Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉറക്കപ്രാണി
കഥ ജീവിതം ത്രില്ലർ

ഉറക്കപ്രാണി

By Sapna NavasJune 24, 2024Updated:July 13, 20244 Comments12 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉറക്കം എന്നത് ആറ് കാലുകളുള്ള പ്രാണിയാകുന്നു. രണ്ട് കാലുകളുടെ അഭാവം കൊണ്ട് അത് പലപ്പോഴും ചാഞ്ഞും ചരിഞ്ഞും ശ്രമപ്പെട്ട് നടക്കും. പഴയ പോസ്റ്റ് ഓഫീസ് റോഡിലെ മൂന്നാം നമ്പർ ഫ്ലാറ്റിലാണ് ഈ പ്രാണിയും പ്രാണിയുടെ ഉടമസ്ഥനും വസിക്കുന്നത്. പ്രായമധികം തോന്നാത്ത ചെറിയ വരാന്തയും വശങ്ങളിൽ നിരത്തി വച്ചിരിക്കുന്ന പല ആകൃതിയിലുള്ള ചെടികളും മറ്റ് ഷഡ്പദങ്ങൾ നെയ്തു കൂട്ടിയ വലകളും ഉറുമ്പിൽ പട്ടാളവും കിരീടം വയ്ക്കാത്ത ചെറുപ്രാണികളുടെ റാണിയും അവിടെ പരാതിയില്ലാതെ മത്സരിച്ചു ജീവിക്കുന്നു.

അഞ്ച് ജനൽ പാളികളാണ് ആ കെട്ടിടത്തിന്റെ തുറന്ന കണ്ണുകൾ. ദീർഘചതുരാകൃതിയിലുള്ള ചെറിയ അകത്തളത്തിൽ നിറയെ പക്ഷിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പതിച്ചു വച്ചിട്ടുണ്ട്. മറ്റൊരു കോണിൽ മരച്ചില്ലയിൽ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് പച്ചിലകളും. അകത്തളത്തിന്റെ വലത്തേ വശത്തുള്ള ചെറിയ മുറിയിലാണ് ഉറക്കപ്രാണി കൂടുതലായി വിശ്രമിക്കാറുള്ളത്. കാരണം പ്രാണിയുടെ ഉടമസ്ഥൻ അവിടെത്തന്നെയാണ് തന്റെ നീളമുള്ള ജീവിതത്തെ മിനുസമുള്ള പുതപ്പിനടിയിൽ ചുരുട്ടി വച്ച് ദിവാസ്വപ്നത്തെ കാംക്ഷിച്ചു കിടക്കാറുള്ളത്. വാതിലുകളുടെ എണ്ണം മൂന്നാണ്. അതിൽ ഒന്ന് എപ്പോഴും ശ്രമപ്പെട്ട് അടക്കേണ്ട ഗതികേടുകൊണ്ട് തുറന്ന് തന്നെ കാണപ്പെട്ടു. ആ വിടവിലൂടെ നോക്കുമ്പോൾ ഒറ്റത്തടിയിലുള്ള കട്ടിലും മഞ്ഞപാകിയ കർട്ടനും ഒരു നീളൻ കലണ്ടറും കാണാമായിരുന്നു. ആ മുറിയിലേക്ക് എത്തിനോക്കി കൊണ്ട് ഒരു മയിൽപ്പീലി എപ്പോഴും ചാഞ്ഞു നിൽക്കാറുണ്ട്. ഉറക്കപ്രാണിക്ക് ആ മയിൽപ്പീലിയോട് വല്ലാത്തൊരു ഭ്രമമാണ്. ഉടമസ്ഥൻ പലപ്പോഴും ഉറക്കപ്രാണിയെ കാണാതാകുമ്പോൾ കണ്ടെത്തുന്നത് മയിൽപ്പീലിത്തുമ്പിലെ നീലക്കണ്ണിലാണ്. തൊട്ടടുത്തായി ഒരു നീളൻ അടുക്കളയും പലനിറത്തിലുള്ള പാചക ഉപകരണങ്ങളും വക്കുപൊട്ടിയ സെറാമിക് കപ്പുകളും നിരത്തി വച്ചിട്ടുണ്ട്.

ഇനിയുള്ളത് പ്രൗഢിയോടെ നിശബ്ദനായിരിക്കുന്ന അലക്കു യന്ത്രമാണ്. അലക്കു യന്ത്രത്തിന്റെ ആത്മമിത്രമായ വാഷ്ബേസൻ തൊട്ടരികിൽ ഉണ്ട്. അവർ തമ്മിൽ വെറുമൊരു സൗഹൃദമല്ല അതിനപ്പുറത്തേക്കുള്ള ആത്മബന്ധമാണെന്ന് അവരുടെ സ്ഥാനം കൊണ്ട് ഏതൊരാൾക്കും മനസ്സിലാകും. വാഷ്ബേസൻ തുറക്കുമ്പോഴെല്ലാം അലക്കുയന്ത്രം നനയുകയും അലക്കുയന്ത്രം പ്രവർത്തിക്കുമ്പോഴെല്ലാം വാഷ്ബേസൻ വിറയ്ക്കുകയും ചെയ്യുമായിരുന്നു. അവർക്കിടയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. കാരണം അവർ അത്രമാത്രം ആലിംഗനബദ്ധരായിരുന്നു.

കനത്ത രാത്രിമഴയുടെ അടുത്ത പ്രഭാതമായിരുന്നു അന്ന്. തലേ ദിവസത്തെ ആ രാത്രിയിൽ മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലെ എല്ലാ പ്രാണികളും ക്ഷണിക്കപ്പെടാത്ത ഗൗളിയും മര്യാദയില്ലാത്ത കൊതുകും ഒരു രഹസ്യയോഗം നടത്താൻ തീരുമാനിച്ചത് കൊണ്ടാവാം വലിയൊരു ഇടിമിന്നലിൽ വൈദ്യുതി തടസ്സപ്പെട്ടത്. ഈ യോഗത്തിൽ ക്ഷണിക്കപ്പെടാത്ത മറ്റൊരു അതിഥിയായി ഉടമസ്ഥന്റെ അനുമതിയില്ലാതെ ഉറക്കപ്രാണി അവരോടൊപ്പം കൂടി. ഉറക്കം നഷ്ടപ്പെട്ട ഉടമസ്ഥൻ ആ മിനുത്ത പുതപ്പിനുള്ളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് രഹസ്യയോഗം ചെവിയോർത്ത് നേരം വെളുപ്പിച്ചു.

പിറ്റേദിവസം ആ നനഞ്ഞ രാവിലെ വക്കുപൊട്ടിയ സെറാമിക് കപ്പിൽ കാപ്പിയുമായി ഉടമസ്ഥൻ ജനാലയുടെ കോണിലുള്ള വെളുത്ത തുകൽ സോഫയിൽ ചുരുണ്ടിരുന്നു. ഉറക്ക പ്രാണിക്ക് രണ്ട് കാലുകളുടെ കുറവുള്ളതുകൊണ്ട് വേഗത്തിൽ സഞ്ചരിച്ച് ഉടമസ്ഥനിലേക്ക് എത്താൻ കഴിയില്ലെന്ന് അറിയാമായിരുന്നു. അക്ഷമനായ ഉടമസ്ഥൻ വാതിൽനരികിലുള്ള മയിൽപ്പീലിത്തുണ്ടിലെ നീലക്കണ്ണ് പരിശോധിച്ചു നോക്കി. ഉത്തരവാദിത്തമില്ലാത്ത ഈ ഉറക്കപ്രാണിയെ തടവിലാക്കാൻ വേണ്ടി ഉടമസ്ഥൻ പല കെണികളും അപ്പാർട്ട്മെന്റിലെ ഇടുങ്ങിയ ഇടനാഴിയിലെ ചെറിയ കവാടത്തിൽ ഒരുക്കി വച്ചിരുന്നു. അത് കടൽ ചിപ്പികൾ കൊണ്ട് തീർത്ത ഒരു തോരണവും അതിന് നടുവിലായി എപ്പോഴും അനങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബൊഹീവിയൻ സ്വപ്നപ്പിടുത്തക്കാരനും ആയിരുന്നു. ലോകം ‘ഡ്രീം ക്യാച്ചർ’ എന്ന വംശനാമമാണ് അതിന് കൊടുത്തിരുന്നത്. എന്നാൽ ഉടമസ്ഥന്റെ കൈപ്പണി ആയതുകൊണ്ട് അയാൾ അതിന് ‘സ്വപ്നപ്പിടുത്തക്കാരൻ’ എന്ന നാമം കൊടുത്തു. വികലാംഗനായ ഉറക്കപ്രാണി എത്രയോ തവണ അതിൽ കുരുങ്ങി നിലവിളിച്ചിരിക്കുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഉറക്കപ്രാണി ഉടമസ്ഥനെ തേടിയെത്തി. അവർ പരസ്പരം മിണ്ടാതെ, ഉരിയാടാതെ കിടപ്പുമുറിയിലെ അലങ്കോലമായി കിടക്കുന്ന കട്ടിലിന്റെ അരികിലിരുന്നു. നിശബ്ദത, നനഞ്ഞ പ്രകാശം, ഭാരമില്ലാത്ത തണുപ്പ് അവർ ഇരുവരും കൂട്ടിയിട്ട തലയിണകളുടെ മേലെ കെട്ടുപിണഞ്ഞ് കിടന്നു.

