട് മണത്തറിഞ്ഞ ഞങ്ങൾ അന്ന് ഓടിയ ആ വഴിയിൽ മഴക്കാലങ്ങൾ പലത് കഴിഞ്ഞിട്ടും ഇന്നും പുല്ല് മുളച്ചിട്ടുണ്ടാവില്ല…!

മുറ്റത്തെ ചെടികളിലെ ഇലകളിലും, പൂക്കളിലും മഴ ഒളിച്ചുവച്ച വെൺമണികൾ പോലുള്ള മഴത്തുള്ളികൾ. പരിമളം പേറുന്ന പനിനീർ പൂക്കൾക്കുള്ളിലെ ജലകണങ്ങളുടെ കനത്താൽ, നമ്രമുഖികളായി ആ പൂക്കൾ നിൽക്കുന്ന കാഴ്ച.
മഴയ്ക്ക് ശേഷം ഉദിക്കുന്ന പൊൻവെയിൽ പൂവിതളുകളിലെ മഴത്തുള്ളികളിൽ തൊടുമ്പോൾ വജ്രശോഭ പരത്തിക്കൊണ്ട് നിൽക്കുന്ന ആ പനിനീർ പുഷ്പത്തെ എത്ര ആസ്വദിച്ചാലാണ് മതി വരിക?

കാറ്റാടി മരത്തിൻ്റെ നൂലുപോലെ നേർത്ത് നീണ്ട ഇലത്തുമ്പുകളിൽ മഴത്തുള്ളികൾ തീർക്കുന്ന വെള്ളികുണുക്കുകൾ.. അതിലൂടെ ഇടക്കുദിക്കുന്ന വെയിൽ കടക്കുമ്പോൾ ഒരു കുഞ്ഞു സൂര്യൻ ആ വെള്ളിക്കുണുക്കുകളിൽ ഓരോന്നിലും വജ്രം പതിക്കുന്നു. പ്രകൃതിയിലെ ഓരോ സസ്യജാലങ്ങളിലും ഇന്ദ്രജാലം തീർക്കാൻ കെല്പുള്ള മഴയുടെ നീർമണികൾ!

കരച്ചിലിനിടയിലും ഇക്കിളിയിട്ടു ചിരിപ്പിക്കുമ്പോൾ, കവിളത്തെ കണ്ണുനീർ നനവോടെ പുഞ്ചിരി തൂകുന്ന ഒരു സുന്ദരിയുടെ ഇരട്ടിക്കുന്ന മുഖകാന്തി പോലെയാണ് മഴയും വെയിലും ഒരുമിച്ചെത്തുമ്പോൾ എനിക്ക് തോന്നാറുള്ളത്. മഴയെപ്പറ്റി എത്ര എഴുതിയാലും, പാടിയാലും ആർക്കും മതിയാവുകയില്ല. ഒരു പക്ഷേ മഴയെപ്പറ്റിയായിരിക്കും കവികളും, എഴുത്തുകാരും അധികം എഴുതിയിട്ടുണ്ടാവുക.

വീടിൻ്റെ ഓടുമേഞ്ഞ ചായ്‌ച്ചിറക്കിലൂടെ ഒരേയകലത്തിൽ ഊർന്നു വീഴുന്ന കനമുള്ള മഴനൂലുകൾ.. ഓരോ മഴയും വരാന്തയ്ക്ക് താഴെ മണ്ണിൽ തീർക്കുന്ന തുല്യ അകലത്തിലെ കുഞ്ഞുകുഴികൾ.. വരാന്ത തിണ്ണയിലുരുന്ന് ആ മഴനൂൽ നിരയിലേക്ക് കാലാട്ടിയും,നീട്ടിപ്പിടിച്ച് നനച്ചും, കൈക്കുടന്നയിൽ ഒരിത്തിരി മഴയെ എങ്കിലും മോഷ്ടിച്ച് വയ്ക്കാൻ ശ്രമിച്ചും, മുഖത്തേക്ക് തെറിച്ചു വീഴുന്ന ഓരോ മഴത്തുള്ളികളേയും ആസ്വദിച്ചങ്ങനെ…

