കാമാത്തിപുര, ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ്. സ്വയം ഇല്ലാതാകുന്ന ജീവിതങ്ങളുടെ തെരുവ്, മുബൈയിലെ കാമാത്തിപുരയെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണു വിശേഷിപ്പിക്കുക. ഒരു പാട് ലൈംഗിക തൊഴിലാളികൾ ഈ തെരുവിൽ ജോലി ചെയ്ത് ജീവിക്കുന്നു.
രാജഭരണകാലം മുതൽ നിലവിൽ വന്ന ഒരു തൊഴിലാണ് വേശ്യാവൃത്തി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർക്കു പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല.
യൂറോപ്പിൽ നിന്നും, ജപ്പാനിൽ നിന്നും വന്നവരാണ് ഈ തൊഴിലാളികളുടെ മുൻഗാമികൾ എന്ന് കരുതപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്കു വേണ്ടിയും പിന്നീട് ഇന്ത്യക്കാർക്ക് വേണ്ടിയും ഈ തൊഴിലിൽ ഏർപ്പെട്ടു.
കാമാത്തിപുരയിലെ ഒരു കെട്ടിടത്തിൽ ചുവന്ന ലൈറ്റുകൾ തെളിയിച്ച, ചുവന്ന കർട്ടനുകൾ വിരിച്ച വിശാലമായ ഒരു മുറി അവൾക്കായി നൽകപ്പെട്ടു. ലീല ബഹൻ അവളോട് വിശ്രമിക്കാൻ പറഞ്ഞിട്ട് ആ മുറിയിൽ നിന്നിറങ്ങി പോയി. പാതിരാത്രി കഴിഞ്ഞിട്ടും അവൾക്കു ഉറക്കം വന്നില്ല. അടുത്തുള്ള മുറികളിൽ നിന്നും വളകളുടെ കിലുക്കവും ശീല്ക്കാര ശബ്ദങ്ങളും കിതപ്പുകളും തുടരെ തുടരെ കേട്ട് കൊണ്ടേയിരുന്നു. അവളുടെ ഉറക്കം നഷ്ടപ്പെട്ടു.
രാവിലെ അവളുണരാൻ ഏറെ വൈകി. ലീല ബഹൻ വന്നു വാതിലിൽ മുട്ടി, അടച്ചുറപ്പില്ലാത്തൊരു വാതിൽ, പേരിന് വേണ്ടി ഒന്ന്. പിറകെ വന്ന സ്ത്രീയുടെ കയ്യിലെ തളികയിൽ അവൾക്കുള്ള സ്വാദിഷ്ടമായ ഭക്ഷണമായിരുന്നു. ലീല ബഹൻ സ്നേഹപൂർവ്വം അവളെ നിർബന്ധിച്ചു കഴിപ്പിച്ചു.
അവളെക്കൂടാതെ പതിമൂന്നു പെൺകുട്ടികൾ അവിടെയുണ്ടെന്നും രാത്രിയിലെ ക്ഷീണം കൊണ്ട് അവരൊക്കെ ഉറക്കത്തിലാണെന്നും ഉണരുമ്പോൾ വളരെ വൈകുമെന്നും അറിയിച്ചു. പിന്നീട് അവരെയൊക്കെ പരിചയപ്പെടാമെന്നും പറഞ്ഞു.
“നീ ഞങ്ങളുടെ റാണിമാ ആണ് ബേട്ടീ. “
അവർ ഭിത്തിയിലെ ഛായാ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി. അവർ കരഞ്ഞു, സങ്കടം പ്രകടിപ്പിക്കാൻ മൂക്ക് പിഴിഞ്ഞ് സാരിയിൽ തുടച്ചു.