“ ഇന്നെന്താ പതിവില്ലാതെ തെക്കോട്ട് തിരിഞ്ഞു കിടക്കുന്നത്? “

ഉടമസ്ഥൻ പാതി കണ്ണുകൾ അടച്ച് ഉറക്കപ്രാണിയെ നോക്കി പതിയെ ചിരിച്ചു.

പിന്നീട് അവർക്കിടയിലേക്ക് കടന്നുവന്നത് ബാക്കിവച്ച ജോലിഭാരം പേറിക്കൊണ്ട് ഒരു കട്ടുറുമ്പ് ആയിരുന്നു. ഉടമസ്ഥന്റെ അകക്കണ്ണിലൂടെ അടുക്കും ചിട്ടയുമില്ലാതെ ഭ്രാന്തിയെ പോലെ പിറുപിറുക്കുന്ന അടുക്കളയും തൂത്തുവാരാത്ത അകത്തളവും മുഷിഞ്ഞ വസ്ത്രങ്ങളെ വഴി പറയുന്ന അലക്കു യന്ത്രവും അലോസരപ്പെടുത്തി കൊണ്ടേയിരുന്നു. സ്വപ്നപിടുത്തക്കാരന്റെ നെഞ്ചിൻ കൂട്ടിൽ വലകെട്ടിയത് ഉടമസ്ഥനെ അക്ഷമനാക്കി. മൂന്നാം നമ്പർ അപ്പാർട്ട്മെന്റിനെ അയാൾ വളരെയധികം സ്നേഹിച്ചിരുന്നു. എന്നാൽ അയാളുടെ സ്നേഹത്തെ വിലയില്ലാതെയാക്കുന്ന ഒരു ദ്വൈമാസ പത്രികയുണ്ട്. അത് വൈദ്യുതി രസീതായിരുന്നു. കിടപ്പുമുറിയിൽ നിന്ന് തിടുക്കത്തിൽ എഴുന്നേറ്റ് വിളക്കുകളെല്ലാം അണച്ചു. ഇനി കൂടുതലൊന്നും ചിന്തിക്കാനില്ല.സുഖമായൊന്ന് ഉറങ്ങണം. സമയം നനഞ്ഞ രാവിലെ
9.45. കണ്ണുകൾക്ക് ഭാരം വച്ച് തുടങ്ങി. ഉറക്കപ്രാണി പതിയെ ഇഴഞ്ഞിഴഞ്ഞ് അയാളുടെ നെഞ്ചിലേക്ക് ചേർന്നലിഞ്ഞു. കിടക്കക്കൂമ്പാരത്തിൽ നിന്നും മിനുസമുള്ള പുതപ്പ് വലിച്ചെടുത്ത് നെഞ്ചോളം വലിച്ചിട്ടു. പെട്ടെന്നാണ് അകത്തളത്തിലെ ട്യൂബ് ലൈറ്റ് പ്രകാശിച്ചത്.

ചെറിയതോതിലുള്ള മതിഭ്രമത്താൽ ചില കാര്യങ്ങൾ ഉറപ്പുവരുത്താതെ അർദ്ധവിരാമമിടുന്ന ഒരു പേരറിയാരോഗം അയാൾക്ക് ഉണ്ടായിരുന്നു. കുറച്ചു മുൻപല്ലേ വിളക്കെല്ലാം അണച്ചതെന്ന് പല ആവർത്തി ആലോചിച്ചുകൊണ്ടേയിരുന്നു. ഇത്തവണ തന്റെ രോഗത്തെ കീഴ്പ്പെടുത്താൻ തന്നെ തീരുമാനിച്ചു. വീണ്ടും അകത്തളത്തിലേക്ക് പോയി ആ വിളക്ക് അണച്ചുകൊണ്ട് ഉറപ്പുവരുത്തി. എന്നാൽ തിരികെ കിടപ്പുമുറിയുടെ കവാടത്തിലേക്ക് എത്തും മുൻപേ ആ ട്യൂബ് ലൈറ്റ് പിന്നെയും പ്രകാശിച്ചു.ഒരു വലിയ ആഴമുള്ള നിമിഷത്തിലേക്ക് നോക്കുകുത്തിയ പോലെ ഇടനാഴിയിൽ നിൽപ്പുറച്ചുപോയി. ഇവിടെ എന്താണ് സംഭവിക്കുന്നത്? ഭിത്തിയിലെ മയിൽപ്പീലിത്തുണ്ട് താഴെ വീണു കിടക്കുന്നതായി കണ്ടു. അത് തിരികെ യഥാസ്ഥാനത്ത് ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇടനാഴി വ്യാസമുള്ള മറ്റൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അലക്ക് യന്ത്രവും വാഷ്ബേസനും തമ്മിലുള്ള അകലം നാലടിയോളമായി കാണപ്പെട്ടു. കുളിമുറിയോട് ചേർന്ന് ഇടുങ്ങിയ ഗോവണികളും ആൾപ്പാർപ്പില്ലാത്ത ഒന്നാംനിലയും പ്രത്യക്ഷപ്പെട്ടു. ഇതെന്തൊരത്ഭുതം!
ഒന്നുറപ്പിക്കാം,തീർച്ചയായും ഇതൊരു സ്വപ്നം തന്നെയാണ്.ജീവിക്കുന്ന ജീവനുള്ള സ്വപ്നം. കണ്ണുകളടച്ചുകൊണ്ട് നെറ്റിത്തടത്തിൽ പതിയെ വിരലോടിച്ച് ചിന്തിക്കാൻ തുടങ്ങി.സ്വപ്നാവസ്ഥയിൽ ചിന്തിക്കുന്നത് നിയമവിരുദ്ധമല്ല.

