ആദ്യഭാഗം മുതൽ വായിക്കാം.
തുഷാര പോയിട്ട് ഒൻപത് മാസം പിന്നിട്ടു.രണ്ടു മാസത്തിനുള്ളിൽ തുഷാര മടങ്ങി വരും.ഉടൻ വിവാഹം,വളരെ ചെറിയ രീതിയിൽ, നാട്ടിൽ വച്ച് നടത്തണമെന്നാണ് രണ്ട് പേരുടെയും ആഗ്രഹം. അർഷാദിന് വളരെ കുറച്ച് പേരെ മാത്രമേ വിവാഹത്തിന് ക്ഷണിക്കാനുള്ളൂ.ആദിദേവൻ,അനഘ,അമ്മുവമ്മ എന്നിവർ വീട്ടുകാർ.അതിഥികളുടെ ലിസ്റ്റ് ഉണ്ടാക്കി നോക്കി ചന്ദ്രൻ ചേട്ടൻ,അഖിൽ, മൃണാളിനി,പിന്നെ കുറെ സഹപ്രവർത്തകർ
അർഷാദിനെ ഏറ്റവും കൂടുതൽ വെറുത്ത,അവൻ തന്റെ ആരുമല്ലെന്ന് ഒരിക്കൽ തള്ളി പറഞ്ഞ ആദിയോടൊപ്പമാണ് അവനിപ്പോൾ.ആദിയുടെ മക്കളാണ് അവന്റെ കൂട്ടുകാർ.അവനെ കാണാൻ പഴയ ചില സുഹൃത്തുക്കൾ കൂടെ കൂടെയെത്തും.പക്ഷേ ഇപ്പോൾ ഏറ്റവും അടുപ്പം ആദിയോടാണ്.
മടങ്ങി വന്നാലും തുഷാരയ്ക്ക് ജാർഖണ്ഡ് കേഡറിൽ തന്നെയാകും ജോലി.മൈസൂരിലെ ജോലി രാജി വച്ച് ജാർഖണ്ഡിൽ ഏതെങ്കിലും കോളേജിൽ ഒരു ജോലിക്കു ശ്രമിക്കാമെന്നു അവൾ പറഞ്ഞിരുന്നു.മൈസൂറുമായുള്ള വർഷങ്ങളായുള്ള ബന്ധം കല്യാണത്തോടെ അവസാനിക്കും.അതാണ് അർഷാദിൻ്റെ സങ്കടം.
തുഷാര ജോലി ചെയ്യുന്ന ,ജാർഖണ്ഡിലെ നക്സൽ ഏരിയയെക്കുറിച്ച് അവൾ പറഞ്ഞ കാര്യങ്ങൾ ആദിയോട് പങ്കു വച്ചിരുന്നു.
“നക്സലുകളുടെ ഏരിയയിലേയ്ക്ക് ഏട്ടന് അറിഞ്ഞ് കൊണ്ട് പോകണോ. ഈ ലോകത്ത് ഏട്ടൻ മാത്രമേ ഞങ്ങൾക്കുള്ളൂ.എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവർക്ക് ഏട്ടൻ മാത്രമേയുള്ളൂ.ഞാനെന്ത് മഹാപാപിയാണ്.എൻ്റെ ഏട്ടനെ ഞാൻ എത്ര അപമാനിച്ചിരുന്നു,ഉപദ്രവിച്ചിരുന്നു.”
“ഞാൻ തുഷാരയുടെ കൂടെ എന്നും ഉണ്ടാകണ്ടേ.നക്സൽ, മാവോയിസ്റ്റ് , അതൊന്നും സാരമില്ല.ഞങ്ങൾക്ക് പോലീസ് പ്രൊട്ടക്ഷൻ ഉണ്ട്.അവൾ ഐ പി എസ് കേഡറായത് കൊണ്ട് കുടുംബത്തിനും സംരക്ഷണമുണ്ട്.പക്ഷേ പാർക്കിലും ഷോപ്പിംഗിനുമൊക്കെ ,അല്ല സദാസമയവും അവർ കൂടെയുണ്ടാകും.സ്വകാര്യത നഷ്ടമാകും.ഒന്നോ രണ്ടോ വർഷത്തെ കാര്യം, പിന്നെ കേരള കേഡറിലേയ്ക്ക് മാറാൻ സാധ്യതയുണ്ട്.”
