” ടീച്ചറെ ബിച്ചുവിന്റെ അച്ഛൻ മരിച്ചു.”
“എങ്ങനെ?”
“അറ്റാക്ക് ആയിരുന്നു”
“ബിച്ചുവിന്റെ അമ്മ വിട്ടതാ എന്നെ ടീച്ചറോടു പറയാൻ”
“ശരി, ഞാൻ പോട്ടെ” .
അയാൾ അവരുടെ ബന്ധു ആണ്. സ്ഥിരമായി കുട്ടിയെ സ്കൂളിൽ കൊണ്ട് വരുന്നത് അദ്ദേഹം ആണെങ്കിലും അമ്മയും കൂടെക്കൂടെ വരേണ്ടി വരാറുണ്ട്. അസുഖങ്ങൾ ഉള്ള അവൻ ഇടയ്ക്കിടെ മറ്റു കുട്ടികളുമായി പ്രശ്നമുണ്ടാക്കാറുണ്ട്.
പക്ഷെ ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ്. അതിന്റെ രഹസ്യം കഥകൾ ആണ്.. വെറും കഥകൾ അല്ല. പാചകകഥകൾ.. മരുന്നുകൾ ഒത്തിരിയുള്ളത് കൊണ്ടു അവനു ഭക്ഷണത്തിന് നിയന്ത്രണങ്ങളുണ്ട് . അതെല്ലാം അവനു വളരെ ഇഷ്ടമാണ് താനും.. അതിനാൽ രാവിലത്തെ ഭക്ഷണത്തിന്റെ പേരിൽ വലിയൊരു വഴക്കിനു ശേഷമാണ് അവൻ ക്ലാസിൽ വരിക… ഒരിക്കൽ കരച്ചിൽ നിർത്താൻ എന്തൊക്കെയോ പറയുന്നതിനിടയിലാ ണ് ” ടീച്ചർക് അറിയോ അതെങ്ങന്ണ്ടാ ക്കാന്ന്” അവൻ ചോദിച്ചത്..
ഞാൻ പറയുന്നത് കേട്ടിരുന്ന് ആൾ കരച്ചിലൊക്കെ നിർത്തി. അതിനു ശേഷം ഏതെങ്കിലും ഭക്ഷണത്തിന്റെ റെസിപ്പി ചോദിക്കുന്നത് പതിവാക്കി. എനിക്കറിയില്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. കേട്ടു കഴിഞ്ഞാൽ അവൻ ഹാപ്പിയായി ക്ലാസ്സിലിരിക്കും. രാവിലത്തെ കരച്ചിൽ അതോടെ നിർത്തുകയും ചെയ്തു. എന്തു പറഞ്ഞാലും അനുസരിക്കും. എങ്കിലും വീട്ടിൽ വാശിക്കാരനായി അവൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
അമ്മ ഇടക്കിടെ വരികയും കുട്ടിയുടെ കാര്യങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ട്. അവരെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് എന്നു മുതലാണ്?
ഒരു ദിവസം അവൻ വാശി പിടിച്ചു കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് ഓടി വന്നു.. പിറകെ അവരും. അവനെ പറഞ്ഞു സമാധാനിപ്പിച്ചു ഇരുത്തി തിരിഞ്ഞു നോക്കിയപ്പോൾ അവർ പോയിട്ടില്ല. സാധാരണ രാവിലെ അമ്മ കൂടെ വരാറില്ലാത്തതാണ്. പക്ഷെ അവർ ധരിച്ചിരുന്ന ധരിച്ചിരുന്ന വസ്ത്രത്തിലും ദേഹത്തും എല്ലാമുള്ള ഭക്ഷണവശിഷ്ടങ്ങൾ കണ്ടപ്പോൾ ഞാൻ കാര്യമൂഹിച്ചു. അവർ തന്റെ വസ്ത്രത്തിലേക്ക് ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. പക്ഷെ അവർ ഒരു തമാശ കണ്ടത് പോലെ ചിരിച്ചുകൊണ്ട് എന്നെ നോക്കി..