കാലവർഷത്തിൽ മുറ്റത്ത് രൂപപ്പെടുന്ന കുഞ്ഞരുവികളിലൂടെ കടലാസ്സ് തോണിയിറക്കി മത്സരിച്ചു കളിച്ച കുട്ടിക്കാലം. തോണിയങ്ങനെ വേഗത്തിൽ നീങ്ങവേ വഴിയിലെങ്ങാനും തടഞ്ഞു നിന്നാലുള്ള സങ്കടം. മത്സരത്തിൽ തോൽക്കാറാവുമ്പോൾ മഴവെള്ളം തട്ടിയൊഴിച്ച് മറ്റുള്ളവരുടെ തോണിയും മുക്കിക്കളഞ്ഞ് താറുമാറാക്കും. പിന്നെയാണ് മത്സരത്തിലെ അവസാന ഇനമായ ഇടിയും മിന്നലും പോലെയുള്ള അടിപിടി. കുഴിയാന കുഴികളേയും, മണ്ണിരകൾ കൂട്ടിയ മൺകൂമ്പാരങ്ങളേയും ഇടക്കിടെ നനയ്ക്കുന്ന മഴച്ചാലുകൾ!

പ്രണയമെന്നത് മഴയുടെ കൂട്ടുചേരുമ്പോൾ പത്തരമാറ്റായി മാറുന്നു.. മഴ അകമ്പടി സേവിക്കാത്ത സിനിമകളും കഥകളും കുറവാണ്. മഴയെക്കൂട്ടുപിടിച്ച് പറയുന്ന പ്രണയ കഥകൾക്കാണ് തീവ്രത. മഴക്ക് പ്രണയഭാവം കൂടുതൽ ഉള്ളതു കൊണ്ടായിരിക്കാം. തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ ക്ലാരയുടെയും മണ്ണാർത്തൊടി ജയകൃഷ്ണന്റെയും പ്രണയം പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരമായതിന്റെ ഒരു പ്രധാന ഹേതു മഴയും അതിലെ ഒരു കഥപാത്രം ആയത് കൊണ്ടാണെന്ന് തോന്നിയിട്ടില്ലേ?

ദൂരെ നിന്നോടിക്കിതച്ചെത്തുന്ന സുന്ദരിയാണ് മലഞ്ചെരുവുകളിലെ മഴ.. മലമുകളിൽ നിന്നും തിടുക്കപ്പെട്ടോടി ഇറങ്ങി അടുത്ത് വന്ന് നമ്മെ ആഞ്ഞു പുൽകുന്ന അതീവസുന്ദരി.

നാട്ടിൽ പെയ്യുന്ന മഴയുടെ മനോഹാരിത..! കാട്ടിൽ പെയ്യുന്ന മഴയുടെ വന്യത..!

ആ വന്യത നേരിട്ടറിഞ്ഞത് ഈയടുത്ത കാലത്താണ്..പക്ഷി നിരീക്ഷണത്തിനായി ഭർത്താവിനൊപ്പം ക്യാമറയുമായി കാടുകയറുമ്പോൾ പെയ്യുന്ന ആ മഴകൾക്ക് വേറിട്ടൊരു സൗന്ദര്യമാണ്..അങ്ങിനെപ്പോകുന്നു മഴയുടെ നവരസങ്ങൾ.

കേരളത്തിലെ മഴയുടെ ചാരുത മറ്റെവിടേയും ദർശിക്കാനായിട്ടില്ല നാളിതുവരെ.ഇടവപ്പാതിയായും, തുലാവർഷമായും നമ്മിലേക്ക് പെയ്തു നിറയുന്ന മഴ.. ഇടവപ്പാതിയുടെ സൗമ്യത, ഒട്ടും കാണിക്കാത്ത ബഹളക്കാരിയായ തുലാവർഷം..
ഏട്ടത്തി താരതമ്യേന സൗമ്യസ്വഭാവക്കാരിയാണെങ്കിൽ, അനിയത്തി ഇടിയും മിന്നലുമായി ഉച്ചതിരിയുന്നതോടെ രൗദ്രഭാവം കൈക്കൊണ്ട് സന്ധ്യകളിലും, രാത്രികളിലും താണ്ഡവമാടുന്ന വർഷസുന്ദരിയാണ്.. താഴ്ന്നു വെട്ടുന്ന ഇടിയോടും മിന്നലിനോടും അത്ര പ്രതിപത്തിയില്ലെങ്കിലും സുഖമുള്ളൊരു നെഞ്ചിടിപ്പ് സമ്മാനിച്ചതങ്ങനെ പെയ്തു നിറയും.

