മീന മാസത്തിലെ വെയിൽ ചൂട് തൊടിയിലാകെ പരക്കുന്ന നേരത്താണ് നാട്ടിലെ തിരക്കുള്ള കല്യാണ ബ്രോക്കർ പടി കടന്ന് വരുന്നത് നൗറിൻ കണ്ടത്.
എന്തു പൊല്ലാപ്പും കൊണ്ടാണാവോ ഇത്തവണത്തെ എഴുന്നള്ളിപ്പ്?
നാളെ സെമെസ്റ്റർ എക്സാം തുടങ്ങുകയാണ്. ഇനിയും ഒരാവർത്തി കൂടി പല പോർഷൻസും വായിച്ചു തീർക്കണം. അതിനിടയിലാണ് ഇങ്ങേരുടെ വരവ്… അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ഉമ്മറത്തേക്ക് ചെല്ലുമ്പോഴേക്കും ഉപ്പ അയാളെ അകത്തേക്ക് വിളിച്ച് ഇരുത്തി കഴിഞ്ഞിരുന്നു.
“ഇവിടുത്തെ മോൾക്ക് നല്ലൊന്നാന്തരം ഒരു ആലോചന വന്നിട്ടുണ്ട്. നല്ല ബെസ്റ്റ് കുടുംബക്കാര്, പോരാത്തേന് പണവും പ്രതാപവും വേണ്ടുവോളമുണ്ട്”
ഈ പേരും പറഞ്ഞ് ഇനി ഇതുവഴി വരരുതെന്ന് കഴിഞ്ഞ ആഴ്ചയും കൂടി കവലയിൽ വച്ച് ഇയാളെ കണ്ടപ്പോൾ താൻ പറഞ്ഞതാണ്. എന്നിട്ട് പിന്നേം..
നൗറിൻ വാതിലിനു പുറകിൽ നിന്നുകൊണ്ട് ഉപ്പയുടെ മറുപടിക്കായി കാതോർത്തു.
“അത് പിന്നെ…”
ഉപ്പ ചുമലിലെ തോർത്തു കൊണ്ട് നെഞ്ചും മുഖവും അമർത്തി തുടച്ചു. കൊടും വെയിലിൽ കരിവാളിപ്പ് പടർന്ന ഉപ്പയുടെ മുഖത്തേക്കും കൈകളിലേക്കും നോക്കുമ്പോൾ നൗറിന്റെ കണ്ണുകൾ നിറഞ്ഞു. എന്നാണ് ഉപ്പയുടെ അധ്വാനത്തിന് ഒരു അറുതിയുണ്ടാവുക.തനിക്കു താഴെ രണ്ടു പേരും കൂടി ഞാനാദ്യം ഞാനാദ്യം എന്ന കണക്കെ വളർന്നു വരുന്നു. മൂന്നു പെണ്മക്കളും സ്വതവേ ആസ്മരോഗിയുമായ ഉമ്മയും ചേർന്നുള്ള ഈ കുടുംബം മുന്നോട്ട് പോകണമെങ്കിൽ ദുർബലമായ ഹൃദയവും വിണ്ടു കീറിയ കാൽപാദങ്ങളും വക വക്കാതെ ഉപ്പ ഇനിയും നിരവധി പകലുകൾ നടന്നു തീർക്കേണ്ടിയിരിക്കുന്നു.
“ഒന്നും പറയേണ്ട, എനിക്കറിയില്ലേ ഇവിടുത്തെ അവസ്ഥ?”
ഉപ്പയെ പറഞ്ഞു വന്നത് മുഴുമിക്കാൻ സമ്മതിക്കാതെ അയാൾ ശബ്ദം കുറച്ച് വീണ്ടും തുടർന്നു.
“ഇട്ടു മൂടാനുള്ള സ്വത്തുണ്ട്. വേറെ പ്രാരാബ്ധങ്ങളൊന്നും ഇല്ല. പിന്നെ പറഞ്ഞാൽ ചെക്കന്റെ കയ്യിൽ അല്പസ്വല്പം തരികിടയൊക്കെ ഉണ്ടായിരുന്നു പണ്ട്…, എന്ന് കരുതി അങ്ങനെ വലിയ പൊല്ലാപ്പൊന്നും ഇല്ലാട്ടോ. ഇപ്പോ ആള് നല്ല ഡീസെന്റാണ്. പിന്നെ ഇനി അല്ലറ ചില്ലറ കുരുത്തക്കേട് വല്ലതും ഉണ്ടെങ്കിൽ തന്നെ അതൊക്ക ഒരു പെണ്ണ് കെട്ടുമ്പോൾ അങ്ങ് മാറി പോകുമെന്നെ… അങ്ങനെ എത്രയോ സ്ഥലത്ത് നടന്നേക്കുന്നു!”
സ്വതസിദ്ധമായ തന്റെ കച്ചവട ചിരിയോടെ അയാളത് പറയുമ്പോൾ ഉപ്പയുടെ മുഖം ചുമന്നു തുടങ്ങിയിരുന്നു.
“ഇവിടെ അതിന് പറ്റിയ പെണ്ണില്ല!”
ഉപ്പയുടെ സ്വരത്തിലെ കലിപ്പ് തിരിച്ചറിഞ്ഞ അയാൾ മുഖം ചുളിച്ച് അല്പം പരിഹാസത്തോടെ ചോദിച്ചു.
“മൂന്ന് പെൺ പിള്ളേരല്ലേ? പോരാത്തേന് കയ്യിൽ നീക്കിയിരിപ്പ് ഒന്നും ഇല്ല താനും… പിള്ളേര് കാണാൻ തരക്കേടില്ല, നന്നായി പഠിക്കും എന്നൊക്കെ പറഞ്ഞും കൊണ്ടിരുന്നിട്ട് കാര്യമുണ്ടോ? വളർന്ന് പുര നെറഞ്ഞു നിക്കുവല്ലേ മൂന്നും…”
അയാളുടെ സംസാരത്തിലെ ധ്വനി തിരിച്ചറിഞ്ഞ ഉപ്പ മുഴുവൻ ഈർഷ്യയും മുഖത്തു വരുത്തി അയാളെ നോക്കി.
“അതിന് എന്റെ മക്കൾക്ക് ഞാൻ അല്ലേ ചിലവിനു കൊടുക്കുന്നെ? പിന്നെ നിങ്ങളെന്തിനാ ബേജാർ ആകുന്നത്?”
“ആഹ് … ഞാൻ പറയാനുള്ളത് പറഞ്ഞു എന്നേയുള്ളൂ.എന്നാൽ ഞാൻ പോയിട്ട് പിന്നെ വരാം”
പരിഹാസ്യനായത് പുറത്തു കാണിക്കാതെ അയാൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉപ്പ അയാളോട് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
“ഇതുപോലുള്ള തരികിട കേസുമായിട്ടാണെങ്കിൽ ഇനി ഇതു വഴി വരണമെന്നില്ല. വഴി തെറ്റി പോയ ചെക്കന്മാരെ നല്ല വഴിക്ക് നടത്താൻ ഞാനെന്റെ മക്കളെ ഇവിടെ മന്ത്രവാദം ഒന്നും പഠിപ്പിക്കുന്നില്ല ”
ഉപ്പയുടെ ഉച്ചത്തിലുള്ള പറച്ചിൽ കേട്ട് വന്നതിലും വേഗത്തിൽ ബ്രോക്കർ പടി കടന്നു പോകുന്നതു കണ്ട് നൗറിൻ ചിരിച്ചു, പിന്നെ അവൾ മടക്കി വച്ച പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.