“എന്താ ചെയ്യാ”.. എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു…,
എത്ര തെളിച്ചമുള്ള ചിരിയാണവരുടേത് , മുഖം മുഴുവനും നിറഞ്ഞ പുഞ്ചിരി. അതു വെറുതെ വരുത്തിതീർക്കാൻ പറ്റുന്നതല്ല. രാവിലെ തന്നെ അങ്ങനെയൊരു സാഹചര്യത്തിൽ മോശപ്പെട്ടൊരു വേഷത്തിൽ നിന്ന് ഇങ്ങനെ ചിരിക്കുന്നത് എനിക്ക് സങ്കല്പിക്കാൻ പോലുമാകില്ല.
ചിരിയല്ലാതെ മറ്റൊന്നും അവരുടെ മുഖത്ത് ഉണ്ടാകാറില്ല.മറ്റെല്ലാവരെയും ദേഷ്യം പിടിപ്പിക്കുന്ന വാശിക്കാരനായ ആ 9വയസുകാരനോട് അവർ മാത്രം ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല, ദേഷ്യം മാത്രമല്ല ഇനിയെന്ത് എന്ന ആകാംഷയും, ശരിയാവും എന്ന പ്രതീക്ഷയും അല്ലാതെ മറ്റൊന്നും ആ കുട്ടിയെ പറ്റി അവർക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല.
ഒരിക്കൽ കുട്ടിയെപ്പറ്റി സംസാരിക്കു ന്നതിനിടയിൽ വാർദ്ധക്യസംബന്ധമായ അസുഖങ്ങൾ ഉള്ള അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞു. ഇളയ മകളായത് കൊണ്ട് സ്വന്തം വീട്ടിലാണ് താമസമെന്നും ഭർത്താവ് ദൂരെ ജോലി സ്ഥലത്താണെന്നും പറഞ്ഞു.
പിന്നീട് ഒരിക്കൽ തിരക്കില്ലെങ്കിൽ സംസാരിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഫോണിൽ സംസാരിച്ചാൽ മതിയെങ്കിൽ വൈകിട്ട് വിളിച്ചോളൂ എന്ന് ഞാൻ പറഞ്ഞു.
സംശയരോഗിയും മദ്യപാനിയും ആയ, സ്വന്തം വീട്ടുകാരോടും ഭാര്യവീട്ടുകാരോടും പിണങ്ങി വര്ഷങ്ങളായി ഒറ്റക് താമസിച്ചിരുന്ന ഭർത്താവിനെ പറ്റിയാണ് അവർക്ക് പറയാനുണ്ടായിരുന്നത്.
അവർ സ്വന്തം വീട്ടിൽ തന്നെയാണ് താമസം.സഹോദരങ്ങൾ എന്ന് പറയാൻ രണ്ടു ചേച്ചിമാർ മാത്രം, അവർ ഭർത്താവിനോപ്പം അവരുടെ വീടുകളിലാണ്. അച്ഛനമ്മമാരെ നോക്കാമെന്നു പറഞ്ഞത് കൊണ്ട് ഇളയ മകളായ തനിക്കാണ്, വീടും സ്ഥലവും എഴുതി വച്ചിരിക്കുന്നത് കിടപ്പിലായ അമ്മയും വൃദ്ധനായ അച്ഛനും കോളേജിൽ പഠിക്കുന്ന മകളും ആണ് അവരോടൊപ്പം ആ വീട്ടിൽ ഉള്ളത്. അമ്മയുടെ ചികിത്സയും വീട്ടുചിലവും ഇപ്പോഴും പെൻഷൻ ആയ അച്ഛൻ തന്നെ നോക്കുന്നു. മകളുടെയും പഠനവും മകന്റെ ചികിത്സയും മാത്രമേ ഭർത്താവ് നോക്കുകയുള്ളു. കുറച്ചു നാളായി അതും തരാറില്ല.
ഇപ്പോൾ സംശയം കൂടുതലായപ്പോൾ ഇത്രയും കാലം ചിലവിനു തന്ന തുക തിരിച്ചു ചോദിച്ച് ഉപദ്രവിക്കുന്നു എന്നതായിരുന്നു അവർക്ക് പറയാനുണ്ടായിരുന്ന പ്രശ്നം. വല്ലപ്പോഴും മാത്രം വീട്ടിൽ വരുന്നത് കൊണ്ട് വീട്ടുകാരെ ആരെയും അറിയിക്കാതെ വര്ഷങ്ങളായി കൊണ്ടു നടക്കുകയായിരുന്നു പ്രശ്നങ്ങൾ എങ്കിലും മദ്യപാനം കൂടിയതോടെ, ഉപദ്രവം വീട്ടുകാരുടെ മുൻപിൽ വെച്ചായി തുടങ്ങി. പരസ്യമായി ചീത്ത വിളിയും.
