പുസ്തക പരിചയം
മലയാളനോവലിസ്റ്റായ ഹരിത സാവിത്രിയുടെ സിൻ(Zîn) എന്ന നോവലിനു 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സ്വതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിനെ ഇവിടെ പരിചയപ്പെടുത്തുന്നു.
കുർദ് ഭാഷയായ കുർമാഞ്ചിയിലെ, ജീനി എന്നർത്ഥം വരുന്ന സിൻ എന്ന പേര് ജനിച്ചത്. സംസ്കാര സമ്പന്നരായ മനുഷ്യരാണ് കുർദുകൾ. കുർദ് സാഹിത്യത്തിലെ ഓർഹൻ പാമുക്ക് കൃതികളോടുള്ള ഒരിഷ്ടം ഹരിതയുടെ ‘സിൻ’ എന്ന നോവലിനോട് തോന്നി.
തുർക്കിയിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൂട്ടക്കൊലകളെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സാധാരണ ജനങ്ങളുടെ ശ്രമങ്ങളെപ്പറ്റിയുള്ള എഴുത്താണ് ഈ നോവൽ.
തുർക്കിയിലെ ഏകാധിപതിയായ പ്രസിഡന്റും രാഷ്ട്രീയ അരാജകത്വവും ഭരണ നേതൃത്വത്തിന്റെ കളിപ്പാവയായ നിയമവ്യവസ്ഥയും ദുരിതക്കയത്തിൽ ആണ്ടുമുങ്ങിയ സാധാരണക്കാരന്റെ ജീവിതവുമാണ് വിഷയം.
തുർക്കിയുടെ രക്ഷകനാണ് എർദോഗൻ എന്ന് വിശ്വസിക്കുന്ന ചില മനുഷ്യരെങ്കിലും തുർക്കിക്കു പുറത്തുള്ള ലോകത്തിലുണ്ട്. അദ്ദേഹമാകട്ടെ പഴയ ഓട്ടോമാൻ സാമ്രാജ്യം പുനസ്ഥാപിച്ചു ഖലീഫയായി വാഴുക എന്ന അജണ്ടയുമായി മുന്നോട്ട് പോവുകയുമാണ്. അതിനാവശ്യമായ പൊളിറ്റിക്കൽ പവർ നിലനിർത്താനായി മതം ആയുധമാക്കാൻ തുടങ്ങിയിടത്ത് നിന്നാണ് തുർക്കിയുടെ തകർച്ച ആരംഭിക്കുന്നത്.
അഴിമതി നിറഞ്ഞ ഭരണവും നിയമ വ്യവസ്ഥയും ചേർന്നുണ്ടാക്കിയ അരാജകത്വവും സാമ്പത്തികമാന്ദ്യവും രാജ്യത്തിലെ സാധാരണ ജനങ്ങളെ വെള്ളംകുടിപ്പിക്കുന്ന അവസ്ഥയാണിപ്പോൾ.
ഭീകരസംഘങ്ങളിൽ നിന്നും ഭരണകൂട ഭീകരതയിൽ നിന്നും തങ്ങളുടെ വംശത്തെ രക്ഷിക്കാനായി രൂപീകരിച്ച വിമൻസ് പ്രോട്ടക്ഷൻ യൂണിറ്റ് അഥവാ വൈ പി ജെ, കുർദ് സ്ത്രീകളുടെ സായുധസേനയാണ്. ശക്തമായ ഒരു പുരുഷാധിപത്യസമൂഹത്തെ രക്ഷിക്കാനായി അവരുടെ സ്ത്രീകൾ ആയുധമെടുത്തു പൊരുതുന്നതിലെ വൈരുദ്ധ്യാത്മകതയുടെ സൗന്ദര്യമാണ് കുർദ് സ്ത്രീകളുടേത്.
തുർക്കിയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന കുർദുകളെ ഭൂരിപക്ഷം വേട്ടയാടാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞു. കുർദുകളുടെ അസ്ഥിത്വം തന്നെ നിഷേധിയ്ക്കപ്പെട്ടു, അവർ വംശവെറിയുടെ ഇരകളായി. കുർദ് എന്ന പദം പോലും നിരോധിക്കപ്പെട്ടു, അവരെ “മലകളിലെ തുർക്കികൾ” എന്ന് വിളിയ്ക്കപ്പെട്ടു.
1980 തൊട്ട് സ്വതന്ത്ര കുർദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം മുറുകി തുടങ്ങി. കുർദുകളും ഭരണകൂടവുമായി ഏറ്റുമുട്ടൽ തുടങ്ങി. ആ കലാപഭൂമിയിലാണ് നോവൽ നടക്കുന്നത്.
ഇന്ത്യയ്ക്കും തുർക്കിക്കും ഇടയിലൊരു പ്രണയത്തിലൂടെയാണ് കഥ തുടങ്ങുന്നത്.
ഒരു കുർദ് പോരാളിയായ ദേവ്റാൻ്റെ കുഞ്ഞിനെ ഗർഭം ധരിക്കുന്ന മലയാളി പെൺകുട്ടിയായ സീതയാണ് നോവലിലെ നായിക കഥാപാത്രം. രാമായണത്തിലെ സീതയെ മാതൃകയാക്കേണ്ടവരാണ് ഭാരതീയ സ്ത്രീകൾ എന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്ന കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ നോവലിലെ നായികയായ സീതയും അത്തരത്തിൽ വളർത്തിയെടുക്കപ്പെട്ട ഒരു കുട്ടിയാണ്.
നോവലിലെ തിമൂർ എന്ന കഥാപാത്രം ഏതൊരു സ്ത്രീയും ആഗ്രഹിച്ചുപോകുന്ന സൗഹൃദമാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് തിമൂർ സീതയോടൊപ്പം ദേവ്റാനെ തേടിയിറങ്ങുന്നത്, സീതയ്ക്ക് വേണ്ടി മാത്രമാണ്. തിമൂറിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുന്ന സീത. തിമൂറിനെ പോലെയൊരു സുഹൃത്ത് ആരുടെയും ഭാഗ്യമാണ്.
ഭീകരപ്രവർത്തകയെന്നു മുദ്രകുത്തപ്പെട്ട് ടർക്കിഷ് പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീത, പോലീസിന്റെ ക്രൂരമായ ബലാൽസംഗത്തിന് ഇരയാകുന്നു. അവൾക്ക് തൻ്റെ പ്രണയത്തിന്റെ പ്രതീകമായ ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്നു, അവൾ മരണത്തിലേക്ക് അടുക്കുന്നു.
ഒടുവിൽ രാജ്യാന്തര വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെയും ഇന്ത്യാ ഗവൺമെന്റിൻ്റേയും സ്പാനിഷ് ഗവൺമെന്റിൻ്റേയും ഇടപെടൽ മൂലവും സീത കുറ്റ വിമുക്തയാകുന്നു.
ഗർഭിണിയാണെന്ന് അറിയുമ്പോൾ തന്നെ ഉപേക്ഷിച്ച കുടുംബത്തെ അവഗണിച്ച്, മുടങ്ങിയ പോയ തൻ്റെ ഗവേഷണം പുനരാരംഭിക്കാനായി സീത സ്പാനിഷ് യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങുന്നിടത്ത് കഥ അവസാനിക്കുന്നു.
✍️✍️✍️നിഷ പിള്ള


4 Comments
ഈ വർഷമാദ്യം വായിച്ച് ഏറെ ഉള്ളൂലഞ്ഞു പോയി…
,😐💜🙏
വായിച്ചു. നല്ല നോവൽ
💜🙏