എന്ത് പറഞ്ഞാലും തിരിച്ച് പറയുന്ന ഒരു തത്ത എൻ്റെ വീടിലുമുണ്ട്. 9 മാസം എൻ്റെ ശരീരമാം കൂട്ടിൽ താമസിച്ച് ഒരു ദിവസം കൂട് തുറന്ന് പുറത്ത് വന്ന് ഞങ്ങൾക്ക് ആനന്ദം നൽകിയവൾ.
എൻ്റെ ചൂടും ചൂരുമേറ്റ് വളർന്ന് തുടങ്ങിയവൾ. കിളി കൊഞ്ചലുമായി വന്ന് അവൾ എല്ലാവരുടെയും മനം കവർന്നപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ഇതാണ് എൻ്റെ ലോകമെന്ന്. അരുമയായ അവള് ആദ്യം പുറപ്പെടുവിച്ച ശബ്ദങ്ങൾ വീടിനെ ആനന്ദിപ്പിച്ചു. വളരുന്തോറും തത്ത പെണ്ണ് പയ്യെ പയ്യെ ഞാൻ പറയുന്നതൊക്കെ തിരിച്ച് പറയാൻ തുടങ്ങി. അവളിൽ ഞാൻ എന്നെത്തന്നെ കണ്ട് തുടങ്ങി.
കാലക്രമേണ തത്ത പെണ്ണ് എന്നെ അനുസരിക്കാണ്ടായി. ഞാൻ പറയുന്നത് അനുസരിക്കുന്നതിന് പകരം തിരിച്ച് എന്നോട് തർക്കുത്തരം നൽകാൻ തുടങ്ങി. ഒരു 7 വർഷങ്ങൾക്കപ്പുറം തത്ത പെണ്ണ് എല്ലാവരോടും അങ്ങനെ പെരുമാറാൻ തുടങ്ങിയപ്പോൾ എനിക്ക് തിരിച്ചറിവുണ്ടായി. എന്നെ കണ്ടാണ് അവൾ ഓരോന്ന് വിളിച്ച് കൂവുന്നത് എന്ന് ഞാൻ മനസ്സിലാക്കി.
സ്നേഹം പ്രകടിപ്പിക്കാൻ വിമുഖത കാണിച്ചിരുന്ന, ആവശ്യത്തിനും അല്ലാതെയും ശാസിച്ചിരുന്ന, എനിക്കുണ്ടാവുന്ന frustration വേറൊരാളുടെ മേൽ തീർക്കാൻ ശ്രമിച്ചിരുന്ന എനിക്ക്, എന്നെ തിരിച്ചറിയാൻ എൻ്റെ തത്ത പെണ്ണ് വേണ്ടി വന്നു. എനിക്കുണ്ടായ തിരിച്ചറിവിൽ സ്വയം മാറാൻ ഞാൻ തീരുമാനിച്ചു.
ഇന്ന് അവളോടൊപ്പം ഓരോ നിമിഷവും എനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഒപ്പം അവൾക്കും. ഞങൾ ഒന്നിച്ചുള്ള സ്വപ്നങ്ങൾക്ക് ഇന്ന് ആയിരം വർണ്ണങ്ങളാണ്. എൻ്റെ തത്ത പെണ്ണ് ഉണ്ടെങ്കിൽ വീട്ടിലേക്കുള്ള ഓരോ തിരിഞ്ഞ് നടത്തവും, എന്നെ എത്തിക്കുന്നത് സ്വപ്നക്കൂട്ടിലേക്കാണ്.