“റാണി ഘർ എന്ന ഞങ്ങളുടെ ഈ കൊച്ചു കൊട്ടാരം തുടങ്ങിയത് ഞങ്ങളുടെ റാണിമാ ആണ്. ഇപ്പോൾ ഞാൻ നോക്കി നടത്തുന്നു. എനിക്ക് ശേഷം മറ്റൊരാൾ, ഈ പരമ്പര തുടർന്ന് പോകും. റാണി മായ്ക്ക് ശേഷം അതേ സൗന്ദര്യ അളവുകളുള്ള മറ്റൊരാളുണ്ടായില്ല. പക്ഷെ ഇപ്പോൾ നീ !!! റാണിമായുടെ അതെ ഛായയാണ്. നിൽപ്പിലും ചലനങ്ങളിലും അതേ ആഡ്യത്വം, ആകാര വടിവ്, “
അവളുടെ ചുറ്റും ലീല ബഹൻ നടന്നു. അവളുടെ പട്ടു പോലുള്ള മുടിയിഴകൾ അവരെടുത്തു വാസനിച്ചു. അവളുടെ ഉയർന്ന മാറിടങ്ങളിൽ അവർ വിരലുകൾ അമർത്തി, അവളുടെ പരന്ന വയറിൽ തലോടി, പൊക്കിൾ കൊടിയിൽ വിരലുകൾ കൊണ്ട് ചുഴറ്റി. ഒതുങ്ങിയ അവളുടെ ജഘനത്തെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. പദ്‌മിനി നാണം കൊണ്ട് കൂമ്പി പോയി. ഒരു സ്ത്രീ ആദ്യമായാണ് വളരെ പ്രേമപൂർവം തന്റെ ശരീരത്തെ സ്പർശിക്കുന്നത്. ഓർത്തപ്പോൾ അറപ്പ് തോന്നി. തന്റെ തൊഴിലെന്താണെന്ന് ആ നിമിഷം അവൾക്കു ബോധ്യമായി. വറ ചട്ടിയിൽ നിന്നും എരിതീയിലേക്കാണ് വീണിരിക്കുന്നത്, ഒരു തടവറയിൽ നിന്നും മറ്റൊരു തടവറയിലേക്ക്. ഇവിടെ നിന്നും രക്ഷപ്പെടണം.
“ഇന്നൊരു ദിവസം കൂടെ നീ വിശ്രമിക്കൂ, നാളെ രാത്രി നിന്നെ കാണാൻ വലിയൊരു മനുഷ്യൻ വരും. അദ്ദേഹത്തിന് നിന്നെ ഇഷ്ടപെട്ടാൽ നമ്മൾ രക്ഷപെട്ടു. “
മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ കൊണ്ടവർ അവളുടെ കവിളിൽ മുത്തി.
“എന്റെ പൊന്നിനെ ആർക്കാണ് ഇഷ്ടപ്പെടാത്തത്, നീ പതിനേഴുകാരിയാണെന്നും കന്യകയാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. തിരുത്താനൊന്നും പോകണ്ട. റാണി പദ്‌മിനി അങ്ങനെയാണിനി നീ അറിയപ്പെടാൻ പോകുന്നത്, അതാണിനി നിന്റെ പേര്. “
അവർ അരക്കെട്ട് വല്ലാത്ത രീതിയിൽ കുലുക്കി തിരിഞ്ഞു നടന്നു. വാതിലിനടുത്ത ചെന്ന് അവർ തിരിച്ചു വന്നു.
“ഞാൻ ദ്വിലിംഗയാണ്. എന്നെ തേടി രണ്ടു ലിംഗക്കാരും വരും, അവരെയെല്ലാം സന്തോഷിപ്പിക്കാൻ എനിക്ക് കഴിയും. നിന്റെ പാന്റും ഷർട്ടുമൊക്കെ കണ്ടു നീയും ഞങ്ങളുടെ ഗണത്തിൽ പെട്ടതാണെന്നാണ് ആ ലോറി ഡ്രൈവർ കരുതി. അതുകൊണ്ടാണ് അവന്മാർ നിന്നെ ഉപദ്രവിക്കാതെ എന്നെ ഏല്പിച്ചത്. അതെന്തായാലും നന്നായി, ഭാഗ്യം !! നിന്നെ എനിക്ക് കിട്ടിയല്ലോ. നീയെന്റെ മുത്താണ്. ഇന്ന് ഉച്ചക്ക് തുന്നൽക്കാരൻ വരും, നിനക്കുള്ള പുതിയ വേഷങ്ങൾ തുന്നാനുള്ള അളവെടുക്കാൻ…, തുന്നൽക്കാരൻ ബാദുഷ നിന്നെയൊരു രാജകുമാരിയാക്കും. “
അവർ പുറത്തേയ്ക്കു പോയി. മുറിയിൽ അവൾ ഒറ്റയ്ക്കായി. അവൾക്കു മാലയേയും കിരണിനെയും ഓർമ്മ വന്നു. തന്റെ ജീവിതം എത്ര പരാജയമായിരുന്നു എന്നവൾക്ക് ബോധ്യമായി. വീണ്ടും വിധിയുടെ വൈപരീത്യം. തനിയ്ക്ക് എന്താണിങ്ങനെ യൊരു വിധി.