ചിലപ്പോൾ, ഏഴു വർണ്ണങ്ങൾ വിതാനിച്ച പ്രവേശന കവാടം പോലെ, മഴവില്ല് നിസ്സീമമായ ആനന്ദംപകർന്നു കൊണ്ട് ആകാശ പരപ്പിൽ പ്രത്യക്ഷപ്പെടും.
ആ കവാടത്തിലൂടെ കടന്നാൽ നേരെ ദേവലോകത്തേക്കെത്തും എന്നൊക്കെ ഞാൻ സങ്കല്പിക്കാറുണ്ട്! ചിലപ്പോൾ, കാറ്റു തട്ടിക്കൊണ്ടു പോകുന്ന കാർമേഘങ്ങൾ നിരാശ നൽകി കടന്നു പോകും പ്രത്യേകിച്ച്, ഒരു മഴയ്ക്കായി ദാഹിച്ചിരിക്കുന്ന നാളുകളിൽ. മഴമേഘങ്ങൾ കാണുമ്പോഴേക്ക് പീലി വിരിച്ചാടുന്ന മയിലുകളേയും, ദാഹജലത്തിനായി കൊക്കുകൾ തുറന്നു പിടിച്ച് മാനം നോക്കിയിരിക്കുന്ന വേഴാമ്പലുകളേയും, നമ്മളടക്കമുള്ള മറ്റെല്ലാ ജീവജാലങ്ങളേയും സങ്കടപ്പെടുത്തിക്കൊണ്ട് എങ്ങോ പോയ് മറയും.

വിവാഹശേഷം കേരളം വിട്ട എനിക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒന്നായിരുന്നു എൻ്റെ മലയാളനാടിൻ്റെ മഴക്കാലം.മുംബൈയിലിരുന്ന് നാട്ടിലേക്ക് വിളിച്ച് മഴക്കാല വിശേഷങ്ങൾ കൂട്ടുകാരോടും, വീട്ടുകാരോടും ചോദിച്ച് അറിയും.കുളവും, കിണറും പാടവും, തൊടിയുമൊക്കെ നിറഞ്ഞെന്ന് കേൾക്കുമ്പോൾ ചിറകുകൾ ഉണ്ടായിരുന്നെങ്കിലെത്ര നന്നായിരുന്നു എന്ന് തോന്നും. കണ്ണടച്ചിരുന്ന് പുതുമഴക്കുള്ള പുതുമണ്ണിൻ്റെ കൊതിപ്പിക്കുന്ന ഗന്ധം ഓർമ്മകളിൽ നിന്നെടുത്ത് മണക്കാൻ ശ്രമിക്കും. പിന്നെ മഴയോർമ്മകളുടെ ഘോഷയാത്രയാകും മനസ്സിൽ….

മഴയും,പുതുമണ്ണിൻ്റെ മണവും ആസ്വദിച്ചു കൊണ്ട് വീട്ടു വരാന്തയിൽ എല്ലാവരും ചേർന്ന് സൊറ പറഞ്ഞിരുന്ന് ചൂടു കാപ്പിയും,ചൂടുള്ള എണ്ണ പലഹാരങ്ങളും കഴിക്കാറുള്ളത്,വീടിൻ്റെ പിൻഭാഗത്തെ പാടശേഖരങ്ങൾ നിറഞ്ഞു കവിഞ്ഞ് ഒരു കായൽ പോലെ ഒന്നായി കിടക്കാറുള്ളത്, നിറഞ്ഞു കിടക്കുന്ന അമ്പലക്കുളത്തിൽ മലർന്നു കിടന്നു മഴയോട് കുശലം പറഞ്ഞ് നീന്തിത്തുടിക്കാറുള്ളത്, തണുത്ത മഴത്തുള്ളികൾ മുഖത്തു വീഴുമ്പോൾ നീന്താനുള്ള ഉത്സാഹം കൂടും.പഞ്ഞ കർക്കിടകത്തിൽ
രാത്രിമഴ പൊടിപൊടിക്കുമ്പോൾ അത്താഴത്തിന് അമ്മ വിളമ്പാറുള്ള ചൂടുള്ള കഞ്ഞിയും, കൊണ്ടാട്ടവും, പൊട്ടിച്ചിട്ടു വറുത്ത പപ്പടവും, മെഴുക്കുപുരട്ടിയും. അത് സ്വാദോടെ കഴിക്കുമ്പോൾ തൊടിയിൽ മറഞ്ഞിരുന്ന്, തവളകളുടെ ഉച്ചസ്ഥായിയിലുള്ള ‘പേക്രോം പേക്രോം’ ആലാപനവും,ചിവീടുകളുടെ കോറസ്സും, ഓട് മേഞ്ഞ പുരപ്പുറത്തെ തകരപ്പാത്തിയിൽ മഴയുടെ താളം പിടിക്കലും!

