ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ? ഒരിക്കലെങ്കിലും തോന്നാത്തവർ കുറവായിരിക്കും. പെട്ടെന്നൊരു നിമിഷം ഇനിയൊന്നും താങ്ങാൻ വയ്യ, അവസാനിപ്പിച്ചേക്കാം എന്ന് തോന്നാത്തവരില്ല. അടുത്ത നിമിഷം ആ ചിന്ത ഒഴിഞ്ഞു പോകുകയും ചെയ്യും. ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാൻ പറ്റാതെ ഒറ്റയ്ക്കും കുടുംബമായും ജീവിതം അവസാനിപ്പിച്ച് പോകുന്നവരുണ്ട്. പക്ഷെ പലപ്പോഴും പല ആത്മഹത്യകളും സാമൂഹിക കൊലപാതകം ആണെന്ന് കാണാം. ആത്മഹത്യാ പ്രേരണ കുറ്റത്തിന് സമൂഹത്തിനെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തേണ്ടി വരുന്ന സംഭവങ്ങൾ.
ഇതൊന്നും അല്ലാതെ സുയിസൈഡൽ ആയ ആളുകളുണ്ട്. അവരിൽ അത് പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഒരു സൂചന കൂടിയാവും. എന്നാൽ കാൻസർ ആണെന്ന് പറയാൻ ധൈര്യം ഉള്ളവർ പോലും ഡിപ്രെഷൻ ആണെന്നോ ബൈപോളാർ ആണെന്നോ പാനിക് അറ്റാക്ക് ഉണ്ടാകാറുണ്ടെന്നോ അടുത്ത മനുഷ്യരോട് പോലും പറയാൻ പേടിക്കുന്നവരാണ്. കാരണം അതൊരാളുടെ ബലഹീനതയാണെന്നാണ് സമൂഹം ധരിച്ചു വച്ചിരിക്കുന്നത്. കാൻസർ അതിജീവിക്കുന്ന ഒരാൾ ധീരനും മാനസികാരോഗ്യ പ്രശ്നം വന്നു പോയാൽ ഭീരുവും ആകുന്നു! ഇത്തരം പൊതുബോധങ്ങളെ പൊട്ടിച്ചുകളയാൻ ഏറ്റവും എളുപ്പം സാധിക്കുന്ന ഒരു കലാരൂപമാണ് സിനിമ.
മാനസികാരോഗ്യ പ്രശ്നങ്ങളെ തെറ്റായി സ്‌ക്രീനിൽ കൊണ്ട് വന്നു തെറ്റായ പൊതുബോധനിർമിതിയിൽ പങ്കാളി ആയിരിക്കുന്ന സിനിമയ്ക്ക് അതൊരു പ്രായശ്ചിത്തം കൂടിയാകണം. സിനിമ വെറും സിനിമ ആണെന്ന് കരുതുന്നവർ ഒക്കെ 15-30 സെക്കന്റ് ഉള്ള പരസ്യങ്ങളിൽ ഭ്രമിച്ചു പലതും വാങ്ങുന്നവർ ആണല്ലോ അല്ലെ? സിനിമയ്ക്ക് മനുഷ്യരെ സ്വാധീനിക്കാൻ അതിനേക്കാൾ കൂടുതൽ കഴിയും എന്നതാണ് സത്യം. സിനിമയ്ക്ക് തന്നെ എത്ര പേരെ നഷ്ടമായിക്കഴിഞ്ഞു എന്നൊന്ന് തിരിഞ്ഞു നോക്കണം. വിജയിച്ചു നിന്നവർ, ജീവിതത്തിൽ എല്ലാം ഉണ്ടായിരുന്നവർ…ഒരുനാൾ സ്വയം ഒടുങ്ങി എന്നതും അതിന്റെ സൂചനകൾ കൂടെ ഉള്ള ആരും അറിഞ്ഞില്ല എന്നതും ഭീകരമായ അവസ്ഥയാണ്.
Spoiler Alert: 8AM Metro
8 AM മെട്രോ എന്ന ഹിന്ദി സിനിമ കണ്ടു തുടങ്ങുമ്പോൾ മറ്റൊരു മെച്വർ ലവ് സ്റ്റോറി എന്നൊക്കെ തോന്നിയെങ്കിലും സിനിമ പുരോഗമിക്കുമ്പോൾ അതിന്റെ സ്രഷ്ടാക്കളോട് വലിയ ബഹുമാനം തോന്നി. വിഷാദം, പാനിക് അറ്റാക്ക്, ചൈൽഡ് ഹുഡ് ട്രോമ ഒക്കെ ഇത്ര വ്യക്തമായി പറഞ്ഞു വയ്ച്ചതിന് നന്ദി. ട്രെയിനിൽ കയറാൻ പേടിയുള്ള ഇരാവതിയും മനുഷ്യരോട് സംസാരിക്കാൻ പോലും മടിയുള്ള പ്രീതവും ഒരു 8 മണി മെട്രോയിൽ കണ്ടുമുട്ടുന്നതും അവരുടെ സൗഹൃദവും സ്വയം കണ്ടെത്തലുമൊക്കെയാണ് ഈ സിനിമ.