ആദ്യം അച്ഛൻ, പിന്നെ ഏട്ടന്മാർ, കിരൺകുമാർ, മാധവ് സിംഗ് അങ്ങനെ പുരുഷന്മാരുടെ കാൽ കീഴിലായിരുന്നു തന്റെ ജീവിതം ഹോമിച്ചിരുന്നത്. തനിക്കിനിയൊരു ജീവിതം വേണം., താൻ നിശ്ചയിക്കുന്നത് മാത്രം നടക്കണം. സുധീറിന് തന്നെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ.
റാണി ഘർ രാത്രിയിൽ നല്ല തിരക്കിലായിരുന്നു. ലീല ബഹനും ആ രണ്ടു നില വീടിനും കാവലായി രണ്ടു പുരുഷന്മാർ ഇപ്പോഴും വാതിലിൽ നിൽപ്പുണ്ടായിരുന്നു. അവരുടെ അനുവാദമില്ലാതെ ഈച്ചക്കും കൊതുകിനും പോലും അവിടെ പ്രവേശനമുണ്ടായില്ല. അവിടെയുള്ള പെൺകുട്ടികൾ ലീല ബഹനെ ഭയന്ന് അവിടെ ജീവിച്ചു. ആരും അവിടെ നിന്നും രക്ഷപെടാൻ ആഗ്രഹിച്ചില്ല. പക്ഷെ പദ്‌മിനിക്ക് അവിടം മറ്റൊരു നരകമായി തോന്നി. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം സന്തോഷങ്ങൾ ഹോമിക്കുക.
ലീല ബഹൻ അവളെ പുരുഷന്മാരെ ആകർഷിപ്പിക്കുന്ന രീതിയിൽ നടക്കാനും നിൽക്കാനും പഠിപ്പിച്ചു, ലൈംഗിക ചേഷ്ടകൾ പഠിപ്പിച്ചു. തൽക്കാലം അവരെ അനുസരിയ്ക്കുന്നതാണ് നല്ലതെന്നവൾക്ക് തോന്നി. അവൾ നല്ലത് പോലെ സഹകരിച്ചു.
അവളുടെ ആത്മാർത്ഥതയും തികഞ്ഞ പ്രൊഫഷണലിസവും ലീല ബഹന്റെ പ്രശംസയ്ക്ക് പാത്രമായി. അവളെ കാണാൻ വന്ന വലിയ മനുഷ്യന് അവളെ വലിയ ഇഷ്ടമായി. അയാൾ ഒരു കലോപാസകനും സൗന്ദര്യാസ്വാദകനും ആയിരുന്നു. അയാളവളുടെ സൗന്ദര്യത്തെ പ്രശംസിച്ചു. അവളെക്കുറിച്ച് കവിതയെഴുതി.
“ലീല ബഹൻ, എന്നെ കബളിപ്പിച്ചു, നീയൊരു കന്യകയാണെന്നാണ് അവരുടെ അവകാശ വാദം, കൂടാതെ പതിനേഴു കാരിയാണെന്നും. രണ്ടും ശരിയല്ലെങ്കിലും നിന്നെ എനിക്ക് വളരെ ഇഷ്ടമായി. “
അയാളവളെ ഗാഢമായി ആശ്ലേഷിച്ചു. അവളുടെ കണ്ണുകളുടെ ചലനവും ശരീരത്തിന്റെ അഴകും മുഖത്തിലെ ലാസ്യഭാവവും വിരലുകളുടെ ഭംഗിയും മുടിയുടെ ഗന്ധവും അയാൾ ആസ്വദിച്ചു.