വേനൽക്കാലത്ത് വീടിൻ്റെ ഓടുമേഞ്ഞ ഭാഗങ്ങൾ എത്ര ഭംഗിയായി ഇളക്കി മേച്ചിൽ നടത്തിയാലും പെരുമഴക്കാലത്ത് വീടിനുള്ളിലേക്ക് ഒരു കള്ളനെപ്പോലെ എത്തി നോക്കുന്ന മഴ! ചോരുന്ന ഭാഗത്ത് വക്കുന്ന പാത്രങ്ങളിലേക്ക് ഒരു പ്രത്യേക താളത്തിൽ വീണു നിറയുന്ന മഴത്തുള്ളികൾ, പാട്ടുകച്ചേരിയുടെ ഇടവേളകൾ കൊഴുപ്പിക്കാൻ തബലയിൽ തട്ടി താളം പിടിച്ചിരിക്കുന്ന വാദ്യസംഗീത കലാകാരനേപ്പോലെ!

മഴക്കാലം കഴിഞ്ഞ ഉടനെ ജന്മനാട്ടിലെത്തുമ്പോൾ കൊതിപ്പിക്കുന്ന പച്ചപ്പാണ് എവിടെ നോക്കിയാലും. ബോംബെയിലെ മഴയോട് ഒരിക്കലും ഒരു ഇഷ്ടം തോന്നിയിട്ടില്ല.. ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറയുന്ന പോലെ, മഴ പെയ്ത് തുടങ്ങിയാൽ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിലിരുന്ന് ചൂടു ചായയും ഉള്ളി ബജ്ജിയും ആസ്വദിക്കുക എന്നതാണ് അവിടത്തെ ഒരു രീതി.

പിന്നിട്ട ചില വർഷങ്ങളിൽ ആഞ്ഞ്  പെയ്ത മഴ തന്ന ദുരനുഭവങ്ങൾ പേടിപ്പെടുത്തുന്ന കാലവർഷക്കെടുതി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും. മലയോരത്തും, പുഴയോരത്തും താമസിക്കുന്നവരുടെ ഉൾക്കിടിലം ഇടിയും മഴയും കനക്കുന്നതോടെ കനമാർന്ന് വരുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇതിലും ശക്തമായ കാലവർഷങ്ങൾ വിജയകരമായി അഭിമുഖീകരിച്ചിട്ടുള്ളതാണ് നമ്മുടെ കുഞ്ഞുസുന്ദരകേരളം. അന്നൊക്കെ മഴക്കാലത്തെ ഉരുൾപ്പൊട്ടലുകൾ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു.. മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതകൾക്ക് അക്കമിട്ട് പ്രതികരിക്കുന്ന പോലെയുള്ള അവസ്ഥകളാണ് ഇന്നനുഭവിക്കുന്നതെല്ലാം.

ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോഴതാ എൻ്റെ തറവാട്ട് മുറ്റത്ത് കാലവർഷത്തിന്റെ ഇരമ്പൽ.. പൊള്ളുന്ന വേനലിന് ശേഷം വരാന്തയിലെ മഴത്തണുപ്പിലും, തെന്നൽ എനിക്കായി എറിഞ്ഞ് തരുന്ന മഴത്തുള്ളികളുടെ കുളിരിലും ഇരുന്ന് മഴയെക്കുറിച്ച് എഴുതാനെന്തു രസം..!! ഇനിയും ഇനിയും എന്നെക്കുറിച്ചെഴുതൂ എന്ന്, എന്നെ തൊട്ടു വിളിച്ചു പറയും പോലെ.. അപ്പോൾ ഞാൻ അവളോടു പറഞ്ഞു… “എൻ്റെ ചങ്ങാതി.. നീ തൊട്ടു വിളിച്ചിതു എന്നോടു പറയവേ, നിൻ്റെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ എഴുതാനായി ബാക്കി വച്ച ഏതാനും വരികൾ കൂടി ഞാനിവിടെ കുറിക്കട്ടെ… എത്ര എഴുതിയാലും തീരാത്ത കാര്യങ്ങളാണെങ്കിൽ കൂടി…”

