പദ്മിനിയുടെ ഓർമ്മകളെ ചികയാൻ നടന്ന ആദർശ്, സ്വന്തം അനുഭവങ്ങളെ കുടഞ്ഞ് പുറത്തേയ്ക്കിട്ടിട്ട് ഇപ്പോൾ സ്വയം വിഷമിയ്ക്കുകയാണ്. ഫ്ലാറ്റിലിരുന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി. അഫ്രയുണ്ടായിരുന്നെങ്കിൽ ഈ ഒറ്റപ്പെടൽ ഉണ്ടാകുമായിരുന്നില്ല.
അടിച്ചമർത്താൻ ശ്രമിയ്ക്കുമ്പോഴാണ് ഓർമ്മകൾ ഭാരമാകുന്നത്, ഓർമ്മകളെ അതിന്റെ വഴിക്ക് വിടുക, അതാണ് നല്ലതെന്നവന് തോന്നി.
രാമേട്ടനെ വിളിച്ചു, ആ ശബ്ദം കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി. മൂന്നാഴ്ച കഴിയുമ്പോൾ ആദർശ് നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചപ്പോൾ അമ്മയ്ക്ക് ഭയങ്കര സന്തോഷം ആയെന്ന് രാമേട്ടൻ അവനെ അറിയിച്ചു.
ഫോൺ വച്ചപ്പോൾ ഉടനെ രൂപാലിയുടെ വിളി വന്നു. സ്വരത്തിൽ സഹതാപം കലർത്താതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചിരുന്നു. നാളെ വൈകിട്ട് കാണാമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു. അന്നത്തെ വിശേഷങ്ങൾ അഫ്രയെ ടെക്സ്റ്റ് വഴി അറിയിച്ചു.
ഉറങ്ങി ഉണർന്നപ്പോൾ അമ്മയെ കാണണമെന്ന് ഭയങ്കരമായി ആഗ്രഹം തോന്നി. രാമേട്ടനെ വിളിച്ചു.
‘രാമേട്ടാ, ഫോൺ അമ്മയ്ക്കൊന്നു കൊടുക്കാമോ. “
കുറെ നേരത്തെ നിശ്ശബ്ദതക്കു ശേഷം അങ്ങേത്തലക്കൽ അമ്മയുടെ ശബ്ദം കേട്ടു.
“കുട്ടാ…… മോൻ എന്നാ വരുന്നത് ? “
വർഷങ്ങൾക്ക് ശേഷംഅമ്മയുടെ ശബ്ദം കേട്ടു. രൂപാലിയാണ് അതിന് കാരണമെന്നവനറിയാം. അമ്മയെ കാണാൻ പ്രേരിപ്പിച്ചത്, വിളിയ്ക്കാൻ പ്രേരിപ്പിച്ചത്, എല്ലാം അവളാണ്.
പിന്നെയും അമ്മ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അവനെ കാണാൻ ധൃതിയായെന്നും പറഞ്ഞു. അമ്മയോട് സംസാരിച്ചപ്പോൾ അവനു നല്ല സന്തോഷം തോന്നി.
വൈകിട്ട് പദ്മിനിയുടെ വീട്ടിൽ ചെന്നപ്പോൾ രൂപാലി അവനെ കാത്തിരിക്കുകയായിരുന്നു.
“തനിക്കിന്ന് പരിപാടി ഒന്നുമില്ലായിരുന്നോ ?”
“ഞാനിന്നു എല്ലാം ക്യാൻസൽ ചെയ്തു. തന്നെ കാത്തിരിക്കുകയായിരുന്നു. “
പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ആദർശ് അവളുടെ കയ്യിൽ മെല്ലെ തൊട്ടു. അവനവളുടെ കണ്ണുകളിലേക്കുറ്റു നോക്കി. ആ കണ്ണുകളിൽ അവനോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു. അപ്പോഴേക്കും പദ്മിനിയുടെ കാർ മുറ്റത്ത് വന്നു.
ഓഫീസ് റൂമിൽ അവരുടെ എതിർവശത്തെ കസേരയിൽ അവനിരുന്നു. അവർ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൻ വോയിസ് റെക്കോർഡർ ഓൺ ചെയ്തു. അവർ പറഞ്ഞു തുടങ്ങി.