“നിന്റെ റാണിമായുടെ കാലം തൊട്ട് ഞാനിവിടെ വരുമായിരുന്നു. ജീവിതത്തിലെ ചില രസങ്ങൾ, അതും എൻ്റെ പതിനേഴാം വയസ്സിൽ പഠിപ്പിച്ചത് ആ സ്ത്രീയാണ്. എൻ്റെ ഭാര്യ ഒരു സാധ്വിയായ സ്ത്രീയാണ്. ഒരു നർത്തകി. ലക്ഷ്മിയുടെ അറിവും സമ്മതത്തോടുമാണ് ഞാനിവിടെ വരുന്നത്. അവളോട് ഞാനിന്ന് നിന്നെക്കുറിച്ച് പറയും. സാമുദ്രിക ലക്ഷണ പ്രകാരം നീ നല്ലൊരു നർത്തകിയാകേണ്ടവളാണ്. അവളുടെ കൈ വിരലുകൾ കർത്തരീ മുഖ മുദ്രയിലാക്കി. അയാളവളുടെ വിരലുകളുടെ ഭംഗി ആസ്വദിച്ചു.
“നീ നൃത്തം പഠിച്ചിട്ടുണ്ടോ? “
“കുറെ നാൾ കഥക് അഭ്യസിച്ചിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. “
അയാൾ വീണ്ടും വീണ്ടും അവളെ കാണാൻ വന്നു. വിലപ്പെട്ട സമ്മാനങ്ങൾ അവൾക്കും ലീല ബഹനും നൽകി. ഒരു രാത്രിയിൽ അവളോട് അയാൾക്ക് വേണ്ടി ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അത് വേശ്യയുടെ ജീവിതമല്ലെന്നു അറിഞ്ഞപ്പോൾ, ഇവിടെ നിന്നും പുറത്തു കടക്കാനുള്ള ഒരു അവസരമാണെന്നു അറിഞ്ഞപ്പോൾ അവൾക്കു സന്തോഷം തോന്നി.
“റാണി പദ്‌മിനി, നിങ്ങൾ ഈ കാമാത്തിപുരയിൽ എരിഞ്ഞു തീരേണ്ടവൾ അല്ല. എനിക്ക് സ്വന്തമായി ഒരു ഡ്രാമ കമ്പനി ഉണ്ട്. നിങ്ങൾക്ക് ഡാൻസ് വശമുണ്ടെങ്കിൽ, താല്പര്യമുണ്ടെങ്കിൽ ഞാൻ നിങ്ങളെ കൊണ്ട് പോകാം. ലീല ബഹൻ തടയില്ല. ലീല ബഹന് നഷ്ടപരിഹാരം ഞാൻ നല്കി കൊള്ളാം. നിങ്ങളുടെ പ്രതിഫലത്തിൽ നിന്നും നിങ്ങൾ പിന്നെ ആ കടം വീട്ടിയാൽ മതി. ആലോച്ചിട്ടു മറുപടി പറയൂ. “
“എനിക്ക് സമ്മതമാണ്. വേശ്യയുടെ ജീവിതമൊഴിച്ചു, പെണ്ണിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്ന ഏത് ജോലിയും ഞാൻ ചെയ്യാൻ തയാറാണ്. “
അയാൾ പോകാൻ നേരം ലീല ബഹനോട് രഹസ്യമായി എന്തോ പറഞ്ഞേല്പിച്ചു.
“ലീല ബഹൻ നാളെ ഞാൻ വരില്ല. വണ്ടി അയയ്ക്കാം റാണി പദ്‌മിനിയെ എന്റെ ഗസ്റ്റ് ഹൗസിലേക്ക് അയച്ചോളൂ. “
ലീലാ ബഹൻ്റെ മങ്ങിയ മുഖം പദ്മിനി ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞത് അവർക്കിഷ്ടമായില്ല. അദ്ദേഹത്തെ ധിക്കരിക്കാൻ അവർക്ക് പറ്റില്ല. അത് കൊണ്ട് അവർ സമ്മതം മൂളി.
പിറ്റേന്ന് ലീല ബഹൻ അവളോട് സംസാരിക്കാൻ വന്നു. അവളെ വാത്സല്യത്തോടെ നോക്കി.
