ഈ മഴയെ എന്നു മുതലാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയത്?
എനിക്കറിയില്ല.
അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ജൂൺമാസത്തിൽ ഇടമുറിയാതെ
പെയ്യുന്ന ഒരു മഴനേരത്താണ് ഞാൻ ജനിച്ചത് എന്നു. പിന്നെ എപ്പഴോ നടക്കാൻ തുടങ്ങിയ ഒരു നാളിൽ കോരിച്ചൊരിയുന്ന മഴയിൽ വീടിന്റെ ഓടിൽ നിന്നു കുത്തിയൊലിച്ചു മുറ്റത്തു എത്തുന്ന മഴവെള്ളം കൈയിൽ കോരി എടുക്കാൻ ഞാൻ മുറ്റത്തേക്ക് ഓടി പോയിട്ടുണ്ടത്രേ.
ഇന്ദ്രദേവനാണ് മഴപെയ്യിക്കുന്നതെന്നു മുത്തശ്ശിയും കടലിലെ വെള്ളം നീരാവി ആയി മേല്പോട്ട് പോയി അതു മേഘങ്ങളിൽ തട്ടി ആണ് മഴ ഉണ്ടാകുതെന്നു അച്ഛനും പറഞ്ഞു തന്നു. പക്ഷേ സത്യം എന്തായാലും എനിക്കു അറിയില്ല. ഞാൻ സ്നേഹിച്ചത് മഴയെ ആണ്. മൂടികെട്ടിയ ഭാവത്തോടെ അടുത്തു വന്നു വിതുമ്പിവിതുമ്പി
അവസാനം അതു ആർത്തലച്ചു കരയുമ്പോൾ എത്ര തവണ ഞാൻ എന്റെ മഴയെ എന്റെ ഹൃദയത്തോട് ചേർത്ത്പിടിച്ചിട്ടുണ്ടെന്നു എനിക്ക് മാത്രമേ അറിയൂ.
എന്റെ ജീവിതത്തിന്റെ പ്രധാനനേരങ്ങളിൽ ഒക്കെ മഴ എന്നെ തേടിയെത്തിയപ്പോഴാണ് ഞാൻ അങ്ങോട്ട് ഇഷ്ടപെട്ടത് പോലെ മഴ എന്നെയും സ്നേഹിച്ചിരുന്നു എന്നു ഞാൻ അറിഞ്ഞത്. സ്കൂൾ വിട്ടു വരുന്ന
വൈകുന്നേരങ്ങളിൽ തകർത്തു പെയ്യുന്ന മഴയിൽ വെള്ളം ചവിട്ടി
തെറിപ്പിച്ചും കുട താഴ്ത്തിയും ഉയർത്തിയും പിടിച്ചും ആകെ നനഞ്ഞായിരിക്കും വിട്ടിൽ എത്തുക. പനി പിടിച്ചു കിടന്നാൽ സ്കൂളിൽ പോവണ്ടല്ലോ. അടുത്തകൊല്ലവും ഇതേ ക്ലാസ്സിൽ ഇരിക്കാം എന്നു അമ്മ ഭിഷണിപെടുത്തുമ്പോഴും മനസ്സിൽ മഴയുടെ ആരവം തന്നെയായിരിക്കും.
പിന്നെ എപ്പഴോ ബാല്യം കൗമാരത്തിനു വഴി മാറിയപ്പോൾ മഴയുടെ കുളിരും ആർദ്രതയും മനസ്സിലെ മധുര തുള്ളികളായി മാറി. പിന്നെ വെയിൽ നാളം തെളിയുന്ന ഒരു ഒക്ടോബർ മാസത്തിൽ എന്റെ വിവാഹം തീർച്ചപ്പെടുത്തിയപ്പോൾ നിനച്ചിരിക്കാതെ ഒരു അതിഥിയായി മഴ വന്നു.
“ഇതു എന്താ കാലമല്ലാത്ത കാലത്തൊരു മഴ “എന്നു പ്രായമുള്ളവർ മുക്കത്തു വിരൽ
വച്ചപ്പോൾ എനിക്കു ഉള്ളിൽ ചിരി ആയിരുന്നു. എന്റെ വിവാഹത്തിന് വരാതിരിക്കാൻ എന്റെ പ്രിയപെട്ടവൾക്ക് ആവുമോ.
മഴക്ക് എന്റെ അരികിൽ ഓരോ തവണ എത്തുമ്പോഴും ഭാവങ്ങൾ മാറിക്കൊണ്ടിരിക്കും. രാത്രിയിൽ ഒരു ഉറക്കു പാട്ടായിഒരമ്മയുടെ സ്നേഹത്തോടെ പുറത്തു മഴയുടെ സംഗീതം ഉണ്ടാവും.പിന്നെ ചിലപ്പോൾ അതു അരികിൽ വന്നു അതിന്റെ ആർദ്രതയും ചാരുതയും പിന്നെ പ്രണയഭാവവും എന്നിലേക്ക് പകർത്തും.
പിന്നെ കുഞ്ഞുങ്ങളും പ്രാരാബ്ദങ്ങളും ഒക്കെ ആയപ്പോൾമഴയുടെ ഭംഗിയിൽ
അലിഞ്ഞു ചേരാൻ എനിക്കുസമയം കുറവായിരുന്നു. എന്നാലും ഉറക്കത്തിൽ എപ്പോഴോ ചെവിയിൽ എത്തുന്ന മഴയുടെ താളം അതു എനിക്കുവേണ്ടി മാത്രമുള്ളതാണ് എന്നു വിശ്വാസിക്കാൻ ആയിരുന്നു എനിക്കു ഇഷ്ടം.
ഇന്നു ഈ വാർദ്ധക്യത്തിൽ സമയത്തിനൊന്നും ഒരു കുറവും ഇല്ല. മഴ ഇന്നും എനിക്കു ഹൃദയതാളം തന്നെയാണ്. പക്ഷേ ഒരു പാട് സ്നേഹത്തിന്റെ വിലക്കുകൾ. അമ്മ അങ്ങോട്ട് ഇറങ്ങരുത് നടക്കുമ്പോൾ സൂക്ഷിക്കണം. വഴുക്കി വീഴാതെ
നോക്കണം. എന്റെ മഴ എന്നെ നോക്കുന്നത് പോലെ ആരും നോക്കില്ല എന്ന് എനിക്കല്ലേ അറിയൂ.
ഇനിയും ഉണ്ട് ആഗ്രഹങ്ങൾ. മഴ കോരിച്ചൊരിയുന്ന ഒരു നിമിഷം അവസാനശ്വാസം. പിന്നെ മഴതുള്ളികളുടെ മുഴുവൻ ആർദ്രതയും കുളിരും ഏറ്റു വാങ്ങി ഒരു നിർകുമിളയായി ഈ മണ്ണിൽ അലിയണം. അപ്പോഴും ഓരോ തനുവിലും മഴയുടെ സംഗീതം ഉണ്ടാവണം.
“മഴയെ പൂ മഴയെ “
7 Comments
മനോഹരം, ❤️❤️
സ്നേഹം ❤️❤️
👍🏽😍 നന്നായി എഴുതി
മനോഹരമായി എഴുതി ❤️
ഇഷ്ടം dear ❤️❤️
സ്നേഹം ❤️❤️
സ്നേഹം