ജലദോഷം വന്നാൽ തനിയെ മാറുമായിരിക്കും. പക്ഷെ ന്യുമോണിയ ആണെങ്കിൽ തീവ്രപരിചരണം വേണ്ടി വരും. അതുപോലെ തന്നെയാണ് മനസിന്റെ കാര്യവും. ചെറിയ ബുദ്ധിമുട്ടുകൾക്ക് ജീവിതശൈലി മാറ്റം, പുതിയ ഹോബികൾ, നല്ല സുഹൃത്തുക്കൾ ഒക്കെ മരുന്ന് ആകും. എന്നാൽ പിടിവിട്ടു പോകുന്ന അവസ്ഥകളിൽ പ്രൊഫഷണൽ മെന്റൽ ഹെൽത്ത് സഹായം തന്നെ തേടണമെന്ന് അടിവരയിടുന്നു ഈ ചിത്രം. ഇരാവതിയുടെ പാനിക് അറ്റാക്ക് കൈകാര്യം ചെയ്യാൻ പ്രീതമിനെ പോലൊരു സുഹൃത്ത് മതിയായി. ചിലരിൽ അത് മരുന്നും ചികിത്സയും കൊണ്ട് മാത്രം മറികടക്കാൻ സാധിക്കാറുള്ളൂ. അതിനേക്കാൾ കഠിനമായിരുന്നു പ്രീതമിന്റെ അവസ്ഥ എന്ന് ഒടുവിലാണ് നമുക്ക് വെളിവാകുന്നത്.
മെട്രോയ്ക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തയാറായി വന്ന പ്രീതം പിന്തിരിയാൻ കാരണമായത് മറ്റൊരു മനുഷ്യജീവിയ്ക്ക് കൈ കൊടുക്കാൻ ആണ്. എന്തൊരു മനോഹരമായ ദുരവസ്ഥ. ഒരുപക്ഷെ നമുക്കെല്ലാവർക്കും ചെയ്യാവുന്നതാണിത്. മരിക്കാൻ ആയിരം കാരണങ്ങൾ ഉള്ള ആളുകൾക്ക് ജീവിക്കാനുള്ള ഒരു കാരണമായി മാറാൻ നമുക്ക് ഓരോരുത്തർക്കും കഴിയില്ലേ? നിങ്ങൾ അതിനേക്കാൾ വലിയ നുകം ചുമക്കുമ്പോഴും മറ്റൊരാൾക്ക് ഒരു ഫിൽറ്റർ കോഫി മേറ്റ് ആകാൻ എങ്കിലും നമുക്ക് കഴിയില്ലേ?

ഇരാവതി തിരിച്ചു പോയ ശേഷം പിന്നെ ഒരിക്കലും പ്രീതമിനെ കാണുന്നില്ല. ഒരുപക്ഷെ രണ്ട് ജീവിതങ്ങളിൽ ഒരിറ്റ് പ്രതീക്ഷ നിറയ്ക്കുക എന്നത് മാത്രമായിരുന്നിരിക്കണം അവരുടെ ഹ്രസ്വ സൗഹൃദ ദിനങ്ങളുടെ ലക്‌ഷ്യം. രണ്ട് പേരും അവരവരുടെ ജീവിതത്തിലേക്ക് മടങ്ങി പോയി. എന്നെങ്കിലും പ്രീതം വായിക്കുമെന്ന് കരുതി അവളൊരു പുസ്തകവും എഴുതി. ഇരാവതി എഴുതിയ പുസ്തകം അവസാനിക്കുന്നത് ഇങ്ങനെയാണ്…
“ദുഃഖമെന്ന ഈ നരകം മറികടക്കാൻ ആത്മഹത്യ മാത്രമേ മാർഗമുള്ളൂ എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ ഇനി ഞാൻ അതിന് തടസം ആകില്ല. പക്ഷെ നിങ്ങൾ മരിക്കുമ്പോൾ എന്റെ ജീവിതത്തിന്റെയും ജീവന്റെയും ഒരു ഭാഗം കൂടിയാണ് നഷ്ടമാകുക എന്ന് മാത്രം ഓർമിപ്പിക്കട്ടെ…
എന്ന്,
നിങ്ങളുടെ സ്വന്തം ട്രെയിനിൽ കണ്ടെത്തിയ മഹതി”
ആരുടെ എങ്കിലും ജീവിതത്തിന്റെ ജീവന്റെ ഭാഗമാണോ നിങ്ങൾ? ആത്മഹത്യ ചെയ്യാൻ തോന്നുന്ന ആ നിമിഷം നിങ്ങളെ ഓർക്കാനും നിങ്ങളെ ഓർത്ത് ആ തീരുമാനം മാറ്റി വയ്ക്കാനും പറ്റുമോ? ഇത് കാല്പനികമായി പറയുന്നതല്ല. ആരുടെയെങ്കിലും സേഫ് ഹോം ആകാൻ പറ്റുന്നവർക്ക് എന്റെ കുറെ കുറെ സ്നേഹവും നന്ദിയും. നിങ്ങൾ ഒക്കെ സൂപ്പർ ആണ്! ഒരുപക്ഷെ മരുന്നും തെറാപ്പിയും എത്തിച്ചേരും മുൻപേ വ്രണിതമായ ആ മനസിന് പ്രാഥമിക ചികിത്സ നല്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
8AM Metro യൂട്യൂബിൽ സീ യുടെ തന്നെ ഒഫീഷ്യൽ ചാനലിൽ ലഭ്യമാണ്. നല്ലൊരു പ്ലോട്ട് ട്വിസ്റ്റ് ഒക്കെയുള്ള ഒരു സ്ലോ സിനിമയാണ് ഇത്. കവിതയും പ്രണയമെന്നോ സൗഹൃദമെന്നോ വിളിക്കാൻ പറ്റാത്ത ആത്മബന്ധവും ചില തിരിച്ചറിവുകളുമൊക്കെയാണ് ഈ സിനിമയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഒടുവിൽ നിങ്ങൾ കരയുമെന്നും ഉറപ്പ്. എന്തായാലും മനോഹരമായ ഈ സിനിമ കാണുക. കണ്ടവർ അഭിപ്രായം കമെന്റ് ചെയ്യുക.
©പവിത്ര ഉണ്ണി


1 Comment
കാണണം