കുറച്ചു ദിവസങ്ങളായി അപ്പാർട്ട്മെന്റിൽ നടന്നുകൊണ്ടിരുന്ന ചില പ്രതിഭാസങ്ങളെക്കുറിച്ച് അയാൾ ഓർത്തെടുത്തു. രൂപമില്ലാത്ത മറ്റാരുടെയോ സാന്നിധ്യം ഒരു മിന്നായം പോലെ പലയിടങ്ങളിലായി കണ്ടിരുന്നു. ഒരിക്കലത് പാതിയടഞ്ഞ വാതിലിന്റെ വിടവിലൂടെ കണ്ട ഒറ്റത്തടി കട്ടിലിൽ കൈകളൂന്നിയിരിക്കുന്ന മങ്ങിയ സ്ത്രീ രൂപമായിരുന്നു. അന്നതയ്യാളെ ഒട്ടും തന്നെ ഭയപ്പെടുത്തിയിരുന്നില്ല. കാരണം മൂന്നാം നമ്പർ അപ്പാർട്ട്മെന്റ് എന്നത് അയാളുടെ സമാധാനത്തിന്റെ പക്ഷിക്കൂടായിരുന്നു. പിന്നീട് ഒരിക്കൽ കണ്ടത് നീളൻ അടുക്കളയുടെ വെളുത്ത ടൈൽസിൽ പ്രതിഫലിച്ചുകണ്ട മറ്റൊരു രൂപമായിരുന്നു. അയാൾ ദീർഘശ്വാസം വലിച്ചുകൊണ്ട് കണ്ണുകൾ വീണ്ടുമടച്ചു. ഇതെല്ലാം ക്ഷീണിച്ചുറങ്ങുന്ന പകൽ സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്ന ഭയമെന്ന വികാരത്തിന്റെ നുറുങ്ങുവിദ്യകളാണ്. ഇത്തരം നുറുങ്ങുവിദ്യയിൽ ആരും വഞ്ചിതരാകാതിരിക്കുക. മനസ്സ് ചൂണ്ടിക്കാണിക്കുന്ന ചില ഭ്രമചിന്തകൾ മാത്രമാണ് അവ.അങ്ങനെ ഒരു സ്ത്രീരൂപം തന്റെ ചുറ്റളവിൽ എവിടെയുമില്ലെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് കൊണ്ട് ഉറക്കത്തിലേക്ക് സഞ്ചരിക്കാൻ തയ്യാറെടുത്തു. അപ്പോഴാണ് കുളിമുറിയുടെ ഭിത്തിയോട് ചേർന്ന് പ്രത്യക്ഷപ്പെട്ട ഇടുങ്ങിയ കോണിപ്പടികളിലേക്ക് അയാളുടെ ശ്രദ്ധ പതിഞ്ഞത്. നനഞ്ഞ പ്രകാശം, വൃത്തിയുള്ള മൊസൈക് കല്ലുകൾ കൊണ്ടുണ്ടാക്കിയ ഗോവണിപ്പടികൾ. കണ്ണുകൾ പതിയെ ആ കൈവരികളിലൂടെ സഞ്ചരിച്ച് മേലോട്ട് ഉയർന്നു.

അയാൾ അവിടെ തെളിമയുള്ള തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ രൂപത്തെ കാണുകയുണ്ടായി. ഏതാണ്ട് അൻപത് വയസ്സിനോട് പ്രായം തോന്നിക്കുന്ന മധ്യവയസ്കയായ സ്ത്രീ. അവർക്ക് വലിയ കണ്ണുകളും ഉരുണ്ട മൂക്കും പിറകിലോട്ട് കെട്ടിവച്ച ചുരുണ്ട മുടിയും ആയിരുന്നു. ഒരല്പം തടിച്ച ശരീരവും ഇരുണ്ട നിറവും ഉള്ളതുകൊണ്ട് ഒരു ശരാശരി വീട്ടമ്മയെ പോലെ തോന്നി. അവരുടെ വേഷം ഉള്ള വെളുത്ത മാക്സിയും അതിൽ നിറയെ തവിട്ടു നിറത്തിലുള്ള ചെറിയ പൂക്കളുള്ള പുള്ളികളുമായിരുന്നു. നീളം കുറഞ്ഞ മാക്സിക്ക് താഴെ വയലറ്റ് നിറത്തിലുള്ള അടിപ്പാവാടയുടെ ഞൊറികൾ കാണാമായിരുന്നു. മിനുസമില്ലാത്ത വട്ട മുഖവും ചുവന്ന പൊട്ടും ചെറിയൊരു മങ്ങിയ മൂക്കുത്തിയും അണിഞ്ഞിരുന്നു. ഒന്നാം നിലയിൽ നിന്ന് താഴോട്ട് ഇമവെട്ടാതെ ആ രൂപം അയാളെ നോക്കിക്കൊണ്ടേയിരുന്നു. ഭയമെന്ന വികാരം ഖനീഭവിച്ച് അയാളുടെ രക്തത്തെ മഞ്ഞു കട്ടകളാക്കി മാറ്റി.
ഹോ! എന്തൊരു ഗതികേട് ഇത്? മിഥ്യയെന്ന് തോന്നിയത് നിജാവസ്ഥയിൽ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അപ്പാർട്ട്മെന്റിന്റെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്കുള്ള അകലം വർദ്ധിച്ചുകൊണ്ടേയിരുന്നു.ഒരടി മുന്നോട്ടുവയ്ക്കാൻ തന്റെ ശരീരത്തിലെ മാംസപേശികൾ ആഞ്ഞു പ്രവർത്തിക്കേണ്ടിവരും താൻ ഭയത്തിന്റെ മഞ്ഞുപാളിയായി സ്വയം മാറും മുൻപേ സർവ്വശക്തിയും ആവാഹിച്ചെടുത്ത് കിടപ്പുമുറിയിലേക്ക് പാഞ്ഞു.കിതച്ചുകൊണ്ട് കട്ടിലിന്റെ നടുവിലായി ഇരുന്നു.

ഒന്നോ രണ്ടോ നിമിഷം, അത്ര മതിയാകും ഈ ദുർവിധിയിൽ നിന്ന് തിരിച്ച് തന്റെ ഉറക്കത്തിലേക്ക് തിരികെ പോകാൻ.ഇതെല്ലാം പൊള്ളയായ തോന്നലുകൾ മാത്രമാണ്. മനസ്സ് ശാന്തമാകുമ്പോൾ ചുറ്റുമുള്ളതെല്ലാം ശാന്തമാകും. ശാന്തത, സമാധാനം, നിസ്വാർത്ഥത ഇവയെല്ലാം ആവാഹിച്ച് തന്റെ മനസ്സിനെ സ്ഥൂലാവസ്ഥയിലേക്ക് എത്തിച്ചു. പെട്ടെന്നാണ് കിടപ്പുമുറിയുടെ വാതിലിനോട് ചേർന്ന് തലയും പാതി ഉടലും മാത്രം പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് ആ സ്ത്രീരൂപം നിൽപ്പിച്ച് അയാളെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നത്.
മുഖമുയർത്തിക്കൊണ്ട് ആ രൂപത്തിനോട് ചോദിച്ചു.

“നിങ്ങൾ ഈ അപ്പാർട്ട്മെന്റിൽ തന്നെയായിരുന്നോ താമസിച്ചിരുന്നത്?”

ആ രൂപം തലയാട്ടി.
ചോദ്യങ്ങൾ വീണ്ടും പിറവിയെടുത്തു.

“ഇവിടെ… എത്രകാലമായി? “

ആ രൂപത്തിന്റെ കണ്ണുകൾ മേലോട്ടു ഉയർത്തിക്കൊണ്ട് പറഞ്ഞു.

“പന്ത്രണ്ടാഴ്ച തികയുന്നു.”

ഒരല്പം ശബ്ദമുയർത്തിക്കൊണ്ട് അയാൾ വീണ്ടും ചോദിച്ചു.

“ നിങ്ങളായിരുന്നോ എന്റെ അടുക്കളയിലും ഒറ്റക്കട്ടിലിലും ഇടനാഴിയിലും സഞ്ചരിച്ചുകൊണ്ടിരുന്നത്?”

ആ രൂപം മറുപടി പറഞ്ഞില്ല.
അയാൾ ചോദ്യങ്ങൾ ആവർത്തിച്ചു.

“ കഴിഞ്ഞ ആഴ്ച എന്നെ കാണാൻ വന്ന സുഹൃത്തിനെ നിങ്ങളും കണ്ടിരുന്നോ?
രാത്രികാലങ്ങളിൽ ഞങ്ങൾ സംസാരിച്ചിരുന്നത് നിങ്ങൾ കേട്ടിരുന്നോ?”

