അഷ്ടമൂർത്തിയുടെ “ക്യുറേറ്റർ ” വളരെ താല്പര്യമുണർത്തുന്നതും വ്യത്യസ്തവുമായ വായന പ്രമേയയമുള്ള പുസ്തകമാണ്. പഴയ ക്ലാസ്സ്‌മേറ്റിന്റെ ഇമെയിൽ സന്ദേശത്തിലൂടെ അവരുടെ അച്ഛന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ആദ്യം നിർബന്ധപൂർവ്വവും പിന്നീട് താല്പര്യത്തോടെയും യാത്ര പോകുന്ന ഒരു ജേർണലിസ്റ്റിന്റെ കഥ.
ഒരു ലൈബ്രറി… അവിടെ പുസ്തകങ്ങളില്ല. പകരം നമ്പറിട്ടു അടുക്കിയ ആഴ്ച -മാസ പതിപ്പുകളും ദിനപത്രങ്ങളും. തന്റെ അമ്മയുടെ ഭൂതകാല ഭ്രാന്തിനെ കൂടെ കൂട്ടി തന്റെ ജീവിതത്തിന്റെയും മക്കളുടെ ജീവിതങ്ങളുടെയും താളം തെറ്റിച്ച സ്കൂൾ മാഷിന്റെ കഥ. നല്ലൊരു ജോലി ഉണ്ടായിട്ടും ഈ സ്വഭാവം മൂലം വീട്ടിലെ അരപട്ടിണിയിൽ, വീട്ടുകാരും മക്കളും വെറുത്തു പോയ ദമ്പത്യജീവിതം പോലും നഷ്ടമായ ഒരാൾ. മക്കളുടെ വളർച്ചയും ഭാവിയും അയാളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മക്കളോ ഭാര്യയോ അതറിയുന്നില്ല. ഇന്നത്തെ പത്രമാധ്യമ രംഗത്തെ അപചയത്തെ കുറിച്ചൊക്കെ എഴുത്തുകാരൻ പറഞ്ഞു പോകുന്നുണ്ട് . അച്ഛന്റെ സൂക്ഷിപ്പുകളെക്കാൾ അമ്മയുടെ കണ്ണീരിനു വില നൽകിയ മക്കൾക്ക് അവരുടെ ആവശ്യത്തിന് പണം വേണം. അതിനു അച്ഛനെയും അദ്ദേഹത്തിന്റെ ഭ്രാന്തമായ ഇഷ്ടശേഖരങ്ങളെയും ഉൾപ്പടെ കുടിയിറക്കണം. എങ്കിലും അവ നശിച്ചു പോകാൻ അവരാഗ്രഹിക്കുന്നില്ല. കാരണം പണം വേണ്ടത് മകന്റെ കുട്ടിയുടെ കാര്യത്തിന് ആയതു കൊണ്ടാകാം അവർ അതിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നത്. അച്ഛൻ എന്നത് സർട്ടിഫിക്കറ്റിൽ മാത്രം ഒതുങ്ങി പോയ പേരാണ് അവർക്കെങ്കിലും സമൂഹത്തിന്റെ ചോദ്യങ്ങൾ ഭയന്നുമാകാം.
തന്റെ ജീവിതം ഇന്നിലാണ്. മക്കളുടെ ജീവിതമാണ് ഭാവികാലം എന്നോർക്കാതെ അമ്മയുടെ ഭൂതകാല സ്മൃതികളിൽ മാത്രം ജീവിതം കൊരുത്തിട്ടയൊരാൾ. ആനുകാലികങ്ങൾ അടുക്കുമ്പോഴും വായിക്കുമ്പോഴും അയാളുടെ മനസ്സ് ഭൂതകാല ഓർമകളുടെ ചങ്ങലകളിൽ തടവിലാണ്. ഒടുവിൽ ശേഖരങ്ങൾ മറ്റുള്ളവർക്കായി നൽകാനും അതുവഴി തന്റെ ലൈബ്രറി നാടറിയുവാനും അയാൾ നിർബന്ധിതമായ സമ്മതത്തിൽ എത്തുന്നു. ആശുപത്രി കിടക്കയിൽ ജീവന്റെ അബോധവും ഓർമകളുടെ ബോധവുമായി പടവെട്ടി അവശനായി മരണത്തിന്റെ കാലടിപാടുകൾ ജീവനെ കുരുക്കി മുറുക്കുന്ന നിമിഷത്തിൽ അയാളുടെ ഉള്ളിൽ കെട്ടു പൊട്ടിക്കാതെ നമ്പറിട്ടു അടുക്കാതെ ഉമ്മറത്തു നിറയുന്ന മാസികളുടെയും പത്രതാളുകളുടെയും ചിന്തയാകാം.