പച്ച പരവതാനി വിരിച്ചിട്ട പാടത്തിനു നടുവിലെ നാട്ടുവഴിലൂടെ വിദ്യാലയം വിട്ടു വരുന്ന എന്നെ പിൻതുടരും പോലെ അവൾ… ആർത്തിരമ്പിക്കൊണ്ട്, പളുങ്കുമണികൾ കോർത്ത മഴനൂലുകളാൽ നെയ്തെടുത്ത ഒരു തിരശ്ശീല നീങ്ങിവരും പോലെ, പിന്നീട് അവ നിലത്തു വീണുടഞ്ഞു ചിതറി എന്നിലേക്ക്‌ ആവേശത്തോടെ അടുക്കുന്ന മഴയോട് എനിക്ക് തോന്നുന്ന മത്സരബുദ്ധി. ആ ചങ്ങാതിക്ക്  പിടികൊടുക്കില്ല എന്നുറച്ച് തെല്ലു ദൂരം ഓടി, കിതപ്പോടെ തിരിഞ്ഞു നോക്കുമ്പോൾ മഴ തൊട്ടു പിന്നിൽ! ഓട്ടപ്രാന്തി കളിക്കുന്ന കൂട്ടുകാരികളേപ്പോലെ.
വീട്ടുപടിക്കലെത്തി ജേതാവിനെപ്പോലെ തിരിഞ്ഞൊന്നു നോക്കിയതും അവളെന്നെ ആഞ്ഞു പുൽകി നനച്ചതും ഒരുമിച്ചായി. ആ ആശ്ലേഷ സുഖത്തിൽ മത്സരവും,
കുസൃതിയുമെല്ലാം അലിഞ്ഞലിഞ്ഞില്ലാതെയായതും, എല്ലാം എല്ലാം മനസ്സിൽ നിന്നും മായാതെ ഇന്നലെക്കഴിഞ്ഞ കണക്കെ അങ്ങിനെ അങ്ങിനെ അങ്ങിനെ……………

(>സുജാത നായർ<)

#മഴ

Post Views: 44
5
Sujatha Surendran

ഞാൻ സുജാത നായർ, തൃശ്ശൂർ സ്വദേശിനി.സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

9 Comments

  1. സതീശൻ on June 19, 2024 7:23 PM

    നന്നായിട്ടുണ്ട്, സുജാതക്കുട്ടി എഴുതിയത് !

    Reply
  2. Joyce on June 12, 2024 2:17 AM

    അങ്ങനെ അങ്ങനെ കഥാകാരി സ്നേഹിച്ചതും ആസ്വദിച്ചതുമായ മഴയുടെ സൗന്ദര്യവും തണുപ്പും വായനക്കാരിലും അരിച്ചിറങ്ങി.
    മനോഹരമായി എഴുതി. 👏👌
    ❤

    Reply
  3. Sarala Menon on June 11, 2024 8:45 PM

    മഴ ഗംഭീരമായിരിക്കുന്നു സുജാത

    Reply
  4. Suma Jayamohan on June 3, 2024 8:17 PM

    മനോഹരമായ വിവരണം ❤️👌
    ഒത്തിരി ഇഷ്ടമായി❤️
    അഭിനന്ദനങ്ങൾ💐👌

    Reply
    • Sujaya Sarithkumar on June 11, 2024 10:35 PM

      Gambeeram chechy…Abhinandanaghal….

      Reply
      • Nikson on June 12, 2024 6:25 PM

        ഒരു മഴ പെയ്തിറങ്ങിയ മധുരാനുഭവം, മനോഹരം സുജ

        Reply
  5. Silvy Michael on June 2, 2024 6:29 PM

    എത്ര വിശദമായ സംസാരമാണ് എഴുത്തുകാരിയും മഴയും തമ്മിൽ…. എന്തൊരു കൂട്ടാണ്! ഹൃദ്യം… മഴ പോലെതന്നെ ഈ എഴുത്തും 😘😘😘

    Reply
    • Jalaja narayanan on June 2, 2024 9:59 PM

      മഴക്കു പ്രിയപ്പെട്ട എഴുത്തുകാരി ❤️❤️❤️

      Reply
      • Shreeja R on June 3, 2024 9:41 AM

        ❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.