ആ രൂപം കണ്ണുകൾ ചരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

“ ആ സുഹൃത്തിനെ എനിക്കറിയാം നിങ്ങളുടെ മറ്റു സുഹൃത്തുക്കളെയും എനിക്കറിയാം. രാത്രികാലങ്ങളിൽ ഒന്നാം നിലയിലെ ഗോവണിയുടെ കൈപ്പിടിയിൽ വവ്വാലുകൾ പോലെ തൂങ്ങിക്കിടന്ന് കാലുകൾ പിണച്ചുകൊണ്ടാണ് ഞാൻ ഉറങ്ങാറുള്ളത്”

ആ രംഗത്തെക്കുറിച്ച് ഓർത്തെടുക്കാനുള്ള ശക്തി അപ്പോഴേക്കും അയാളിൽ നിന്ന് നഷ്ടപ്പെട്ടു.
അയാൾ ചോദ്യങ്ങൾ തുടർന്നു.

“ ഈ കിടപ്പുമുറിയിലെ പലതും ഈയിടെയായി കാണാതെ പോയിട്ടുണ്ട്. ചിലതെല്ലാം സ്ഥാനംമാറി ഇരിക്കാറുണ്ട്.കസേരയിൽ തൂക്കിയിട്ട തോർത്ത് എത്ര തവണയായി മറ്റൊരിടത്ത് നിന്ന് എനിക്ക് കിട്ടുന്നു. അതൊക്കെ നിങ്ങളാണോ
ചെയ്യുന്നത്?”

ആ രൂപത്തിന്റെ കണ്ണുകൾ വികസിക്കുകയും പുരികം ഉയരുകയും ചെയ്തു.

“നനഞ്ഞ തോർത്ത് കസേരയിൽ ഇടുന്നത് എനിക്കിഷ്ടമല്ല. എനിക്കിഷ്ടമല്ലാത്ത ദിക്കിലാണ് നിങ്ങളുടെ പല വസ്തുക്കളും തൂക്കിയിടുന്നതും അടുക്കി വയ്ക്കുന്നതും. അതെല്ലാം ഞാൻ തന്നെയാണ് മാറ്റിവയ്ക്കുന്നത്. എനിക്കിഷ്ടമില്ലാത്ത ഇടത്തിൽ ആരും ഇരിക്കുന്നതോ കിടക്കുന്നതോ നോക്കുന്നതോ പോലും ഞാൻ അനുവദിക്കില്ല”

അപ്പോഴേക്കും അയാളുടെ മുഖത്തെ മാംസപേശികൾ ഭയം കൊണ്ട് ഉരുകിയൊലിക്കുന്നത് പോലെ അനുഭവപ്പെട്ടു. രക്ഷപ്പെടാനുള്ള മാർഗ്ഗത്തെക്കുറിച്ച് മാത്രമായി അയാളുടെ ഓരോ കോശങ്ങളും അപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത്. സർവ്വശക്തിയും സംഭരിച്ചുകൊണ്ട് ശാന്തനായി അയാൾ സംഭാഷണം തുടർന്നു.

“എനിക്ക് ഒരിടം വരെ പോകാനുണ്ട്. നേരമേറെ വൈകിയിരിക്കുന്നു.”

വിറയ്ക്കുന്ന കാലുകളോടെ കിടപ്പുമുറിയിലെ ജനാലയ്ക്കരികിലേക്ക് അയാൾ പതിയെ നടന്നു. പെട്ടെന്ന് ആ സ്ത്രീ രൂപം അയാളോട് പറഞ്ഞു.

“ ഈ സന്ധ്യാനേരത്താണോ നിങ്ങൾക്ക് പുറത്തേക്ക് പോകേണ്ടത്? നോക്കൂ മേഘം ഇരുണ്ടു തുടങ്ങിയിരിക്കുന്നു”

അയാൾ ജനൽ കമ്പികളിൽ അള്ളിപ്പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി.അതിശയം! മേഘങ്ങളിൽ ചുവപ്പ് പാകിയിരിക്കുന്നു. പക്ഷികൾ കൂടണയാനായി മത്സരിച്ചു പറക്കുകയാണ്. അയാൾ തിരിഞ്ഞുകൊണ്ട് ആ രൂപത്തിനോട് ചോദിച്ചു.

“ ഇതെങ്ങനെ? ഇതെങ്ങനെ ഈ പട്ടാപകൽ സന്ധ്യാസമയമായി മാറി?”

അയാളുടെ വിറക്കുന്ന ചോദ്യം കേട്ട് ആ രൂപം കൈകൊട്ടി ഉറക്കെ വലിയ ശബ്ദത്തിൽ നിർത്താതെ ചിരിച്ചുകൊണ്ടേയിരുന്നു. തന്റെ ഹൃദയമിടിപ്പിന് പടക്കുതിരയുടെ കുളമ്പടികളേക്കാൾ വേഗതയുള്ളതായി തോന്നി.അതൊരു പക്ഷേ നിലച്ചു പോകുമെന്ന് അയാൾ ഭയപ്പെട്ടു.മുന്നോട്ട് നടന്നുകൊണ്ട് ആ രൂപത്തെ മറികടന്ന് അകത്തളത്തിൽ എത്തി.തിരിഞ്ഞു നോക്കാതെ സാധാരണ മട്ടിൽ ഒരു യാത്ര പറയലിന്റെ സ്വരത്തിൽ അയാൾ പറഞ്ഞു.

“ എനിക്ക് ഒരാളെ കാണാനുണ്ട് കണ്ടുകഴിഞ്ഞാൽ ഞാൻ ഉടനെ തിരിച്ചു വരാം. ഇപ്പോൾ ഞാൻ പോകട്ടെ”

വാതിലിന്റെ കൈപ്പിടി അമർത്തിപ്പിടിച്ച് അയാൾ പുറത്തേക്ക് കാൽ വച്ചതും വലിയ ശബ്ദത്തിൽ പുറകിൽ നിന്ന് ആ വാതിൽ കൊട്ടിയടച്ചു.അതിന്റെ പ്രകമ്പനം കൊണ്ട് വരാന്തയിലെ ചെറിയ ചെടികൾ വിറച്ചു പോയി.

അയാളുടെ കണ്ണുകൾ തേടിക്കൊണ്ടിരുന്നത് ഒന്നാം നമ്പർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന തന്റെ അകന്ന സഹോദരിയിലേക്ക് ആയിരുന്നു. രക്തബന്ധത്തിന്റെ ഒരു നൂലിഴ രക്ഷ തേടി സഹോദരിയിലേക്ക് നീളുകയായിരുന്നു.അപ്പോഴേക്കും അടച്ചിട്ട രണ്ടാം നമ്പർ അപ്പാർട്ട്മെന്റിൽ നിന്ന് ഉടമസ്ഥ പുറത്തേക്ക് വന്നു. സ്വതവേ വാതിലുകളും ജനലുകളും കൊട്ടിയടച്ച് പട്ടുനൂൽപ്പുഴുവായി സ്വയം പ്രഖ്യാപിച്ച അയൽവാസി സ്ത്രീയെ വളരെ വിരളമായി അയാൾ കാണാറുണ്ടായിരുന്നു.എന്നാൽ അന്ന് പട്ടുനൂൽപ്പുഴു വളരെ സന്തോഷവതിയും ഉത്സാവതിയുമായി തന്റെ അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്ക് കയറി വരികയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു. പതിവിൽ നിന്ന് വിപരീതമായ പട്ടുനൂൽപ്പുഴുവിന്റെ സംസാരവും ചിരിച്ചുകൊണ്ടുള്ള ഇടപഴകലും അയാളെ ആശ്ചര്യപ്പെടുത്തി.

“ കുറച്ചുദിവസമായി പുറത്തേക്ക് കാണാനേ ഇല്ലല്ലോ. ഒച്ചയും ബഹളവുമെല്ലാം ഞാൻ കേൾക്കാറുണ്ട്.കൂട്ടുകാരെല്ലാം തിരിച്ചുപോയോ?”

അയാൾ നിർവികാരനായി തലയാട്ടുക മാത്രം ചെയ്തു. പട്ടുനൽപ്പുഴു ജനലഴിയിലൂടെ അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“ അകത്ത് ആരെങ്കിലും ഉണ്ടോ?”

