നിനക്കായ് വീണ്ടും ഞാൻ കുറിക്കുന്നു.
എന്തോ ഒരു ശൂന്യത. പെട്ടെന്നൊന്നും ചെയ്യാനില്ലാതായതുപോലെ. വിരൽ തുമ്പിൽ ഉണർന്നിരുന്ന ഒരു കുഞ്ഞു പൂക്കാലം. നിറയെ പൂമ്പാറ്റകളും പൂത്തുമ്പികളും നിറഞ്ഞാടിയ തൊടിയിൽ, പെട്ടെന്ന് വേനൽ വന്നപോലെ.. കരിഞ്ഞുണങ്ങിയ പൂക്കളിൽ വിരൽ തൊട്ടുണർത്താൻ മനസ്സ് ആഗ്രഹിക്കുന്നുണ്ട് എന്ന് അറിയുന്നുണ്ട് എന്നിട്ടും എന്തിന് അല്ലേ… പക്ഷെ ഒരു നീറ്റലിന്റെ കുഞ്ഞു നൊമ്പരം.. അതിനും ഒരു സുഖം..
എന്നും രാവിലെ വെറുതെ വന്നു നോക്കുന്നു. എന്തിനാണ് എന്ന് അറിയാം.. എന്നിട്ടും ഞാൻ ചുമ്മാ മടങ്ങുന്നു. മറക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. എന്നാലും രാവിലെ ഉണർന്നാൽ ഓർക്കുന്നതും ഇത് തന്നെ.
നമുക്കിടയിൽ മൗനത്തിന്റെ ഒരു ദിവസം കൂടെ കൊഴിയുന്നു അല്ലേ.
മറന്നില്ല എന്നോർമിപ്പിക്കാൻ ഞാൻ ഇവിടൊന്നു കുറിച്ച് വെക്കുയാണ്. ഇന്ന് രാവിലെ മുതൽ എത്ര തവണ ഞാൻ ചുമ്മാ വന്നു നോക്കി പോയി. അവിടെ ഒരു ഹായ് പറയാൻ മടിക്കുന്നത് എന്നിലെ ഈഗോ തന്നെയാകും അല്ലേ?ആകും. ഇയാൾക്കു എന്നും എന്നെ അങ്ങനെയല്ലേ തോന്നിയിട്ടുള്ളു . Egoist.. മറന്നുകാണില്ല എന്നുറപ്പുണ്ട് പക്ഷെ മറക്കാൻ ശ്രമിച്ചു തുടങ്ങുന്നു അല്ലെ പരസ്പരം ഇടക്കെങ്കിലും എന്ത് ചെയ്യുന്നു എന്ന ചോദ്യം ചോദിക്കാതെ മടങ്ങുന്നു. ഒന്നും ചെയ്യാനില്ലാതെ ആയി പോകുന്ന പകലുകൾ വിരസങ്ങളാകുന്നു.നിനക്ക് മുന്നിൽ എന്നും എപ്പോഴും എന്റെ സർവ്വ അഹങ്കാരങ്ങളും അടിയറവു വെക്കേണ്ടി വരുന്നു.എന്തോ ഇയാൾ പറയും പോലെ അറ്റുപോകാൻ മടിക്കുന്ന ഒരു അദൃശ്യ ചരടിൽ കോർത്ത് ഏതോ നിയോഗം പോലെ. അറിയില്ല ഏതോ ജന്മബന്ധം പോലെ..
എപ്പോഴും നിനക്കായ് അക്ഷരങ്ങൾ കുറിച്ചത്ഞാനാണെങ്കിലുംആ അക്ഷരങ്ങളിൽ നിറയുന്നത്നീയായിരുന്നെന്നുനിനക്കറിയാം. അല്ലെ?എത്ര ശിശിരങ്ങളിൽ ഞാൻ എനിക്കായ്ഇല പൊഴിച്ചാലും എന്നിൽ നിനക്കായ് പൂക്കുന്ന ഒരു വസന്തം ഉണ്ടാകുമെന്നു നിനക്കറിയാം..അല്ലെ?
എത്രയൊക്കെ വേനൽച്ചൂടിലേക്കു ഞാൻ ഇറങ്ങിപ്പോയാലും നിന്റെ സ്വരമഴയിൽ ആ കുടകീഴിലേക്ക് തന്നെ ഞാൻ കയറി വരുമെന്നും നിനക്കറിയാം അല്ലെ? എനിക്കറിയാം എല്ലാം നിനക്കറിയാമെന്ന് കാരണം ഏതോ നിയോഗത്തിന്റെ അദൃശ്യമായ നൂലിഴയിൽ അത്രമേൽ ശക്തമായ് ചേർത്ത് വെച്ചിട്ടുണ്ട് നിന്നിലായ് എന്നെയും എന്നിലായ് നിന്നെയും… മറക്കാതിരിക്കാൻ
നിന്റെ ഞാൻ
എന്റെരചന
പ്രണയലേഖനം
Koottaksharangal


2 Comments
മനോഹരം 👌
നന്ദിയുണ്ട് വായനക്ക്