ഇൻഡോ-പാക്ക് അതിർത്തിയിലെ ഒരു ഗ്രാമം. രാജസ്ഥാനിലെ ജയ്സാൽമീർ പട്ടണത്തിന് വളരെയടുത്ത്. അവിടത്തെ ഒരു സാധാരണ വ്യാപാരിയായിരുന്നു ആനന്ദ് ലാൽ. ആ സമയത്ത് പാകിസ്ഥാനിൽ നിന്ന് തീവ്രവാദത്തിനും കച്ചവടത്തിനുമായി അനേകം ആളുകൾ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച്, രാത്രിയുടെ മറവിൽ അതിർത്തി കടക്കുമായിരുന്നു.
ആനന്ദ് ലാലും ഭാര്യ ശാന്തി ദേവിയും രണ്ട് ആൺ മക്കളും ആനന്ദ്ലാലിൻ്റെ മാതാപിതാക്കളും കഴിഞ്ഞിരുന്ന ഗ്രാമത്തിലെ ഭവനം. മണൽകല്ലുകൾ കൊണ്ട് നിർമിച്ച ആ വീട്ടിലിലേക്ക്, ഒരു രാത്രിയിൽ ഒരു അജ്ഞാത സന്ദർശകൻ എത്തിച്ചേർന്നു. അയാളുടെ കയ്യിലെ ഭാണ്ഡത്തിൽ നിന്നും സാമാന്യം വലിപ്പമുള്ള ഒരു പൊതി ആരും കാണാതെ വീട്ടിലെ അടച്ചു വെച്ച വെള്ളത്തൊട്ടിയിൽ അയാൾ ഇടുന്നത് ആനന്ദ് ലാൽ ഒളിഞ്ഞിരുന്ന് കണ്ടിരുന്നു.
അജ്ഞാതനെ പിന്തുടർന്ന് കുറെ തോക്കുധാരികളായ സൈനികരും ഇരുട്ടത്ത് വന്നു. ആ അജ്ഞാതനെ പട്ടാളക്കാരുടെ മുന്നിൽവെച്ച് തൻ്റെ കത്തിയാൽ ആനന്ദ് ലാൽ കൊലചെയ്തു. അങ്ങനെ അയാളൊരു മാതൃകാ ഗ്രാമീണനായി, ദേശ സ്നേഹിയായി.
വെള്ളത്തൊട്ടിയിൽ അജ്ഞാതൻ എറിഞ്ഞത് ഒരിക്കലും സ്ഫോടകവസ്തുക്കൾ ആകില്ല എന്നയാൾ ചിന്തിച്ചു.
ഇന്ത്യൻ ആർമിയുടെ പ്രശംസിപത്രം സ്വീകരിച്ച രാത്രിയിൽ അയാൾ മുറ്റത്തെ വലിയ വെള്ളത്തൊട്ടിയിൽ ഇറങ്ങി ആ പൊതി പുറത്തെടുത്തു. ആ നനഞ്ഞ പൊതിയിൽ നിന്നും അയാൾക്ക് കുറച്ചു നാണയങ്ങളും പഴയ കുറച്ചു സ്വർണ ഉരുപ്പടികളും കിട്ടി. വിഭജന സമയത്തു പാകിസ്ഥാനിലായിപ്പോയ ആരോ, ഇന്ത്യയിലുള്ള ഏതോ ബന്ധുവിന് കൊടുത്തയച്ചതുമാവാം, അല്ലെങ്കിൽ തീവ്രവാദത്തിന് പണം കണ്ടെത്താൻ സ്വർണം കൊണ്ട് വന്നതാകാം.
സ്വർണപ്പണ്ടങ്ങളുമായി അയാൾ നഗരത്തിൽ പോവുകയും പുതിയ സ്വർണാഭരണങ്ങൾ തീർക്കുകയും ചെയ്തു. താമസിയാതെ കുടുംബം ജയ്സാൽമീർ ടൗണിലേക്ക് താമസം മാറ്റുകയും അയാളൊരു കൊച്ചു സ്വർണ്ണക്കട തുടങ്ങുകയും ചെയ്തു. രോഗിയായ ഭാര്യയുടെ മരണത്തോടെ ആശാലത എന്നൊരു പട്ടണക്കാരിയെ അയാൾ രണ്ടാമത് ജീവിത സഖിയാക്കി. അയാളുടെ ആണ്മക്കളായ കേശവ് ലാലിനേയും ഗോവിന്ദ് ലാലിനേയും ആശാലത സ്വന്തം മക്കളായി കരുതി സംരക്ഷിച്ചു വന്നു. പക്ഷെ ആ കുട്ടികൾക്കാകട്ടെ രണ്ടാനമ്മയെ തീരെ ഇഷ്ടമായിരുന്നില്ല.