എന്ത് പറയണം എന്നറിയാതെ വിഷമിച്ചുകൊണ്ട് തലയാട്ടി
അതേയെന്നയാൾ പറഞ്ഞു.

അപ്പോഴേക്കും മേഘം ചുവക്കുകയും ആകാശത്തിലെ പറവകൾ അപ്രത്യക്ഷപ്പെടുകയും ചെയ്തു. ഒന്നാം നമ്പർ അപ്പാർട്ട്മെന്റിൽ നിന്നും അയാളുടെ സഹോദരി പുറത്തേക്ക് വരികയും ഉണക്കാനിട്ട തുണികൾ ഓരോന്നായി ചുമലിൽ തൂക്കിയിട്ടു കൊണ്ട് പോകുന്നതും കണ്ടു. അടഞ്ഞ ശബ്ദത്തിൽ അയാൾ അവരെ വിളിച്ചു.

“ തിരക്കില്ലെങ്കിൽ ഒന്നിവിടെ വരെയൊന്നു വരാമോ? ഒരു കാര്യം പറയാനുണ്ട്”

സഹോദരി ധൃതി കാണിച്ചു മുന്നോട്ടു നടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു.

“വീട്ടിൽ കുറച്ച് വിരുന്നുകാർ എത്തിയിട്ടുണ്ട്. അവർ പോയിട്ട് വരാം. എന്താ വിശേഷിച്ച് പറയാൻ?”

അയാളുടെ സ്ഥൂലഭാവത്തിലുള്ള നിൽപ്പും നിശ്ചലമായ കണ്ണുകളും കണ്ട് സഹോദരി ഒരു നിമിഷം ആശങ്കയോടെ നോക്കി നിന്നു. അലക്കി ഉണങ്ങിയ വസ്ത്രങ്ങൾ അവരുടെ വരാന്തയിലേക്ക് ഇട്ട് അയാളിലേക്ക് നടന്നു ചെന്ന് ചോദിച്ചു.

“ എന്താ… എന്താ പറ്റിയത്?സുഖമില്ലായ്മയാണോ?”

അയാൾ തന്നെ മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലെ മുൻ വാതിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു

“ഈ വാതിലിന്റെ ദ്വാരത്തിലൂടെയൊന്ന് അകത്തേക്ക് നോക്കാമോ?”

സഹോദരി ഒരു കെട്ടുപിണഞ്ഞ കുസൃതി ചോദ്യം കേട്ടപോലെ ആശ്ചര്യപ്പെട്ടു. ഉപ്പൂറ്റി അൽപം ഉയർത്തി വാതിലിന് നടുവിലുള്ള ചില്ലുകണ്ണിലൂടെ അകത്തേക്ക് നോക്കിയതും ഞെട്ടിത്തരിച്ച് പിറകിലേക്ക് നീങ്ങി.

“ഞാനെന്താ ഈ കാണുന്നത്? ആരാണ് അകത്തുള്ളത്? ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ പേടിപ്പെടുത്തുന്ന ഒരു വലിയ കണ്ണ് തിരിച്ച് എന്നെ തിരിച്ചു നോക്കുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നത്?”

വരാന്തയിലെ രണ്ട് ചെടിച്ചട്ടികൾ നീക്കിവെച്ച് അയാൾ അവിടെ തളർന്നിരുന്നു. സഹോദരി അയാളോട് ചേർന്നിരുന്നു കൊണ്ട് വാവിട്ടു കരയാൻ ആരംഭിച്ചു. അവരെ നോക്കി ശബ്ദം കുറയ്ക്കാൻ അയാൾ ആംഗ്യത്തിൽ പറഞ്ഞു.ശേഷം താഴ്ന്ന ശബ്ദത്തിൽ ഇപ്രകാരം പറഞ്ഞു

“ അകത്ത് ആരോ ഉണ്ട്. ഒരു പരിപൂർണ്ണ മനുഷ്യനല്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ വിലപ്പെട്ടതെല്ലാം അകത്ത് പെട്ടു. ജീവനിൽ ഭയമുള്ളതുകൊണ്ട് ഞാൻ അവയെല്ലാം അവിടെ ഉപേക്ഷിച്ച് പുറത്തിരിക്കുകയാണ് ഇത്രയും നാൾ ഇതൊന്നുമറിയാതെ ഞാൻ ഇവിടെ ജീവിക്കുകയായിരുന്നു. എനിക്കൊന്ന് ഫോൺ വിളിക്കണം. എന്റെ സുഹൃത്തിനോട് ഇവിടെവരെ ഒന്ന് വരാൻ പറയുക എന്നത് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. അവനെങ്ങനെയെങ്കിലും ഒരു പോംവഴി കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട് ”

സഹോദരി തൽക്ഷണം ഫോൺ അയാളെ ഏൽപ്പിച്ചു. ഉടനെ സുഹൃത്തിനെ വിളിക്കുകയും എത്രയും പെട്ടെന്ന് തന്റെ മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലേക്ക് വരാൻ നിർബന്ധം പിടിക്കുകയും ചെയ്തു. സഹോദരി അപ്പാർട്ട്മെന്റിന്റെ വരാന്തയിൽ നിന്നിറങ്ങി പ്രധാന റോഡിന്റെ ദിശയിലേക്ക് നടന്നു. അയാൾ അവരെ അനുഗമിച്ചു. അവർ ഇരുവരും പ്രധാന റോഡിന്റെ അടുത്ത് എത്തുമ്പോഴേക്കും റോഡിന്റെ ഭൂനിരപ്പ് ആറടിയോളം താഴ്ന്നു പോയിരുന്നു. അതിന്റെ അരികിലായി അവർ ഇരുവരും കാല് നാട്ടിയിരുന്നു. അപ്പോഴേക്കും അയാളുടെ കൂട്ടുകാരൻ കിതച്ചെത്തി.തോളിൽ തൂക്കിയ തുകൽ ബാഗിൽ നിന്നും ഒരു പിസ്റ്റൺ പുറത്തെടുത്തു. ആ തോക്കിനോടൊപ്പം ലോഹത്തിന്റെ നീളൻ കുഴലുള്ള വാട്ടർ സ്പ്രേ കുപ്പിയും ചേർത്തു കെട്ടിയിരുന്നു. അസാധാരണമായ ഒരു ആയുധവും പേറി മുഖത്ത് ഒരല്പം പോലും ആശങ്കയുമില്ലാതെ ആ സുഹൃത്ത് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ നീ ഇവിടെ ഇരിക്ക്.ഞാൻ വേഗം പോയി കാര്യങ്ങളൊക്കെ തീർത്തിട്ട് വരാം.എനിക്ക് എളുപ്പം മടങ്ങി പോകേണ്ടതുണ്ട്. ചെയ്തുകൊണ്ടിരുന്ന ജോലി പകുതി ആക്കിയിട്ടാണ് ഞാൻ വന്നത്. കടയിൽ മറ്റാരുമില്ല”

കറുത്ത ഷർട്ടും ഒരു തൊപ്പിയും സഞ്ചിയും ആയുധവും തൂക്കി കൂട്ടുകാരൻ മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി. അയാളുടെ സഹോദരി വീണ്ടും കരയാൻ ആരംഭിച്ചു.

“ ഇനി ഞാനെന്തു ചെയ്യും? ഞാനും എന്റെ രണ്ടു പെൺമക്കളും മാത്രമുള്ള ഈ വീട്ടിൽ എങ്ങനെ ജീവിക്കും? ഞങ്ങൾക്ക് ആരുമില്ലാതായി പോയല്ലോ. എന്റെ പെൺമക്കൾ വീട്ടിൽ തനിച്ചിരിക്കുകയാണ്. ഞങ്ങളെ ഇനി ആര് സംരക്ഷിക്കും?”

സഹോദരിയുടെ ഇടവിട്ടുള്ള കരച്ചിൽ അയാളെ ദുഃഖത്തിലാക്കി. സമാധാനമായിരിക്കാനാവശ്യപ്പെട്ടു കൊണ്ട് അവരുടെ ഒന്നാം നമ്പർ അപ്പാർട്ട്മെന്റിൽ പോയി പെൺമക്കളുടെ കൂടെ വാതിൽ അടച്ചിരിക്കാൻ ആവശ്യപ്പെട്ടു. അവർ കണ്ണുകൾ തുടച്ചുകൊണ്ട് തിരികെ പോയി.