ജീവിതം കൊടുത്തു സൂക്ഷിച്ചവയിൽ അത്യന്തം അമൂല്യമായതും ശേഖരം ഏറ്റെടുക്കുന്നവർക്ക് മുതൽക്കൂട്ടാവേണ്ടതുമായ അക്ഷരതാളുകളിൽ നീർചിതലുകൾ ചിത്രം വരച്ചത് അറിയാൻ ഇനിയൊരു മടങ്ങി വരവ് ആ ആശുപത്രികിടക്കയിൽ നിന്നുമുണ്ടാകരുതേ എന്ന് വായനക്കാരൻ ആഗ്രഹിച്ചു പോകുന്നുണ്ട് പുസ്തകത്തിന്റെ അവസാനാക്ഷരങ്ങളിൽ, കാരണം അത്രത്തോളം അയാളുടെ ഭ്രാന്ത് വായനക്കാരനെ ബോധ്യപ്പെടുത്തുന്നുണ്ട് കഥാകാരൻ പല ഭൂതകാല- വർത്തമാന ഉദാഹരണ എഴുത്തുകളിലൂടെ.
ഓരോ ഭാഗവും ഭൂതകാലമായാലും ഇന്നത്തെ കാര്യങ്ങൾ ആയാലും വളരെ നന്നായി കോർത്തിണക്കി പറഞ്ഞിട്ടുണ്ട് പുസ്തകത്തിന്റെ ഓരോ അദ്ധ്യായത്തിലും. ക്യുറേറ്ററുടെ മകൾ ജീവിക്കുന്ന വിദേശ രാജ്യത്തിന്റെ പശ്ചാത്തലവും മകൻ ജീവിക്കുന്ന ഇന്ത്യൻ നഗരങ്ങളും ജേർണലിസ്റ്റിന്റെ ഭൂതകാല ജോലിയും സഞ്ചാര വഴികളും ഇടയ്ക്ക് അതിഥികൾ പോലെ വരുന്ന നോവലിസ്റ്റും മറ്റു ആൾക്കാരും ഒക്കെ മുന്നിൽ തെളിയുന്ന പോലെ എഴുത്തിലൂടെ വായനക്കാരനിൽ എത്തിച്ചിരിക്കുന്നു. ഒരുപാടുപേർക്ക് ഉപകാരവും നേട്ടവും പണവും ഒക്കെ തന്റെ ശേഖരങ്ങൾ കൊണ്ടുണ്ടായിട്ടും ആരും ഒരു വാക്കിന്റെ നന്ദി പറയാത്തത് അയാളെ വേട്ടയാടിയിരുന്നു. എങ്കിലും ഈ ശേഖരങ്ങൾ തനിക്കെന്തു നൽകി, അതുമൂലമുള്ള തന്റെ നഷ്ടങ്ങൾ ഇതൊന്നും അയാളുടെ ചിന്തയിലേയില്ല.
കഥാപാത്രങ്ങൾ നമ്മുടെ മനസ്സിനെ പിന്തുടർന്നു കൊണ്ടിരിക്കുന്ന രീതിയിൽ വായനക്കാരനെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഒരു തവണ വായിക്കാൻ ആസ്വാദ്യകരമായ ആഖ്യാന ശൈയിലുള്ള കൊച്ചു സൃഷ്ടി. ആർക്കും മനസ്സിലാകാതെ ജീവിച്ചു പോയ ചില മനുഷ്യരെ മരണശേഷം പുരസ്കാരവും പേരും പെരുമയും തേടിയെത്തി ലോകമവരെ വാഴ്ത്തിയേക്കാം, പക്ഷെ ജീവിച്ചിരുന്നപ്പോൾ അവർ ചുറ്റുമുള്ള പ്രിയർക്കു പോലും അന്യരായി തീർന്നു പോയവരായിരിക്കാം……