തനിക്കിതൊക്കെ ശീലമായെന്നും പറഞ്ഞു അവർ ഒന്ന് ചിരിച്ചു എന്നിട്ടെന്നോട് ചോദിച്ചു
” ചേട്ടൻ എന്നെ വിളിക്കുന്ന പേരെന്താണെന്നറിയുമോ”.?
.”….. ”
അത് കേട്ട ഞെട്ടലിൽ നിൽകുമ്പോൾ മാസങ്ങളായി ഇതാണ് വിളിക്കുന്നതെന്നും പേര് വിളിക്കാറില്ലെന്നും അവർ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു.
സംശയം കാരണം തന്നെ അറപ്പാണെന്നും പറഞ്ഞു വീട്ടിൽ പോലും വരാത്തയാൾ മക്കൾക് ചിലവിനായ് തന്ന തുകയാണ് തിരിച്ചു ചോദിക്കുന്നത്. മകന്റെ ചികിത്സ ചിലവുൾപ്പടെ.
തന്നെ ഫോണിൽ മണിക്കൂറുകളോളം ചീത്ത പറഞ്ഞിരുന്നയാൾ മക്കളോട് സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല എന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്തിനാണ് ഫോൺ അറ്റൻഡ് ചെയ്തിരുന്നത് എന്ന് ചോദിച്ചു.
“വീണ്ടും വീണ്ടും വിളിച്ചാൽ വീട്ടിൽ എല്ലാവരും അറിയില്ലേ… എന്തോ സൗന്ദര്യ പിണക്കമാണെന്നെ വീട്ടുകാർക്ക് അറിയുമായിരുന്നുള്ളു. ഇപ്പോൾ അവർ എന്നോട് ചോദിച്ചു തുടങ്ങി”.
“എന്താ പ്രശ്നം എന്ന് ഞാൻ അവരോട് പറഞ്ഞിട്ടില്ല…”ഈ പ്രായത്തിൽ വയ്യാതിരിക്കുമ്പോൾ അവരിത് എങ്ങനെ സഹിക്കും ”
“ഒരു ചീത്തപ്പേരുണ്ടായാൽ എന്റെ അച്ഛൻ അത് സഹിക്കില്ല.ഞാനും.”
“എന്നെപ്പറ്റി എന്റെ ഭർത്താവ് ഇങ്ങനൊക്കെ പറഞ്ഞാൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തും ”
‘എനിക്കിത് പറയാൻ വേറെ ആരുമില്ല. പണം തിരിച്ചു കൊടുത്തില്ലെങ്കിൽ ഭാര്യക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് പറഞ്ഞു ഡിവോഴ്സ് ചെയ്യും എന്നാണ് ഭീഷണി. തിരിച്ചു കൊടുത്താൽ ഭാര്യയായ് തുടരാം എന്നും’.
.എത്ര ഉദാരമനസ്കൻ…ഞാനോർത്തു… “എന്നിട്ട് നിങ്ങൾ എന്തു പറഞ്ഞു..”..
“എന്റെ സ്വർണവും കൂടെയെടുത്താണ് മോന്റെ ചികിത്സ നടത്തിയതും മറ്റും… എന്റെ കയ്യിൽ ഇനിയൊന്നുമില്ല. ആൾ കുറച്ചു പണമേ തരാറുള്ളു… അതു ഞാനെങ്ങനെ തിരിച്ചു കൊടുക്കും..”?
“തരാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ ?”
“അയാൾ ഡിവോഴ്സ് ചോദിച്ചാലോ, അതും എന്റെ സ്വഭാവദൂഷ്യം പറഞ്ഞിട്ട്. എന്റെ അച്ഛന് ആ നാണക്കേട് സഹിക്കാൻ പറ്റില്ല.പിന്നെ ഞാൻ ജീവിച്ചിരിക്കില്ല “.