ഒരു പൗർണമി ദിവസം ആശാലത ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആനന്ദലാലിന്റെ ഭാഷയിൽ ഒരു സ്വർഗ്ഗീയ ജനനം, ഭാഗ്യോദയം. തങ്കത്തിന്റെ നിറമുള്ള, രാജകുമാരിയെ പോലൊരു പെൺകുഞ്ഞ്. കണ്ടവർ കണ്ടവർ കുഞ്ഞിനെ അത്ഭുതത്തോടെ ഉറ്റുനോക്കി. ദേവതയെ പോലെ, എപ്പോഴും പുഞ്ചിരിച്ച മുഖമുള്ള കുഞ്ഞായിരുന്നു അവൾ. അയാൾ കുഞ്ഞിന് “റാണി പദ്മിനി” യെന്ന് പേര് നൽകി.
ആനന്ദലാലിന്റെ വ്യവസായം വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. സ്വർണത്തിൽ നിന്നും വജ്ര വ്യാപാരത്തിലേക്ക് അയാൾ കടന്നു. “പദ്മിനി ഡിസൈൻസ്” എന്ന പേരിൽ പുതിയ പാറ്റേൺ വജ്രാഭരണങ്ങൾ പുറത്തിറക്കി. ഡൽഹിയിലും മുംബൈയിലും വേറെ ഷോറൂമുകൾ ആരംഭിച്ചു. പ്രശസ്തി വർദ്ധിച്ചു, ശതുക്കൾ കൂടി. എല്ലാം പദ്മിനിയുടെ ഐശ്വര്യമാണെന്ന് ആനന്ദ് ലാൽ വിശ്വസിച്ചു.
ആദ്യ ഭാര്യ ശാന്തി ദേവിയുടെ സഹോദരൻ കിഷോറിനെ ബിസിനസ് പാർട്ട്ണർ ആക്കി. മൂത്ത രണ്ടാണ്മക്കൾക്കും അച്ഛനെക്കാൾ ഇഷ്ടം അമ്മാവനോട് ആയിരുന്നു. അയാളാണ് പഠിക്കാൻ മഠയന്മാരായ അവരെ വ്യാപാരത്തിലേക്കു കൊണ്ട് വന്നത്.
അച്ഛൻ്റെ അനുഗ്രഹത്തിൽ സമ്പന്നതയുടെ നടുവിൽ പദ്മിനി വളർന്നു. പഠിക്കാൻ ബഹുമിടുക്കിയായിരുന്ന അവൾക്ക് ആർമി ഓഫീസർ ആകാനായിരുന്നു താൽപര്യം. പക്ഷേ മകളുടെ മറ്റാഗ്രഹങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പോലെ അവളുടെ പട്ടാള ആഗ്രഹം ആനന്ദലാൽ പ്രോൽസാഹിപ്പിച്ചില്ല. അയാൾക്ക് പട്ടാളക്കാരെ പേടിയായിരുന്നു.
അച്ഛനും അമ്മയും കാണാതെ ഏട്ടൻമാർ അവളെ ഉപദ്രവിക്കുമായിരുന്നു. ആൺമക്കളുടെ ഉള്ളിൽ ആശാലതയും മകളും അവർക്ക് ശത്രുക്കളായിരുന്നു. ശത്രുത ഊതി ഊതി കത്തിയ്ക്കാൻ കിഷോർ അമ്മാവൻ പരിശ്രമിച്ചിരുന്നു.
അച്ഛൻ്റെ കാലശേഷം ചെറിയമ്മയേയും മകളേയും വീട്ടിൽ നിന്ന് പുറത്താക്കുക. അതിനായി അവർ അച്ഛൻ്റെ മരണത്തിനായി കാത്തിരുന്നു. ഇതൊന്നുമറിയാതെ തൻ്റെ ബിസിനസ് സാമ്രാജ്യം വർദ്ധിപ്പിക്കാൻ ആനന്ദലാൽ വൻ നഗരങ്ങൾ തോറും ഓടി നടന്നു.
