തുലാവർഷം കഴിഞ്ഞ് കേരളം ശീതകാലത്തിലേക്ക് മാറുന്ന നവംബർ മാസം, അന്തരീക്ഷത്തിൽ നേരിയ കുളിര് കൊണ്ടുവരുന്ന സമയമാണ്. സുഖകരമായ ആ കാലാവസ്ഥയും ദീപാവലി ഉത്സവത്തിന്റെ ആവേശവും നിറഞ്ഞുനിൽക്കുന്നതിനൊപ്പം, വൈകുന്നേരത്തെ യാത്രകളിൽ നിരത്തിലൂടെ ഒഴുകുന്ന മനോഹരമായ ഒരു സുഗന്ധമുണ്ട് – പാലപ്പൂവിന്റെ സൗരഭ്യം.
അൽസ്റ്റോണിയ സ്കോളറിസ് എന്ന പാല മരത്തിന്റെ പൂക്കാലമാണ് ഈ സമയം. പക്ഷേ, ഈ സുഗന്ധം എനിക്ക് ഓർമ്മിപ്പിക്കുന്നത് ദീപാവലി സമയത്ത് വല്യമ്മ ഉണ്ടാക്കി തരുന്ന തെരളിയപ്പമാണ്.
കേരളത്തിലുടനീളം പല പേരുകളിലാണ് ഈ മധുരപലഹാരം അറിയപ്പെടുന്നത്. ചിലർ ഇതിനെ കുമ്പിളപ്പം എന്ന് വിളിക്കുന്നു. കൃഷി ജീവിത മാർഗ്ഗമായിരുന്ന കാലത്ത്, കഞ്ഞി കുടിക്കാൻ ഉപയോഗിച്ചിരുന്നത് കുമ്പിളിന്റെ ആകൃതിയിൽ (കോൺ പോലെ) മടക്കിയ ഇലകളായിരുന്നു. വയണ/തെരളി/ഇടന്ന എന്ന പേരുകളിൽ അറിയപ്പെടുന്ന ഇല കുമ്പിളിന്റെ ആകൃതിയിൽ മടക്കി, ഈർക്കിൽ കൊണ്ട് ഉറപ്പിച്ച്, അതിൽ ശർക്കരയും അരിപ്പൊടിയും തേങ്ങയും ഏലയ്ക്കയും ചേർത്ത മാവ് ഒഴിച്ച്, ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരമാണ് കുമ്പിളപ്പം.
ചിലയിടങ്ങളിൽ പഴുത്ത ചക്ക ചേർത്തുണ്ടാക്കുന്നതിനെ ചക്കയട എന്നും വിളിക്കുന്നു.
തെക്കോട്ട് തെരളിയപ്പം എന്നും വിളിക്കാറുണ്ട്. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കും മറ്റ് പല ഉത്സവങ്ങൾക്കും വഴിപാടായി ഇത് ഉണ്ടാക്കാറുണ്ട്. പൊങ്കാല മഹോത്സവത്തിൻ്റെ തുടക്കം കുറിക്കുന്നത് തന്നെ മൺപാത്രങ്ങളും തെരളി ഇലകളും നഗരത്തിന് ചുറ്റും കണ്ടുതുടങ്ങുന്നതോടെയാണ്.
എന്നിരുന്നാലും ഏറ്റവും വിചിത്രമായ പേര് വരുന്നത് ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നാണ് – “പൂച്ച പുഴുങ്ങിയത്” അല്ലെങ്കിൽ പൂച്ചയപ്പം !! ഇത്ര മധുരമുള്ള ഒരു പലഹാരത്തിന് ഇങ്ങനെയൊരു പേര് ആരാണ് ഇട്ടതെന്ന് ഒരു പിടിയുമില്ല !!
2-3 ദിവസം വരെ കേട് കൂടാതെ ഇരിക്കും; ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാനും, മൈക്രോവേവിലോ സ്റ്റീമറിലോ വച്ച് ചൂടാക്കാനും പറ്റും.
പേര് എന്തായാലും, കുമ്പിളപ്പത്തിന്റെ ജനപ്രീതി അതിൻ്റെ ഗൃഹാതുരത്വത്തിലാണ്. നമ്മുടെ ബാല്യകാലത്തെ ഓർമ്മിപ്പിക്കുന്ന രുചിയിലാണ്. വയണയിലയുടെ തനതായ മണവും സ്വാദും നൽകുന്ന തൃപ്തിയിലാണ്.
റെസിപ്പി നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ:
വൃത്തിയാക്കിയ വയണയിലകൾ
ശർക്കര
അരിപ്പൊടി
തേങ്ങാപ്പാല്
ഏലയ്ക്കപ്പൊടി
പാകം ചെയ്യുന്ന വിധം:
വയണയിലകൾ കുമ്പിളിന്റെ ആകൃതിയിൽ മടക്കുക.
ശർക്കരയും തേങ്ങാപ്പാലും ചേർത്ത് ചൂടാക്കി, നന്നായി ഇളക്കുക.
അരിപ്പൊടി ചേർത്ത് കട്ടികുറഞ്ഞ മാവ് തയ്യാറാക്കുക.
ഏലയ്ക്കപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
ഇഷ്ടമുള്ളവർക്ക്, നന്നായി പഴുത്ത റോബസ്റ്റ പഴം ഉടച്ചു ചേർക്കാം.
ഒരു ഇഡ്ലി സ്റ്റീമറിൽ വെള്ളം തിളപ്പിക്കുക.
തയ്യാറാക്കിയ വയണയിലകളിൽ മാവ് നിറയ്ക്കുക.
ഇഡ്ലി പാത്രത്തിൽ വയണയിലകൾ വച്ച്, 15-20 മിനിറ്റ് വേവിക്കുക.
വേവിച്ചു കഴിഞ്ഞ്, തെരളിയപ്പം പുറത്തെടുത്ത്, ചൂടോടെ സർവ് ചെയ്യുക.
ചക്കയട ഉണ്ടാക്കാൻ, പഴുത്ത ചക്ക നന്നായി വേവിച്ച് ഉടച്ച് മാവിൽ ചേർക്കുക.


2 Comments
രുചിയുള്ള അപ്പം വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി.🙏👏😍
ഞങ്ങളുടെയും തെരളിയാണ്. പഴം / ചക്കപ്പഴം ചേർത്തേ ഉണ്ടാക്കൂ അതാണു കൂടുതൽ രുചികരം. രുചി ഭേദങ്ങൾ ഓരോരുത്തർക്കും മാറി വരുമല്ലോ❤️❤️❤️