“എന്റെ അച്ഛന്റെയും അമ്മയുടെയും കാലം കഴിയും വരെ ഇതൊന്നും ആരും അറിയരുത്.”
എനിക്ക് ജോലിക് പോകാൻ പറ്റില്ല ഭർത്താവിന് അതിഷ്ടമല്ല, അത് മാത്രമല്ല പിന്നെ അമ്മയെ നോക്കണം, മോന് ഇടക് അസുഖം വരുമ്പോൾ ജോലിക് പോകാൻ പറ്റില്ലല്ലോ ”
“ആരോടും ചോദിക്കാനും പറ്റില്ല….. ചേച്ചിമാരുടെ കുടുംബങ്ങൾ അടുത്ത് തന്നെയുണ്ട്… അവർ അറിഞ്ഞാൽ പ്രശ്നമാകും. അച്ഛനുമമ്മയും അറിയും പ്രായമായില്ലേ … അവർക്കിതൊന്നും താങ്ങാൻ പറ്റില്ല… അയാൾ എന്നെപ്പറ്റി മോശമായി പുറത്തു പറഞ്ഞാൽ ഞാനും മകളും എന്തു ചെയ്യും..? ”
ആ ചോദ്യത്തിന് എനിക്കുത്തര മില്ലായിരുന്നു. അതുപോലൊരു നാട്ടിൻ പുറത്തു പ്രായമായ അച്ഛനമ്മമാരോ ടൊപ്പം രണ്ടു കുട്ടികളുമായി താമസിക്കുന്ന സ്ത്രീയെപ്പറ്റി ഭർത്താവ് തന്നെ ഇങ്ങനെ പറയാൻ തുടങ്ങിയാൽ…
“ആളുടെ കയ്യിൽ അത്യാവശ്യം പൈസ ഉണ്ടാകേണ്ടതാണ്…. കുടിക്കുമെങ്കിലും, പിന്നെ കുടുംബസ്വത്ത് ഷെയർ കിട്ടിയ പണം അവർ മക്കളുടെ പേരിലാണ് ബാങ്കിൽ ഇട്ടിരിക്കുന്നത് ഇല്ലെങ്കിൽ കുടിച് തീർക്കുമെന്ന് വിചാരിച്. അതും ഒപ്പിട്ടു കൊടുക്കണം എന്ന് പറയുന്നുണ്ട്.മകളുടെ കാര്യങ്ങൾക്കു കരുതിയ പണമാണ്.” ഇനി എന്തു ചെയ്യും”.
നിയമപരമായി നീങ്ങുന്നതിനെക്കുറിച്ചും ചേച്ചിമാരെ അറിയിക്കുന്നതിനെക്കുറിച്ചും, ഭർത്താവിനെ ചികിത്സിക്കുന്നതിനെ കുറിച്ചു വരെ ഞാൻ അവരോട് പറഞ്ഞു നോക്കി. പല കാരണങ്ങളാൽ ഒന്നും അവരെ കൊണ്ട് സാധിക്കില്ല. തികച്ചും നിസ്സഹായയാണ്.
കുറച്ചു ദിവസത്തേക്ക് അവരെപ്പിന്നെ കണ്ടില്ല. ഒരു ദിവസം കണ്ടപ്പോൾ പറഞ്ഞു , ഭർത്താവ് എന്തോ പേപ്പേഴ്സ് കൊണ്ടുവരും ഒപ്പിട്ടു കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന്. “ഡിവോഴ്സ്ന്റെ കാര്യം അച്ഛനോട് അയാൾ പറയും. എന്റെ കയ്യിൽ പണമില്ല, തിരിച്ചു കൊടുക്കാൻ. ”
ഞാൻ ചോദിച്ചു ” എന്തു തീരുമാനിച്ചു… ”
“അറിയില്ല “… ഞാൻ ആത്മഹത്യ ചെയ്താലോ, ആരും ഒന്നും അറിയില്ല. ചീത്തപ്പേരുമില്ല”.
“അച്ഛനും അമ്മയ്ക്കും ചേച്ചിമാരുണ്ട്, മോളു വലിയ കുട്ടിയല്ലേ, എന്റെ മോന്റെ കാര്യം ഓർക്കുമ്പോഴാ… അവനു വയ്യാതായാൽ ഞാൻ നോക്കുന്ന പോലെ ആരു നോക്കും. അവന്റെ അച്ഛൻ നോക്കില്ല. എന്റെ അച്ഛന് വയ്യ…അല്ലെങ്കിൽ..”