അല്പസമയം കഴിഞ്ഞപ്പോൾ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അവിടെ വന്നെത്തി. അതിലൊരുത്തൻ വളർച്ച മുരടിച്ച മുരിങ്ങാ മരത്തിനെ പോലെ ശോഷിച്ചു കാണപ്പെട്ടു. കൈയില്ലാത്ത ബനിയനും കള്ളിമുണ്ടും കൈത്തണ്ടയിൽ നരച്ച ചുവന്ന ചരടുമുണ്ട്. പരുത്ത ചെമ്പൻ മുടിയും ഇടവിട്ട മീശയും മഞ്ഞനിറത്തിലുള്ള പല്ലും വഷളൻ ചിരിയുമായി അയാളുടെ അരികിലിരുന്നു. വിലകുറഞ്ഞ ചാരായത്തിന്റെ ഗന്ധം അവിടമാകെ പരന്നു. പൗരുഷമില്ലാത്ത സ്വരത്തിൽ സംസാരിക്കാൻ ആരംഭിച്ചു.

“സാബ്ജീ ആപ്പ് അകേലെ ക്യോം ബൈട്തി ഹും?
മേം ആപ്കോ കമ്പനി ദിയേഗാ.മേരാ സാത്ത് ആവോ. ദോ സൗർ റുപ്പയ. രണ്ട് നൂറ് റുപ്പയ തന്നാൽ മതി. വാ…”

വഷളൻ ചിരി ചിരിച്ചുകൊണ്ട് ആ മുരിങ്ങാ മനുഷ്യൻ അയാളുടെ തുടയിൽ അമർത്തിപ്പിടിച്ചു. ദേഷ്യത്തോടെ പലതവണ തട്ടി മാറ്റിയിട്ടും അവർ ഇരുവരും ചേർന്ന് അയാളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. പെട്ടെന്നായിരുന്നു തന്റെ മൂന്നാം നമ്പർ അപ്പാർട്ട്മെന്റിൽ നിന്ന് വന്ന പ്രകാശം ശ്രദ്ധയിൽപ്പെട്ടത്. തീ ആളിക്കത്തുന്ന പ്രകാശം. അയാൾ മുരിങ്ങാ മനുഷ്യന്റെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു വലിച്ചുകൊണ്ട് അപ്പാർട്ട്മെന്റിന്റെ അടുത്തേക്ക് ഓടി. തന്റെ അപ്പാർട്ട്മെന്റിനുള്ളിൽ ആരൊക്കെയോ തലങ്ങും വിലങ്ങും ഓടിനടക്കുന്ന ശബ്ദം കേൾക്കാം. ജനൽ പാളിയിലൂടെ കണ്ണുകൾ പായിച്ചപ്പോൾ ഇടനാഴിയിൽ തൂക്കിയിട്ട സ്വപ്നപ്പിടുത്തക്കാരൻ കത്തിജ്വലിക്കുന്നതായി കണ്ടു. ശ്രദ്ധ പെട്ടെന്ന് അപ്പാർട്ട്മെന്റിന് പുറത്തുള്ള ഒഴിഞ്ഞ ഇടത്തേക്ക് പോയി. അവിടെ ഒരു മനുഷ്യരൂപം ആളിക്കത്തുന്നതായി കണ്ടു. അനക്കമില്ലാതെ അലറി വിളിക്കാതെ ഒരു മനുഷ്യരൂപം കത്തിജ്വലിക്കുന്നു.ആളിക്കത്തുന്ന മനുഷ്യരൂപത്തെ നോക്കി നിൽക്കെ അയാളുടെ മനസ്സ് പതിയെ പൈശാചിക ഭാവത്തിൽ എത്തി. താൻ വളരെയേറെ സ്നേഹിക്കുന്ന പക്ഷിക്കൂടിന്റെ അകത്തും പുറത്തും ക്ഷണിക്കപ്പെടാതെ വന്നുചേർന്നിരിക്കുന്നവരെ ഓരോന്നോരോന്നായി അഗ്നിയാക്കണം. മുരിങ്ങാമനുഷ്യന്റെ കൈ ആഞ്ഞുവലിച്ചുകൊണ്ട് പറഞ്ഞു.

“ വാ… നിനക്കല്ലേ എന്നോടൊപ്പം വരേണ്ടത്. നിനക്ക് ഞാൻ മൂന്നു നൂറ് രൂപ തരാം.അല്ലെങ്കിൽ വേണ്ട പത്ത് നൂറ് രൂപ തരാം.ഹസാർ റുപ്പിയ. നിനക്ക് മോക്ഷം വേണ്ടേ?ഈ തീയിൽ ചാടി മരിച്ചോ.എനിക്ക് സമാധാനം വേണം. സമാധാനമായി എന്റെ ഉറക്കത്തിലേക്ക് മടങ്ങി പോകണം. എന്റെ പക്ഷിക്കൂടിന്റെ അകത്തും പുറത്തും എനിക്ക് സമാധാനം വേണം”

രൗദ്രഭാവത്തിലുള്ള അയാളുടെ മുഖം കണ്ട മുരിങ്ങാ മനുഷ്യൻ അയാളുടെ കൈപ്പിടിയിൽ കിടന്ന് പുളഞ്ഞു. മുട്ടുകുത്തി മാപ്പുപറഞ്ഞു. വാവിട്ടു കരഞ്ഞു. ഇനിയൊരിക്കലും ഈ പ്രദേശത്തിൽ എവിടെയും വരില്ലെന്ന് ആണയിട്ടു. അയാൾ അതൊന്നും ശ്രദ്ധിക്കാതെ ക്ഷമ അപേക്ഷിക്കുന്നവനെ ഒരു ദയവുമില്ലാതെ വലിച്ചിഴച്ച് തീക്കുണ്ഡത്തിലേക്ക് കൊണ്ടുപോയി പൊക്കിയെടുത്തു. പെട്ടെന്ന് അപ്പാർട്ട്മെന്റിൽ നിന്ന് ഒരു അലർച്ച കേട്ടു. മുരിങ്ങാമനുഷ്യനെ താഴെയിട്ട് അപ്പാർട്ട്മെന്റിന്റെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി.

ഭാഗ്യം തന്റെ സുഹൃത്ത് ജീവനോടെ അതിനകത്ത് തോക്ക് ചൂണ്ടി നിൽപ്പുണ്ട്. കൂട്ടത്തിൽ വാട്ടർ സ്പ്രേ വച്ച് ആരെയൊക്കെയോ വെള്ളം ചീറ്റുന്നുമുണ്ട്. സുഹൃത്ത് അയാളെ നോക്കി പറഞ്ഞു.

“ ഞാനൊരു വിധം എല്ലാം ശമിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരാൾ കൂടി ബാക്കിയാണ്. പേടിക്കാനൊന്നുമില്ല. അവരെല്ലാം താനേ മാഞ്ഞുപോകും. ശക്തി ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഈ അപ്പാർട്ട്മെന്റിൽ നീ തുടരേണ്ട. നിന്റെ വിലപ്പെട്ടതെല്ലാം എത്രയും വേഗം എടുത്ത് പുറത്തേക്ക് വരൂ. ഇനി വേറെ ഒരിടം നോക്കാം. വേഗമാകട്ടെ”

എന്ത് ചെയ്യണമെന്നറിയാതെ പ്രിയപ്പെട്ട തന്റെ പക്ഷിക്കൂട് കത്തിയാളുന്നത് കണ്ട് നിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. പക്ഷേ സമാധാനം നഷ്ടപ്പെട്ടയിടത്ത് ഇനിയും തുടരാനാവില്ല എന്ന സത്യം പതിയെ മനസ്സിൽ ആവാഹിച്ചെടുത്തു. തന്റെ സുഹൃത്തിന്റെ സുരക്ഷയെപ്പറ്റി ഒരു വീണ്ടുവിചാരം തോന്നി. സുഹൃത്തിനോട് എത്രയും പെട്ടെന്ന് വാതിൽ തുറന്നു പുറത്തു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ അയാളെ തനിച്ചാക്കി സുഹൃത്ത് പുറത്തു പോകാൻ തയ്യാറായില്ല. അകത്തളത്തിലെ ചുവന്ന കർട്ടൻ ആളിക്കത്തി തുടങ്ങിയപ്പോൾ തന്റെ സുഹൃത്തിനെ ബലമായി പുറത്താക്കി.സുഹൃത്ത് പോയതും ശക്തിയോടെ മുൻ വാതിൽ തനിയെ കൊട്ടിയടക്കപ്പെട്ടു. നടുങ്ങി കൊണ്ട് അയാൾ കണ്ണുകൾ മുറുക്കി അടച്ചു.

