ഐ സി യു ൻ്റെ വാതിൽക്കൽ കാത്ത് കെട്ടി നിൽക്കുകയാണ് ഹരി… ഇന്നേക്ക് മാത്യുവിൻ്റെ 16 മത്തെ ദിവസമാണ് വെൻ്റിലേറ്ററിൽ. 4 ദിവസം മുമ്പാണ് അറിയിക്കേണ്ടവരെ അറിയിക്കാൻ ഡോക്ടർ പറഞ്ഞത്.
ഹരി ആരുമല്ല, മാത്യുവിൻ്റെ. പക്ഷേ ഹരിയെ ഈ ആശുപത്രി വരാന്തയിൽ എത്തിച്ചത് മാത്യുവിനെക്കുറിച്ച് കണ്ട ഒരു പത്രക്കുറിപ്പാണ്. മനപൂർവമല്ലത്ത നരഹത്യക്ക് ലഭിച്ച ശിക്ഷ കഴിഞ്ഞിറങ്ങിയ വയോധികൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു എന്ന ഒറ്റക്കോളം വാർത്ത.
ഝാർഖണ്ഡിലെ ഫാക്ടറി സൂപ്പർവൈസർ ആയിരിക്കെ അബദ്ധവശാൽ മാത്യു പ്രവർത്തിപ്പിച്ച യന്ത്രത്തിൽ കുടുങ്ങി മരിച്ച സുകുമാരൻ്റെ മകനാണ് ഹരി. നഷ്ടപരിഹാരമായി കിട്ടിയ തുക കൊണ്ട് പെങ്ങളെയും കെട്ടിച്ച് അമ്മയെയും കൊണ്ട് ഇപ്പോൾ ഡൽഹിയിൽ കഴിയുന്ന ഹരി തൻ്റെ ഡയറിയിൽ ഒട്ടിച്ച് വെച്ച ആ പത്ര കട്ടിങ്ൻ്റെ അടിയിൽ ഇങ്ങനെ എഴുതി “മരിക്കുന്നതിന് മുന്നേ എനിക്കൊന്ന് കാണണം”.
ഒഴിവു ദിവസം കണ്ടുപിടിച്ച് യാത്ര ചെയ്ത് ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ, പക്ഷെ അദ്ദേഹം മരണവുമായി മല്ലിടുകയാണെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല. തൻ്റെ അച്ഛൻ്റെ മരണത്തിന് കാരണക്കാരനായ മനുഷ്യനെ കോരിയെടുത്ത് ഐ സി യു വിലേക്ക് അയക്കാൻ തന്നെ നിയോഗിച്ച വിധിയെ പഴിച്ചു കൊണ്ടാണ് ഹരി അടുത്ത 16 ദിവസം തള്ളിനീക്കിയത്. ഇതിനിടയിൽ മാത്യുവിൻ്റെ മക്കളെ പലവട്ടം വിളിക്കാൻ ശ്രമിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറുന്നതും കണ്ടൂ.
എത്ര നാൾ മാത്യു ഇങ്ങനെ കിടക്കും, എത്ര നാൾ താനിവിടെ നിൽക്കേണ്ടി വരും, ഇനി സുഖമായാൽ തന്നെ ആരു നോക്കും… ചോദ്യങ്ങൾ ഉറക്കമില്ലാത്ത രാത്രികളിൽ അകത്തളങ്ങളിൽ നിർത്താതെ മുഴങ്ങിക്കൊണ്ടിരുന്നപ്പോൾ, ഗത്യന്തരമില്ലാതെ, മക്കളാരും വരുവാനില്ലെന്ന് കണ്ട് ഡോക്ടറോട് വെൻ്റിലേറ്റർ സപ്പോർട്ട് വിച്ഛേദിക്കാൻ പറയാൻ ഒരു മകൻ്റെ സ്ഥാനത്ത് നിന്ന് ഒടുവിൽ ഹരി തീരുമാനിച്ചു.
മനപ്പൂർവ്വം അല്ലെങ്കിലും തന്നെ അച്ഛനില്ലാതാക്കിയ മനുഷ്യൻ്റെ അന്ത്യ കർമങ്ങൾ കഴിഞ്ഞ് ഇറങ്ങിയ വഴി ഒടുവിലായി പള്ളിയിൽ നിന്ന് കിട്ടിയ ഫോട്ടോയുടെ അടിയിൽ ഡയറിയിൽ എഴുതി.
“എല്ലാ നരഹത്യകളും കുറ്റകരമല്ല”
2 Comments
👍🏻👍🏻
👌