“എനിക്ക് സർവീസ് കാര്യങ്ങളൊന്നും അറിയില്ല.ഏട്ടൻ സൂക്ഷിക്കണം.”
“കല്യാണത്തിനുള്ള തയാറെടുപ്പുകൾ താമസിയാതെ തുടങ്ങണം.എല്ലാത്തിനും ഒരു പ്ലാനിംഗ് വേണ്ടേ.ഒന്നിനും ഒരു കുറവും ഉണ്ടാകരുത്.നിൻ്റെ ഏട്ടത്തിയമ്മയിപ്പോൾ നിസാരക്കാരിയല്ലല്ലോ.”
“അതേ ഏട്ടാ,അച്ഛനും അമ്മയ്ക്കും ഒന്നിനും ഭാഗ്യമുണ്ടായില്ല.ഏട്ടനോട് ഒരു കാര്യം പറയണമെന്ന് കുറെയായി ആലോചിക്കുന്നു.ഏട്ടന് സങ്കടമായാലോ എന്ന് കരുതിയിട്ടാണ്.”
“നീ പറ.”
“കഴിഞ്ഞയാഴ്ച കുട്ടികൾ സ്ക്കൂളിൽ നിന്നും മടങ്ങി വന്നപ്പോൾ അമ്പലക്കടവിൽ ഒരു ഭ്രാന്തിയായ ഒരു സ്ത്രീയെ കണ്ടിരുന്നെന്ന് പറഞ്ഞു.സ്വന്തം മകനെ അന്വേഷിച്ച് നടക്കുന്ന ഒരുമ്മ.മോള് വന്ന് പറഞ്ഞപ്പോൾ ഞാൻ അവിടെ, അവരെ തെരെഞ്ഞ് പോയിരുന്നു.അവിടെ ആരെയും കണ്ടില്ല.അതൊരു പക്ഷേ ഏട്ടൻ്റെ ഉമ്മ ആണെങ്കിലോ.”
“ആകാൻ വഴിയില്ല.ഒരിക്കൽ ഞാനും അച്ഛനും കൂടെ ജയിലിൽ പോയിരുന്നു.അപ്പോൾ ഉമ്മ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് കുറെയായിരുന്നു.ഇങ്ങോട്ടല്ലെ അവർ ആദ്യം വരേണ്ടത്,എന്നെ തേടി ,അന്ന് വന്നില്ലല്ലോ.ഞങ്ങൾ കുറെ അന്വേഷിച്ചു.എനിക്കുറപ്പാണ് ഇനി ഇങ്ങോട്ട് വരില്ല എന്നെ തേടി.”
“നമുക്ക് ഒന്ന് കൂടെ അന്വേഷിക്കാം.”
ആദി കൂട്ടുകാരുടെ സഹായത്തോടെ ജില്ലയിലെ പലഭാഗത്തും ആ ഉമ്മയെ തേടി പോയി.
അതിനിടയിൽ വീണ്ടുമൊരു മരണം….അമ്മുവമ്മയുട മരണം അവിചാരിതമായിരുന്നു.റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു വണ്ടി ഇടിച്ചതാണ്.പുറമെ ശരീരത്തിൽ മുറിവൊന്നും കണ്ടില്ല, ഒന്ന് വീണു.അപ്പോൾ തന്നെ ആരോ അമ്മുവമ്മയെ പിടിച്ചുയർത്തി.എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ടവർ കുഴപ്പമൊന്നുമില്ലായെന്ന് പറഞ്ഞു.തൽക്ഷണം പിറകോട്ട് മലർന്ന് വീഴുകയും മരിക്കുകയും ചെയ്തു.തലയിടിച്ചാണ് വീണത്. പത്ത് പോസ്റ്റ് മോർട്ടത്തിൽ ആന്തരികമായ മുറിവ് കണ്ടെത്തിയിരുന്നു.
അങ്ങനെ അർഷാദിന്റെ ശക്തമായ ഒരു നെടുംതൂൺ കൂടി നഷ്ടപ്പെട്ടു.വീട് പൊട്ടി പൊളിഞ്ഞു തുടങ്ങിയപ്പോൾ ആദിയേയും കുടുംബത്തെയും അമ്മുവമ്മയുടെ വീട്ടിലേയ്ക്കു അവൻ കൂട്ടി കൊണ്ട് വന്നു.