വല്ലാത്തൊരു നിശബ്ദത അനുഭവപ്പെട്ടു. കണ്ണുകൾ പതിയെ തുറന്നു നോക്കിയപ്പോൾ തന്റെ അപ്പാർട്ട്മെന്റിലെ തീയെല്ലാമണഞ്ഞിരുന്നു. എല്ലാം പഴയപടി തന്നെ. ഒന്നും തന്നെ കത്തിയമർന്നിട്ടില്ല.സ്വപ്നപ്പിടുത്തക്കാരൻ ചിപ്പി തോരണത്തിന് നടുവിൽ തൂങ്ങിയാടുന്നുണ്ട്.അയാൾ കിടപ്പുമുറി ലക്ഷ്യമാക്കി നടന്നു. ഇടനാഴിയിലെ ഗോവണിപ്പടി അപ്രത്യക്ഷമായിട്ടില്ല.അത് അവിടെത്തന്നെ ഉണ്ടായിരുന്നു. ചെറിയൊരു ആശ്വാസം അനുഭവപ്പെട്ടു. വലിയൊരു മഴ പെയ്തൊഴിഞ്ഞതുപോലെ മനസ്സ് ഒരല്പം തണുത്തിരിക്കുന്നു.

അയാൾ കിടപ്പുമുറി ലക്ഷ്യമാക്കി നടന്നു. പെട്ടെന്നാണ് പുറകിൽ നിന്നൊരു ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ഗോവണിപ്പടിയുടെ രണ്ടാമത്തെ പടിയിൽ അതേ സ്ത്രീ രൂപം അയാളെ നോക്കിയിരിക്കുന്നു. ആ സ്ത്രീരൂപം സംസാരിച്ചു തുടങ്ങി.

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇവിടെയുള്ള ചിലയിടങ്ങൾ എന്റെ കൂടെ ആണെന്ന്. ഇവിടെ ആരും ഇരിക്കുന്നതും തൂക്കിയിടുന്നതും നോക്കുന്നത് പോലുമെ
നിക്ക് ഇഷ്ടമില്ലെന്നു?.പിന്നെ എന്തിനാണ് മൂന്നാമതൊരാളെ കൊണ്ടുവന്ന് ഇവിടെ അലോങ്കോലമാക്കിയത്? ഈ അപ്പാർട്ട്മെന്റ് വിട്ട് നിങ്ങളെ എവിടെയും പോകാൻ ഞാൻ അനുവദിക്കില്ല”

അയാൾ നിരാശാഭാവത്തോടെ മറുപടി പറഞ്ഞു.

“ എന്തിനാണ് എന്റെ സമാധാനത്തിന്റെ ലോകത്തേക്ക് നുഴഞ്ഞുകയറി വന്നത്? ദയവായി എന്നെ ഉറങ്ങാൻ അനുവദിക്കൂ. നിങ്ങൾക്ക് എന്നെക്കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കാനില്ല. എന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ ഈ അപ്പാർട്ട്മെന്റ് ഉപേക്ഷിച്ചു പോവുകയാണ്”

രൂപം കണ്ണുകളുരുട്ടി കൊണ്ട് അയാളോട് ആയി പറഞ്ഞു.

“ എനിക്ക് ഉറങ്ങാൻ ഗോവണിയുടെ കൈവരികൾ വേണം.
എനിക്ക് ശ്വസിക്കാൻ നിങ്ങളുടെ ഉച്ഛ്വാസവായുവും വേണം. ഞാനിവിടെത്തന്നെ ഉണ്ടാകും. എന്റെ ഇടങ്ങളിൽ ഇനിമുതൽ മുഷിഞ്ഞ വസ്ത്രങ്ങളും നനഞ്ഞ തോർത്തും തൂക്കിയിടരുത്. അത് എന്നെ അലോസരപ്പെടുത്തും”

ഇത്രയും പറഞ്ഞു കൊണ്ട് ആ സ്ത്രീരൂപം എഴുന്നേറ്റ് നിന്നു. ഗോവണിപ്പടിയുടെ കൈവരികൾ പിടിച്ച് പടികൾ പിറകോട്ട് കയറാൻ തുടങ്ങി. പതിയെ അവരുടെ വെളുത്ത മാക്സിയിലെ ചുവന്ന പുള്ളികൾ മായാൻ തുടങ്ങി. കെട്ടിവച്ച മുടി അഴിഞ്ഞു പരന്നു. മുഖത്തെ മാംസങ്ങൾ വെളുത്ത നിറമാവുകയും പിന്നീട് അവ അടർന്ന് തലയോട്ടിയായി മാറുകയും ചെയ്തു.ഒടുവിൽ ആ രൂപം പൂർണമായി അസ്ഥികൂടമായി ഗോവണിയുടെ കൈവരിയിൽ തൂങ്ങിക്കിടന്നു. അയാൾ അത് നോക്കിനിൽക്കെ ചുമരിൽ പതിച്ച മയിൽപ്പീലിത്തുണ്ട് വീണ്ടും താഴെ വീണു. ഉടനെ അതെടുത്ത് ഭിത്തിയിൽ ചേർത്ത് ഒട്ടിച്ചു. വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു. കാലുകൾ കുഴയുന്നതുപോലെ തോന്നി. മോഹാലസ്യപ്പെട്ട് വീണു പോകുമെന്ന് ഭയപ്പെട്ട് കിടപ്പുമുറിയിലേക്ക് നടന്നു നീങ്ങി. ഉറക്കപ്രാണി ഉടമസ്ഥനറിയാതെ ചരിഞ്ഞു കിടപ്പുണ്ട്.അയാൾ അതിനെ വാരിയെടുത്ത് ചേർത്തുപിടിച്ചു. മിനുത്ത പുതപ്പിനുള്ളിൽ നുഴഞ്ഞുകയറി കണ്ണുകളടച്ചു. ഓർമ്മയുടെയും ബോധത്തിന്റെയും വേരുകൾ പല വഴി ഓടി അലഞ്ഞ് തളർന്ന് കെട്ടുപിണഞ്ഞു കിടന്നു. അയാൾ ഉറങ്ങുകയാണ്. ഉറക്കപ്രാണി ഇഴഞ്ഞിഴഞ്ഞ് അയാളുടെ മൂക്കിലെ ദ്വാരത്തിലൂടെ അകത്തു കയറി ദിശയറിയാതെ അലറി കരഞ്ഞപ്പോഴാണ് പിന്നീടയാൾ ഞെട്ടിയുണർന്നത്.

സമയം നനഞ്ഞ രാവിലെ10. 44. മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലെ വിളക്ക് അണഞ്ഞു തന്നെയാണ് കിടക്കുന്നത്. അയാൾ ഇടനാഴിയിലേക്ക് ഓടിപ്പോയി. അലക്ക് യന്ത്രവും വാഷ്ബേസനും തൊട്ടുരുമിയിരിക്കുന്നുണ്ട്. ഗോവണിയും കോലാഹലങ്ങളും എല്ലാം മാഞ്ഞു പോയിരിക്കുന്നു. എന്നാൽ മയിൽപ്പീലിത്തുണ്ട് താഴെത്തന്നെ വീണു കിടപ്പുണ്ടായിരുന്നു. അത് തിരികെ ഭിത്തിയിൽ ഒട്ടിച്ച് സെറാമിക് കപ്പിൽ കാപ്പിയുമായി വരാന്തയിൽ ചെന്നിരുന്നു. അപ്പാർട്ട്മെന്റിന്റെ മുൻ വാതിൽ നോക്കിക്കൊണ്ട് അയാൾ ഉറക്കെ പറഞ്ഞു.