പദ്മിനിയുടെ യാത്രയ്ക്ക് മാത്രം ഒരു കോണ്ടസ്സ കാറും ഡ്രൈവർ നാരായണനും എപ്പോഴും ഉണ്ടായിരുന്നു. രാജസ്ഥാനിൽ ഭയങ്കരമായ രീതിയിൽ സാമ്പത്തിക സാമുദായിക അന്തരങ്ങൾ സമൂഹത്തിൽ ദൃശ്യമായിരുന്നു. നാരായണനെന്ന ദരിദ്രനേയും അയാളുടെ മകനായ സുധീർ ബാബുവിനും പദ്മിനിയുടെ കാരുണ്യം കൊണ്ട് വീടിനകത്ത് വരെ പ്രവേശമുണ്ടായിരുന്നു. വീട്ടിലെ രാജകുമാരിയുടെ ആഗ്രഹങ്ങളെ ചോദ്യം ചെയ്യാൻ മറ്റാർക്കും ധൈര്യമുണ്ടായില്ല.
സമപ്രായക്കാരും സ്കൂൾ തൊട്ട് കോളേജ് വരെ ഒരേ ക്ലാസ്സിൽ പഠിച്ചവരുമായിരുന്നു പദ്മിനിയും സുധീറും. രണ്ട് പേരും പഠിക്കാനായി മൽസരവുമുണ്ടായിരുന്നു. ആനന്ദ് ലാൽ അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. കോളേജിലെത്തിയപ്പോഴേക്കും അവർ പരസ്പരം പ്രണയത്തിലായി. അതൊന്നും പരസ്യമായി പ്രകടിപ്പിക്കാതെ പദ്മിനി അത് രഹസ്യമായി തൻ്റെ പ്രണയത്തെ വളരാൻ അനുവദിച്ചു. എന്നാൽ സുധീറാകട്ടെ നോട്ടത്തിലും വാക്കുകളിലും അവൻ പോലുമറിയാതെ അവളോടുള്ള ആരാധന പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. ഡ്രൈവർ നാരായണനാകട്ടെ മകൻ്റെ മാറ്റം കണ്ടറിഞ്ഞ് അവനെ നല്ലവണ്ണം ഉപദേശിച്ചു.
“നീ നല്ലവണ്ണം പഠിച്ച് ഒരു ജോലി നേടിയാലേ പദ്മിനി മോളെ നിനക്ക് വിവാഹം ചെയ്യാൻ പറ്റൂ. ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ളത് പുറത്തറിഞ്ഞാൽ എൻ്റെ ജോലിയും പോകും നിങ്ങളുടെ പഠനവും നിലയ്ക്കും. “
രണ്ട് പേരോടും നാരായണൻ പറഞ്ഞു. അയാൾക്ക് പദ്മിനിയെ ഇഷ്ടമായിരുന്നു. തൻ്റെ മകൻ അവളെ വിവാഹം കഴിച്ചാൽ അവൻ വഴി തൻ്റെ കുടുംബം രക്ഷപ്പെടും.
ആനന്ദ് ലാലിന്റെ മരണം പെട്ടെന്നായിരുന്നു. നെഞ്ച് വേദനയെന്ന് പറഞ്ഞിരുന്നെങ്കിലും അതൊരു കൊലപാതകമാണെന്ന് പദ്മിനി സംശയിച്ചു. ഏട്ടൻമാരോട് അവളത് കെഞ്ചി പറഞ്ഞിട്ടും ആരുമവളുടെ വാക്കുകൾ കേട്ടില്ല. അവളും അമ്മയും അവരുടെ തടങ്കലിലായി. അച്ഛൻ്റെ മരണത്തിൽ അവൾ ഏട്ടൻമാരേയും സംശയിച്ചു. സകല ബിസിനസ്സും കിഷോറിൻ്റേതും അനന്തരവൻമാരുടേതുമായി. അവളും അമ്മയും വീട്ടിൽ ഒറ്റപ്പെട്ടു. നാരായണന് പകരം പുതിയ ഡ്രൈവറെ നിയമിച്ചു.
കേശവ് ലാലിന്റെ ഭാര്യാ ഗൃഹം സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ കാൺപൂരിലേയ്ക്ക് പദ്മിനിയേയും അമ്മയേയും സ്ഥലം മാറ്റി. പഠനം നിലച്ചു, സുധീറിനെ പിന്നീട് കാണാൻ കഴിഞ്ഞില്ല. അവിടെ അവളെ കാത്തിരുന്നത് നരക തുല്യമായ, ജീവിതമായിരുന്നു വിവാഹമായിരുന്നു.
(തുടരും…. )
നിഷ പിള്ള