“റാണി മാ, നിനക്കിവിടെ നിന്നും പോകാൻ ഇഷ്ടമാണോ, എനിക്ക് സങ്കടമുണ്ട്. സാമ്പത്തിക നഷ്ടമൊക്കെ അദ്ദേഹം പരിഹരിക്കും. നീ രക്ഷപ്പെട്ടോളൂ നിന്നെ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്, നീ ഇവിടെ വാഴേണ്ടവൾ അല്ലെന്നാണ് അദ്ദേഹം പറയുന്നത്. “
“ബഹൻ, ഞാൻ എന്റെ കഥ പറഞ്ഞിട്ടുണ്ടല്ലോ. മാതൃത്വം എന്ന അനുഭൂതിക്കു വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. എനിക്ക് ഈ നാണം കെട്ട പണി നിർത്തണം. ഒരു കുഞ്ഞിനെ പ്രസവിക്കണം. നല്ല ജോലി ചെയ്തു എന്റെ കുഞ്ഞിനെ വളർത്തണം. എന്റെ അമ്മയെ കണ്ടെത്തണം. അവരെ പരിപാലിക്കണം. അവരിപ്പോൾ ജീവനോടെ ഉണ്ടാകുമോ എന്തോ?. അവർ ഒരിക്കലും ഞാൻ ഈ തൊഴിൽ ചെയ്ത കാര്യം അറിയാൻ പാടില്ല. “
ലീല ബഹൻ പദ്‌മിനിയുടെ തലയിൽ തൊട്ടനുഗ്രഹിച്ചു.
“വിഷമമുണ്ട്. ഒരു കച്ചവടക്കാരിക്ക് അവളുടെ ചരക്കാണ് പ്രധാനം. പക്ഷെ നിന്നെയെനിക്ക് ഇഷ്ടപ്പെട്ടു. നിന്റെ ആഗ്രഹങ്ങളൊക്കെ പൂർത്തീകരിക്കട്ടെ ബേട്ടീ. നീ ഇവിടെ നിന്നും പോയാലും നിന്റെ ആങ്ങളയുടെ സ്ഥാനത്തു ഞാനുണ്ടാകും. നിന്റെ ചേട്ടന്മാർ നിന്നെ ചതിച്ചു. അദ്ദേഹം നല്ലവനാണ്. ഭാര്യ ലക്ഷ്മി ദീദി അറിയപ്പെടുന്ന നർത്തകിയാണ്. അവരുടെ തീയേറ്ററിൽ നിനക്ക് ജോലി ചെയ്യാം. രണ്ടു വർഷത്തെ എഗ്രിമെന്റിൽ ഒപ്പു വയ്ക്കണം. അപ്പോൾ ഒരു തുക നൽകും. എഗ്രിമെന്റ് ലംഘിച്ചാൽ നഷ്ട പരിഹാരം നൽകണം. രണ്ടു വർഷം കഴിഞ്ഞാൽ നിനക്ക് വിവാഹം ചെയ്തു ജീവിക്കാം. നിനക്ക് ഒരു പൊന്നോമന കുഞ്ഞു ജനിക്കട്ടെ. കുഞ്ഞിനെ എന്നെ കൊണ്ട് കാണിക്കണം, ഞങ്ങളെ പോലുള്ളവർ അനുഗ്രഹിച്ചാൽ കുഞ്ഞിന് ഐശ്വര്യമുണ്ടാകും. “
അവർ പദ്‌മിനിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ലീലാ ബഹനുമായി ഒരു മാസത്തെ പരിചയമേയുള്ളൂ. എന്നിട്ടും യാത്ര പറയുമ്പോൾ അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
എല്ലാവരോടും യാത്ര പറഞ്ഞ് അദ്ദേഹമയച്ച കാറിൽ കയറുമ്പോൾ അവൾ കരയുകയുണ്ടായി. അദ്ദേഹം ഏർപ്പെടുത്തിയ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആളുകൾ അവളുടെ അമ്മയെ തേടുകയായിരുന്നു. വളരെ അവശയായ നിലയിൽ അവരെ ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഒരേ സമയം നർത്തകിയായും മോഡലായും അവൾ പ്രവർത്തിച്ചു. എഗ്രിമെന്റിൽ ഒപ്പുവച്ചപ്പോൾ ലഭിച്ച തുക അവൾ ലീല ബഹന് കൈമാറിയെങ്കിലും അവരത് വാങ്ങിയില്ല. പുതിയ ജോലിയും അമ്മയുടെ സാന്നിധ്യവും അവളെ സന്തോഷവതിയാക്കിയെങ്കിലും,
അവൾക്കു സുഖമായി ഉറങ്ങാൻ സാധിച്ചില്ല. പഴയകാല ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു. കിരണിന് എന്ത് സംഭവിച്ചിരിക്കും?.
(തുടരും… )
✍️✍️✍️ നിഷ പിള്ള
Koottaksharangal