“ഞാൻ നിന്നെ അഗാധമായി സ്നേഹിക്കുന്നു..”

Post Views: 41
4
Sapna Navas

Limited edition ❤️🧞‍♂️

4 Comments

  1. brajit on June 24, 2024 11:10 PM

    സ്വപ്നമാണെങ്കിലും അല്ലെങ്കിലും മൂന്നാം നമ്പർ അപ്പാർട്ട്മെന്റിലെ ചില പ്രശ്നങ്ങൾക്കെല്ലാം ഉത്തരം കണ്ടു പിടിച്ചതിൽ ഒരു സന്തോഷമുണ്ട് 😍😃 എന്തായാലും അവരുടെയും കൂടെയുള്ള അപ്പാർട്ട്മെന്റ് അല്ലേ അതുകൊണ്ട് ഒന്ന് സൂക്ഷിച്ചും കണ്ടുo നിന്നാൽ മതി..

    Reply
  2. Revathy Udayan on June 24, 2024 3:13 PM

    ഹാ!എഴുത്തുകാരിയുടെ സ്വതസിദ്ധമായ ശൈലിയിൽ ഇരിടവേളയ്ക്ക് ശേഷം മെനഞ്ഞെടുത്ത കഥ. വ്യത്യസ്തമായ ചിന്തകളും സ്വപ്നങ്ങളും വായനക്കാരനിൽ അതേപടി പകർത്താനും കണ്മുന്നിലെ കാഴ്ച്ച പോലെ അവരിൽ എഴുത്തുകാരി ഉദ്ദേശിക്കുന്ന അതേ വികാരങ്ങൾ എത്തിക്കാനും മുൻകാല കഥകളെ പോലെ തന്നെ കഴിവുറ്റ ഒന്ന്. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിൽ ഇടനാഴിയിൽ അയ്യാൾ ചലനമറ്റ് നിൽപ്പുറച്ചു പോയ പോലെ പല വരികളിലും മുന്നിലേയ്ക്ക് നടക്കാൻ ആവാതെ നിന്നുപോയി. ഒരു നീണ്ട പകൽ മുഴുവൻ പേടിപ്പെടുത്തി നീണ്ടുപോയ പകൽസ്വപ്നം പോലെ വായിച്ചു തീർന്നിട്ടും ഭീതിയുടെ കാലൊച്ച പിന്തുടരുന്നു. ഭീതി ജനിപ്പിക്കാൻ കാതടപ്പിക്കുന്ന ശബ്ദത്തിന്റെയോ ഭീമാകരമായ രൂപങ്ങളുടെയോ അകമ്പടി വേണ്ട എന്ന് തെളിയിച്ച കഥ. നിശബ്ദതയ്ക്കും അമാനുഷികതയോ ഭീകരതയോ ഇല്ലാത്ത ഒരു സാധാരണ സ്ത്രീ രൂപത്തിന് പോലും ഭയത്തിന്റെ വിത്തുകൾ പാകാൻ ശേഷിയുണ്ട് എന്ന് ബോധ്യപ്പെടുത്താൻ കഥയ്ക്ക് കഴിഞ്ഞു.അതിമനോഹരമായ സ്വപ്നാവിഷ്കാരം 👌🏼❤️

    Reply
  3. Revathy Udayan on June 24, 2024 3:11 PM

    ഹാ!എഴുത്തുകാരിയുടെ സ്വതസിദ്ധമായ ശൈലിയിൽ ഇരിടവേളയ്ക്ക് ശേഷം മെനഞ്ഞെടുത്ത കഥ. വ്യത്യസ്തമായ ചിന്തകളും സ്വപ്നങ്ങളും വായനക്കാരനിൽ അതേപടി പകർത്താനും കണ്മുന്നിലെ കാഴ്ച്ച പോലെ അവരിൽ എഴുത്തുകാരി ഉദ്ദേശിക്കുന്ന അതേ വികാരങ്ങൾ എത്തിക്കാനും മുൻകാല കഥകളെ പോലെ തന്നെ കഴിവുറ്റ ഒന്ന്. സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിൽ ഇടനാഴിയിൽ അയ്യാൾ ചലനമറ്റ് നിൽപ്പുറച്ചു പോയ പോലെ പല വരികളിലും മുന്നിലേയ്ക്ക് നടക്കാൻ ആവാതെ നിന്നുപോയി. ഒരു നീണ്ട പകൽ മുഴുവൻ പേടിപ്പെടുത്തി നീണ്ടുപോയ പകൽസ്വപ്നം പോലെ വായിച്ചു തീർന്നിട്ടും ഭീതിയുടെ കാലൊച്ച പിന്തുടരുന്നു. ജനിപ്പിക്കാൻ കാതടപ്പിക്കുന്ന ശബ്ദത്തിന്റെയോ ഭീമാകരമായ രൂപങ്ങളുടെയോ അകമ്പടി വേണ്ട എന്ന് തെളിയിച്ച കഥ. നിശബ്ദതയ്ക്കും അമാനുഷികതയോ ഭീകരതയോ ഇല്ലാത്ത ഒരു സാധാരണ സ്ത്രീ രൂപത്തിന് പോലും ഭയത്തിന്റെ വിത്തുകൾ പാകാൻ ശേഷിയുണ്ട് എന്ന് ബോധ്യപ്പെടുത്താൻ കഥയ്ക്ക് കഴിഞ്ഞു.അതിമനോഹരമായ സ്വപ്നാവിഷ്കാരം 👌🏼❤️

    Reply
    • Rema Damodaran on June 25, 2024 10:23 AM

      ഉറക്കം ചിലർക്ക് ഒരു ഭ്രാന്താണ്. ഉറക്കത്തിൽ ഭ്രമചിന്തകൾ വേട്ടയാടിയാലും ഉറക്കം വേണ്ടന്നു വയ്ക്കാൻ ആർക്കുമാവില്ല.

      വക്കുപൊട്ടിയ സിറാമിക്ക് കപ്പും തുകൽ സോഫയുമെല്ലാം പഴയ കാലത്തിൻ്റെ ഓർമ്മച്ചെപ്പിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ സ്ഥലകാലഭ്രമം ഉണ്ടാകുന്നു. ഉറക്കത്തിലേയ്ക്ക് കാലുകളില്ലാതെ ഇഴഞ്ഞുനീങ്ങുമ്പോൾ ആരൊക്കെയോ പുറകിലേയ്ക്ക് പിടിച്ചു വലിയ്ക്കും ….. ഭ്രമചിന്തകളാൽ ഉറക്കത്തിന് ഭ്രംശം സംഭവിയ്ക്കും. ദുരൂഹതകളുടെ ചിലന്തിവലയിൽ മനസ്സു കുരുങ്ങിക്കിടക്കും.

      അവസാനം സ്വസ്ഥമായൊരു നിദ്രയിലേയ്ക്ക്, സുഖദമായ പുതപ്പിന്നുള്ളിലേയ്ക്ക് ചുരുണ്ടു കൂടും.

      ഒറ്റ വായനയിൽ പരാജയപ്പെട്ടുപോയി. വീണ്ടുമൊരിക്കൽക്കൂടി വായിക്കേണ്ടി വന്നു കഥാകാരിയുടെ മാനസിക തലത്തിലേയ്ക്ക് എത്തിപ്പെടാൻ. ആ എഴുത്തിൻ്റെ ശൈലി എന്നും വേറിട്ടതായതു
      കൊണ്ട് പരിഭവമില്ല. ആ കഴിവിൽ അഭിമാനം മാത്രം.

      Congrats dear🌹💕💓

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.