അവർ ചിരിച്ചു കൊണ്ടാണ് പറയുന്നത്, ഞാൻ സൂക്ഷിച്ചു നോക്കി, ചിരി തന്നെയാണ്… എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല… അവർ പറഞ്ഞു.
” എന്റെ മനോനില തെറ്റിയിട്ടൊന്നുമില്ല, എങ്കിൽ എത്ര നന്നായിരുന്നു. എനിക്ക് കരയാൻ പോലും പറ്റുന്നില്ല. ഞാൻ കരഞ്ഞാൽ എല്ലാവർക്കും വേഗം മനസിലാകും അപ്പോൾ പിന്നെ അതിനു വിശദീകരണം കൊടുക്കണം. രാത്രി മോൻ അടുത്ത് കിടക്കും ഞാൻ കരഞ്ഞാൽ അവൻ അറിയും.അപ്പോഴും ഒന്ന് കരയാൻ പറ്റില്ല.”
“ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടാകും, എന്നല്ലേ… ദൈവം എന്നെ രക്ഷപ്പെടു ത്തും ഇല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ അടുത്തേക് പോകും. ”
അവർ വീണ്ടും ചിരിച്ചു.
“ഞാൻ പോട്ടെ,അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം, തീരെ വയ്യ, അവർ തിരിച്ചു പോയി”.
ഞാൻ കൂടെയുള്ള ആരോടെങ്കിലും കാര്യം പറഞ്ഞാലോ എന്നോർത്തു, അവരുടെ വീട്ടിൽ, ചേച്ചിമാരോട് സംസാരിച്ചു നോക്കാം…
അത് പ്രശ്നമാകുമോ, അവർക്ക് ഇഷ്ടപെട്ടില്ലെങ്കിലോ, നാണക്കേട് ഓർത്ത് അങ്ങനെയൊന്നുമില്ലെന്ന് അവർ പറഞ്ഞാലോ…
വൈകുന്നേരം ആകട്ടെ, എന്തെങ്കിലും ചെയ്യണം… അവർ ഹോസ്പിറ്റലിൽ നിന്ന് തിരിച്ചെത്തണമല്ലോ.
ഉച്ച കഴിഞ്ഞപ്പോൾ ബിച്ചുവിനെ കൊണ്ടുപോകാൻ ആൾ വന്നു, അവന്റെ ‘മുത്തശ്ശി മരണപ്പെട്ടു’.
തല്കാലം, അവരുടെ ഭർത്താവ് ഈ അവസ്ഥയിൽ ഡിവോഴ്സ് ചോദിക്കില്ലായിരിക്കും. കുറച്ചു ദിവസം പ്രശ്നമില്ല. ബാക്കി പിന്നെ നോക്കാം.
രണ്ടു ദിവസത്തിന് ശേഷം ഉച്ചക്ക് ആണ് ‘അയാൾ ‘, അവരുടെ ഭർത്താവ് മരണപ്പെട്ടു എന്ന വാർത്ത അറിയുന്നത്.
കുറച്ചു ടീച്ചർമാരും കുട്ടികളും കൂടെ ബിച്ചുവിന്റെ വീട്ടിലേക്ക് പോയി.
ഭാര്യയുടെ അമ്മ മരിച്ചിട്ടും അയാൾ കാണാൻ വന്നില്ലത്രേ, ആരോ പറഞ്ഞു.
‘നാളെ ഇങ്ങോട്ട് വരുന്നുണ്ട് എല്ലാവരെ യും കാണണം എന്ന് ഭാര്യയെ ഫോൺ ചെയ്തിരുന്നു ഇന്നലെ. പക്ഷെ രാവിലെ മരണ വാർത്തയാണ് അറിഞ്ഞത് ‘.
ഞാൻ അവരെ നോക്കി, അവർ എന്നെ കണ്ടു. പക്ഷെ ഇത്തവണ ആ മുഖത്തു ചിരിയില്ല, മറ്റെന്താണെന്ന് വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞുമില്ല.