ആദി തന്നെ മുൻകൈ എടുത്തു ഉമ്മയെ തേടി വീണ്ടും നടന്നു.ഒടുവിൽ ഒരു വൃദ്ധ സദനത്തിൽ നിന്നും ആദിയുടെ കൂട്ടുകാർ ഉമ്മയെ കണ്ടെത്തി.മാനസികമായി അസ്വസ്ഥത കാണിച്ചിരുന്ന ഉമ്മയെ സെൽ പോലൊരു മുറിയിലാണ് ഇട്ടിരുന്നത്.
ഉമ്മയെ കൂട്ടി കൊണ്ട് വന്ന് ചികിൽസിക്കാൻ തുടങ്ങിയതോടെ ഉമ്മയിൽ നല്ല മാറ്റം കണ്ടു.ആരെയും തിരിച്ചറിയുന്നില്ല.ഇടയ്ക്ക് അച്ഛൻ്റെ മാലയിട്ട ഛായാ ചിത്രത്തിന് മുൻപിൽ പോയി കൈ കൂപ്പി നിൽക്കുന്നത് കാണാം.എല്ലാവരും പറയുന്നതൊക്കെ അനുസരിച്ച് നല്ല കുട്ടിയായി വീട്ടിലൊതുങ്ങി കൂടി.
വീട്ടുജോലിക്കാരിയെ പോലെ വീട്ടിലെ പണികളൊക്കെ ഉമ്മ ഒന്നൊന്നായി ചെയ്തു കൂട്ടി.കഴുകിയുണക്കിയ വസ്ത്രങ്ങൾ വീണ്ടും കഴുകുക,വീടെപ്പോഴും തുടച്ച് മിനുക്കുക,കിണറ്റിൽ നിന്നും വെള്ളം കോരി എല്ലാം പാത്രങ്ങളിലും നിറച്ച് വയ്ക്കുക അതൊക്കെയായിരുന്നു ഉമ്മയുടെ വിനോദങ്ങൾ.
ഒരാഴ്ചയായി ആദിക്ക് ഒന്നിനും കഴിയുന്നില്ല.ഇപ്പോൾ എപ്പോഴും ഒരേ കിടപ്പാണ് .ശരീരം തീരെ അനക്കാൻ മേല ,അപ്പോൾ തുടങ്ങും കടുത്ത ചുമ.ഉറങ്ങുമ്പോൾ പോലും വേദന കൊണ്ട് ഞെരങ്ങാറുണ്ട്.ജോലിക്കു പോകാൻ വയ്യാതായി.ഇപ്പോൾ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അർഷാദ് ആണ് നോക്കുന്നത്.
തുഷാര മടങ്ങി വരാൻ ആഴ്ചകൾ മാത്രം ബാക്കി.കല്യാണം പ്രമാണിച്ചു ജോലി രാജിവെച്ച് നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ച രാത്രി.അർഷാദ് സഹമുറിയൻ അഖിലുമായി പുറത്തു പോയി ആഹാരം കഴിച്ചു ,അവൻ കേരളത്തിലേക്കുള്ള ബസിൽ കടന്നിരുന്നപ്പോഴാണ് അഖിലിന്റെ ഫോണിലേക്കു മൃണാളിനിയുടെ വിളി വന്നത്.അവൻ ഫോണിൽ സംസാരിച്ചു ,അവന്റെ മുഖം മങ്ങുന്നത് അർഷാദ് കണ്ടു.
“എന്താടാ അവൾക്ക് പ്രശ്നം,കല്യാണത്തിന് ഒരാഴ്ച മുൻപ് അങ്ങ് വന്നേക്കണം.അറിയാമല്ലോ എന്റെ അനിയന് തീരെ വയ്യെന്ന്.അനഘയ്ക്ക് ഉമ്മയുടെ കാര്യം കൂടി നോക്കണം.എനിക്ക് വേറെ ആരുമില്ല.നിങ്ങളൊക്കെയുള്ളൂ.മൃണാളിനിയെയും അമ്മയെയും കൂട്ടി നീ അങ്ങ് വരണം.”
