“ഓ… എന്റമ്മോ അവളുടെയൊരു പത്രാസ്! കണ്ടിട്ട് മിണ്ടീം കൂടിയില്ല’
അയലത്തെ വീട്ടിൽ കല്യാണത്തിന് പോയി വന്നയുടനെ ഞാൻ പേഴ്സ് മേശപ്പുറത്തേക്ക് ഒരേറു വച്ചു കൊടുത്തു.
“എന്നാൽ പിന്നെ നിനക്കങ്ങോട്ട് മിണ്ടാൻ പാടില്ലായിരുന്നോ?”
കെട്ട്യോൻ ചോദിച്ചത് കേട്ട് ഞാൻ അങ്ങേരെ ദഹിപ്പിച്ചു നോക്കി.
“പിന്നേയ്… എന്റെ പട്ടി മിണ്ടും. എന്നാലും അവളുടെയൊരു തൊലിക്കട്ടി! ദിവസോം ദിവസോം ഫേസ് ബുക്കിൽ ഫോട്ടോ മാറ്റി മാറ്റി ഇടുന്നു”
“നീയും ഇട്ടോ…”
“ഉം… ഈ തടിയും കരിമങ്ങല്യം പിടിച്ച മോന്തയും വച്ച് ഇനി ഞാൻ ഫോട്ടോ ഇടാത്ത കുഴപ്പമേയുള്ളൂ. അല്ലെങ്കിലും അവള് വെല്യ ജോലിക്കാരി അല്ലേ. അവൾക്ക് കിട്ടണ പൈസക്ക് അണിഞ്ഞൊരുങ്ങി നടന്നാൽ മതിയല്ലോ. ഞാൻ ഈ അടുക്കളേൽ കിടന്നു ചാകും “
“നിനക്കും വാങ്ങാമായിരുന്നല്ലോ ജോലി. ഇനി ആയാലും മതി “
“എനിക്കെങ്ങും പറ്റില്ലാ.. അവളെപോലെ വീട്ടീന്ന് മാറി നിന്നും ഉറക്കം കളഞ്ഞുമൊന്നും പഠിക്കാൻ. പിന്നെ വീട്ടിലെ പണീം ജോലീം കൂടി…. എനിക്ക് മടിയാണ്.അവൾക്ക് എല്ലാത്തിനും സഹായത്തിന് ആരേലും ഉണ്ടാകും.അല്ലെങ്കിലും അവൾക്ക് നേരത്തെ മുതൽ നിറയെ കൂട്ടുകാരുണ്ട്”
“നിനക്കെന്താ കൂട്ടുകാർ ആരും ഇല്ലാത്തത്?”
“ഓ… പിന്നേയ് കൂട്ടുകാര്! എന്നിട്ടു വേണം ഓരോന്നും ഓരോ ആവശ്യം പറഞ്ഞു വന്ന് ബുദ്ധിമുട്ടിക്കാൻ. അവള് ആൾക്കാരെ സഹായിച്ച് കയ്യിലെടുക്കാൻ പണ്ടേ മിടുക്കിയാ. എല്ലാർക്കും അവളെ ഭയങ്കര ഇഷ്ടമാണെന്നാണ് അവളുടെ വിചാരം”
“നിനക്ക് അവളോട് നല്ല അസൂയ ഉണ്ടല്ലേ?”
ഭർത്താവ് എന്നെ നോക്കി ഇളിച്ചു കാണിച്ചു.
“പിന്നേയ്… അസൂയപ്പെടാൻ പറ്റിയ ഒരു മൊതല്. നിങ്ങൾക്ക് അങ്ങനെയാ തോന്നൂ… നിങ്ങളൊക്കെ അവളുടെ ആൾക്കാരല്ലേ?”
ഇരച്ചു വന്ന ദേഷ്യം അപ്പാടെ കെട്ട്യോന്റെ നേർക്കു തീർത്തിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ പതിയെ പറഞ്ഞു.
“ഒടുക്കത്തെയാകാനായിട്ട് അവളെ കണ്ടിട്ട് വന്നാൽ പിന്നെ അന്നത്തെ ദിവസം പോക്കാ… പണ്ടാരം”
Soumya Muhammad
1 Comment
😄👌👌