“പിന്നെന്താ ഇക്കാ വന്നേക്കാമെന്നേ ,ആ പോലീസ് ചേച്ചിയുടെ പേരെന്താന്നാ നിങ്ങൾ പറഞ്ഞത്.”
“തുഷാര ,ഇനി അങ്ങോട്ട് തുഷാര അർഷാദ് ഐ പി എസ്,എങ്ങനെയുണ്ട്.”
“നിങ്ങൾ സൂപ്പർ അല്ലേ മനുഷ്യാ.”
അപ്പോഴേക്കും ഡ്രൈവർ കയറി ബസ് സ്റ്റാർട്ടാക്കിയിരുന്നു.ബസ് നീങ്ങി പോകുന്നത് കണ്ടപ്പോഴാണ് അഖിൽ മൃണാളിനിയെ തിരികെ വിളിച്ചത്.
“എന്താ ചേച്ചി.”
“തുഷാര മരിച്ചു.അങ്ങ് ആഫ്രിക്കയിൽ.യു എൻ സമാധാന സേന സഞ്ചരിച്ച ജീപ്പ് ഒരു മൈനിലൂടെ കയറിയതാണ്.ബോക്കോഹറാം പോലെയുള്ള ഏതോ തീവ്രവാദി സംഘടനാ ഉത്തരവാദിത്വം ഏറ്റെടുത്തു.അതിൽ രണ്ടു ഇന്ത്യക്കാരുണ്ട്.തുഷാരയും,പിന്നെയൊരു അജയ് സിങ്ങും ,ആർമി ഉദ്യോഗസ്ഥനാണ് അയാള് രാജസ്ഥാനിയാണ്.അർഷാദ് പോയോ? നാട്ടിലെത്തുന്നതുവരെ ഈ വിവരം പാവം അറിയാതിരുന്നെങ്കിൽ……. .”
“പാവം ഇക്ക കല്യാണത്തെക്കുറിച്ച് കുറെ സ്വപ്നങ്ങൾ കണ്ടതാണ്.,അനിയന്റേയും ഉമ്മയുടേയും രോഗം മൂലം പാവം തളർന്നിരിക്കുകയാണ്.ഇനി ഇത് കൂടി.എന്തൊരു പരീക്ഷണങ്ങളാണ്.”
അർഷാദ് പെട്ടിയും തൂക്കി നടക്കുകയാണ്.തെരുവിൻ്റെ ഇരു വശവും നിന്ന് ആളികത്തുന്നു.എങ്ങോട്ട് പോകണം ? വഴിയറിയില്ല,മുന്നിലാരോ നടക്കുന്നുണ്ട്.അയാൾ നല്ല വേഗതയിലാണ്.ഓടിയാൽഅയാൾക്കൊപ്പം എത്തിച്ചേരാം.പിറകിൽ നിന്നും കൂവി വിളിച്ചപ്പോൾ അയാൾ തിരിഞ്ഞ് നോക്കി.
ചുരുട്ട് വലിച്ചും കൊണ്ട് നാരായണ നടക്കുകയാണ്.
“തമ്പി മറന്തുവിട്ടായ.”
“ആഹ് നീങ്കളാ പെരിയവരേ.”
പെട്ടെന്ന് അവർ നിന്ന സ്ഥലത്ത് മുകളിൽ നിന്നും എന്തോ വന്ന് വീണു.ഒരു തീഗോളം,കഠിനമായ ചൂട്,അവൻ്റെ കൈകാലുകൾ നിന്ന് കത്തുകയാണ്.നാരായണയെ കാണുന്നില്ല.പൊള്ളലിൻ്റെ വേദനയിൽ അവൻ നിലവിളിച്ചു.
കണ്ണു തുറന്നപ്പോൾ കണ്ടക്ടറും സഹയാത്രികരും തുറിച്ച് നോക്കുന്നു.ബസ് നിർത്തിയിട്ടിരുക്കകയാണ്.ഡ്രൈവർ അവനെ ഉറ്റ് നോക്കുന്നു.അവർ കുടിക്കാൻ അവന് വെള്ളം നൽകി.ആശുപത്രിയിൽ പോകണമോയെന്നന്വേഷിച്ചു.സ്വപ്നമാണെന്ന് പറഞ്ഞാല് ,വേണ്ട അവനത് മാറ്റി പറഞ്ഞു.
“ഇന്നലെ കടുത്ത പനിയായിരുന്നു.പനി വിട്ടതിന്റെയാണ്.”
നാട്ടിലെ കവലയിൽ ബസിറങ്ങുമ്പോൾ വഴിയരികിൽ പോലീസുകാരുടെ വാഹനം കണ്ടു.നാട്ടുകാരിൽ പലരും സഹതാപത്തോടെ അവനെ നോക്കുന്നു.വീട്ടിലേയ്ക്കുള്ള വഴിയ്ക്ക് ഇരു വശത്തും കറുപ്പ് കൊടികൾ കെട്ടി വച്ചിരുന്നു.
“ആരാണ് എന്നെ വിട്ട് പോയത്?ഉമ്മയോ ആദിയോ.?”
അവൻ ഒരു ഉത്തരത്തിന് വേണ്ടി സ്വയം ചോദിച്ചു.
മുറ്റത്ത് പന്തലോ ആൾക്കൂട്ടമോ ഇല്ല.മുറ്റത്തെ കസേരയിൽ ആദിയും കൂട്ടുകാരും ഇരിക്കുന്നു.ആദിയല്ല…
അർഷാദിനെ കണ്ടതും ആദി പൊട്ടിക്കരഞ്ഞു.ഉമ്മ പോയോ, ഒന്നിച്ച് ജീവിക്കാൻ വിധി സമ്മതിച്ചിട്ടില്ല.
“ഏട്ടാ, ഏട്ടത്തിയമ്മ പോയല്ലോ.”
“തുഷാരയോ,അവൾക്കെന്ത് പറ്റിയെന്നാ.”
ആദിയുടെ കൂട്ടുകാർ കാട്ടി കൊടുത്ത പത്രവാർത്ത.ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വന്ന ടെലിഗ്രാം വാർത്ത.
അവൻ മുന്നിൽ കണ്ട കസേരയിലേക്ക് വീണു പോയി.
“അവൾ പോയല്ലേ.കത്തി കരിഞ്ഞ് കിടക്കുന്ന അവളെ എനിക്ക് കാണണ്ട.”
അവനാകെ തകർന്നു പോയിരുന്നു .അർഷാദ് മുറിക്ക് പുറത്തിറങ്ങാതെയായി.മുറിയിലെ നിഴലുകൾ അവനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു.അച്ഛൻ, മഹാദേവൻ,നാരായണ അവരൊക്കെ ചുറ്റും കൂടി നിൽക്കുന്നു.നിഴലുകൾക്കിടയിൽ അർഷാദ് തുഷാരയെ തെരഞ്ഞു.ഇനി അവളും വരും അവരോടൊപ്പം…
അവൾ അണിയിച്ച മോതിരത്തിൽ നോക്കി അവൻ മണിക്കൂറുകളോളം ഇരിക്കും.
പോസ്റ്റ്മോർട്ടവും ഔപചാരിതകളുമൊക്കെ കഴിഞ്ഞു തുഷാരയുടെ ശരീരം നാട്ടിലെത്താൻ രണ്ടാഴ്ച എടുത്തു.ആ നാട് മുഴുവൻ ആ വീട്ട് മുറ്റത്ത് ഒത്തു ചേർന്നു.പോലീസും രാഷ്ട്രീയക്കാരും, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവൾ എല്ലാവരുടേയും ആദരവ് ഏറ്റു വാങ്ങി.
ഇനി യാത്ര പറയാൻ അവളുടെ പ്രിയതമൻ മാത്രമേ ബാക്കിയുള്ളൂ.
എല്ലാവരും അക്ഷമയോടെ നോക്കി നിന്നു.ആളുകളുടെ കണ്ണുകൾ ആ വീട്ടിനുള്ളിലേക്ക് നീണ്ടു.അയാളുടെ സങ്കടം , ഇച്ഛാഭംഗം അയാളെങ്ങനെ പ്രകടിപ്പിക്കും.അതൊരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വരുമോ?
അർഷാദ് കല്യാണത്തിന് വേണ്ടി വാങ്ങിയ പുതിയ കോട്ടൺ ഷർട്ട് ധരിച്ച് മുറ്റത്ത് പ്രത്യക്ഷനായി.
തുടരും….
✍️✍️നിഷ പിള്ള

